TopTop
Begin typing your search above and press return to search.

ദുഷ്‌കാല സാഹിത്യം; ശുഭാപ്തി വിശ്വാസമെന്ന് എം ടി, ആശങ്കയുണ്ടെന്നു സച്ചിദാനന്ദന്‍

ദുഷ്‌കാല സാഹിത്യം; ശുഭാപ്തി വിശ്വാസമെന്ന് എം ടി, ആശങ്കയുണ്ടെന്നു സച്ചിദാനന്ദന്‍

എംകെ രാമദാസ്

കോഴിക്കോട് നടത്തുന്ന കേരളാ സാഹിത്യ ഉത്സവത്തില്‍ എഴുത്തുകാരുടെ വര്‍ത്തമാനകാല ആശങ്കകളില്‍ ഭിന്നസ്വരം. പ്രതിബന്ധങ്ങളെ മറികടക്കാന്‍ എഴുത്തുകാര്‍ക്ക് ആകുമെന്ന നിലപാട് വ്യക്തമാക്കി എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സാഹിത്യ ചരിത്രത്തില്‍ ദുഷ്‌കാലം ഉണ്ടായിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന പുസ്തകം നിരോധിച്ചു. പി ഭാസ്‌ക്കരന്‍ എഴുതിയ രചനകളെയും വായനക്കാരില്‍ എത്താതെ ഭരണാധികാരികള്‍ തടഞ്ഞുവെച്ചു. ഈ നിയന്ത്രങ്ങളെല്ലാം അതിജീവിച്ച് ഈ കൃതികളെല്ലാം വയനക്കാരില്‍ എത്തി. എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് മുഖ്യം. എഴുത്തുകാര്‍ക്ക് ദുഷ്‌കാലത്തെ അതിജീവിക്കാനാകും. യന്ത്രങ്ങള്‍കൊണ്ട് ചിന്തകളെ നിയന്ത്രിക്കാത്ത കാലത്തോളം എഴുത്തുകാര്‍ സ്വതന്ത്രരാണെന്നും എം.ടി പറഞ്ഞു.

എം ടിയുടെ ശുഭാപ്തി വിശ്വാസത്തെ പിന്തുണച്ച് വിഖ്യാത എഴുത്തുകാരി പ്രതിഭാ റായി എഴുത്തുകാര്‍ ഭീതിയുള്ളവരല്ലെന്ന് പറഞ്ഞു. സാഹിത്യത്തിന് നല്ലതോ മോശമോ ആയ സാഹചര്യങ്ങള്‍ ഇല്ല. അടിച്ചമര്‍ത്തലിന്റെ കാലത്താണ് അമ്മ, മൂന്നുതരം തുടങ്ങിയ മഹത്തായ കൃതികള്‍ സൃഷ്ടിക്കപ്പെട്ടത്. ദുഷ്‌കാലത്തോട് പോരാടാന്‍ എഴുത്തുകാര്‍ക്ക് ആകും.

'അഹിന്ദു' എന്ന പേരില്‍ ഒരു ഭക്തനെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചപ്പോള്‍ നേരിട്ടും എഴുത്തിലൂടെയും എതിര്‍ത്തു. കഴിഞ്ഞ 10 വര്‍ഷമായി ആ ക്ഷേത്രത്തില്‍ പോയിട്ടില്ല. പ്രതിഭ പറഞ്ഞു. ഒറീസ്സയില്‍ കുട്ടികള്‍ തെരുവില്‍ വില്‍ക്കപ്പെടുന്നുണ്ട്. എഴുത്തുകാര്‍ക്ക് മാത്രമല്ല വായനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. പരിഹാരം പ്രതീക്ഷിക്കുകയല്ല എഴുത്തുകാരെന്നും പുതിയ നോവലിനെ പരാമര്‍ശിച്ച് പ്രതിഭ വെളിപ്പെടുത്തി.

എഴുത്തുകാര്‍ ഭയപ്പെടുകയാണെന്നും പ്രമുഖ ആംഗലേയ എഴുത്തുകാരി ഗീതാ ഹരിഹരന്‍ പറഞ്ഞു. എഴുത്തുകാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അലോസരപ്പെടുത്തുകയാണ്. സ്വന്തം കുടുംബത്തെ ഓര്‍ത്ത് അവര്‍ വേവലാതിപ്പെടുന്നു. കോടതിയില്‍ കയറേണ്ടി വരുമോ എന്നോര്‍ത്ത് ഭാവനയ്ക്ക് തടയിടുന്നു. എഴുത്തുകാരന്റെ അധികാര നഷ്ടത്തില്‍ വായനക്കാര്‍ പ്രതിസന്ധിയിലാണ്. വായിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമുണ്ട്. സ്ത്രീകള്‍ കുട്ടികള്‍ ന്യൂനപക്ഷങ്ങള്‍, ഇവരെല്ലാം അസ്ഥിത്വം നഷ്ടമായി, അനാഥമാക്കപ്പെടുകയാണ്, ശുപാപ്തി വിശ്വാസമില്ലാത്ത ഇക്കാലത്തെക്കുറിച്ച് ഗീത പറഞ്ഞു.

പിന്‍ക്കാലത്തെ അതിജീവിക്കാനാകുമെങ്കിലും എഴുത്തുകാര്‍ എഴുതാതിരിക്കുന്നുണ്ടെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ സച്ചിദാനന്ദന്‍ പറഞ്ഞു. എതിര്‍പ്പ് എത്രത്തോളമെന്ന് പരിധി നിശ്ചയിക്കുകയാണ് പ്രധാനം. അസ്വാതന്ത്ര്യത്തിന്റെ പുതിയ പീഡനകാലത്തെ ജര്‍മ്മനിയിലെ എഴുത്തുകാര്‍ അതിജീവിച്ചു. നിരവധി പേര്‍ മൗനികളായി. കൊല്ലപ്പെട്ടവരുമുണ്ട്. പ്രത്യയശാസ്ത്ര ഭേദമില്ലാതെ സമഗ്രാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങളില്‍ ഫാസിസം ഉണ്ട്. ഇടത് വലത് വ്യത്യാസമില്ലിവിടെ. പരിമിധി ഏറെയുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേന്മ ഇതാണ്. ജനാധിപത്യത്തിലും സമഗ്രാധിപത്യ പ്രവണതകള്‍ ദൃശ്യമാണ്. അടിയന്തരാവസ്ഥയാണ് ഒരു ഉദാഹരണം. ചിലര്‍ മൗനികളായി അതിജീവിച്ചു. മൗനിയാകാതെ മറികടന്നതിന്റെ കുറ്റബോധം ഇപ്പോഴുമുണ്ട്. തടവറയില്‍ തൂക്കിലേറ്റപ്പെട്ടവരുണ്ട്. എല്ലാ സംഘടനാ സംവിധാനങ്ങള്‍ക്കും ഫാസിസത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളിലും ഇതുണ്ട്. പെരുമാള്‍ മുരുഗന്‍ എഴുത്ത് അവസാനിപ്പിക്കുന്നു. എത്ര പേര്‍ മുരുഗനെ വാഴിച്ചിട്ടുണ്ട്, സല്‍മാന്‍ റുഷ്ദിയെ എത്രപേര്‍ വാഴിച്ചു, സച്ചിദാനന്ദന്‍ ചോദിച്ചു.


Next Story

Related Stories