TopTop
Begin typing your search above and press return to search.

അന്തസ്സ് വേണം; എം പിയ്ക്കായാലും കലക്ടര്‍ക്കായാലും

അന്തസ്സ് വേണം; എം പിയ്ക്കായാലും കലക്ടര്‍ക്കായാലും

ഡോ. സെബാസ്റ്റ്യന്‍ പോള്‍

കലക്ടറേക്കാള്‍ ഉത്തരവാദിത്വവും പദവിയും ഉള്ളയാളാണ് എംപി. ഒരു പാര്‍ലമെന്റ് അംഗം ഈ രീതിയില്‍ സിവില്‍ സര്‍വ്വീസിലെ താഴേ തട്ടിലുള്ള ഒരു ഉദ്യോഗസ്ഥനുമായി പരസ്യമായി ഏറ്റുമുട്ടാന്‍ പോകുന്നതും ശരിയല്ല. കലക്ടറുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എംപിയ്ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങള്‍ പാര്‍ലമെന്‍റ്ററി സംവിധാനത്തില്‍ തന്നെയുണ്ട്. എംപി വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതുപോലെ പ്രതികരിച്ച ഉദ്യോഗസ്ഥനും തരം താണ പ്രവൃത്തി ചെയ്തു എന്ന് പറയേണ്ടി വരും.

സാധാരണ കുട്ടികള്‍ ആണ് ഈ ട്രോള്‍ ചെയ്തു കളിക്കുന്നത്. അങ്ങനെ കളിക്കാനും മതിലില്‍ കുത്തി വരയ്ക്കാനും ഉള്ള പ്രായം കഴിഞ്ഞിട്ടാണ് അവര്‍ രണ്ടുപേരും വന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായി ഒരു ജില്ലയിലെ പ്രധാന ചുമതല വഹിക്കുന്നയാളാണ് ഒരാള്‍. എംപി അദ്ദേഹത്തിന്റെ ചുമതലയില്‍പ്പെട്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അത് പരിശോധിച്ച് എക്സിക്യൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്‍ മാത്രമാണ് കലക്ടര്‍. അവര്‍ തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകേണ്ട കാര്യമില്ല. ഉണ്ടായാല്‍ അത് പക്വതയുള്ള രണ്ടു മുതിര്‍ന്ന വ്യക്തികള്‍ എന്ന നിലയില്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കാന്‍ കഴിയണം.

എന്റെ ഒരു സുഹൃത്ത് സ്പൈസസ് ബോര്‍ഡില്‍ മീറ്റിംഗിനിടയില്‍ സ്കെയില്സ് ഇല്ല എന്ന് ചോദ്യം ഉയര്‍ന്നതിന് മറുപടിയായി 12 സ്കെയിലുകള്‍ വാങ്ങി വന്നു. അതിന്റെ ഫലം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, അയാളുടെ ജോലി നഷ്ടപ്പെട്ടു. സമാനമായി കലക്ടര്‍ മാപ്പ് എന്ന വാക്ക് മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ ഇട്ടു എന്നൊക്കെ പറയുമ്പോള്‍ അതു ചെയ്തത് കോളേജ് വിദ്യാര്‍ഥികള്‍ ഒക്കെ ആയിരുന്നെങ്കില്‍ തമാശ ആണെന്ന് പറയാമായിരുന്നു. ഇത്തരം തമാശകള്‍ ആസ്വദിക്കാന്‍ കഴിയാത്ത തരത്തില്‍ ഉത്തരവാദിത്ത ഉള്ള ഒന്നാണ് ഭരണം. ആ ഭരണസംവിധാനത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു പേരാണ് കളക്ടറും എംപിയും.

ആരാണ് പ്രോട്ടോക്കോള്‍ പ്രകാരം മുകളില്‍ നില്‍ക്കുന്നത് എന്ന് നമുക്കറിയാം. ചീഫ്സെക്രട്ടറിയേക്കാള്‍ മുകളിലാണ് എംപിയുടെ സ്ഥാനം. ഉരുളക്കുപ്പേരി പോലെ മറുപടികള്‍ നല്‍കാം. എന്നാല്‍ ഇവിടെ കുന്നംകുളം മാപ്പ് എന്നുള്ളത് മാപ്പ് പറയുന്ന രീതിയുടെ പര്യായമായി നാളെ മാറിക്കൂട എന്നില്ല. കലക്ടര്‍ ഇങ്ങനെ ആയിരുന്നില്ല ഇതിനു മറുപടി നല്‍കേണ്ടിയിരുന്നത്.ജനപ്രതിനിധിയായ എംപി കാര്യങ്ങള്‍ ചോദിച്ചെന്നിരിക്കാം. അത് അദ്ദേഹത്തിന്റെ അവകാശം കൂടിയാണ്. എംപി- കലക്ടര്‍ എന്നിവര്‍ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാണ്. അച്ചടക്കം ഉള്ള ഒരു രംഗമാണ് ബ്യൂറോക്രസി. അവര്‍ക്ക് ചില ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. അതുമായി പൊരുത്തപ്പെട്ട് അവയ്ക്ക് കീഴ്പ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് കലക്ടര്‍. ആ ഉത്തരവാദിത്വം ഇല്ലാത്ത ഒരു അവസ്ഥയാണ്‌ ഇപ്പോള്‍ അവിടെ കാണുന്നത്.

എംപി അദ്ദേഹത്തിന്റെ വില അറിയണം. കലക്ടറേക്കാള്‍ എത്രയോ ഉയരത്തിലാണ് എംപിയുടെ പദവിയും സ്ഥാനവും. ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി, ആര്‍ജ്ജവം, മനക്കരുത്ത്, കാര്യക്ഷമത അതൊക്കെയാണ്‌ എംപി പ്രകടിപ്പിക്കേണ്ടത്. കലക്ടര്‍ക്കെതിരെ നിയമ നടപടി എടുക്കും എന്ന് പറഞ്ഞു കേട്ടു. എന്താണ് ആ നിയമനടപടി. കലക്ടര്‍ മാപ്പ് പറയണം എന്ന് പറയാന്‍ എംപിയ്ക്ക് എന്താണ് അവകാശം. ആരും ആരോടും മാപ്പ് പറയേണ്ട ആവശ്യമില്ല. ഫേസ്ബുക്കിലൂടെ കലക്ടര്‍ നല്‍കിയ മറുപടി അനുചിതം 'ആണ് എന്ന് തോന്നിയാല്‍ അത് വിട്ടുകളയുക. അതിനപ്പുറത്തേക്ക് നിയമപരമായി പോകേണ്ട ആവശ്യമില്ല. എംപിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥനാണ് കലക്ടര്‍. ആ ജോലി കൃത്യമായി നടക്കുന്നില്ലെങ്കില്‍ അത് നടത്തിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എംപി അറിയണം. അതറിയാത്തയാള്‍ എംപിയായി ഇരിക്കേണ്ട കാര്യമില്ല.

നേരത്തെ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപിയായി ഇരിക്കുമ്പോള്‍ അവിടത്തെ കലക്ടര്‍ രാജു നാരായണ സ്വാമിയുമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എംപി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കലക്ടര്‍ അംഗീകരിക്കാതിരുന്നു. സമാനമായ കുഴപ്പങ്ങള്‍ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. എംപിഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശം മാത്രമാണ് എംപിക്ക് നല്‍കാന്‍ കഴിയുക. മുന്‍പ് പറഞ്ഞതു പോലെ അത് ചട്ടങ്ങള്‍ക്ക് അനുസരിച്ച് നടപ്പിലാക്കുക കലക്ടര്‍ ആണ്. ചിലപ്പോള്‍ അതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നിരിക്കാം. അതൊക്കെ പറഞ്ഞു തീര്‍ക്കാന്‍ പ്രാപ്തിയുള്ള രണ്ടു പേരാണ് എംപിയും കളക്ടറും. അതില്‍ മറ്റാരും ഇടപെടേണ്ട ആവശ്യവുമില്ല. അത് സാധിക്കുന്നില്ലെങ്കില്‍ ആ രണ്ടു പേരും അവര്‍ ഉപയോഗിക്കുന്ന പദവിയെ തരം താഴ്ത്തുന്നു എന്നു മാത്രമേ പറയാന്‍ കഴിയൂ. പദവി വഹിക്കുന്നവര്‍ക്ക് അതില്‍ ഇരിക്കാനുള്ള അന്തസ്സ് ഉണ്ടാവണം. അതാണ്‌ പ്രധാനം. അത് ജനങ്ങളുടെ വോട്ടു കൊണ്ട് വിജയിച്ചതു കൊണ്ടോ ഐഎഎസ് പാസ്സായത്‌ കൊണ്ടോ കിട്ടുന്ന ഒന്നല്ല അന്തസ്സ് . അത് സ്വയം ആര്‍ജ്ജിക്കുന്ന ഒരു അവസ്ഥയാണ്‌. അത് നിലനിര്‍ത്തുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥനും പാര്‍ലമെന്റ് അംഗത്തിനും ബാധ്യതയുണ്ട്.

(ഡോ. സെബാസ്റ്റ്യന്‍ പോളുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories