TopTop
Begin typing your search above and press return to search.

നീന്തല്‍ കുളവും ലവ് ബേര്‍ഡ്സ് പാര്‍ക്കുമല്ല, ഞങ്ങള്‍ക്ക് വേണ്ടത് ചുറ്റുമതിലും വഴി വിളക്കും

നീന്തല്‍ കുളവും ലവ് ബേര്‍ഡ്സ് പാര്‍ക്കുമല്ല, ഞങ്ങള്‍ക്ക് വേണ്ടത് ചുറ്റുമതിലും വഴി വിളക്കും

സജിനേഷ് ഇ വി

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭരണനേതൃത്വത്തിന് ഇപ്പോഴും സാമാന്യ ബോധത്തിനനുസരിച്ച് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കുന്നില്ല എന്ന വസ്തുത കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഡിസംബര്‍ 28 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. കാമ്പസിലെ പെണ്‍കുട്ടികളുടെ സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹ്യവിരുദ്ധ ആക്രമണങ്ങളും വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ സര്‍വ്വകലാശാല തന്നെ നിശ്ചയിച്ച കമ്മിറ്റികള്‍ സുരക്ഷാ വീഴ്ച്ചയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും ചെയ്ത അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും വാര്‍ത്താചാനലുകളും സ്ത്രീസുരക്ഷയെ സംബന്ധിച്ച് എഡിറ്റോറിയലുകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തിലും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ചിന്തയും തീരുമാനങ്ങളും. സമൂഹത്തിനു മുമ്പില്‍ സ്വയം അപഹാസ്യരാകാന്‍ തക്ക തീരുമാനങ്ങള്‍ ഈ ഘട്ടത്തിലും ഉത്തരവാദിത്തപ്പെട്ടവര്‍ കൈക്കൊള്ളുന്നു എന്നത് ഞെട്ടലോടെയും ആശങ്കയോടെയും മാത്രമേ കാമ്പസിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ദര്‍ശിക്കാനാവൂ.

28-12-2015 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സുപ്രധാനമായ മൂന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടു. കാമ്പസ് വികസനവുമായി ബന്ധപ്പെട്ടതാണ് ഇത് എന്നാണ് വാദം. രേഖക്കുള്ളില്‍ അതീവപ്രാധാന്യം (അര്‍ജന്റ്) എന്ന് രേഖപ്പെടുത്തിയ നോട്ട് വായിച്ചപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് സര്‍വ്വകലാശാല ജിംനേഷ്യത്തിനു സമീപത്തായി ഏകദേശം 5.30 കോടി രൂപ ചെലവില്‍ ഒരു നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. സിന്‍ഡിക്കേറ്റ് മെമ്പര്‍ ടി.ഒ.അബ്ദുല്‍ അലി കണ്‍വീനറും ഡോ. ടി.പി. അഹമ്മദ്, അഡ്വ. പി.എം. നിയാസ് പ്രൊഫ. വി.എച്ച്. അബ്ദുല്‍ സലാം എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് സര്‍വ്വകലാശാലയില്‍ അടിയന്തിരമായി വേണ്ടത് നീന്തല്‍ കുളം ആണെന്ന് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അബ്ദുല്‍ അലിയും ഡോ. ടി.പി. അഹമ്മദും നീന്തല്‍ കുളം സ്ഥാപിക്കാന്‍ വൈസ് ചാന്‍സലര്‍ അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് കത്തും നല്‍കി. യു.ജി.സി.യില്‍ നിന്ന് 225 ലക്ഷം രൂപയും സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും 100 ലക്ഷം രൂപയും ഇതിനായി അടിയന്തിരമായി വകയിരുത്തണമെന്നും നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളെ ഒന്ന് കുളിപ്പിടിച്ചെടുക്കാന്‍ ഈ സിന്‍ഡിക്കേറ്റ് കാണിക്കുന്ന അത്യന്തം ആത്മാര്‍ത്ഥപരമായ ശ്രമത്തെ പുകഴ്ത്താതെ വയ്യ. കാമ്പസിലെ അടിയന്തിര സാഹചര്യം പരിശോധിക്കുന്ന ഏതൊരു പിഞ്ചുകുഞ്ഞിനും മനസ്സിലാക്കും ഇന്ന് സര്‍വ്വകലാശാല കാമ്പസ് ആവശ്യപ്പെടുന്നത് നീന്തല്‍ കുളമല്ല എന്നത്. ഒരു ചുറ്റുമതിലിനും പ്രകാശിക്കുന്ന ലൈറ്റിനും ആവശ്യമുന്നയിക്കുന്ന കുട്ടികളുടെ മുന്നിലേക്ക് കുളിച്ചുല്ലസിക്കാന്‍ നീന്തല്‍ കുളം നീട്ടുന്ന വിവരക്കേട് അംഗീകരിക്കാന്‍ അന്നം തിന്നുന്ന ആര്‍ക്കും സാധ്യമല്ല.

കൗതുകകരമായ മറ്റൊരു വസ്തുത സ്വിമ്മിംഗ് പൂളിലേക്കാവശ്യമായ വെള്ളം മുഴുവന്‍ എത്തിക്കുന്നത് നിലവിലെ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്ന് പുതിയ പൈപ്പ് ലൈന്‍ വഴിയുമാണ്. കാമ്പസിലെ കുടിവെള്ളം മുട്ടിച്ച് തന്നെയാവണം വികസനം. ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ആവശ്യമായിവരുന്ന സ്വിമ്മിംഗ് പൂള്‍ സ്ഥാപിക്കുന്നതോടെ കാമ്പസിലെ ജലദൗര്‍ലഭ്യം വര്‍ദ്ധിക്കുകയേ ചെയ്യൂ. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പുഴയിലെ ജലനിരപ്പ് താഴുന്നതോടെ രൂക്ഷമായ ജലക്ഷാമമാണ് കാമ്പസ് അനുഭവിക്കുന്നത്. ജലക്ഷാമം കാരണം ക്ലാസുകള്‍ അടച്ച്, ഗവേഷണം നിര്‍ത്തിവച്ച് ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ മുന്‍കാല അനുഭവങ്ങള്‍ ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിനുണ്ട്. ഇന്നും അനുഭവങ്ങളില്‍ നിന്നും ഒരു പാഠവും സര്‍വ്വകലാശാലാ ഭരണവര്‍ഗ്ഗം പഠിച്ചില്ലെന്നാണ് ബോധ്യമാകുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിക്കുന്ന അവസ്ഥയിലേക്കാണ് നിലവിലെ തീരുമാന പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് പോകേണ്ടതായി വരിക.

യൂണിവേഴ്‌സിറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ കരിങ്കല്ലുവിരിക്കാന്‍ ബാക്കികിടക്കുന്ന സ്ഥലങ്ങളിലും കരിങ്കല്ലുവിരിച്ച് പാര്‍ക്കിന്റെ ഭംഗി വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനമാണ് മറ്റൊന്ന്. ഇങ്ങനെ പാര്‍ക്കിലെ നടപ്പാതകളില്‍ നിരന്തരം സഞ്ചരിച്ച് വിസ്മൃതി അടയേണ്ടവരാണ് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ എന്നാണോ സിന്‍ഡിക്കേറ്റ് ധരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് കല്ലുവിരിക്കാനും ഭംഗിവര്‍ദ്ധിപ്പിക്കാനും ചിലവഴിക്കാന്‍ വകയിരുത്തിയിരിക്കുന്നതെന്ന് മിക്ക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിരസകരമായ മറ്റൊരു ഗമണ്ടന്‍ തീരുമാനം 11,950,78.65 രൂപ ചെലവഴിച്ച് യൂണിവേഴ്‌സിറ്റി പാര്‍ക്കില്‍ ലൗബേര്‍ഡ്‌സിനെ കൊണ്ടുവന്ന് കാഴ്ച്ചക്കാര്‍ക്ക് നയനാനുഭവം പ്രധാനം ചെയ്യുക എന്നതാണ്. (ഈ പഹയന്‍മാര്‍ നമ്മളെ ചിരിപ്പിച്ച് കൊല്ലും.) ഉന്നതവിദ്യാഭ്യാസത്തില്‍ പാര്‍ക്കിനും ലൗബേര്‍ഡ്‌സുകള്‍ക്കും കൂട്ടുകാര്‍ക്കും ഉള്ള പ്രാധാന്യം അവഗണിക്കാനാവില്ലല്ലോ. വീട്ടിലും നാട്ടിലും രാഷ്ട്രീയത്തിലും പൊതുഇടങ്ങളിലും ഇണയെയോ എതിര്‍ലിംഗത്തെയോ പരിഗണിക്കാതെ കൂട്ടിലിട്ടും കാഴ്ച്ചവസ്തുവാക്കിയും ആനന്ദം കണ്ടെത്തി അഭിരമിക്കുന്ന സാംസ്‌കാരിക ബോധത്തിന് ഇതിലപ്പുറം ചിന്തിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

28-12-2015 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം എടുത്ത മേല്‍പ്പറഞ്ഞ തീരുമാനങ്ങളിലൊന്നും തന്നെ ഇന്ന് കാമ്പസ് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല എന്നു മാത്രമല്ല സര്‍വ്വകലാശാലാ ഭരണകൂടത്തിന്റെ ഉത്തരവവാദിത്യരാഹിത്യം ബോധ്യപ്പെടുന്നവയുമാണ്. കാമ്പസിലെത്തുന്ന സാമൂഹ്യവിരുദ്ധര്‍ പാര്‍ക്കിലെ ലൗബേര്‍ഡ്‌സുകളെ കണ്ടും കരിങ്കല്‍ പാതകളിലൂടെ സഞ്ചരിച്ചും തൃപ്തിയടഞ്ഞു തിരിച്ചുപോകുമെന്നാണോ സര്‍വ്വകലാശാല അധികാരികള്‍ ചിന്തിക്കുന്നത്. സിമ്മിംഗ് പൂളിന്റെ പളപളപ്പില്‍ കാമ്പസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നാണോ ഈ മണ്ടശിരോമണികള്‍ ധരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ ലഭിക്കാന്‍ സാധ്യതയുള്ള കോഴയും സമ്പത്തുമല്ലാതെ മറ്റെന്തു നേട്ടമാണ് ഇവ കൊണ്ട് സര്‍വ്വകലാശാലാ അധികാരികള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്.

കാമ്പസിനു വേണ്ടത് സ്വിമ്മിംഗ് പൂളോ അലങ്കാരപക്ഷികളോ കാലില്‍ മണ്ണുപറ്റാത്ത കരിങ്കല്‍പ്പാതകളോ പുല്‍മേടുകളോ അല്ല. മറിച്ച് മാന്യമായി പഠനം നടത്താനും കിടന്നുറങ്ങുന്നതിനും ഹോസ്റ്റല്‍ മുറിയും, സാമൂഹ്യവിരുദ്ധരില്‍ നിന്നും സംരക്ഷണം ലഭിക്കത്തക്ക മതിലും ലൈറ്റും സ്വാതന്ത്ര്യവുമാണ്. പൂളും, കൂട്ടിലടച്ച പക്ഷികളെയും കാണിച്ച് മാതൃകയാവാന്‍ പറയരുത്. നിങ്ങള്‍ കൂട്ടിലടക്കാന്‍ ശ്രമിക്കുന്ന പറവകളെല്ലാം തന്നെ ഇവിടെ ഉയര്‍ന്നു പറക്കും, സ്വാതന്ത്ര്യം പ്രഖ്യാപിക്കും വിദ്യാര്‍ത്ഥി വിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ചിലച്ചുകൊണ്ടേയിരിക്കും. അഴിമതിയെ ആഭരണമാക്കുന്ന, വിവരക്കേടിനെ ആഘോഷമാക്കുന്ന, മൗനം അനുവാദമായി നല്‍കുന്നവര്‍ക്കെതിരെ നിരന്തരം കല്ലുകള്‍ എറിഞ്ഞുകൊണ്ടേയിരിക്കും.

(കാലിക്കറ്റ് സവ്വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories