TopTop
Begin typing your search above and press return to search.

അറിവിടങ്ങള്‍ അരക്ഷിതമാകുമ്പോള്‍

അറിവിടങ്ങള്‍ അരക്ഷിതമാകുമ്പോള്‍

സൗമ്യ കെ സി

എണ്‍പത് ശതമാനത്തിലേറെയും വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന ക്യാമ്പസാണ് കാലിക്കറ്റ് സര്‍വ്വകലാശാല. അക്കാദമിക് സൗകര്യങ്ങളുടെയും ലഭ്യതയുടെയും കാര്യത്തില്‍ മറ്റേത് സര്‍വ്വകലാശായേയും അത്ഭുതപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കഴിയും. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുകയാണ് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയ്ക്ക് സര്‍വ്വകലാശാലയുടെ ദൗത്യം. അവിടെ ലിംഗവിവേചനം ഒരു തരത്തിലും സ്വാധീനശക്തിയായി വളരാതിരിക്കേണ്ടത് തീര്‍ച്ചയായും അധികാരികളുടെ ഉത്തരവാദിത്തമാണ്. ബാഹ്യമായ ഇടപെടലുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അതിനെ എത്രയും വേഗം പരിഹാരവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.

ഏതാനും ദിവസങ്ങളായി നമ്മുടെ സമൂഹത്തില്‍ സര്‍വ്വകലാശാല വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന അപമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ ഉള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.

കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളില്‍ നിന്ന് തികച്ചും വിഭിന്നമാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ്. എല്ലാ വശങ്ങളിലും പൊതുനിരത്തുകലുള്ള ക്യാമ്പസാണിത്. ഈ വഴികളില്‍ സെക്യൂരിറ്റി പോസ്റ്റുകളോ വഴിവിളക്കുകളോ സ്ഥാപിച്ചിരിക്കുന്നത് മെയിന്‍ ഗേറ്റിലും വില്ലൂന്നിയിലേക്ക് പ്രവേശിക്കുന്ന വഴിയിലുമാണ്. മെയിന്‍ ഗേറ്റൊഴികെ സെക്യൂരിറ്റി പോസ്റ്റ് ഉള്ളതും ഇല്ലാത്തതുമായ മറ്റു വഴികളിലൊന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടാകാറില്ല. വഴിവിളക്കുകള്‍ ശരിയായി പ്രവര്‍ത്തിക്കാറുമില്ല. കാമ്പസിനു പുറത്തു നിന്നുള്ളവര്‍ വാഹനങ്ങളില്‍ കാമ്പസിനകത്ത് നിരന്തരം സുഗമമായി കയറിയിറങ്ങുന്ന അവസ്ഥയാണുള്ളത്. ഇത്തരക്കാരില്‍ നിന്നുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പരാതിപ്പെട്ടാല്‍ വളരെ നിഷ്‌ക്രിയമായ പെരുമാറ്റമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.

കാമ്പസിനകത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് ക്യാമ്പസിലെ പെണ്‍കുട്ടികള്‍ രംഗത്തിറങ്ങിയിട്ട് രണ്ടുമൂന്നു വര്‍ഷങ്ങളായി. വനിതാ ഹോസ്റ്റലിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഴുവന്‍ പെണ്‍കുട്ടികളും ഇറങ്ങിയ ഐതിഹാസികമായ സമരം കേരളം കണ്ടതാണ്. തങ്ങള്‍ക്ക് കിടക്കാനോ ഇരിക്കാനോ വായിക്കാനോ സൗകര്യങ്ങള്‍ ഹോസ്റ്റലില്‍ ആനുപാതികമായി ഇല്ല. എന്നാല്‍ ഇവയായിരുന്നില്ല, ജീവന്റെ സുരക്ഷയായിരുന്നു ആ സമരത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഹോസ്റ്റലിലെ സുരക്ഷിതത്വക്കുറവ് പലതരത്തില്‍ പൊതുചര്‍ച്ചയായി. ചുറ്റുമതിലോ മതിയായ സെക്യൂരിറ്റി സംവിധാനങ്ങളോ ഇല്ലാത്ത ഹോസ്റ്റലിനകത്ത് ഏതു സമയത്തും ആര്‍ക്കും എളുപ്പത്തില്‍ കടന്നുവരാം എന്നതായിരുന്നു അവസ്ഥ. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഹോസ്റ്റലിനുള്ളില്‍ കയറി ഇക്കാര്യം പൊതുജനത്തിനു മുന്നില്‍ തെളിയിച്ചതാണ്. നിരന്തരം കള്ളന്‍മാരുടെയും ആഭാസന്‍മാരുടെയും ശല്യം ഹോസ്റ്റലിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരത്തിന്റെ ഫലമായി അധികാരികളില്‍ നിന്ന് സുരക്ഷ സംബന്ധിച്ച നിരവധി ഉറപ്പുകളും തീരുമാനങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞുവെങ്കിലും അവയില്‍ പലതും നടപ്പിലാക്കുന്നതില്‍ ഇതുവരെ അമാന്തം കാണിക്കുന്നതായാണ് മനസ്സിലാവുന്നത്. കാമ്പസിനകത്തു പോലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതിന് യാതൊരു 'വിഘ്‌ന'വും സംഭവിക്കുന്നില്ല.പലപ്പോഴായി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പല തരത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. പഠനവിഭാഗത്തിലേക്ക് പോകുന്ന പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് അസഭ്യം പറയുക, അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നതോടൊപ്പം പെണ്‍കുട്ടികളെ കയറിപിടിക്കുന്ന തരത്തിലുള്ള ശാരീരികാക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിന്നു. പകല്‍ സമയങ്ങളിലോ കുട്ടികള്‍ ഹോസ്റ്റലിലേക്ക് മടങ്ങുന്ന വൈകുന്നേരങ്ങളിലോ ആണ് - ക്യാമ്പസ് ജനനിബിഡമായിരിക്കുന്ന സമയങ്ങളില്‍ തന്നെയാണ് - ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത്. ക്യാമ്പസിനു ചുറ്റും സംരക്ഷണം നല്‍കാനോ സെക്യൂരിറ്റി സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നതിനോ വേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ക്യാമ്പസിനകത്തേയ്ക്കുള്ള പ്രധാനനിരത്തുകള്‍ക്ക് പുറമേ നിരവധി ഊടുവഴികള്‍ നിലവിലുണ്ട്. പ്രധാനവഴി ഗേറ്റുവച്ച് അടച്ചാലും ഇത്തരം വഴികള്‍ അക്രമികള്‍ക്ക് സുഗമമായി പ്രവേശിക്കാനും രക്ഷപ്പെടാനുമുള്ള വഴിയൊരുക്കുന്നുണ്ട്.

ഇത്തരം അനുഭവങ്ങളില്‍ പരാതിപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ പിന്നീട് പരിഹാസത്തിനിരയായി തീരാറുണ്ട്. സെക്യൂരിറ്റി ജീവനക്കാരടക്കം ഇത്തരം പരാതികളെ അവജ്ഞയോടെ നോക്കിക്കാണുകയും പരിഹസിക്കുകയും ചെയ്യുന്നു. വഴികളിലുടനീളം വഴിവിളക്കുകള്‍ നോക്കുകുത്തികളായി മാറുന്നു. കാര്യക്ഷമതയിലല്ല പ്രൗഡിക്കും ഭംഗിക്കുമാണ് അധികാരികള്‍ മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍. ഏഴുമണി വരെ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനകത്ത് ആഡംബരത്തിനായി അനവധി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന വൈദ്യുത വിളക്കുകള്‍ക്ക് പകരം സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. പക്ഷേ, ഇവ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം ആര്‍ഭാടങ്ങളല്ല ഞങ്ങള്‍ക്കാവശ്യം. കൃത്യമായ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യക്ഷമതയാണ്.

ഇതായിരുന്നില്ല സര്‍വ്വകലാശാല കാമ്പസ്. 2008 ജൂലൈയില്‍ ഇവിടെ അഡ്മിഷന്‍ നേടി വരുമ്പോള്‍ സ്വതന്ത്രവും നിര്‍ഭയവുമായി ഏതു സമയത്തും കാമ്പസിനകത്ത് സഞ്ചരിക്കാവുന്ന അന്തരീക്ഷം ഉണ്ടായിരുന്നു. സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാലങ്ങളില്‍ വളരെ വൈകിയും ലാബില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകേണ്ട സ്ഥിതിയുണ്ട്. കാമ്പസിന്റെ പൊതുപരിപാടികള്‍ രാത്രികാലങ്ങളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇവയില്‍ പങ്കെടുത്ത് പെണ്‍കുട്ടികള്‍ നിര്‍ഭയരായി രാത്രികാലങ്ങളില്‍ ഹോസ്റ്റലിനകത്ത് പ്രവേശിച്ചിരുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ഇതരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതു സഹായിച്ചു. ഇരുപത്തിനാലു മണിക്കൂറും സ്വതന്ത്രമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരിടമായിട്ടാണ് സര്‍വ്വകലാശാലാ സങ്കല്‍പ്പം ഉരുത്തിരിയുന്നത്. അത്തരം വലിയ വിഭാവനകള്‍ക്കകത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കും ഇടമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പ്രശ്‌നങ്ങളോ പരാതികളോ ഉണ്ടായ സമയത്ത് ഹോസ്റ്റലുകള്‍ അടച്ചിടാനും പെണ്‍കുട്ടികള്‍ ആറുമണിയ്ക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന നിയമം ഉണ്ടാക്കാനുമാണ് അധികൃതര്‍ ശ്രമിച്ചത്. പ്രശ്‌നപരിഹാരം വിഷയമായതേ ഇല്ല. പെണ്‍കുട്ടികളില്‍ സദാചാരരീതി വളര്‍ത്തി അക്കാദമിക മേഖലയിലെ സ്വതന്ത്ര ഇടപെടലുകളില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. സര്‍വ്വകലാശാല ക്യാമ്പസിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനും ഉദാത്തമായ ജ്ഞാനോല്‍പാദനരംഗത്തെ നശിപ്പിക്കാനുമുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമങ്ങളെ അതിന്റെ ഗൗരവത്തോടെ തിരിച്ചറിയാനും ഇല്ലായ്മ ചെയ്യാനും സര്‍വ്വകലാശാലാ അധികാരികള്‍ മുന്‍കൈയ്യെടുക്കേണ്ടതുണ്ട്.ക്യാമ്പസിനകത്തെ അവസ്ഥാപരിണാമത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാനാവില്ല. സ്ത്രീകളുടെ പൊതുജീവിതം വളരെ ആശങ്കാകുലമായിത്തീരുന്ന സാമൂഹ്യചുറ്റുപാടാണ് ഇന്നുള്ളത്. സ്ത്രീസുരക്ഷ പ്രധാനമുദ്രാവാക്യമായി സ്വീകരിക്കുകയും പൈശാചികമായി അവളെ ആക്രമിച്ചവനെ സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. ജനാധിപത്യം കൊലചെയ്യപ്പെടുമ്പോള്‍ ഏറ്റവുമധികം ക്രൂശിയ്ക്കപ്പെടുന്നത് സ്ത്രീകളായിരിക്കും. പൊതുജനസമൂഹത്തിനകത്ത് സാധ്യമായില്ലെങ്കിലും അറിവിന്റെയും വിനിമയത്തിന്റെയും ചിന്താവ്യാപാരങ്ങളുടെയും കേന്ദ്രമായിരിക്കുന്ന സര്‍വ്വകലാശാലയ്ക്കകത്തെങ്കിലും ഇത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സര്‍വ്വകലാശാലയുടെ അക്കാദമിക സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ ലിംഗവിവേചനം ഒരു തടസ്സമായിത്തീരുന്നത് അക്കാദമിക് സമൂഹത്തിന് അപമാനകരമാണ്. ഇതൊഴിവാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയരായി ക്യാമ്പസില്‍ സഞ്ചരിയ്ക്കാനും ഹോസ്റ്റലില്‍ താമസിയ്ക്കാനുമുള്ള സാഹചര്യമൊരുക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്. സുരക്ഷ ആവശ്യപ്പെടുന്ന, ദുരനുഭവങ്ങളില്‍ പരാതിപ്പെടുന്ന വിദ്യാര്‍ത്ഥികളേയും അവരെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്താനോ മറ്റേതെങ്കിലും തരത്തില്‍ വിഷയത്തെ വളച്ചൊടിയ്ക്കാനോ ഉള്ള ശ്രമങ്ങള്‍ അപമാനകരമാണ്.

അറിവിടങ്ങളുടെ ജനാധിപത്യവല്‍ക്കരണമാണ് സര്‍വ്വകലാശാലയില്‍ ആദ്യം സംഭവിയ്‌ക്കേണ്ടത്. അതിന് സ്ത്രീപുരുഷഭേദമന്യേ സ്വാതന്ത്ര്യം വേണം. നിര്‍ഭയമായിരിക്കണം. അങ്ങനെയാവാനുള്ള സാഹചര്യം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.

(കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories