TopTop
Begin typing your search above and press return to search.

മൊഹന്‍ജദാരോയില്‍ കണ്ടെത്തിയ പ്രതിമ പാര്‍വതിയുടേതാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹിന്ദുത്വ അജണ്ട

മൊഹന്‍ജദാരോയില്‍ കണ്ടെത്തിയ പ്രതിമ പാര്‍വതിയുടേതാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹിന്ദുത്വ അജണ്ട

സിന്ധു-നദീതട സംസ്‌കാരത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. മൊഹന്‍ജദാരോയില്‍ കണ്ടെത്തിയ പ്രശസ്തമായ 'നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ' വെങ്കലപ്രതിമ പാര്‍വതിയുടേതാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വരുന്ന ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ ഹിന്ദി പ്രസിദ്ധീകരണമായ 'ഇതിഹാസിലാണ്' എന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നതായി ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി രുചിക ശര്‍മ സ്‌ക്രോള്‍ ഡോട്ട് ഇന്നില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ജോണ്‍ മാര്‍ഷല്‍ എന്ന കൊളോണിയല്‍ പുരാവസ്തു ശാസ്ത്രജ്ഞനാണ് ഈ വാദം ആദ്യം ഉന്നയിച്ചത്. ചമ്പ്രംപടഞ്ഞിരിക്കുന്ന രൂപത്തിന് ചുറ്റം നിരവധി വന്യമൃഗങ്ങള്‍ അണിനിരക്കുവന്നതാണ് 'മുദ്ര 420' എന്ന പ്രശസ്തമായ വെങ്കലപ്രതിമ. 'യോഗി', 'പശുപതി' (മൃഗരാജന്‍) എന്നിവരാണ് വന്യമൃഗങ്ങളെന്നും അതിനല്‍ ശിവന്റെ ആദിമരൂപമാണിതെന്നുമായിരുന്നു മാര്‍ഷലിന്റെ വാദം. കോണാകൃതിയിലുള്ള നിരവധി രൂപങ്ങള്‍ കണ്ടെത്തിയ മാര്‍ഷല്‍, ശിവലിംഗത്തിന്റെ ആദിമരൂപത്തിന്റെ പ്രാതിനിത്യം പ്രതിമയ്ക്ക് കല്‍പിച്ചുനല്‍കുകയും ചെയ്തു.

എന്നാല്‍ നിരവധി അക്കാദമിക് വിദഗ്ധര്‍ ജോണ്‍ മാര്‍ഷലിന്റെ സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ശിവന്റെ വേദകാല മുന്‍ഗാമിയായ രുദ്രന്‍, യോഗിയോ വന്യമൃഗങ്ങളുടെ സംരക്ഷകനോ ആയിരുന്നില്ലെന്ന് പ്രസിദ്ധ ഗവേഷകരായ ഡോറിസ് ശ്രീനിവാസനും (1984) ഗ്രിഗൊറി പോസെല്ലും (2002) ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ വളരെ ദുര്‍ബലമായ വാദങ്ങളാണ് മാര്‍ഷലിന്റെതെന്ന് അവര്‍ തെളിയിച്ചിരുന്നു. മാത്രമല്ല, 'പാര്‍വതി' എന്ന പുരാതനദേവതയെ കുറിച്ച് വേദങ്ങളില്‍ ഒരു പരാമര്‍ശവുമില്ല. മാര്‍ഷല്‍ കണ്ടെത്തിയ ശിവലിംഗ സമാനരൂപങ്ങള്‍ തെരുവുകളിലും ഓടകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെയൊന്നും വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കാറില്ലെന്നും പല ഗവേഷകരും ചൂണ്ടിക്കാട്ടിയിരുന്നു. സിന്ധു നദീതട സംസ്‌കാരം അപ്രത്യക്ഷമായി 2000 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലിംഗരൂപത്തില്‍ ശിവന്‍ ആരാധിക്കപ്പെടുന്നതും. എന്നാല്‍ ഹൈന്ദവ പക്ഷപാതിത്വമുള്ള ഗവേഷകര്‍ ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു.

ഹൈന്ദവ ചരിത്രാരംഭം പിന്നോട്ട് തള്ളാനും ആര്യന്മാര്‍ മധ്യേഷ്യന്‍ പുല്‍മേടുകളില്‍ നിന്നും കുടിയേറിവരല്ലെന്നും ഇന്ത്യയില്‍ തന്നെ ജനിച്ചവരാണെന്നും സ്ഥാപിച്ചെടുക്കുകയാണ് ഈ ഹൈന്ദവവല്‍കരണ വാദത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് രുചിക ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു. അക്കാദമിക് രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്നത് കുടിയേറ്റ വാദമായതിനാല്‍ അതിനെ പൊളിക്കേണ്ടത് ഹൈന്ദവചരിത്രകാരന്മാരുടെ ആവശ്യമായി വരുന്നു. അതുകൊണ്ടാണ് സിന്ധുനദീതട സംസ്‌കാരത്തില്‍ കുതിരയുടെ സാന്നിധ്യമുണ്ടായിരുന്നു തുടങ്ങിയ കൃത്രിമവാദങ്ങള്‍ അവര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നത്. വര്‍ത്തമാനകാലത്തെ ഭൂതകാലവുമായി കൂട്ടിക്കെട്ടാനും ഉപഭൂഖണ്ഡത്തില്‍ 'ഹിന്ദുമതത്തിന്' ഒരു ദീര്‍ഘവും സമ്പന്നവുമായ പാരമ്പര്യം ഉണ്ടായിരുന്നു എന്നും സ്ഥാപിച്ചെടുക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. തെളിവുകളുടെ അഭാവമൊന്നും വിശ്വാസികള്‍ക്ക് ഒരു തടസമായി മാറുന്നില്ല.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/ce5GgM


Next Story

Related Stories