TopTop
Begin typing your search above and press return to search.

നാട്ടകം ഗവ. കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിനിക്ക് ഉള്‍പ്പെടെ 'സദാചാര' മര്‍ദ്ദനം; പങ്കില്ലെന്ന് എസ്എഫ്ഐ

നാട്ടകം ഗവ. കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിനിക്ക് ഉള്‍പ്പെടെ
കോട്ടയം നാട്ടകം ഗവ. കോളേജില്‍ ദളിത് വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ സദാചാര ആക്രമണമെന്ന് പരാതി. കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരുക്ക് പറ്റി. ഇതില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോളേജിലെ എസ്എഫ്ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ സദാചാര ആക്രമണമാണ് നടന്നതെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ നാട്ടകം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ എസ്എഫ്ഐക്ക് സംഭവവുമായി ബന്ധമില്ലെന്ന് യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രതികരിച്ചു.

നാട്ടകം കോളേജിലെ വിദ്യാര്‍ഥികളായ ആരതി, ആത്മജ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ദളിത് വിദ്യാര്‍ഥിയായ ആതിര സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ; "കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എറണാകുളത്ത് ജേര്‍ണലിസം പഠിക്കുന്ന ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥി തിങ്കളാഴ്ച സ്‌കോളര്‍ഷിപ്പ് വാങ്ങാന്‍ കോളേജിലെത്തിയിരുന്നു. കൂടെ അവരുടെ ഒരു ആണ്‍ സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ കാമ്പസില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ വന്ന് ഞങ്ങളുടെ കൂടെയിരുന്ന ആണ്‍സുഹൃത്തിനോട് കയര്‍ത്തു സംസാരിച്ചു. നിനക്കൊക്കെ കാമ്പസില്‍ എന്ത് കാര്യം, നീയൊക്കെ ഇവളുമാരുമായാണോ കൂട്ട് കൂടുന്നത്, ഇവരുമായി നിനക്കെന്താ ബന്ധം തുടങ്ങിയ ചോദ്യങ്ങളുമായാണ് അവര്‍ എത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്നു അവര്‍. പിന്നീട് അവര്‍ അയാളെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച ഞങ്ങളെയും അവര്‍ മര്‍ദ്ദിച്ചു. സദാചാര പ്രശ്‌നമാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അത്തരത്തിലൊരു കാര്യവും അവിടെയുണ്ടായിട്ടില്ല. ഇത് അവര്‍ കരുതിക്കൂട്ടി ചെയ്തതായാണ് തോന്നുന്നത്.


മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ചില നടപടികളില്‍ പ്രതിഷേധിച്ച് കോളേജിലെ പെണ്‍കുട്ടികള്‍ സമരം ചെയ്തിരുന്നു. പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ക്ലാസിലെ രണ്ട് കുട്ടികളെ പുറത്തേക്കിറക്കിക്കൊണ്ട് പോയി അവരെ തല്ലി. അത്തരം രാഷ്ട്രീയം അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ് കോളേജിലെ പെണ്‍കുട്ടികളെയിറക്കിയുള്ള സമരമായിരുന്നു. അതിന് ഞാനും ആത്മജയുമാണ് നേതൃത്വം നല്‍കിയത്. തിങ്കളാഴ്ച ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് പേരുള്‍പ്പെടെ ഏഴ് പേര്‍ സമരത്തെ തുടര്‍ന്ന് സസ്പന്‍ഷനിലായിരുന്നു. അതിന്റെ പ്രതികാര നടപടിയായാണ് ഈ സംഭവത്തെ കാണാനാവുന്നത്. തിങ്കളാഴ്ച ഞങ്ങളെ ആക്രമിച്ചവരില്‍ കോളേജില്‍ നിന്ന് പഠിച്ച് പുറത്തുപോയവരും ഉണ്ടായിരുന്നു. കോളേജില്‍ ഞങ്ങള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. എസ്.സി-എസ്.റ്റി അട്രോസിറ്റീസ് വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്."


മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളെ തിങ്കളാഴ്ച കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ എസ്.എഫ്.ഐ.ക്ക് സംഭവവുമായി ബന്ധമില്ലെന്ന് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. "വിദ്യാര്‍ഥികളെ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ചില വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി എന്നത് സത്യമാണ്. പക്ഷെ അതിന് പിന്നിലെ കാരണം പരസ്യമായി പറയാന്‍ കഴിയാത്തതാണ്. കാരണം എതിര്‍വശത്ത് പെണ്‍കുട്ടികളായതിനാല്‍ അത് പറയാതിരിക്കുന്നതാണ് നല്ലത്. കാമ്പസിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് അനാശ്യാസകരമായ രീതിയിലാണ് ചില വിദ്യാര്‍ഥികള്‍ ഇവരെ കണ്ടത്. ഇവരെ ചോദ്യം ചെയ്തതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുണ്ടാവാം. എന്നാല്‍ ഇതിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് പറഞ്ഞുപരത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഈ സംഭവത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തുകയാണവര്‍ ചെയ്യുന്നത്. നടന്നതെന്തെന്ന് കോളേജിലെ അധ്യാപകര്‍ക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കുമറിയാം. കോളേജിനെ മോശമായി കാണിക്കാനുള്ള നടപടികളുടെ ഭാഗം കൂടിയാണിതെന്ന് സംശയിക്കുന്നു".

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories