Top

ദളിത്‌-മുസ്ലീം ഐക്യത്തെ എസ്.എഫ്.ഐ ഭയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം: എം.കെ പ്രേംകുമാര്‍ സംസാരിക്കുന്നു

ദളിത്‌-മുസ്ലീം ഐക്യത്തെ എസ്.എഫ്.ഐ ഭയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം: എം.കെ പ്രേംകുമാര്‍ സംസാരിക്കുന്നു
കാലഘട്ടത്തിന്റെ ആവശ്യകതയെന്നും ചരിത്രപരമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ദളിത്-പിന്നോക്ക-ഇടത് ഐക്യമുന്നണിയുടെ പരീക്ഷണശാലയായി മാറുകയായിരുന്നു ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ ശക്തികള്‍ക്കെതിരെ വിയോജിപ്പുകള്‍ക്കിടയിലും യോജിക്കാന്‍ ജനാധിപത്യശക്തികള്‍ നടത്തിയ ശ്രമമായിരുന്നു ഇക്കഴിഞ്ഞ എച്ച്‌സി.യു. സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പ്. ഒട്ടേറെ അനൈക്യങ്ങള്‍ക്കും പൊട്ടലും ചീറ്റലുകള്‍ക്കുമിടയിലൂടെ കടന്നു പോയെങ്കിലും വലതുപക്ഷ ശക്തികള്‍ക്കെതിരെ വ്യക്തമായ വിജയം നേടാനും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന വിശാല സഖ്യത്തിനായി. ഈ പരിസരത്ത് നിന്നുകൊണ്ട് സഖ്യത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും തിരഞ്ഞെടുപ്പ് അനുഭവങ്ങളെയും വിശകലനം ചെയ്ത് അഴിമുഖം പ്രതിനിധിയോട് സംസാരിക്കുകയാണ് അംബേദ്‌ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയുമായ
എം.കെ പ്രേംകുമാര്‍


സോഷ്യല്‍ ബോയ്‌ക്കോട്ടും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് രോഹിത് വെമുലയുടെ മരണത്തിലേക്ക് നയിക്കുന്നത്. എ.ബി.വി.പി പ്രസിഡന്റ് അപമാനിക്കുന്ന തരത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തകരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ആ പ്രസ്താവനയാണ് മാപ്പ് എഴുതി വാങ്ങിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുന്നത്. സാധാരണ അത് യൂണിവേഴ്‌സിറ്റിയിലെ രണ്ട് സംഘടനകളോ അധികൃതരോ ഇടപെട്ട് തീര്‍ക്കേണ്ട സാധാരണ ഒരു പ്രശ്‌നം. പക്ഷെ അത് പിന്നീട് അന്വേഷണത്തിന് പോവുന്നു. കാര്യമായ തെളിവുകളില്ലാതിരുന്നിട്ടും എ.എസ്.എ പ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ തീരുമാനിക്കുന്നു. അതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നു. പിന്നീട് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ പുതിയൊരന്വേഷണം ഉണ്ടാവുമെന്ന് പറയുന്നു. എന്നാല്‍ അത് നടത്താതെ വൈരുധ്യങ്ങള്‍ നിറഞ്ഞ ആ റിപ്പോര്‍ട്ട് റീവിസിറ്റ് ചെയ്ത് സോഷ്യല്‍ ബോയ്‌കോട്ടിലേക്കെത്തിക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന്റെ പിന്നാമ്പുറം പരിശോധിക്കുന്ന സമയം എം.എച്ച്.ആര്‍.ഡി.യും കേന്ദ്രമന്ത്രിയും ഉള്‍പ്പെടയുള്ളവര്‍ ബോധപൂര്‍വം എ.എസ്.എയ്‌ക്കെതിരെ നടത്തിയ കൂട്ട ആക്രമണമായിരുന്നു അത്. അത് യഥാര്‍ഥത്തില്‍ ഇവിടുത്തെ ദളിത് ബഹുജന്‍ മൂവ്‌മെന്റുകളെ അമര്‍ച്ച ചെയ്യാനുള്ള ബോധപൂര്‍വമുള്ള ശ്രമം എന്ന രീതിയിലാണ് നോക്കിക്കണ്ടത്.

അതിന് ശേഷം രോഹിത് വെമുലയുടെ നീതിയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ യൂണിവേഴ്‌സിറ്റ് പലപ്പോഴായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറുകളുണ്ട്. ഇവിടുത്തെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യാന്‍ ഉന്നംവക്കുന്ന സര്‍ക്കുലറുകളാണ് അവ. അവയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിയമപരമായി പബ്ലിക് ഗാതറിങ് പാടില്ല എന്നതാണ്. അതായത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ രാഷ്ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സമരം ചെയ്യുന്നതിനോ കൂട്ടംകൂടാനോ പാടില്ല. നേരെമറിച്ച് യൂണിവേഴ്‌സിറ്റിയുടെ അനുമതിയോടുകൂടി ഇന്‍ഡോര്‍ പ്രോഗ്രാമുകള്‍ നടത്താം. യൂണിവേഴ്‌സിറ്റി അനുവദിച്ച് തന്നിരിക്കുന്ന മൈതാനമുണ്ട്. ആ മൈതാനത്തില്‍ പോയി മാത്രമേ സമരം ചെയ്യാന്‍ പാടുള്ളൂ എന്ന് തുടങ്ങുന്ന കര്‍ക്കശമായിട്ടുള്ള നിയമങ്ങള്‍ ഇവര്‍ സര്‍ക്കുലര്‍ വഴി ഇറക്കിയിട്ടുണ്ട്.

യൂണിവേവ്‌സിറ്റി അഡ്മിന്‍ ബില്‍ഡിങ് അടച്ചിട്ടുള്ള സമരം പാടില്ല, അതില്‍ ജോലി ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൂടാ തുടങ്ങിയ ആറോ ഏഴോ സര്‍ക്കുലറുകള്‍ വന്നിട്ടുണ്ട്. ആ സര്‍ക്കുലറുകള്‍ വന്ന ശേഷം കഴിഞ്ഞ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനും എ.എസ്.എ.യുടെ ആക്ടിവിസ്റ്റുകളായ നിരവധി വിദ്യാര്‍ഥികള്‍ക്കുമെതിരെ സമരം ചെയ്യുന്ന സമയത്ത് പല തവണ യൂണിവേഴ്‌സിറ്റി ഷോകോസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതുവഴി അത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതായത് യൂണിവേഴ്‌സിറ്റിയിലെ ഈ നിയമാവലികള്‍ നിങ്ങള്‍ ലംഘിക്കുന്ന പക്ഷം കര്‍ക്കശമായ നടപടികള്‍ എടുക്കും എന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് നിരന്തരം ഷോകോസ് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ സ്റ്റുഡന്റ് യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്രാക്ക് ചെയ്യാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം അഡ്മിനിസ്‌ട്രേറ്റീവ് സൈഡില്‍ നിന്നുണ്ടാവുന്നു എന്നതാണ് പുതിയ ഡവലപ്‌മെന്റ്.

രണ്ടാമത്തെ കാര്യം ഈ വര്‍ഷം പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം അഫിഡവിറ്റില്‍ ഒപ്പിടീക്കാനുള്ള ശ്രമമുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെതിരെ സമരം ചെയ്യില്ല എന്നാണ് അഫിഡവിറ്റില്‍ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നുണ്ടാവുന്നു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയെ വ്യത്യസ്തമാക്കുന്നത് ദളിത് ബഹുജന്‍ സംഘടനകളുടെ ക്രിയാത്മകമായ ഇടപെടലുകളാണ്. ഇന്ത്യയിലെ സവര്‍ണ ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുത്തുന്ന അല്ലെങ്കില്‍ അവരുടെ അധികാരത്തെ പിടിച്ചിരുത്തുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടാവുന്നുണ്ട്. ഇതിനെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുവശത്ത് ഇവിടെയുണ്ടാവുന്ന മുന്നേറ്റങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നു, മറ്റൊരു വശത്ത് ജനാധിപത്യപരമായ ഇടപെടലുകള്‍ക്ക് തന്നെ സാധ്യതകളില്ലാതാക്കാനുള്ള ശ്രമവും അവിടെ നടക്കുന്നു. ഈ സാഹചര്യത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി എസ്.എഫ്.ഐ നയിക്കുന്ന സഖ്യമാണ് അധികാരത്തിലുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം യു.എസ്.എഫ്.ജെ എന്നും അതിന് മുന്‍ വര്‍ഷം ദലിത്-ആദിവാസി-ലെഫ്റ്റ് യൂണിറ്റി എന്ന സഖ്യവുമായിരുന്നു. ഈ രണ്ട് വര്‍ഷവും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം കാര്യങ്ങളെ ക്രിയാത്മകമായി പ്രതികരിക്കുന്നതിനോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ റദ്ദ് ചെയ്യിപ്പിക്കുന്നതിനോ സ്റ്റുഡന്റ് യൂണിയന് കഴിയാതെ വന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്.

ഈയൊരു സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കുള്ള സാധ്യതകളെ സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിലൂന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടേയും ധാര്‍മികമായ ഉത്തരവാദിത്തം എന്നരീതിയില്‍ നോക്കിക്കാണുകയും ആ സാഹചര്യത്തിലാണ് വിശാലസഖ്യം എന്ന ആശയം ഉണ്ടാവുന്നതും. രോഹിത് വെമുലയുടെ നീതിയ്ക്ക് വേണ്ടിയുള്ള സമരത്തിന് എ.ബി.വി.പി ഇതര സംഘടനകള്‍ ഐക്യപ്പെട്ടുകൊണ്ട് സമരം ചെയ്തിരുന്നു. ആ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് കവിഞ്ഞ വര്‍ഷം സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ ബോയ്‌കോട്ട് നേരിടേണ്ടിവന്ന വിദ്യാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം കൊടുക്കാതായതുകൊണ്ടാണ് അത് നടക്കാതെ പോയത്.എസ്.ഐ.ഒ എന്ന വിയോജിപ്പ്

സവര്‍ണ ഫാസിസത്തിനെതിരെ പോരാടാന്‍ സംഘടിക്കേണ്ടതായ ആവശ്യമുണ്ടെന്ന സാഹചര്യത്തില്‍ നിന്നാണ് വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്തം എന്ന മൂലബോധത്തില്‍ നിന്നുകൊണ്ട് വിയോജിപ്പുകളോടെ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാവുന്നത്. എല്ലാ സംഘടനകളും ഒരു കോമണ്‍ പ്ലാറ്റ്‌ഫോമില്‍ വരുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയിലാണ് രണ്ട് സംഘടനകളോട് ഐക്യപ്പെടുന്നതിന് എസ്.എഫ്.ഐക്ക് ഐക്യപ്പെടാന്‍ പ്രശ്‌നമുണ്ടെന്ന ആദ്യ പ്രതികരണം വരുന്നത്. എസ്.ഐ.ഒയും എന്‍.എസ്.യു.ഐയും. ഇതില്‍ എസ്.ഐ.ഒയുടെ കാര്യം പരിശോധിക്കുന്ന സമയത്ത്, കേരളത്തിലെ പല കാമ്പസുകളിലും എസ്.എഫ്.ഐ, എസ്.ഐ.ഒയുമായി പലപ്പോഴും തിരഞ്ഞെടുപ്പുകളിലും അല്ലാതെ സവര്‍ണ ഫാസിസത്തിനെതിരെയുള്ള പരിപാടികളിലും സംഘടിച്ച് നിന്നിട്ടുണ്ട്. അതുപോലെ തന്നെ എസ്.ഐ.ഒയുടെ മാതൃസംഘടനയായ വെല്‍ഫയല്‍ പാര്‍ട്ടിയുമായി സി.പി.എം. സഖ്യമുണ്ടാക്കി മത്സരിക്കുന്ന സാഹചര്യങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിയ്ക്ക് വേണ്ടിയുള്ള സമരത്തില്‍ വിയോജിപ്പുകളെ മറന്നുകൊണ്ട് എല്ലാ സംഘടനകളും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ മാത്രം ഇത് പ്രശ്‌നവല്‍ക്കരിക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

എസ്.എഫ്.ഐയുടെ അടുത്തകാലത്തുണ്ടായ പോളിസി പ്രകാരം എന്‍.എസ്.യു.ഐയുമായും എസ്.ഐ.ഒയുമായും ഐക്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു അവരുടെ വാദം. വിശാലസഖ്യം ഉണ്ടാവുക എന്ന ധാരണ വരുമ്പോള്‍ തന്നെ സഖ്യത്തിലുള്ള സംഘടനകളുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്നായിരുന്നു നിബന്ധന. എ.എസ്.എ നയിക്കുന്ന സഖ്യത്തിന് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ രണ്ട് പോസ്റ്റുകളും ബാക്കിയുള്ള നാല് പോസ്റ്റുകള്‍ എസ്.എഫ്.ഐ നയിക്കുന്ന സഖ്യത്തിനും നല്‍കി. സഖ്യം പ്രാബല്യത്തില്‍ വരുന്ന സമയം സ്റ്റുഡന്റ് യൂണിയന്‍ കീ പോസ്റ്റുകളുടെ കാര്യത്തില്‍ മാത്രമേ ധാരണയുണ്ടായിരുന്നുള്ളൂ. അതേസമയം ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ കൗണ്‍സിലേഴ്‌സിന്റേയോ, സ്‌കൂള്‍ ബോഡി മെമ്പര്‍മാരുടേയോ കാര്യത്തില്‍ വ്യക്തമായ ധാരണയിലെത്തിച്ചേര്‍ന്നിരുന്നില്ല. നോമിനേഷന്‍ പിന്‍വലിക്കേണ്ട സമയത്തിന് ഏതാണ്ട് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് സഖ്യം ധാരണയാവുന്നത്. ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ പല സ്ഥാനാര്‍ഥികളേയും പിന്‍വലിക്കുകയും ചില സീറ്റുകള്‍ എസ്.എഫ്.ഐ സഖ്യത്തിനും ചിലത് എ.എസ്.എ സഖ്യത്തിനുമായി വീതിച്ച് നല്‍കിയെങ്കിലും വ്യക്തമായ രീതിയിലുള്ള സീറ്റ് വിഭജനം അവിടെ നടന്നിട്ടില്ല.

വിശാലസഖ്യം രൂപീകരിച്ചതിന് ശേഷം രണ്ട് സഖ്യങ്ങളും ചേര്‍ന്നിട്ടുള്ള ഒരു പ്രസ്താവന പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഓരോ സംഘടനകളും സഖ്യത്തെക്കുറിച്ചുള്ള അവരുടെ സങ്കല്‍പ്പങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അവിടെ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വിശാല സഖ്യം രൂപംകൊണ്ടിരിക്കുന്നു, എന്നാല്‍ എസ്.ഐ.ഒ അതിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയത്. രണ്ട് സഖ്യങ്ങള്‍ തമ്മിലുള്ള സഖ്യത്തില്‍, എ.എസ്.എ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമാണ് എസ്.ഐ.ഒ. എ.എസ്.എയെ സംബന്ധിച്ചിടത്തോളം തുടക്കം മുതല്‍ സംയുക്തമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്. അതിനാല്‍ തന്നെ നേതൃത്വവും അണികളും തമ്മില്‍ ചേര്‍ച്ചക്കേടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ എസ്.എഫ്.ഐയില്‍ നേതൃത്വവും പ്രവര്‍ത്തകരും തമ്മില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംഘടനയുടെ പേരുകള്‍ പറയാന്‍ പാടില്ല എന്ന നിബന്ധന ആദ്യം ലംഘിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ഥികളാണ്. ആദ്യം ഫേസ്ബുക്ക് പോസ്റ്റുകളില്‍ എസ്.ഐ.ഒ സഖ്യത്തില്‍ ഇല്ലായെന്ന് പറഞ്ഞിരുന്ന പ്രവര്‍ത്തകരെ പിന്നീട് നിബന്ധയെക്കുറിച്ച് നേതൃത്വം പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷം ആ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ഒ സഖ്യത്തിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കില്‍ എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തകരില്‍ പലരും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടായിരുന്നു അണികളുടേത്. പ്രത്യേകിച്ചും മലയാളി എസ്.എഫ്.ഐ. പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നില്‍. ഈ സാഹചര്യത്തില്‍ ഇരു കക്ഷികളും ചേര്‍ന്ന് ഒരു പ്രസ്താവന തയ്യാറാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത്തരത്തിലൊരു പ്രസ്താവന വരുന്നതിന് മുന്നെ എസ്.എഫ്.ഐ. സ്വന്തമായി അവരുടെ സംഘടനയുടെ പേരില്‍ പ്രസ്താവനയിറക്കുകയാണുണ്ടായത്. എസ്.എഫ്.ഐ വിശാല സഖ്യത്തിന്റെ ഭാഗമാണെന്നും എ.എസ്.എ എന്ന സംഘടനയുമായാണ് സഖ്യമെന്നും എസ്.ഐ.ഒ അതില്‍ ഭാഗമല്ലെന്നുമായിരുന്നു പ്രസ്താവന. അന്ന് രാത്രി തന്നെ തിരിച്ച് എ.എസ്.എ പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കി. എസ്.ഐ.ഒ സഖ്യത്തിന്റെ ഭാഗമാണോ അല്ലയോ എന്ന കാര്യം തിരഞ്ഞെടുപ്പ് പ്രചരണങ്ങളെയും എല്ലാ രീതിയിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളെയും വലിയ തോതില്‍ ബാധിച്ചു. എല്ലാ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ സഖ്യകക്ഷികളെല്ലാം ചേര്‍ന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വലിയ റാലി നടത്താനുള്ള ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടക്കുന്ന സമയത്ത് കമിങ് ടുഗദര്‍ എന്ന ഫീലുണ്ടായിരുന്നില്ല. പകരം എസ്.എഫ്.ഐ സഖ്യം ഒരുഭാഗത്തും എ.എസ്.എ. സഖ്യം മറ്റൊരു ഭാഗത്തും നില്‍ക്കുകയും പ്രകടനം വിളിക്കുകയും ചെയ്തിരുന്നു. ഐക്യം എന്ന കാര്യം അവിടെ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Also Read: എന്താകും ഹൈദരാബാദ് സര്‍വകലാശാലയിലെ ഇടത്-ദളിത്‌-മുസ്ലീം സഖ്യത്തിന്റെ ഭാവി?

മത്സരഫലം വന്ന ദിവസം
ജോയിന്റ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത് എം.എസ്.എഫിന്റെ പ്രതിനിധിയാണ്. എം.എസ്.എഫുമായി എസ്.എഫ്.ഐക്ക് രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ ഇല്ല എന്നാണ് അവര്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ എസ്.ഐ.ഒയുമായി പ്രശ്‌നമുണ്ട് താനും. തിരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്ത് എസ്.എഫ്.ഐ സഖ്യത്തിലെ പ്രവര്‍ത്തകര്‍ ഒരു ബാഗത്ത് മാറി നിന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ എ.എസ്.എയുടെ സ്ഥാനാര്‍ഥിക്ക് ആദ്യത്തെ ഇരുപത് റൗണ്ട് കഴിയുന്ന സമയത്ത് നൂറില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേയുണ്ടായിരുന്നുള്ളൂ. അതുപോലെ തന്നെ എന്‍.എസ്.യു.ഐയുടെ സ്ഥാനാര്‍ഥിക്ക് സാധാരണയിലും അധികം വോട്ടുകള്‍ ലഭിച്ചിട്ടുമുണ്ടായിരുന്നു. അവരുടെ പരമ്പരാഗത വോട്ട് എന്ന് പറയുന്നത് 200, 250, പരമാവധി 300 വരെയായിരുന്നു. എന്നാല്‍ ആദ്യത്തെ ഇരുപത് റൗണ്ട് വോട്ടെണ്ണലില്‍ എന്‍.എസ്.യു.ഐ സ്ഥാനാര്‍ഥിക്ക് 400ല്‍ പരം വോട്ട് ലഭിച്ചിരുന്നു. ആനുപാതികമായി കണക്കെടുത്തപ്പോള്‍ 38ല്‍ പരം റൗണ്ട് കഴിയുമ്പോള്‍ അവര്‍ക്ക് 850തിലധികം വോട്ടുകള്‍ നേടാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. അതിനാല്‍ എ.എസ്.എ സഖ്യം അവസാന ഫലം വരുന്നത് വരെ നിശബ്ദരായാണ് നിന്നത്. പക്ഷെ അപ്പുറത്ത് എസ്.എഫ്.ഐ സഖ്യത്തിലെ സ്ഥാനാര്‍ഥികളെല്ലാം 200, 300ല്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ടായിരുന്നു. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ജയിക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. അതുകൊണ്ട് എസ്.എഫ്.ഐ അവരുടെ പതാകയുമായി ആഘോഷങ്ങളും പ്രകടനങ്ങളുമൊക്കെ തുടങ്ങുകയും ചെയ്തിരുന്നു. സി.പി.എം പാര്‍ട്ടി പതാകയും അവരില്‍ ചിലര്‍ പിടിച്ചിരുന്നു. അവസാനം ഫലം പ്രഖ്യാപിച്ചതിന് ശേഷം ഞങ്ങള്‍ പ്രകടനം വിളിക്കാന്‍ തുടങ്ങിയപ്പോള്‍ മാറി നിന്ന് പ്രകടനം വിളിച്ച എസ്.എഫ്.ഐക്കാര്‍ ഞങ്ങളുടെ സമീപത്തേക്ക് പതാകയുയര്‍ത്തിക്കൊണ്ട് തന്നെ വരികയും ചെയ്തു. അവര്‍ പതാക ഉയര്‍ത്തിയത് കണ്ടപ്പോള്‍ വിജയം ഉറപ്പിച്ച എ.എസ്.എ സഖ്യത്തിലെ എസ്.ഐ.ഒക്കാരും എം.എസ്.എഫുകാരും നീലയും പച്ചയും നിറത്തിലുള്ള കൊടികളുയര്‍ത്തി. ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐക്കാര്‍ അവരുടെ കൊടികള്‍ താഴ്ത്തുകയും മാറി നില്‍ക്കുകയും എസ്.ഐ.ഒയുടെ കൊടിയുണ്ടെങ്കില്‍ ഞങ്ങള്‍ റാലിയില്‍ പങ്കെടുക്കില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ സഖ്യകക്ഷിയായതിനാല്‍ ഞങ്ങള്‍ അതിന് തയ്യാറായില്ല. അങ്ങനെയാണ് പ്രശ്‌നമുണ്ടാവുന്നത്. ഫാസിസത്തിനെതിരെ ഒരു വിശാലസഖ്യമുണ്ടാക്കുകയും ആ സഖ്യം വിജയിച്ചിരിക്കുകയും ചെയ്ത സമയത്ത്, ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രകടനം വിളിക്കാന്‍ തുടങ്ങുന്ന സമയത്ത് 'മൗദൂദിയുടെ മയ്യത്ത് എച്ച്.സി.യുവിന്‍ നെഞ്ചത്ത്' എന്ന മുദ്രാവാക്യം വിളിക്കുകയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെയ്തത്. യാതൊരുവിധ പ്രകോപനവും ഇല്ലാതിരുന്നിട്ട് കൂടി എം.എസ്.എഫിന്റെ പച്ചക്കൊടി അവര്‍ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്തു. സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളുടേയും ധാരണകളുടേയും ഇടയ്ക്ക് എം.എസ്.എഫുമായി ഒരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞിരുന്നവര്‍ 'വക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ' എന്ന രീതിയിലുള്ള മര്യാദകെട്ട ഭാഷയില്‍ എം.എസ്.എഫുകാരോട് പ്രതികരിക്കുകയാണ് ചെയ്തത്.റാഡിക്കല്‍ അണ്‍ടച്ചബിലിറ്റി എന്തുകൊണ്ട് എസ്.ഐ.ഒ.യോട് മാത്രം
നാല് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. ഒന്ന്, എസ്.ഐ.ഒ. പ്രശ്‌നമാവുകയും എം.എസ്.എഫ്. പ്രശ്‌നമാവാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? എം.എസ്.എഫിന് ലിബറല്‍ ടച്ചബിലിറ്റിയും എസ്.ഐ.ഒയ്ക്ക് റാഡിക്കല്‍ അണ്‍ടച്ചബിലിറ്റിയും എന്നാണ് എസ്.എഫ്.ഐ. നിലപാട്. രണ്ട്, കേരളത്തിലെയും ഇന്ത്യയിലേയും പല കാമ്പസുകളിലും എസ്.ഐ.ഒയുമായി സഖ്യമുണ്ടാക്കുമ്പോള്‍, എച്ച്.സി.യുവില്‍ മാത്രം അത് പ്രശ്‌നമാവുന്നത് എന്തുകൊണ്ട്? മൂന്ന്, എ.എസ്.എയുമായി എസ്.എഫ്.ഐക്ക് ആശയപരമായി പ്രശ്‌നങ്ങളുണ്ടോ? നാല്, ഡി.എസ്.യു, ടി.എസ്.എഫ് എന്നീ സംഘടനകള്‍ എസ്.എഫ്.ഐ.യോട് കൂടിയുള്ളപ്പോള്‍ എന്താണ് എ.എസ്.എയോട് പ്രശ്‌നം?

യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ എന്ന് പറയുന്ന സംഘടന കേവലം ഒരു ദളിത് പ്രസ്ഥാനം മാത്രമല്ല. നേരെ മറിച്ച് ദളിത് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യുന്ന ഒരു അംബ്രെല്ലാ ഓര്‍ഗനൈസേഷനാണിത്. എസ്.എസി, എസ്.ടി, ഒ.ബി.സി, മതന്യൂനപക്ഷങ്ങള്‍, അതുപോലുള്ള (അപ്പര്‍ കാസ്റ്റ് സാഹചര്യങ്ങളില്‍ ജനിച്ച് വളര്‍ന്ന വദ്യാര്‍ഥികള്‍ ഈ സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നമ്മുടെ ഭാഗമായി നില്‍ക്കുന്നവര്‍) വിദ്യാര്‍ഥികളെയുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശേഷിയുള്ള സംഘടനയാണ്. ബൃഹത്തായ ഒരു സംഘടന ഇവിടെ നില്‍ക്കുക എന്നത് എസ്.എഫ്.ഐക്ക് എപ്പോഴും ഒരു പൊട്ടന്‍ഷ്യല്‍ ത്രെറ്റ് ആണ്. എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് ജാതി എന്ന യാഥാര്‍ഥ്യത്തെ അഡ്രസ് ചെയ്യാന്‍ കഴിയില്ല. പക്ഷെ സ്വത്വബോധത്തിലൂന്നി നിന്നുകൊണ്ടുള്ള ഒരു ഐക്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. സ്വത്വരാഷ്ട്രീയവും, ബഹുജന്‍ മൂവ്‌മെന്റുകളും ശ്രദ്ധപിടിച്ചു പറ്റിയ യൂണിവേഴ്‌സിറ്റിയാണിത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി എസ്.എഫ്.ഐ, ഇടത്-ദളിത്-ആദിവാസി ഐക്യം നയിക്കുന്നതെന്തുകൊണ്ടാണ്? അവരുടെ സഖ്യകക്ഷികളിലെ ദളിത് സ്റ്റുഡന്റ് യൂണിയന്‍ ദളിതരുടെ മാത്രം സംഘടനയാണ്. ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ആദിവാസികളുടെ മാത്രം സംഘടനയാണ്. എന്നാല്‍ ഈ സംഘടനകളൊന്നും എസ്.എഫ്.ഐയ്ക്ക് പൊട്ടന്‍ഷ്യല്‍ ത്രെറ്റ് ആവുന്നില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. പക്ഷെ എ.എസ്.എ വിശാലമായ ഒരു ഇടം എന്ന നിലയില്‍ എസ്.എഫ്.ഐക്ക് വെല്ലുവിളിയാവുന്നുമുണ്ട്. എ.ബി.വി.പിയെയും ഇടത്പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളേയും മാറ്റിനിര്‍ത്തിക്കൊണ്ട് ദളിത് ബഹുജന്‍ വിദ്യാര്‍ഥികള്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് അധികാരം പിടിച്ചടക്കി ഭരിച്ചിട്ടുണ്ട്. അതില്‍ നിര്‍മായകമായ പങ്കുവഹിച്ചിരിക്കുന്ന ഒരു ഘടകം എന്ന് പറയുന്നത് മുസ്ലീം വിദ്യാര്‍ഥികള്‍ എ.എസ്.എയുടെ ഭാഗമായി ഉണ്ടെന്നുള്ളതാണ്.

Also Read: അംബേദ്ക്കറൈറ്റുകളോട് സമരസപ്പെടാന്‍ ജമാഅത്ത ഇസ്ലാമിക്ക് സാധിക്കുന്നതെങ്ങനെ? തിരിച്ചും?

ആദ്യം എസ്.ഐ.ഒ, എം.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ കാമ്പസിലുണ്ടായിരുന്നില്ല. പകരം എ.എസ്.എയുടെ ഭാഗമായി നിന്നുകൊണ്ടാണ് മുസ്ലീം വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചത്. മുത്തലാഖ് പോലുള്ള മുസ്ലീം വിഷയങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ എ.എസ്.എയ്ക്ക് അത്രകണ്ട് അത് ചര്‍ച്ച ചെയ്യാനാവണമെന്നില്ല. അതിനാല്‍ അവര്‍ക്ക് അവരുടേതായ സംഘടന വേണമെന്ന് തോന്നിയപ്പോള്‍ അതുണ്ടാവുകയുമാണ് ചെയ്തത്. എന്നാല്‍ മുസ്ലീം സമുദായത്തിന്റെ കര്‍തൃത്വം ഏറ്റെടുക്കാനല്ല നിന്നിട്ടുള്ളത്. അവരുടെ സംഘടനകളുമായുള്ള സംവാദത്തിനാണ് എ.എസ്.എ നിന്നിട്ടുള്ളത്. ആ സംഘടനകള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താനാണ് എ.എസ്.എ. ശ്രമിച്ചിട്ടുള്ളത്. ഈ ഐക്യത്തെ എസ്.എഫ്.ഐ. ഭയപ്പെടുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. എസ്.ഐ.ഒ എന്ന ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ഈ ഐക്യത്തെ തകര്‍ക്കാനായിട്ടാണ് എസ്.എഫ്.ഐ കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ശ്രമിക്കുന്നത്. എസ്.എഫ്.ഐയെ സംബന്ധിച്ച് അവരുടെ പ്ലാറ്റ്‌ഫോമില്‍ ചെല്ലുന്ന മുസ്ലീം സമുദായക്കാര്‍ അവര്‍ക്ക് സ്വീകാര്യമാവുകയും അതില്‍ നിന്ന് മാറി നിന്ന് ഐക്യപ്പെടുമ്പോള്‍ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നു. നല്ല മുസ്ലീം ചീത്ത മുസ്ലീം എന്ന വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. എം.എസ്.എഫ്. എന്ന സംഘടനയോട് കേരളത്തില്‍ വളരെ വ്യക്തമായ വിയോജിപ്പുള്ള സംഘടനയാണ് എസ്.എഫ്.ഐ. പക്ഷെ ഇവിടെ ഈ തിരഞ്ഞെടുപ്പില്‍ എസ്.ഐ.ഒയോട് ഉണ്ടായിരിക്കുന്ന അതേ ആശയപരമായ വ്യത്യാസം എം.എസ്.എഫിനോടും ഉണ്ടെന്ന് പറയുകയാണെങ്കില്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഇസ്ലാമോഫോബിക് ആയുള്ള നിലപാട് പ്രകടമാവും എന്നത് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു തന്ത്രം എന്ന നിലയ്ക്കാണ് എസ്.ഐ.ഒയുടെ സാന്നിധ്യം പ്രശ്‌നവല്‍ക്കരിക്കുകയും എം.എസ്.എഫിന്റെ സാന്നിധ്യം സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്. പക്ഷെ അങ്ങനെയുള്ള ഹിപ്പോക്രസിയാണ് ഒരു പ്രകോപനവും കൂടാതെയുള്ള എം.എസ്.എഫിന്റെ കൊടികണ്ടപ്പോഴുള്ള അമര്‍ഷ പ്രകടനത്തിലൂടെ ദൃശ്യമാവുന്നത്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തെ വളരെ പ്യൂരിഫൈഡ് ആയി കാണുന്ന സമയത്ത്, ഫാസിസത്തിനെതിരെ വിയോജിപ്പുകളോടെ സഹകരിക്കുക എന്ന ആശയത്തിനുള്ള സാധ്യത തന്നെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലൂടെ ഇല്ലാതാക്കുന്നത്.

റാലിയില്‍ പങ്കെടുത്തില്ല, തുടരുന്ന പ്രശ്‌നങ്ങള്‍
മത്സരഫലം വന്ന ദിവസം മറ്റെല്ലാ സംഘടനകളും പതാക മാറ്റിവച്ചാല്‍ മാത്രമേ തങ്ങള്‍ പ്രകടനത്തിന് വരൂ എന്ന് എസ്.എഫ്.ഐക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രോഹിത് വെമുല സ്തൂപത്തിന് സമീപത്ത് എല്ലാവരും പതാക മാറ്റിവച്ചതിന് ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അവിടെ വച്ചാണ് പിറ്റേദിവസത്തെ അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് ശേഷം സഖ്യകക്ഷികളെല്ലാം ചേര്‍ന്ന് ഗ്രാന്റ് റാലി നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. അത് എസ്.എഫ്.ഐയും സമ്മതിച്ച കാര്യമാണ്. ഒരു സംഘടനകളും പതാകകളുപയോഗിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് ശേഷം റാലിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യം കുറച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ വ്ന്നിരുന്നു. എന്നാല്‍ അവരും പിന്നീട് വരാമെന്ന് പറഞ്ഞ് പിരിഞ്ഞുപോയി. തങ്ങള്‍ വേണ്ടത്ര തയ്യാറെടുത്തിട്ടില്ല തുടങ്ങിയ ന്യായങ്ങളായിരുന്നു അവര്‍ പറഞ്ഞത്. എം.എസ്.എഫിനേയും ആക്രമിച്ചത് നിങ്ങളുടെ വംശീയതയുടെ പ്രശ്നമല്ലേ?, അല്ലെങ്കില്‍ ഇസ്ലാമോഫോബിക് ആയിട്ടുള്ള നിങ്ങളുടെ ചിന്താഗതിയല്ലേ എന്ന ചോദ്യങ്ങള്‍ എസ്.എഫ്.ഐക്കെതിരെ വന്നിരുന്നു. വര്‍ഗരാഷ്ട്രീയത്തില്‍ വിശ്വസിച്ച് നില്‍ക്കുന്നയാളുകള്‍ അവരുടെ സ്വത്വം വെളിപ്പെടുത്തിക്കൊണ്ടാണ് അതിന് മറുപടി നല്‍കിയത്. അതിന് ശേഷം എസ്.എഫ്.ഐ സഖ്യത്തിലുണ്ടായിരുന്നു മുസ്ലീം വിദ്യാര്‍ഥികള്‍ തങ്ങളുടെ മുസ്ലീം ഐഡന്റിറ്റി വ്യക്തമാക്കുകയും എന്നാല്‍ എസ്.ഐ.ഒ അല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുസ്ലീമിന് പകരം നായന്‍മാരും ബ്രാഹ്മണന്‍മാരും അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും. ഞാന്‍ നായരാണ്, എന്നാല്‍ ലെഫ്റ്റുമാണ് എന്നൊക്കെ പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും. അപ്പോള്‍ അതില്‍ നില്‍ക്കുന്ന ദളിതര്‍ ഞാന്‍ ദളിതാണ്, പക്ഷെ ലെഫ്റ്റുമാണ് എന്ന് പറയേണ്ടി വരുന്ന അവസ്ഥ ഭീകരമായിരിക്കും. ഇത് ആശയപരമായ വൈരുധ്യങ്ങളാണ്.എ.എസ്.എയുടെ വളര്‍ച്ച തടയാന്‍ ശ്രമം
വിയോജിപ്പോടെ സഹകരിക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സഖ്യത്തിന് തയ്യാറാവുന്നത്? സ്വത്വബോധത്തിലൂന്നി നിന്നുകൊണ്ടുള്ള ദളിത് ബഹുജന്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയം പ്രബലമായി നില്‍ക്കുന്ന ഒരു കാമ്പസില്‍ ഇടത്പക്ഷ രാഷ്ട്രീയത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നുള്ളതാണ്. ആ ദൗര്‍ബല്യത്തില്‍ നിന്നാണ് ഇത്തരം ആശയക്കുഴപ്പങ്ങളെല്ലാം ഉണ്ടാവുന്നത്. സാഹചര്യങ്ങള്‍ക്ക് വശംവദരായി ചെറുതായ ചില അഴിച്ചുപണികള്‍ക്ക് തയ്യാറാവുമ്പോഴും അടിസ്ഥാനപ്രശ്‌നങ്ങള്‍ നിലനില്‍ക്കും. എ.എസ്.എയും എസ്.എഫ്.ഐയും മുന്നോട്ട് വക്കുന്ന രാഷ്ട്രീയവും സമാന്തരമാണ്. എസ്.എഫ്.ഐ സ്വത്വത്തിന് അതീതമായി, ജാതിക്ക് പ്രാധാന്യം നല്‍കാത്ത വര്‍ഗ സിദ്ധാന്തത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നവരാണ്. അത്തരത്തിലൊരു വലിയ ഐക്യമാണ് ഇടത്പക്ഷം മുന്നോട്ട് വക്കുന്നത്. എ.എസ്.എയാണെങ്കില്‍ ദലിത്, ആദിവാസി, മുസ്ലീം, മറ്റുള്ള സമുദായക്കാരുടേയും പിന്നോക്ക വിഭാഗക്കാരുടേയും സ്വത്വബോധത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള ഐക്യമാണ് മുന്നോട്ട് വക്കുന്നത്. ഒന്ന് സ്വത്വ രാഷ്ട്രീയവും മറ്റൊന്ന് സ്വത്വരാഷ്ട്രീയത്തിന് അതീതമായി നില്‍ക്കുന്ന, സമാന്തരമായി നിലകൊള്ളുന്ന രണ്ട് സംഘടനകളാണ്. യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം ദളിത് ബഹുജന്‍ വളരെ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടതിന് എങ്ങനെയാണ് ഇവിടെ ഇടപെടാനാവുക എന്നത് പ്രത്യയശാസ്ത്രപരമായി പരിഹാരം കാണേണ്ട ഒന്നാണ്. പ്രശ്‌നങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യം ഇടത് പാര്‍ട്ടി ബുദ്ധിജീവികള്‍ ആലോചിച്ച് പരിഹാരം കാണേണ്ടതാണ്. അതിന് പകരം ദളിത് ബഹുജന്‍ മുന്നേറ്റത്തെ എസ്.എഫ്.ഐ ഒരു പൊട്ടന്‍ഷ്യല്‍ ത്രെറ്റ് ആയാണ് നോക്കിക്കാണുന്നത്. അതില്‍ ആശയപരമായ സംവാദങ്ങള്‍ക്ക് പകരം എ.എസ്.എയോട് തങ്ങള്‍ക്ക് പ്രശ്‌നമില്ല, പകരം എസ്.ഐ.ഒയോടാണ് പ്രശ്‌നം എന്നാണ് അവര്‍ എപ്പോഴും പറയുന്നത്. മുസ്ലീം സമുദായങ്ങളോടല്ല, പ്രസ്ഥാനങ്ങളോടാണ് ഞങ്ങള്‍ക്ക് പ്രശ്‌നമെന്ന് പറയുമ്പോള്‍ അതില്‍ പ്രശ്‌നമില്ലാതാവുന്നു. ദളിത് ബഹുജന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ സമഗ്രതയെയാണ് എസ്.എഫ്.ഐ ആക്രമിക്കുന്നത്. അതിലൂടെ മാത്രമേ എസ്.എഫ്.ഐക്ക് നിലനില്‍ക്കാനാവൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories