UPDATES

എന്താകും ഹൈദരാബാദ് സര്‍വകലാശാലയിലെ ഇടത്-ദളിത്‌-മുസ്ലീം സഖ്യത്തിന്റെ ഭാവി?

വിജയാഹ്ളാദത്തിന്റെ ചൂടു മാറും മുമ്പാണ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുള്ളത്

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി-ഒ.ബി.സി.എഫ് സഖ്യത്തെ അടിയറവ് പറയിച്ച് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് അധികാരത്തില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. എ.എസ്.എയും എസ്.എഫ്.ഐ.യും അവരുടെ സഖ്യകക്ഷികളും ചേര്‍ന്നുള്ള വിശാല സഖ്യം മുഴുവന്‍ സീറ്റുകളും തൂത്തുവാരി. എന്നാല്‍ സഖ്യം അധികാരത്തിലേറും മുന്നേ തന്നെ കല്ലുകടികള്‍ തുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകളാണ് വിജയപ്രഖ്യാപന ദിവസം മുതല്‍ വന്നുകൊണ്ടിരിക്കുന്നത്.

വിജയ പ്രഖ്യാപന സമയത്ത് കേരളത്തില്‍ നിന്നുള്ള ചില എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എ.എസ്.എയുടെ ഭാഗമായി സഖ്യത്തിലുണ്ടായിരുന്ന എം.എസ്.എഫ്, എസ്.ഐ.ഒ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ തോതില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നു. ‘വക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, വിളിക്കിനെടാ അന്തസ്സോടെ ഇന്‍ക്വിലാബ് സിന്ദാബാദ്, മഹ്ദൂദിയുടെ മയ്യത്ത് എച്ച്.സി.യുവിന്റെ മുറ്റത്ത്’ ഈ മുദ്രാവാക്യങ്ങള്‍ മുസ്ലീം സംഘടനകളോട് എസ്.എഫ്.ഐ വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയുടേയും വംശീയതയുടേയും ഉദാഹരണമെന്നാണ് ഈ സംഘടനകള്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ നടപടിയെ എസ്.എഫ്.ഐ അപലപിക്കുകയും വിദ്യാര്‍ഥികളുടെ ഒറ്റ തിരിഞ്ഞ അഭിപ്രായങ്ങള്‍ സംഘടനയുടേതായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന വിജയാഹ്ലാദ പ്രകടനത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരുള്‍പ്പെടെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തില്ലെന്നും ആരോപണമുണ്ട്. എസ്.ഐ.ഒയെ സഖ്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യത്തിന്റെ ഭാഗമായി എം.എസ്.എഫിനെ അംഗീകരിക്കുകയും ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്ക് എം.എസ്.എഫ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എം.എസ്.എഫും എസ്.ഐ.ഒയും എ.എസ്.എ സഖ്യത്തിന്റെ ഭാഗമാണെന്ന നിലപാടാണ് എ.എസ്.എ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള നന്ദി പ്രസ്താവനയിലും അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഈ സംഭവങ്ങളുടെ പ്രതികരണമറിയാനായി എ.എസ്.എ, എസ്.എഫ്.ഐ, എസ്.ഐ.ഒ. പ്രതിനിധികളുമായി ബന്ധപ്പെട്ടു. എ.എസ്.എ കണ്‍വീനര്‍ തുഷാര്‍ ഹെഗ്‌ഡെ പ്രതികരിച്ചതിങ്ങനെ: ‘എസ്.ഐ.ഒയ്ക്കും എം.എസ്.എഫിനുമെതിരെ മുദ്രാവാക്യം വിളിച്ചത് ഏതാനും ചില പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയുടെ മലയാളികളായ പ്രവര്‍ത്തകരാണ് അവരെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് വളരെ സെന്‍സിറ്റീവ് ആയ വിഷയമായതിനാല്‍ തല്‍ക്കാലം ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഔദ്യോഗികമായി അവരെന്തെങ്കിലും അറിയിച്ചിട്ടുമില്ല. അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കേണ്ട എന്ന് തന്നെയാണ് തീരുമാനം. എ.എസ്.എയുടെ സഖ്യകക്ഷിയാണ് എസ്.ഐ.ഒ. രണ്ട് വലിയ സംഘടനകളുടെ സഖ്യകക്ഷികള്‍ തമ്മിലുള്ള വിശാലസഖ്യം എന്നത് തന്നെയായിരുന്നു തീരുമാനം. എന്നാല്‍ എസ്.ഐ.ഒ.യെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ എസ്.എഫ്.ഐ തുടക്കം മുതല്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ എ.എസ്.എയെ സംബന്ധിച്ച് അപ്പോഴും ഇപ്പോഴും എപ്പോഴും എസ്.ഐ.ഒ ഞങ്ങളുടെ ഭാഗമാണ്. എസ്.ഐ.ഒയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം എ.എസ്.എയ്ക്കുണ്ടാവില്ല. വിരുദ്ധാഭിപ്രായങ്ങള്‍ എപ്പോഴും ഉണ്ടായേക്കാം. എന്നാല്‍ ആഹ്ലാദ പ്രകടനത്തില്‍ എസ്.എഫ്.ഐക്കാര്‍ പങ്കെടുക്കാതിരുന്നത് ഞങ്ങളെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് അറിയില്ല. എസ്.എഫ്.ഐ നേതൃത്വം ഇക്കാര്യത്തില്‍ ഇതേവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അക്കാദമിക് കൗണ്‍സിലിന് എ.എസ്.എയുടെയും എസ്.എഫ്.ഐയുടെയും വിജയികളെ കയറ്റിവിടുന്നത് വരെ എല്ലാവരും ഒന്നിച്ചുണ്ടായിരുന്നു. എന്നാല്‍ ആറ് മണിയോടെ പ്രകടനം തുടങ്ങിയപ്പോള്‍ അവര്‍ അതില്‍ പങ്കെടുത്തില്ല. കുറെ നേരം അവരെ കാത്തിരുന്നത്തിനു ശേഷം പ്രകടനം തുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് പറയാനാവില്ല. സഖ്യം ഒരു വര്‍ഷത്തേക്ക് മാത്രമായി ഉണ്ടാക്കിയതാണ്.

എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് അര്‍പിതുമായി സംസാരിച്ചെങ്കിലും എം.എസ്.എഫിനെതിരെയുള്ള മുദ്രാവാക്യം വിളിയെക്കുറിച്ച് വ്യക്തിപരമായി തനിക്കൊന്നും പറയാനില്ലെന്നും എസ്.എഫ്.ഐ, എച്ച്.സി.യു യൂണിറ്റിന്റെ ഫേസ്ബുക്ക് പേജില്‍ അതിനുള്ള വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. എം.എസ്.എഫിനെതിരെ ചില വ്യക്തികളുടെ ഭാഗത്തുനിന്നുമുണ്ടായ അപമാനിക്കുന്നതരത്തിലുള്ള പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ എസ്.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളെ ബോധപൂര്‍വം എസ്.എഫ്.ഐ. എച്ച്.സി.യു. യൂണിറ്റിന്റേതാക്കി തീര്‍ക്കാനുള്ള എം.എസ്.എഫിന്റെ ശ്രമങ്ങളെയും അപലപിക്കുന്നതായി കുറിപ്പില്‍ പറയുന്നു. വര്‍ഗീയശക്തികള്‍ക്കൊപ്പം യോജിച്ച് പോവുന്നത് എസ്.എഫ്.ഐ.യുടെ നിലപാടല്ലെന്നും എം.എസ്.എഫും എസ്.ഐ.ഒയും കാമ്പസിലെ മുസ്ലീം വിദ്യാര്‍ഥികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എസ്.എഫ്.ഐ. കുറ്റപ്പെടുത്തുന്നു. എം.എസ്.എഫിനെക്കുറിച്ചും അവരുടെ കൊടിയെക്കുറിച്ചും ഏതെങ്കിലും വ്യക്തികള്‍ക്കുള്ള നിലപാടില്‍ എസ്.എഫ്.ഐയ്ക്ക് ഉത്തരവാദിത്തമില്ലെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. തങ്ങളും എസ്.ഐ.ഒയും ഒരേ രാഷ്ട്രീയമാണ് പങ്കു വയ്ക്കുന്നത് എന്നാണ് എം.എഎസ്.എഫിന്റെ അഭിപ്രായമെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ എം.എസ്.എഫ് തയാറാകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അര്‍പിത് പ്രതികരിച്ചു: ‘തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം രോഹിത് വെമുലയുടെ സ്തൂപത്തിന് മുന്നില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ എസ്.എഫ്.ഐക്കാര്‍ പങ്കെടുത്തിരുന്നു. പിറ്റേന്ന് അക്കാദമിക് കൗണ്‍സില്‍ ആയിരുന്നു. അത് കഴിഞ്ഞപ്പോള്‍ അഞ്ച് മണിയായി. പ്രകടനം തുടങ്ങുന്നത് ആറ് മണിക്കാണ്. പറ്റുന്നവര്‍ അതില്‍ പങ്കെടുത്തു. അല്ലാത്തവര്‍ പോയി‘ എന്നാണ്.

എന്നാല്‍ ചിത്രലേഖയെയും മദനിയെയും പരാമര്‍ശിച്ച് മുദ്രാവാക്യം വിളിച്ചതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയതെന്നാണ് എസ്.ഐ.ഒ ഭാരവാഹി ഷാന്‍ പറയുന്നത്. ‘തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം സഖ്യത്തിലുണ്ടായിരുന്നവരെല്ലാം ഒന്നിച്ചിരിക്കുകയായിരുന്നു. മത്സരഫലം ഞങ്ങള്‍ക്കനുകൂലമാണെന്ന് മനസ്സിലായപ്പോള്‍ എ.എസ്.എയും സഖ്യകക്ഷികളും ചിത്രലേഖയേയും മദനിയെയും പരാമര്‍ശിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാല്‍ അത് അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കി. അവര്‍ കൂട്ടത്തില്‍ നിന്ന് എഴുന്നേറ്റ് പോവുകയും പിന്നീട് പ്രകടനത്തിനിടെ എസ്.ഐ.ഒയ്ക്കും എം.എസ്.എഫിനുമെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.’

Also Read 

അംബേദ്ക്കറൈറ്റുകളോട് സമരസപ്പെടാന്‍ ജമാഅത്ത ഇസ്ലാമിക്ക് സാധിക്കുന്നതെങ്ങനെ? തിരിച്ചും?

രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിരുദ്ധ മുന്നേറ്റമാണ് ഈ വര്‍ഷം നടന്നു കൊണ്ടിരിക്കുന്നത്. രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായി മാറിയ എച്ച്.സി.യുവാണ് ഈ മുന്നേറ്റങ്ങളുടെയെല്ലാം പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വര്‍ഷവും എച്ച്.സി.യുവില്‍ എസ്.എഫ്.ഐ-എ.എസ്.എ സഖ്യസാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് നടപ്പായില്ല. തുടര്‍ന്ന് എ.എസ്.എ പ്രസിഡന്റ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റിലും വിജയിച്ചത് എസ്.എഫ്.ഐ സഖ്യമാണ്. തുടര്‍ന്ന് ഇത്തവണ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് സംഘപരിവാറിനെതിരെ ഒരുമിച്ചു മത്സരിക്കാനും മുഴുവന്‍ സീറ്റുകളിലും ദളിത്‌, ആദിവാസി, മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും അലയന്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സഖ്യം തീരുമാനിക്കുകയായിരുന്നു. എ.ബി.വി.പിയെ പരാജയപ്പെടുത്തി മുഴുവന്‍ സീറ്റുകളും സഖ്യം കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ വിജയാഹ്ളാദത്തിന്റെ ചൂടു മാറും മുമ്പാണ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുള്ളത്.

ജെ.എന്‍.യുവില്‍ ഇത്തവണ എ.ഐ.എസ്.എഫ് ഒഴിച്ചുള്ള ഇടതു പാര്‍ട്ടികള്‍ സഖ്യമായി മത്സരിച്ചപ്പോള്‍ എതിരായി മത്സരിച്ച ബാപ്സ എബിവിപിക്ക് പിന്നില്‍ മൂന്നാമതായെങ്കിലും കടുത്ത പോരാട്ടം തന്നെ കാഴ്ചവച്ചിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എ.ബി.വി.പിയില്‍ നിന്ന് പ്രസിഡന്റ്റ്, വൈസ് പ്രസിഡന്റ്റ് പോസ്റ്റുകള്‍ അഞ്ചു വര്‍ഷത്തിനു ശേഷം എന്‍.എസ്.യു.ഐ തിരിച്ചു പിടിച്ചതും ഈ വര്‍ഷമാണ്‌.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍