TopTop
Begin typing your search above and press return to search.

നിക്കരാഗ്വായ്ക്ക് കുറുകെ കനാല്‍ പണിയാന്‍ ഒരു ചൈനീസ് കോടീശ്വരന് കഴിയുമോ?

നിക്കരാഗ്വായ്ക്ക് കുറുകെ കനാല്‍ പണിയാന്‍ ഒരു ചൈനീസ് കോടീശ്വരന് കഴിയുമോ?

ജോഷ്വാ പാര്‍ട്ട്‌ലോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആളൊഴിഞ്ഞ, നിലാവിറ്റു വീഴുന്ന പസഫിക് ബീച്ചിലെ കറുത്ത മണല്‍ത്തിട്ടകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് സംരംഭങ്ങളിലൊന്ന് ആരംഭിക്കും. കൊഞ്ച് ബോട്ടുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന, തടിയും ടിന്നും കൊണ്ട് നിര്‍മിച്ച കുടിലിന്റെ മുന്നില്‍ നിന്നും കിഴക്കേയ്ക്ക് വളഞ്ഞു പോയി, കണ്ടല്‍ കാടുകളും വാഴക്കൃഷി നടത്തുന്ന പാടങ്ങളും കടന്നു മധ്യ അമേരിക്കയുടെ ഏറ്റവും വലിയ ശുദ്ധജല തടാകക്കരയിലെത്തി, കരീബിയന്‍ ഹൈറേഞ്ച് മുറിച്ചു കടന്ന് അറ്റ്‌ലാന്റിക് മണല്‍ തിട്ടകളില്‍ അവസാനിക്കുന്നതാണ് കനാലിന്റെ 172 മൈല്‍ യാത്ര.

അവര്‍ ഇതിനെ 'ബൃഹത്തായ അന്തര്‍സമുദ്ര കനാല്‍' എന്ന് വിളിക്കുന്നു: മധ്യ അമേരിക്ക കടക്കാനും ലോകത്തെ കപ്പല്‍ ഗതാഗതത്തില്‍ പനാമാ കനാലിനെ വെല്ലുവിളിക്കാനുമായി ഒരു പ്രമുഖ ചൈനീസ് കോടീശ്വരന്റെ ധീരമായ 50 ബില്യണ്‍ ഡോളര്‍ പദ്ധതി. നിക്കാരാഗ്വയിലെ കുറെപ്പേര്‍ ഇത് നിര്‍ത്തലാക്കാനുള്ള പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്. 'നിക്കാരാഗ്വ പോലെ ഒരു ദരിദ്ര രാജ്യത്തിന് ഇതൊരു വലിയ സാഹസമാണ്', നിര്‍ദിഷ്ട കനാല്‍ മാര്‍ഗത്തില്‍ ജോലി ചെയ്യുന്ന കന്നുകാലി വളര്‍ത്തുകാരനായ റൂണല്‍ കാരില്ലോ പറയുന്നു.

കാരില്ലോയുടെ കൃഷിഭൂമിയ്ക്കടുത്ത് സ്ഥാപിച്ച റൈസറില്‍ കഴിഞ്ഞ മാസം പഴയ മാര്‍ക്‌സിസ്റ്റ് ഒളിപ്പോരാളിയായ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടെപഗയുടെ മകനും ചൈനീസ് ടെലികോം കുത്തക മുതലാളിയായ വാങ്ങ് ജിങ്ങും നിര്‍മാണ പ്രക്രിയയുടെ ഔദ്യോഗിക തുടക്കത്തിനു മുന്നോടിയായി ഒത്തു കൂടി. സത്യത്തില്‍, ലഭ്യമായ റോഡുകള്‍ വീതി കൂട്ടുന്നതല്ലാതെ ഇതുവരെ മറ്റു ബാഹ്യപ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല എന്നു മാത്രമല്ല വാങ്ങിന് ഈ പദ്ധതിയുടെ ചെലവ് താങ്ങുവാനാകുമോ എന്നതുള്‍പ്പെടെ ഇതില്‍ പ്രായോഗികതയെ പറ്റി പല സംശയങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.

ചൈനീസ് മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വാങ്ങ് 1972ല്‍ ബീജിങ്ങില്‍ ജനിച്ചുവെന്നും പരമ്പരാഗത ചൈനീസ വൈദ്യശാസ്ത്രം പഠിച്ച് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവെന്നുമാണ്. പിന്നീട് അദ്ദേഹം ഒരു സര്‍ക്കാര്‍ അഫിലിയേറ്റ് ടെലികോം കമ്പനിയില്‍ ചേര്‍ന്നു. 2009 ല്‍ സ്വകാര്യവത്കരണം നടന്ന ഈ കമ്പനി, ചൈനീസ് ഓഹരി വിപണിയുടെ കമ്പനി ലിസ്റ്റിലെ ഏറ്റവും വലിയ സ്വകാര്യ ശാസ്ത്ര സാങ്കേതിക കമ്പനിയായി വേഗത്തില്‍ വളരുകയും അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരായ മനുഷ്യരുടെ കൂട്ടത്തിലെത്തുകയും ചെയ്തു.

പ്രസിഡന്റ് ഒര്‍ടെഗ, വാങ്ങിന്റെ കനാല്‍ കമ്പനിയായ എച്ച്.കെ. നിക്കരാഗ്വയ്ക്ക്-കനാല്‍ ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് അഥവാ, HKNDഗ്രൂപ്പിന്- അമ്പതു വര്‍ഷത്തെ ഇളവു നല്‍കി. ഇത് നിക്കരാഗ്വക്ക് ആദ്യത്തെ പത്തുവര്‍ഷം ഒരു ചെറിയ ലാഭം പ്രതിവര്‍ഷം പത്ത് ദശലക്ഷം ഡോളര്‍ മാത്രമേ നല്‍കുന്നുള്ളൂ. വരും വര്‍ഷങ്ങളില്‍ ലാഭ ശതമാനം ഉയര്‍ന്നു വരും. എന്നാല്‍ വാങ്ങിന്റെ നിക്കരാഗ്വന്‍ കണ്‍സ്ട്രക്ഷന്‍ പങ്കാളികള്‍ക്കു പോലും അദ്ദേഹത്തിന്റെ മറ്റ് നിക്ഷേപകരെ പറ്റിയോ, തങ്ങളുടെ പങ്കാളിത്തം നിഷേധിച്ച ചൈനീസ് ഗവണ്‍മെന്റ് ഈ പദ്ധതിയെ പിന്താങ്ങുന്നുണ്ടോ എന്നോ അറിയില്ല.'ഒരു സാധാരണ വ്യവസായ സംഘാടകനേക്കാള്‍, ചൈനീസ് ഗവണ്‍മെന്റാണ് ഈ പദ്ധതിക്ക് പിറകിലെന്നറിഞ്ഞാല്‍ അതൊരാശ്വാസമാകും. ഒരു നിക്ഷേപകനെ സംബന്ധിച്ച് ഇതൊരു വലിയ തുകയാണ്', പദ്ധതിയുടെ ചില ഘടകങ്ങളില്‍ പങ്കാളിത്തമുള്ള നിക്കരാഗ്വയിലെ നിര്‍മ്മാണ വ്യവസായ ഗ്രൂപ്പിന്റെ തലവന്‍ ബഞ്ചമിന്‍ ലന്‍നാസ് പറയുന്നു.

നിക്കരാഗ്വന്‍ ഗവണ്‍മെന്റ് അധികൃതര്‍ പറയുന്നത് അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും ദരിദ്ര രാജ്യമായ തങ്ങളുടെ സമ്പത്ത് വ്യവസ്ഥയില്‍ ഈ കനാല്‍ വിപ്ലവമാറ്റം വരുത്തുമെന്നാണ്. കനാലിന്റെ സാധ്യത ഐതിഹാസികമാണ്. പനാമ കനാലിനെക്കാള്‍ മൂന്നു മടങ്ങ് നീളവും 25,000 കണ്ടയ്‌നെറുകളെ വഹിക്കാന്‍ പോന്ന വലിയ കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ പോകുന്നതുമാണ് കനാല്‍. കണ്‍സ്ട്രക്ഷന്‍ ഏക്‌സിക്യൂട്ടീവ്‌സ് പറയുന്നതനുസരിച്ച് കനാല്‍ നിര്‍മാണത്തിന് പ്രതിവര്‍ഷം, മധ്യ അമേരിക്കയില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മൊത്തം സിമന്റിന്റെ രണ്ടിരട്ടി വേണ്ടി വരുമെന്നാണ്.

കമ്പനി അവതരണങ്ങളും റിപ്പോര്‍ട്ടും അനുസരിച്ച്, പുതിയ റോഡുകള്‍, പാലങ്ങള്‍, ഊര്‍ജനിലയങ്ങള്‍, വിമാനത്താവളം, ഓരോ സമുദ്രത്തിനും ലൈറ്റ്ഹൗസിനും ജലസ്തംഭനിയ്ക്കുമായി രണ്ട് തുറമുഖങ്ങള്‍, തൊഴിലാളി ക്യാമ്പുകള്‍,വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ഫെറി,ടെര്‍മിനലുകള്‍, ഒരു സ്വതന്ത്രവ്യാപാരമേഖല എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാല്‍ ക്രമേണ ലോകത്തിന്റെ അഞ്ചു ശതമാനം കപ്പല്‍ ഗതാഗതം വഹിക്കുമെന്ന് HKND കണക്കാക്കുമ്പോള്‍ നിക്കരാഗ്വന്‍ അധികൃതര്‍ പറയുന്നത് അത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഇരട്ടിയാക്കുമെന്നാണ്. നിര്‍മാണം അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തി യാകുമെന്ന് കമ്പനി പറയുമ്പോള്‍ അതിത്തിരി കൂടിയ ശുഭാപ്തി വിശ്വാസമാണെന്നാണ് കമ്പനിയെ അനുകൂലിക്കുന്നവര്‍ പോലും പറയുന്നത്.

പദ്ധതി മുന്നോട്ടു പോകുമ്പോള്‍ തന്നെ, അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ഉയര്‍ന്നു വരുന്നു. കനാല്‍ മാര്‍ഗത്തിലുള്ള തദ്ദേശവാസികള്‍ നടത്തിയ സമരത്തിലും മാര്‍ച്ചിലും ഒരുപാട് പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് അവരെ തല്ലിച്ചതക്കുകയും ചെയ്തു.

അവരുടെ ആശങ്കകളില്‍ പരിസ്ഥിതി ചോദ്യങ്ങളും ഉയര്‍ന്നു വരുന്നു; ഭൂമി കുഴിക്കുന്നതും മണ്ണ് മാന്തുന്നതും അവരുടെ പാടങ്ങളെയും നദികളെയും കുടിവെള്ളത്തിനും ജലസേചനത്തിനുമുപയോഗിക്കുന്ന പ്രധാന സ്രോതസായ നിക്കരാഗ്വ നദിയേയും മലീമസമാക്കും. രണ്ടു ദശലക്ഷം ഒളിമ്പിക് നീന്തല്‍ കുളങ്ങള്‍ നികത്താന്‍ വേണ്ടുന്ന മണ്ണാണ് പദ്ധതിക്കായി കുഴിച്ചെടുക്കുന്നത്. നദിയല്ലാതെ കനാല്‍ മാര്‍ഗത്തിലെ മറ്റൊരു തന്ത്രപ്രധാനമായ സ്ഥലം രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തെ ഇന്ത്യോമൈസ് എക്കോളജിക്കല്‍ റിസര്‍വും ബ്രി്‌ട്ടോ ബീച്ചിനടുത്തുള്ള കണ്ടാല്‍ കാടുകളും മറൈന്‍ റിസേര്‍വുകളുമാണെന്ന് പദ്ധതി പരിശോധനക്ക് HKND നിയമിച്ച എന്‍വിയോണ്‍മെന്റല്‍ റിസോഴ്‌സസ് മാനെജ്‌മെന്റ് (ഇ.ആര്‍.എം) എന്ന യു.കെ. അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പാര്‍ട്ടനറായ ഡേവിഡ് ബ്ലാഹ പറയുന്നു. ഇ.ആര്‍.എമ്മിന്റെ പരിശോധന ഇതുവരെ തീര്‍ന്നിട്ടില്ല.

'തീര്‍ച്ചയായും ഇങ്ങനൊരു സ്ഥലത്ത് വലിയ പരിണിത ഫലങ്ങളുണ്ടാക്കാതെ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല. ചോദ്യമിതാണ്, ആ പരിണിത ഫലങ്ങളെ ലഘൂകരിക്കാനോ പദ്ധതിയുടെ ഗുണവശങ്ങള്‍ വച്ചു നോക്കുമ്പോള്‍ നിസാരമെന്നു കരുതാനോ കഴിയുമോ?', ബ്ലാഹ ചോദിക്കുന്നു.

പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം വനനശീകരണത്തിനു കാരണമാകുന്നുവെന്നും സമ്പത്ത് വ്യവസ്ഥക്ക് പ്രകൃതി വിഭവങ്ങളില്‍ നിന്നുമുള്ള ഉപജീവനത്തില്‍ നിന്നും അതിദൂരം മുന്നോട്ടു പോകാനുമുണ്ടെന്നാണ്.

പഴയ നിക്കാരാഗ്വാന്‍ വാഷിംഗ്ടണ്‍ അംബാസിഡറും മനാഗ്വായ്ക്ക് പുറത്തുള്ള INCAE ബിസിനസ് സ്‌കൂളിലെ പ്രൊഫസറുമായ ആര്‍ടൂറോ ക്രൂസ് പറയുന്നത് പരിസ്ഥിതി സംരക്ഷണത്തെക്കാള്‍ പ്രധാനം രാജ്യത്തിന്റെ ദാരിദ്ര്യമാണെന്നാണ് താന്‍ കരുതുന്നതെന്നാണ്. 'അടുത്ത അഞ്ചു പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനു കനാലിലൂടെയോ അല്ലാതെയോ അഭിവൃദ്ധി നേടാനായില്ലെങ്കില്‍ അത് കടുത്ത പരിസ്ഥിതി നാശം ഉണ്ടാക്കും.'

കനാല്‍ റൂട്ടിലൂടെ നടക്കുകയും, നീന്തുകയും, വാഹനമോടിക്കുകയും ചെയ്തിട്ടുള്ള ലന്‍സ്‌സ് പറയുന്നത് നീണ്ട കിഴക്കന്‍ ഭാഗങ്ങളില്‍ ജനസംഖ്യ തീരെയില്ലെന്നാണ്. തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ മലനിരകളുടെ വവ്യോമ ചിത്രങ്ങളില്‍ തിരഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു, 'എന്നാല്‍ പസഫിക്കിനും നദിക്കും ഇടയിലുള്ള പടിഞ്ഞാറന്‍ ഭാഗത്തെ അവസ്ഥ വ്യത്യസ്ഥമാണ്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്'.റാഫേല്‍ ബെര്‍മുടെസ് തന്റെ ജാക്കെറ്റിനുള്ളിലെ കൈത്തോക്ക് കാണിച്ചു പറഞ്ഞു, 'ഞങ്ങള്‍ക്ക് കനാല്‍ ആവശ്യമില്ല; ഈ പ്രസിഡന്റിനെയും'.

പണ്ട് ഡാനിയല്‍ ഒര്‍ടെഗക്കൊപ്പം എഴുപതിലെ സോമോസ ഏകാധിപത്യത്തിനെതിരെ ഒളിപ്പോരു നടത്തിയ, കൃഷിക്കാരനായ ബെര്‍മുടെസ്, തന്റെ പഴയ സഖാവ് ഇപ്പോള്‍ രാജ്യത്തെ ചൈനക്ക് തീറെഴുതി കൊടുക്കുകയാണെന്നു ആരോപിക്കുന്നു. 'അദ്ദേഹം ഞങ്ങളെ മൃഗങ്ങളെയെന്നപോലെ വിറ്റു', അയാള്‍ പറയുന്നു.

HKND കണക്കാക്കുന്നത് കനാല്‍ നിര്‍മാണം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണെങ്കിലുംഅതില്‍ ആയിരക്കണക്കിന് പേരും ചൈനയില്‍ നിന്ന് കൊണ്ടു വരപ്പെടുന്നവരായിരിക്കും. അതെ സമയം കനാല്‍ നിര്‍മാണം പതിനായിരക്കണക്കിനു പേരെ അവരുടെ വസ്തു വകകളില്‍ നിന്ന് ഒഴിപ്പിക്കും. തന്റെ വാഴ കൃഷി നഷ്ടപ്പെടുമെന്ന് ബെര്‍മുടെസ് പറയുന്നു.

'ഞങ്ങള്‍ കര്‍ഷകരാണ്. ഞങ്ങള്‍ക്ക് കനാല്‍ കൊണ്ടൊന്നും ചെയ്യാനില്ല. ഞങ്ങളുടെ അധ്വാനമാണ് തലസ്ഥാന നഗരിയിലെ ആളുകളുടെ അന്നം. ഈ സ്ഥലം ഞങ്ങള്‍ വില്‍ക്കില്ല. ഇതുകൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഈ സ്ഥലം ഞങ്ങള്‍ക്ക് വേണം', അയാള്‍ പറഞ്ഞു.

ബെര്‍മുടെസിനെ അനുകൂലിക്കുന്ന റിവാസ് മുനിസിപ്പാലിറ്റി വികസന ഫൗണ്ടേഷന്റെ പ്രസിഡന്റായ ഒക്ടാവിയോ ഒര്‍ടെഗ കനാലിനെതിരെ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസത്തിലെ പ്രതിഷേധ പ്രകടനത്തിനിടയില്‍ പോലീസ് തന്റെ മുഖത്ത് തോക്കിന്റെ പാത്തി കൊണ്ടു കുത്തിയെന്നും ഇടത്തെ കൈ ഒടിച്ചെന്നും അദ്ദേഹം പറയുന്നു. തന്നെ എട്ടു ദിവസം ജയിലിലടച്ചെന്നും രണ്ടു നേരം ഒരു വിടവിലൂടെയായിരുന്നു ഭക്ഷണം തന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളെ മൃഗീയമായി അടിച്ചമര്‍ത്തുകയാണ്', അദ്ദേഹം തുടര്‍ന്നു.

അടുത്തിടെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കനാല്‍ മാര്‍ഗത്തിനടുത്ത് ജീവിക്കുന്നവരുള്‍പ്പെടെ ഭൂരിപക്ഷം ജനങ്ങളും കനാലിനെ അനുകൂലിക്കുന്നുവെന്നാണ്. എങ്കിലും ഈ അവസ്ഥ ഇപ്പോള്‍ മാറി വരുകയാണ്. പ്രതികൂലിക്കുന്നവരില്‍ ചിലര്‍ പറയുന്നത് ഇത് രാജ്യത്തിന്റെ പരമാധികാരത്തെ അടിയറവയ്ക്കലാണെന്നാണ്.

'ഗവണ്‍മെന്റ്, ഭരണകൂടത്തോടോ ജനങ്ങളോടോ യാതൊരു കടപ്പാടുമില്ലാതെ തന്നെ വിദേശ രാജ്യത്തിന് മണ്ണുവിട്ടു കൊടുക്കുകയാണ്. അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്', റിവാസ് ഭാഗത്തെ ഒരു കര്‍ഷകനായ ഗൈഡോ നര്‍ബെസ് പറയുന്നു. നര്‍ബെസും കൂട്ടരും പറയുന്നത് കനാല്‍ നിര്‍മാണത്തില്‍ ഗവണ്‍മെന്റ് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ രാജ്യത്ത് വീണ്ടും അക്രമങ്ങളുണ്ടാകുമെന്നാണ്.

'കനാല്‍ നിര്‍മാണം രാജ്യത്തിനുണ്ടാക്കാന്‍ പോകുന്ന പരിണിത ഫലങ്ങള്‍ ഗവണ്‍മെന്റ് തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെ അക്രമം മാത്രമേ പരിഹാരമുള്ളൂ', അദ്ദേഹം പറയുന്നു.

ബ്രിടോ ബീച്ചിനടുത്ത് താമസിക്കുന്ന ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ക്യാമറാമാന്‍മാരും, സെന്‍സസെടുക്കുന്നവരും, ചൈനീസ് എന്‍ജിനീയര്‍മാരും പരിസ്ഥിതിവാദികളും തന്നെ ധാരാളം; എങ്കിലും അവര്‍ക്ക് ഉറപ്പില്ല. 'അതെന്തായാലും അതിനെ തടയാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് ഉത്തരങ്ങളെങ്കിലും വേണം', ഫീല്‍ നോഗേര എന്ന അറുപതു വയസ്സുള്ള മീന്‍ പിടുത്തക്കാരന്‍ പറയുന്നു.

ബ്രിേട്ടായിലുള്ള മറ്റു താമസക്കാര്‍ കൊളംബിയന്‍ ലഹരി മരുന്ന് കടത്തുന്ന കപ്പലുകളെ നിരീക്ഷിക്കുന്ന നേവി ഉദ്യോഗസ്ഥരാണ്. പെട്രോ ബാപ്‌റെസ് എന്ന ഇരുപത്തെട്ടുകാരന്‍ ഉദ്യോഗസ്ഥന്‍ വിജനമായ മണല്‍ തിട്ടകളെ നോക്കി പറയുന്നു, 'ഇവയെല്ലാം വൈകാതെ വെള്ളത്തിനടിയിലാവും'.


Next Story

Related Stories