TopTop
Begin typing your search above and press return to search.

സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനും ഇടയില്‍ ഞെരുങ്ങുന്ന ഇറാക്കിലെ സുന്നി ഗോത്രങ്ങള്‍

സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനും ഇടയില്‍ ഞെരുങ്ങുന്ന ഇറാക്കിലെ സുന്നി ഗോത്രങ്ങള്‍

ഏലി ലേയ്ക്
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇറാക്കിലെ യുദ്ധത്തിലേക്ക് യു എസ് പ്രസിഡന്റ് ബരാക് ഒബാമ കൂടുതല്‍ ആണ്ടിറങ്ങവേ ഷെയ്ക് വിസാമ് അല്‍ഹര്‍ദാന്‍ അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരാളാണ്. അയാള്‍, സ്വയം പ്രഖ്യാപിത ഖിലാഫത് സ്വാധീനം ചെലുത്തുന്ന ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അന്‍ബാര്‍ പ്രവിശ്യയില്‍ നിന്നുള്ള സുന്നി മുസ്ലീമാണ്. ഇതിലൊക്കെ പ്രധാനം, 2006-07 കാലത്ത് തങ്ങളുടെ ഗ്രാമങ്ങളും പട്ടണങ്ങളും തിരിച്ചുപിടിക്കാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് അല്‍ഖ്വയ്ദക്കെതിരെ പോരാടിയ 'ഉണര്‍വ്' (Awakening)എന്ന സംഘടനക്ക് രൂപം കൊടുത്തവരില്‍ ഒരാള്‍കൂടിയാണ് ഇയാള്‍.

പക്ഷേ ഷെയ്ക് വിസാമ് വലിയൊരു അബദ്ധം കാണിച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവെച്ച, നൂറി അല്‍ മാലിക്കിയുടെ സര്‍ക്കാരിനെ അയാള്‍ വിശ്വസിച്ചു. 2012ലും 2013 ലും മാലിക്കി ഇറാക്കിലെ സുന്നികള്‍ക്കെതിരായി രാഷ്ട്രീയവും സൈനികവുമായ അടിച്ചമര്‍ത്തല്‍ നടത്തിയപ്പോള്‍ ഭീകരവാദികളെ തോല്‍പ്പിക്കാന്‍ എന്ന ന്യായത്തില്‍ ഷെയ്ക് വിസാം സര്‍ക്കാരിനൊപ്പം പരസ്യമായി നിന്നു, സര്‍ക്കാരിന്റെ കാശും വാങ്ങി.

ഇന്നിപ്പോള്‍ ഗോത്രമില്ലാത്ത ഷെയ്ക്കാണ് വിസാം. കഴിഞ്ഞ വര്‍ഷം ചാവേര്‍ ബോംബാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന് ശേഷം താനെപ്പോഴും ഒരു തോക്ക് കൊണ്ടുനടക്കുന്നുണ്ട് എന്ന് അയാള്‍ മിക്ക സമയവും ചെലവഴിക്കുന്ന ബാഗ്ദാദിലെ ക്രിസ്റ്റല്‍ ഗ്രാന്‍ഡ് ഇഷ്താര്‍ ഹോട്ടലില്‍ വെച്ചു വിസാം കഴിഞ്ഞ മാസം എന്നോടു പറഞ്ഞു. തനിക്ക് കീഴിലുള്ള 6,000 പോരാളികള്‍ക്ക് കഴിഞ്ഞ 10 മാസമായി പണം നല്‍കിയിട്ടില്ലെന്നും അയാള്‍ പറഞ്ഞു.

'സുന്നികളെല്ലാം ഇസ്ലാമിക് സ്‌റ്റേറ്റുകാര്‍ ആണെന്ന തരത്തില്‍ ഇറാക്ക് സര്‍ക്കാര്‍ പെരുമാറുന്നതില്‍ എനിക്കു സങ്കടവും ലജ്ജയുമുണ്ട്. ഗോത്രവര്‍ഗ്ഗക്കാരെയും 'ഉണര്‍വിനെ'യും ആയുധമണിയിക്കാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്. സുന്നികള്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍പ്പെട്ടു ഞെരുങ്ങുകയാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് ഞങ്ങളുടെ ആളുകളെ കൊല്ലുന്നു. സര്‍ക്കാരാകട്ടെ ഗോത്രവര്‍ഗക്കാരെ പിന്തുണക്കുന്നുമില്ല.'

പടിഞ്ഞാറന്‍ ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പുതിയ കലാപം ഉണ്ടാക്കാന്‍ യു എസ് ശ്രമിക്കുമ്പോള്‍ വിസാമിന്റെ നിരീക്ഷണം ഒരു മുന്നറിയിപ്പാണ്. ഇസ്ലാമിക് സ്‌റ്റേറ്റിനെ തോല്‍പ്പിക്കാന്‍ മാത്രമല്ല വിഭാഗീയ സംഘര്‍ഷങ്ങള്‍ പടരാതിരിക്കാനും ഇവരെ കൂടെനിര്‍ത്തുന്നത് സഹായിക്കും. പക്ഷേ സുന്നി ഗോത്രങ്ങള്‍ അമേരിക്കയുടെ ഒപ്പം നില്‍ക്കാന്‍ സന്നദ്ധമാകണമെന്നും (2012ല്‍ വിസാം ചെയ്ത അതേ പിഴവ്) പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള ഷിയാ ആധിപത്യ സര്‍ക്കാരുമായി ഔദ്യോഗികമായി കൂട്ടുചേരണമെന്നുമാണ് ഒബാമ സര്‍ക്കാര്‍ ഇപ്പൊഴും നിര്‍ബന്ധം ചെലുത്തുന്നത്.ഇറാക്ക് സര്‍ക്കാരും, സേനയും, പ്രതിരോധമന്ത്രിയുമായി തങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ ആഗോള സഖ്യത്തില്‍ ഒബാമയുടെ പ്രത്യേക ദൂതനായ വിരമിച്ച ജനറല്‍ ജോണ്‍ അലന്‍ ഇക്കാര്യം ജനുവരിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ഷെയ്ക് അഹ്മദ് അബുറിഷായുടെ നേതൃത്വത്തിലുള്ള സംഘം ഈ നയം തിരുത്തണമെന്നും ഇറാക്ക് സര്‍ക്കാരില്‍ നിന്നും വേറിട്ട് തങ്ങള്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കണമെന്ന് വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു. മുന്‍ പ്രസിഡണ്ട് ബുഷടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയെങ്കിലും ഒബാമ സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമൊന്നും കാണുന്നില്ല.

ഇറാക്കില്‍ ഞാന്‍ സംസാരിച്ച സുന്നി നേതാക്കളും ബാഗ്ദാദില്‍ നിന്നും സ്വതന്ത്രമായ നയത്തിനാണ് വാദിച്ചത്. അബാദി എത്ര നേര്‍വഴിക്ക് പോയാലും ഒരു ഷിയാ ആധിപത്യ സര്‍ക്കാരിനെ സുന്നി നേതാക്കള്‍ ഒരിയ്ക്കലും വിശ്വസിക്കാന്‍ പോകുന്നില്ല.

ഇത് യു എസിനേ വിഷമവൃത്തത്തിലാക്കുന്നു. ഇറാക്ക് ശിഥിലമാകരുതെന്നും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഷിയാ പോരാളികളെ ക്രമേണ സൈന്യത്തിലേക്ക് ഉള്‍ക്കൊള്ളണമെന്നുമാണ് ഒബാമ സര്‍ക്കാരിന്റെ നിലപാട്. സുന്നി പോരാളികളെ ആയുധമണിയിക്കാന്‍ ഒബാമ ഇപ്പോള്‍ തീരുമാനിച്ചാല്‍ അത് ഇറാക്കിന്റെ സേനയെ വീണ്ടും കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ പരിപാടിയെ ദുര്‍ബ്ബലപ്പെടുത്തുകയും കാലക്രമേണ ബാഗ്ദാദില്‍ നിന്നും വിഘടിക്കാനുള്ള ശ്രമത്തില്‍ ഉപയോഗിക്കാന്‍ ഗോത്രങ്ങള്‍ക്ക് തോക്കുകള്‍ നല്‍കുകയുമാകും ഫലത്തില്‍ ചെയ്യുന്നത്.

എന്നാല്‍ത്തന്നെയും അന്‍ബാര്‍ ഗോത്രങ്ങള്‍ക്ക് നേരിട്ടു ആയുധസഹായം നല്‍കാനാണ് മേഖലയിലെ പല സുന്നി ഭൂരിപക്ഷ രാഷ്ട്രങ്ങളും വൈറ്റ് ഹൗസിനെ പ്രേരിപ്പിക്കുന്നത്.

'ഷിയാ പോരാളികളും യു എസ് വ്യോമസേനയും ചേര്‍ന്ന് മൊസൂളിനെ വിമോചിപ്പിച്ചാല്‍ ഐ എസ് ഐ എസിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചാരണായുധമായിരിക്കും അത്,' ഒരു മുതിര്‍ന്ന അറബ് നയതന്ത്ര പ്രതിനിധി പറഞ്ഞു. ഇത്തരം പ്രദേശങ്ങള്‍ സുന്നി പോരാളികളെ മുന്‍നിര്‍ത്തിയാകണം തിരിച്ചുപിടിക്കേണ്ടത്.

ഷിയാ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമല്ല. ചിലയിടത്ത് സൈന്യത്തിന്റെ മേല്‍ ഷിയാ പോരാളികളുടെ നേതാക്കളാണ് നിയന്ത്രണം ചെലുത്തുന്നത്. ഈയടുത്താണ് ജനകീയനായ ഒരു സുന്നി ഷെയ്ക്, ക്വാസിം അല്‍ജനാബിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. ഇതിന് പിന്നില്‍ ഷിയാ പോരാളികളാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.ഇറാക്കില്‍ 'ഉണര്‍വ്' മുന്നേറ്റം പുനരുജ്ജീവിപ്പിക്കാന്‍ ജനാബി ഗോത്ര പിന്തുണ യു എസിന് ഏറെ നിര്‍ണായകമാണെന്ന് 2007ലും 2008ലും ഗോത്ര പോരാളികളുമായി അമേരിക്കന്‍ സേനയുടെ ദ്വിഭാഷിയായിരുന്ന സ്‌റ്റെര്‍ലിങ് ജോണ്‍സണ്‍ പറയുന്നു.

2011ല്‍ യു എസ് സേനയുടെ പിന്‍വാങ്ങലിനുശേഷം മാലികിയുമായി പരസ്യമായി ഐക്യത്തിലായ മറ്റ് സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനാബി ഗോത്രത്തെ വഞ്ചകരായി കാണുന്നില്ല.

ഇപ്പോള്‍ ഫ്‌ളോറിഡയില്‍ താമസിക്കുന്ന, ഗോത്ര വിഭാഗങ്ങളുമായുള്ള യു എസ് പ്രവര്‍ത്തനത്തില്‍ സഹകരിച്ചിരുന്ന വലീദ് അല്‍റാവി പറഞ്ഞത് ഇറാക്കിലെ ഗോത്ര നേതാക്കളില്‍ നിന്നും ഇതേ വികാരമാണ് തനിക്ക് ലഭിച്ചതെന്നാണ്. 22 സുന്നി സംഘങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ജനങ്ങള്‍ ഇറാക്ക് സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ക്ക് അമേരിക്കയില്‍ വിശ്വാസമുണ്ടെന്ന് പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ഇസ്ലാമിക് സ്‌റ്റേറ്റിനെയും ഷിയാ പോരാളികളെയും തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അവര്‍ക്ക് അമേരിക്കന്‍ പിന്തുണയും വേണം.'

'ഇറാക്കിലെ സുന്നി ഗോത്രക്കാര്‍ക്ക് പരിശീലനം നല്‍കി ദേശീയ കാവല്‍ക്കാരാക്കാനുള്ള ഒബാമയുടെ തന്ത്രം, അത് യു എസ് മാര്‍ഗനിര്‍ദേശത്തില്‍ നടക്കുകയാണെങ്കില്‍ വിജയിച്ചേക്കും. പക്ഷേ ഒബാമ അതിന്റെ ചുമതല ഇറാക്ക് സര്‍ക്കാരിനെ ഏല്‍പ്പിച്ചാല്‍ അത് തീരെ നടക്കില്ല.'

ഒരു കാര്യം ഉറപ്പാണ്. ഷിയാ ആധിപത്യ സര്‍ക്കാരിനെ വിശ്വസിച്ചു കൈപൊള്ളിയതിന്റെ അനുഭവം വിസാമിനെ പോലുള്ള ഷെയ്ഖുമാര്‍ മറക്കാനിടയില്ല. രാജ്യത്തെ ഖിലാഫത്തില്‍ നിന്നും രക്ഷിക്കാന്‍ ശേഷിയുള്ള മനുഷ്യരെ യു എസും ഇറാക്കി സര്‍ക്കാരും അവഗണിക്കുന്നതില്‍ ഷെയ്ക് വിസാം ബാഗ്ദാദിലെ ഹോട്ടല്‍ മുറിയില്‍ ഇരിക്കവേ രോഷം പൂണ്ടു.


Next Story

Related Stories