TopTop
Begin typing your search above and press return to search.

ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ശുചീകരണ പദ്ധതി ഒരു ഹൈസ്കൂള്‍ പ്രോജക്ടാണ്

ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ശുചീകരണ പദ്ധതി ഒരു ഹൈസ്കൂള്‍ പ്രോജക്ടാണ്

ടെറന്‍സ് മാക്കോയ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

ലോറെന്‍സ് ബൂട്ട് ഒരു കടല്‍ മനുഷ്യനാണെന്നു പറയാം: വിന്‍ഡ്-സര്‍ഫിങ് ചെയ്യും, അദ്ദേഹത്തിന്‍റെ ഹൌസ് ബോട്ട് Airbnb (lodging/ താല്‍ക്കാലിക താമസ സ്ഥലങ്ങളെ കുറിച്ചുള്ള വെബ്സൈറ്റ്) സ്ഥിരമായി വളരെ നല്ലതെന്നു വിലയിരുത്തിപ്പോരുന്നു. 'ഷെല്‍' (Shell) കമ്പനിയുടെ ഓഫ്ഷോര്‍ (കരയില്‍ നിന്നു അകലെയുള്ള കടല്‍ ഭാഗം) പര്യവേഷണത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. പക്ഷേ 2014ലെ വസന്തകാലത്ത് ഈ ഡച്ചുകാരനു തോന്നി തനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന്. പഴഞ്ചന്‍ കാര്യങ്ങള്‍ നിലനിര്‍ത്താന്‍ എന്തിനിങ്ങനെ കഷ്ടപ്പെടണം? ഷെല്ലിലെ ജോലി വിട്ടു 'ബേണിങ് മാനി'ല്‍ (Burning man- നെവാദയിലെ ബ്ലാക് റോക്ക് സിറ്റിയില്‍ വര്‍ഷംതോറും നടക്കുന്ന കൂട്ടായ്മ) പങ്കെടുത്തു, ആംസ്റ്റെര്‍ഡാമില്‍ നടന്ന ഓഫ്ഷോര്‍ ഊര്‍ജ്ജ ഉച്ചകോടിയില്‍ എത്തി.

'സമുദ്ര ശുചീകരണം' (Ocean Cleanup) എന്ന ആശയം അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. അതിവേഗം പ്രശസ്തി നേടി 'വൈറല്‍' ആയ ഒരു 'ടെഡ് ടോക്കി'ല്‍ (Ted Talk) ആണ് സമുദ്രത്തിലെ അസംഖ്യം പ്ലാസ്റ്റിക് കഷണങ്ങളെ നീക്കം ചെയ്യുന്ന പദ്ധതിയെ പറ്റി ബൂട്ട് ആദ്യമായി കേട്ടത്. പയ്യന്‍മാരുടെ ബാന്‍ഡില്‍ പുതുതായി പാടാനെത്തിയ ഒരുവനെ പോലെ തോന്നിച്ച, ചപ്രത്തലമുടിയുള്ള ഒരു ഡച്ചുകാരന്‍ കുട്ടിയായിരുന്നു ആ വീഡിയോയില്‍. അവനൊരു വലിയ ആശയമുണ്ടായിരുന്നു.

അക്കാലത്ത്, 2012ല്‍ സമുദ്രങ്ങള്‍ വൃത്തിയാക്കാനുള്ള മാര്‍ഗമായി കണ്ടിരുന്നത് വലിയ വലിയ കപ്പലുകളെ കൊണ്ട് പ്ലാസ്റ്റിക് കഷണങ്ങള്‍ നീക്കം ചെയ്യിച്ചെടുക്കുക എന്നതായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുമാത്രം പൂര്‍ത്തിയാവുന്ന ഒരു യജ്ഞമാണ് അത്. ബോയന്‍ സ്ലാറ്റ് എന്ന കൌമാരക്കാരന്‍റെ ആശയം ചെലവു കുറഞ്ഞതും വര്‍ഷങ്ങള്‍ കൊണ്ട് ചെയ്തു തീര്‍ക്കാവുന്നതും ആയിരുന്നു. ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുള്ള ഭാഗത്ത് വലിയ, ആംഗിളുകളില്‍ ചരിച്ചു വച്ചിട്ടുള്ള വേലികള്‍ (barriers) സമുദ്ര അടിത്തട്ടുകളില്‍ നങ്കൂരമിട്ട് ഉറപ്പിക്കുക. അടിയൊഴുക്കുകള്‍ പ്ലാസ്റ്റിക് മാലിന്യത്തെ നീക്കി ഒരു പ്രദേശത്ത് കൂട്ടും; അവിടെ നിന്നു ശേഖരിച്ചു മാറ്റാം. 5 വര്‍ഷങ്ങള്‍ കൊണ്ട് ആ പ്രദേശം വൃത്തിയാവുന്നു.

"സദാ ചലിക്കുന്ന സമുദ്രജല പ്രവാഹം ഒരു തടസ്സമല്ല, മറിച്ച് ഒരു പരിഹാരമാണ്," സ്ലാറ്റ് പറയുന്നു. "സമുദ്രത്തില്‍ പോയി തുഴഞ്ഞ് നടക്കുന്നതെന്തിനാണ്? ഈ ഒഴുക്കുകള്‍ ചെയ്യട്ടെ ആ പണി."


ബോയന്‍ സ്ലാറ്റ്


ഈ ആശയം വളരെ ലളിതവും വ്യക്തവുമായിരുന്നു. സുപ്രധാനമെന്നു തോന്നിപ്പിച്ച ഈ വീഡിയോ 24 ലക്ഷത്തോളം പേര്‍ കണ്ടു. "നമ്മള്‍ എന്തുകൊണ്ട് ഇതിനായി പണം മുടക്കുന്നില്ല?" കണ്ടവരില്‍ ഒരാള്‍ ചോദിച്ചു. പക്ഷേ താന്‍ സംശയാലുവായിരുന്നു എന്നു ബൂട്ട് ഓര്‍മിക്കുന്നു. സ്ലാറ്റിന്‍റെ ആശയത്തില്‍ പണം മുടക്കല്‍ മാത്രമായിരുന്നില്ല പ്രശ്നം. ബൂട്ട് കടലില്‍ വര്‍ഷങ്ങളോളം പണിയെടുത്ത ആളാണ്. പേപ്പറില്‍ പാട്ടും പാടി പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ആശയങ്ങള്‍ പക്ഷേ കടലിലെ ആദ്യത്തെ വേലിയേറ്റ തിരമാലയെ അതിജീവിക്കണമെന്നില്ല. ഇത്രയും വലുതും നേര്‍ത്തതുമായ ഒരു വേലിയെ, നാലായിരം മീറ്ററുകളോളം താഴ്ത്തി അടിത്തട്ടില്‍ ഉറപ്പിക്കുന്നത് എളുപ്പമല്ലെന്ന് തന്നെ ബൂട്ട് കരുതി.

ഈ ജൂണില്‍ സമുദ്ര ശുചീകരണ സംവിധാനത്തിന്‍റെ മാതൃക കരയോട് അടുത്ത ഭാഗത്തെ അടിത്തട്ടില്‍ നങ്കൂരമിടുവിക്കും. നെതര്‍ലാന്‍ഡ്സ് തീരങ്ങളില്‍ നിന്നുള്ള ആ ഭാഗത്ത് ഇതിന്‍റെ വിജയസാധ്യത വളരെ കൂടുതലാണെന്ന് പുറമേ നിന്നുള്ള രണ്ടു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരീക്ഷണഘട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ലക്ഷക്കണക്കിനു മുതല്‍മുടക്ക് നേടിയെടുത്ത, ആയിരക്കണക്കിന് അനുയായികളുള്ള, ഡസന്‍കണക്കിനു ജോലിക്കാരുള്ള ഒരു 21കാരനാണ്. സമുദ്രവൈജ്ഞാനികര്‍ (Oceanographers) ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അനുയായികള്‍ ഇദ്ദേഹത്തെ ദീര്‍ഘദര്‍ശിയായി കാണുന്നു. വിമര്‍ശകര്‍ അനുഭവജ്ഞാനമില്ലാത്തയാള്‍ എന്നു കരുതുന്നു; അത് അപകടകരമാണെന്നും. പദ്ധതിയുടെ ലക്ഷ്യവും താല്പര്യങ്ങളും മാത്രം തര്‍ക്കമില്ലാത്തവയാണ്. സമുദ്ര സംരക്ഷണ ഉദ്യോഗസ്ഥനായ നികോളസ് മല്ലോസ് പറയുന്നു "ചരിത്രത്തിലെ ആദ്യത്തെ സമുദ്ര ശുചീകരണ യത്നമാവും ഇത്."

ആ വെല്ലുവിളിയാണ് ആംസ്റ്റെര്‍ഡാമില്‍ വച്ച് ബൂട്ടിനെയും ആകര്‍ഷിച്ചത്. ."ഇത് വളരെ വലിയൊരു ആശയമാണ്," ഈ ആശയത്തിന്‍റെ പ്രദര്‍ശന സ്ഥലത്തു നിന്നു ബൂട്ട് ചിന്തിച്ചു. തനിക്കു കൂടി പങ്കെടുക്കണമെന്നറിയിച്ച ബൂട്ട് ദിവസങ്ങള്‍ക്കകം പ്രോജക്റ്റ് ഓഫീസില്‍ എത്തിച്ചേര്‍ന്നു. സമുദ്ര ശുചീകരണത്തിന്‍റെ എഞ്ചിനിയറിങ് വിഭാഗം തലവനായ ബൂട്ട് ആ യുവാവിനെ ശ്രദ്ധിച്ചു. പാറിപ്പറന്നു കിടക്കുന്ന, നീണ്ട മുടിയുള്ള അയാള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല പെരുമാറ്റത്തില്‍ അകലം പാലിക്കുന്ന പ്രകൃതമായിരുന്നു. അത് ബോയന്‍ സ്ലാറ്റ് ആയിരുന്നു. തനിക്ക് ലോകത്തെ മാറ്റിമറിക്കണമെന്നാണ് സ്ലാറ്റ് പറഞ്ഞത്.മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്
വര്‍ഷങ്ങള്‍ക്കു മുന്‍പ് 2011ലെ വേനല്‍ക്കാലത്ത് ഗ്രീസിന്‍റെ തീരങ്ങളിലാണ് ഇതിന്‍റെയൊക്കെ തുടക്കം. അന്ന് 16 വയസ്സുണ്ടായിരുന്ന സ്ലാറ്റ് കുടുംബത്തോടൊപ്പം സ്കൂബ ഡൈവിങ്ങും മറ്റുമായി അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഗിയറുകള്‍ മാറ്റി ഒന്നില്‍ നിന്ന്‍ മറ്റൊന്നിലേയ്ക്കു പോകുന്ന മനസ്സായിരുന്നു ആ ടീനേജുകാരന്. ഏറുമാടങ്ങള്‍ ഉണ്ടാക്കി തുടങ്ങി സിപ്പ് ലൈനുകള്‍ (ഉയരങ്ങളില്‍ നിന്നു താഴേക്കു വലിച്ചു കെട്ടിയ സ്റ്റീല്‍ കമ്പി, സാഹസിക വിനോദങ്ങള്‍ക്കുപയോഗിക്കുന്നവ) പിന്നെ റോക്കറ്റുകള്‍. ഗ്രീസിലെ കടലിലേയ്ക്ക് ഊളിയിടുമ്പോഴേയ്ക്കും ഉയര്‍ന്ന മര്‍ദത്തിലുള്ള റോക്കറ്റുകള്‍, ഒരേസമയത്ത് ഏറ്റവും കൂടുതല്‍ വിക്ഷേപിച്ചതിനുള്ള ലോക റെകോര്‍ഡ് സ്ലാറ്റ് സ്വന്തമാക്കിയിരുന്നു.

നീന്തുന്നതിനിടയില്‍ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ബാഗുകളായും കഷണങ്ങളായും, മീനുകളേക്കാള്‍ കൂടുതലുണ്ടെന്ന് ആ പയ്യന്‍ കണ്ടു. പൊങ്ങി കിടക്കുന്നതും ആഴത്തിലുള്ളവയും ഒക്കെ. "അത് പരിഹരിക്കേണ്ട ഒരു പ്രശ്നമായി എന്‍റെ മനസ്സില്‍ കടന്നുകൂടി. നമുക്കെന്തുകൊണ്ട് ഇത് വൃത്തിയാക്കിക്കൂട എന്നു ഞാന്‍ ചിന്തിച്ചു," സ്ലാറ്റ് പറഞ്ഞു. ആ ഹൈസ്കൂള്‍ വിദ്യാര്‍ഥി തന്‍റെ കമ്പ്യൂട്ടറില്‍ ഇതിനു വേണ്ടിയുള്ള ഗവേഷണം തുടങ്ങി. അപ്പോളാണ് ഈ പ്രശ്നം എത്ര ഗുരുതരമാണ് എന്നു അവന് മനസിലായത്.

ചില ശാസ്ത്രകാരന്‍മാര്‍ പറയുന്നതു പോലെ നമ്മള്‍ ഇപ്പോള്‍ പ്ലാസ്റ്റിക് യുഗത്തിലാണ് ജീവിക്കുന്നത്. പ്ലാസ്റ്റിക്കിനെ മനുഷ്യന് ഒരു അനുഗ്രഹമാക്കി മാറ്റുന്ന ഗുണങ്ങളെല്ലാം തന്നെ- അത് വലിച്ചു നീട്ടാം, ഈടു നില്ക്കും, വിലക്കുറവാണ്- ഇതിനെ സമുദ്രത്തിന്‍റെ ശാപമാക്കി മാറ്റുന്നു. 80 ലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് വര്‍ഷംതോറും മനുഷ്യര്‍ സമുദ്രങ്ങളിലേയ്ക്ക് തള്ളുന്നത്. മീനുകളും പക്ഷികളും മറ്റ് സസ്തനികളും ഇതിനെ ഭക്ഷണമായി തെറ്റിദ്ധരിക്കുന്നു. 2050ഓടെ സ്ലാറ്റിന്‍റെ സംശയം ശരിയാകും; മത്സ്യങ്ങളേക്കാള്‍ പ്ലാസ്റ്റിക് ബാഗുകളാകും കടലില്‍ കൂടുതല്‍.

വായു പ്രവാഹങ്ങള്‍ കൊണ്ടും ഭൂമിയുടെ കറക്കം കൊണ്ടും ഈ മാലിന്യങ്ങളിലെ ഭൂരിഭാഗവും 'Gyres' എന്നറിയപ്പെടുന്ന വലിയ കറങ്ങുന്ന ചുഴികള്‍ ആയി മാറുന്നു. ഇവ പ്രധാനമായും അഞ്ചെണ്ണമുണ്ട്- ഇന്ത്യന്‍ സമുദ്രം, വടക്കേ അറ്റ്ലാന്‍റിക്, വടക്കേ പസഫിക്, തെക്കേ അറ്റ്ലാന്‍റിക്, തെക്കേ പസഫിക് എന്നിവിടങ്ങളില്‍. മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുള്ള പ്രദേശങ്ങളില്‍ പോലും കപ്പലും ബോട്ടും ഉപയോഗിച്ച് വൃത്തിയാക്കല്‍ പ്രായോഗികമല്ലെന്ന് സ്ലാറ്റ് പറയുന്നു. പ്ലാസ്റ്റിക് നീങ്ങി നീങ്ങി പോകും. "അത് ശരിക്കും ഒരു പ്രശ്നമാണോ അതോ പ്രശ്നത്തിനുള്ള പരിഹാരമാണോ എന്നാണ് ഞാന്‍ ചിന്തിച്ചത്".

ചരിത്രത്തിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ ഈ സമുദ്ര ശുചീകരണ പദ്ധതി ഒരു ഹൈസ്കൂള്‍ സയന്‍സ് പ്രോജക്റ്റ് ആയാണ് തുടങ്ങിയത്. സ്ലാറ്റ് നൂറുകണക്കിനു മണിക്കൂറുകളാണ് ഇതേപ്പറ്റിയുള്ള ഗവേഷണത്തിനായി ചെലവഴിച്ചത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് വില്‍ക്കാമെന്നും അങ്ങനെ ഈ പദ്ധതി നിലനിര്‍ത്തിക്കൊണ്ടു പോകാമെന്നും കരുതി. പക്ഷേ അന്ന് ഒരു കൌമാരക്കാരന്‍ മാത്രമായിരുന്ന സ്ലാറ്റിന് ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ ആകുമായിരുന്നില്ല. "ഇതില്‍ ജോലി ചെയ്യാന്‍ ആള്‍ക്കാരെ കണ്ടുപിടിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാന്‍ ഏതാണ്ട് മുന്നൂറോളം കമ്പനികളെ സഹായത്തിനായി ബന്ധപ്പെട്ടു. ആരും മറുപടി തന്നില്ല. അത് വല്ലാത്ത നിരാശയുണ്ടാക്കി," സ്ലാറ്റ് പറയുന്നു.

എന്നാല്‍ ഒരു പ്രാദേശിക Ted Talk സംഘാടകര്‍ സ്ലാറ്റിനെ സമീപിച്ച് തങ്ങള്‍ ഈ പരിപാടിയെ കുറിച്ച് കേട്ടറിഞ്ഞു എന്നും ഒരു Ted Talk ചെയ്യാന്‍ തല്‍പര്യമുണ്ടോ എന്നും ചോദിച്ചു. സ്ലാറ്റ് സമ്മതിച്ചു.


സമുദ്ര മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്ന 5 കേന്ദ്രങ്ങള്‍

ഒരു വിഡ്ഢിയുടെ ദൌത്യം?
സാധാരണഗതിയില്‍ അറിയപ്പെടാതെ ജോലി ചെയ്യുന്ന പല ശാസ്ത്രജ്ഞരും മാധ്യമങ്ങളോട് സംസാരിക്കാന്‍ എന്തും ചെയ്യുന്നവരാണ്. അവരുടെ ഗവേഷണ പങ്കാളികളെ കൊണ്ട് സംസാരിപ്പിക്കും, പത്രക്കാര്‍ക്ക് ആവശ്യമുള്ള ചില്ലറ വിവരങ്ങള്‍ ഉടനടി നല്കും.

എന്നാല്‍ ബോയന്‍ സ്ലാറ്റ് അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ ടീം അംഗങ്ങളെ അത്ര പെട്ടന്നൊന്നും ഇന്‍റര്‍വ്യൂകള്‍ക്ക് ലഭിക്കില്ല. മാതാപിതാക്കളോട് സംസാരിക്കാന്‍ സമ്മതിക്കാറില്ല. സ്വന്തമായി ഒരു പബ്ലിക് റിലേഷന്‍സ് (PR) ടീമുണ്ടെങ്കിലും, പതിനായിരക്കണക്കിന് ക്ലിക്കുകളും ലൈക്കുകളും ലഭിക്കുന്ന വെബ്സൈറ്റും മാധ്യമ പ്രചാരണവും ഉണ്ടെങ്കിലും പത്രക്കാരോട് വാചകമടിക്കുന്നത് ഇഷ്ടമല്ല. "ഓഷ്യന്‍ ക്ലീനപ്പി'ന്‍റെ (Ocean Cleanup) ആദ്യകാല കഥകള്‍ ഫോണിലൂടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ സ്ലാറ്റിന് ബോറടിക്കും. തന്‍റെ യൂട്യൂബ് വീഡിയോ വൈറല്‍ ആയതോടെ പറഞ്ഞുപറഞ്ഞു മടുത്ത കഥയാണത്. പ്രശസ്തിയുടെ വഴികളില്‍ സ്ലാറ്റിന് താല്പര്യവുമില്ല. "അവസരം കിട്ടിയാല്‍ ഞാന്‍ എന്‍ജിനിയറിങ്ങില്‍ മാത്രം ശ്രദ്ധിച്ചേനെ," .അദ്ദേഹം പറയുന്നു.

രൂപത്തിലെ ചെറുപ്പം ഒരേസമയം ഗുണവും ദോഷവും ചെയ്യുന്ന സ്ലാറ്റിന് അങ്ങനെ ഒരു സമര്‍പ്പണം വളരെ പ്രധാനമാണ്. 'കുട്ടി പ്രതിഭ നമ്മുടെ ഭൂമിയുടെ രക്ഷയ്ക്ക്' എന്ന മട്ടില്‍ മാധ്യമങ്ങള്‍ സ്ലാറ്റിനെ പുകഴ്ത്തിയിരുന്നു. പക്ഷേ പദ്ധതിയുടെ തുടക്കക്കാലത്ത് പ്രായത്തിന്‍റെയും പരിചയക്കുറവിന്‍റെയും പേരില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നു. ആ പദ്ധതി സമുദ്രത്തിന്‍റെ ശക്തിയെയും വെല്ലുവിളികളെയും ചെറുതായി കാണുന്നുവെന്നും പദ്ധതി കൊണ്ടുണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെ അവഗണിക്കുന്നുവെന്നും വിമര്‍ശകര്‍ പറഞ്ഞു. മാലിന്യങ്ങളെ ശേഖരിക്കാനുള്ള വേലികള്‍ (barriers) സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഉറപ്പിക്കുക പ്രയാസമാണെന്നും ക്രമേണ അവയില്‍ plankton (സമുദ്ര മല്‍സ്യങ്ങളുടെയും മറ്റ് ജീവികളുടെയും ആഹാരമായ ജീവികള്‍) പിടിക്കുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു. ഒരു വിഡ്ഡിയുടെ ദൌത്യം എന്നാണ് ഇതിനെ ചിലര്‍ വിളിച്ചത്. സമുദ്ര ശാസ്ത്രകാരനായ കിം മാര്‍ടിനി ഇതിനെ 'വെറുമൊരു മാദക സ്വപ്നം' എന്നു കളിയാക്കി.

അങ്ങനെയിരിക്കേ 2013ല്‍ സ്ലാറ്റിനെ പൊടുന്നനെ കാണാതായി. കോളേജ് പഠനവും സാമൂഹ്യ പ്രതിബദ്ധതകളും ഉപേക്ഷിച്ചു എന്നാണ് സ്ലാറ്റ് ഇതിനെ പറ്റി പറയുന്നത്. ("കഴിഞ്ഞ വേനല്‍ക്കാലത്ത് സ്ലാറ്റ് രണ്ടു ദിവസം അവധിയെടുത്തു. അത് അദ്ദേഹത്തിന് വല്ലാത്ത കഷ്ടമായിരുന്നു," പ്രൊജക്ടിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മൈക്കേല്‍ ഹാര്‍ട്നാക്ക് പറഞ്ഞു). നാനൂറോളം ഇന്‍റര്‍വ്യുകളാണ് താന്‍ നിരസിച്ചതെന്ന് സ്ലാറ്റ് പറഞ്ഞു. പകരം പ്രൊജെക്ടിന് വേണ്ടി 'ക്രൌഡ്ഫണ്ടിങ്' (Crowdfunding- പലരില്‍ നിന്നായി ചെറു തുകകള്‍ സ്വീകരിച്ചു കൊണ്ടുള്ള ധനസമാഹാരണം) തുടങ്ങി. അങ്ങനെ ശേഖരിച്ച 90,000 ഡോളര്‍ ഉപയോഗിച്ച് ഈ ആശയം പ്രാവര്‍ത്തികമാണോ എന്ന വിമര്‍ശകരുടെ സംശയത്തിന് മറുപടി പറയും എന്നു അദ്ദേഹം തീരുമാനിച്ചു.

ഈ കണ്ടുപിടുത്തം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
530 പേജുകളുള്ള, 70 എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് എഴുതിയ പ്രായോഗികപഠന റിപ്പോര്‍ട് പ്രസിദ്ധീകരിച്ച സമയത്ത് സ്ലാറ്റ് വാഷിങ്ടണിലേക്ക് പോയി. സ്മിഥ്സോനിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്പെയ്സ് മ്യൂസിയത്തിലെ, 1903ല്‍ റൈറ്റ് സഹോദരന്മാര്‍ മേഘങ്ങളിലേയ്ക്ക് ഉയര്‍ത്തിവിട്ട് ആകാശയുഗത്തെ സ്വന്തമാക്കിയ റൈറ്റ് ഫ്ലയറിനു (Wright Flyer) മുന്നില്‍ നിന്നപ്പോള്‍ സ്ലാറ്റിന് ഒരു ബോധോദയമുണ്ടായി.

"നമ്മള്‍ ശരിയാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ അല്ല നടത്തുന്നത്, പ്രാവര്‍ത്തികമല്ലാത്തത് എന്താണെന്ന് അറിയാനാണ്," സ്ലാറ്റ് പറഞ്ഞു. "ഏറ്റവും കൂടുതല്‍ സൌകര്യങ്ങള്‍ കൈവശമുണ്ടായിരുന്നത് കൊണ്ടല്ല റൈറ്റ് സഹോദരന്മാര്‍ വിജയിച്ചത്, മറിച്ച് ഒരു കണ്ടുപിടുത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസിലായതു കൊണ്ടാണ്. പല തവണ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാനും പരാജയപ്പെടാനും തയ്യാറാവണം. കാരണം പലപ്പോഴും ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ പോകില്ല."

പല വര്‍ഷങ്ങളിലെ പഠനവും 'ഗൈറു'കളിലേയ്ക്കുള്ള ഏഴു പര്യവേഷണങ്ങളും കഴിഞ്ഞതോടെ പദ്ധതി കൂടുതല്‍ വ്യക്തമാവാന്‍ തുടങ്ങി. ഓഫ്ഷോര്‍ റിഗ്ഗുകളിലെ ഉപകരണങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നു 2,500 മീറ്റര്‍ താഴെ ഉറപ്പിക്കുന്ന സാങ്കേതിക വിദ്യയില്‍ നിന്ന്‍ "ഓഫ്ഷോര്‍ എഞ്ചിനിയറിങ് ലോകത്തെ ഉപകരണങ്ങളും രീതികളും ഈ പദ്ധതിയുടെ സാക്ഷാല്‍ക്കാരത്തിന് ഉപയോഗിക്കാ"മെന്ന് ടീം ഉറപ്പിച്ചു. പ്ലാങ്ക്ടണില്‍ ഭൂരിഭാഗവും ഈ വേലിയുടെ താഴെക്കൂടെ സുരക്ഷിതമായി കടന്നു പൊയ്ക്കൊള്ളുമെന്നും അവര്‍ കണ്ടു. പ്ലാങ്ക്ടണിനെ ബാധിക്കുന്ന സാഹചര്യത്തില്‍ പോലും അവയ്ക്കു പ്രജനനത്തിന് 7 സെക്കണ്ടുകള്‍ മാത്രമേ എടുക്കൂ എന്നും അവര്‍ മനസിലാക്കി.

ചില പ്രതീക്ഷകള്‍ താഴേക്കും പോയി- പല വിമര്‍ശനങ്ങള്‍ക്കും ഉത്തരം നല്കിയ പഠനങ്ങള്‍ പക്ഷേ പുതിയവ ഉയരാനും കാരണമായി. 100 കിലോമീറ്ററുകള്‍ നീളമുള്ള ഒരു വേലി വടക്കേ പസഫിക് സമുദ്രത്തിലെ ഗൈറിന്‍റെ 42% 10 വര്‍ഷങ്ങള്‍ കൊണ്ട് വൃത്തിയാക്കും എന്നു കണ്ടെത്തി.

നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനില്‍ സമുദ്ര മാലിന്യ (marine debris) വിഭാഗം അധ്യക്ഷ ആയ നാന്‍സി വാലസ് പറയുന്നത് "ഈ പദ്ധതിയില്‍ എനിക്കു സന്തോഷം നല്‍കുന്ന ഒരു കാര്യം അദ്ദേഹം തന്‍റെ ആശയത്തെ തുടര്‍ച്ചയായി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്". "ചെറിയ തലങ്ങളില്‍ ആ പദ്ധതി തെളിയിക്കപ്പെട്ടു കഴിഞ്ഞു. സമുദ്രങ്ങളിലേയ്ക്ക് എത്തുന്നതിന് മുന്‍പ് ജലാശയങ്ങളിലെ മാലിന്യങ്ങള്‍ മാറ്റുക എന്നതാണത്".

'ക്രൌഡ്ഫണ്ടിങ്ങി'ലൂടെ സമാഹരിച്ച മില്ല്യണ്‍ കണക്കിനു ഡോളര്‍ ഉപയോഗിച്ച് പദ്ധതിയുടെ മാതൃക ജൂണില്‍ നടപ്പാക്കും. നെതര്‍ലാന്‍ഡ്സ് തീരങ്ങളില്‍ 100 മീറ്റര്‍ (328 അടി) നീളമുള്ള വേലി സ്ഥാപിച്ചാണിത്. കുറെക്കൂടെ വലിയ തോതിലുള്ള പരീക്ഷണം അടുത്ത വര്‍ഷാരംഭത്തില്‍ ജപ്പാനിലെ സുഷിമാ (Tsushima) ദ്വീപിന്‍റെ തീരങ്ങളില്‍ 2 കിലോമീറ്റര്‍ നീളമുള്ള വേലി ഉപയോഗിച്ച് നടത്തും. "കരയോടടുത്ത ഭാഗങ്ങളില്‍ പരീക്ഷിക്കുന്നതും കടലിലേയ്ക്ക് എത്തുന്നതിന് മുന്‍പ് മാലിന്യം തടയുന്നതും നല്ല തുടക്കമാണ്," സമുദ്ര സംരക്ഷണ ഉദ്യോഗസ്ഥനായ മല്ലോസ് പറഞ്ഞു.2020 ആകുമ്പോഴേയ്ക്കും ആവശ്യമുള്ള വിവരങ്ങളും പരാജയങ്ങളും പ്രശ്നപരിഹാരവുമെല്ലാം തങ്ങള്‍ നേടിയിട്ടുണ്ടാകും എന്നു സ്ലാറ്റ് പറയുന്നു. അതോടെ കൂടുതല്‍ വൃത്തിയാക്കലുകള്‍ക്കായി കടലിന്‍റെ ആഴങ്ങളിലേയ്ക്ക് നീങ്ങാം. വടക്കേ പസഫിക് ഗൈറിന്‍റെ കേന്ദ്രത്തില്‍, ഹവായിക്കും കാലിഫോര്‍ണിയക്കും ഇടയ്ക്കു 100 കിലോമീറ്ററുകള്‍ നീളമുള്ള വേലി ഉറപ്പിച്ചാകും ഇത്.

സ്ലാറ്റിന്‍റെ പ്രോജക്റ്റ് ഇപ്പോള്‍ "ചരിത്രത്തിലെ ഏറ്റവും വലിയ വൃത്തിയാക്കല്‍ സംരംഭം" എന്ന നിലയില്‍ പ്രശസ്തമാണ്; അതിനാല്‍ സംസാരിക്കാനും പഴയ കാര്യങ്ങള്‍ വിശദമായി പറയാനുമൊക്കെ സമയം കണ്ടെത്താത്തതിന് സ്ലാറ്റിനോട് നമുക്ക് ക്ഷമിക്കാം.

"പഴയതിലേക്ക് തിരിഞ്ഞു നോക്കുന്നത് എനിക്കിഷ്ടമല്ല. അത് പ്രയോജനമില്ലാത്ത കാര്യമാണ്. മുന്നോട്ട് മാത്രമാണു ഏക വഴി. ഒരു വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ ആലോചിച്ചാല്‍ ഞങ്ങള്‍ ഏതാനും പേരും കുറച്ചു സന്നദ്ധ പ്രവര്‍ത്തകരും ഒരു യൂണിവേര്‍സിറ്റി കാംപസ്സില്‍; ആത്രേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഞാന്‍ ഒരു മീറ്റിങ് റൂമിലെ ഗ്ലാസ്സിലൂടെ നോക്കിയാല്‍ 35 പേരാണ് ജോലിക്കാര്‍. ഇത് വിജയിക്കണം എന്നാണ് ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളത്. എന്നാല്‍ ഇതിത്രയും പ്രൊഫഷണലും വലുതുമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല," സ്ലാറ്റ് പറഞ്ഞു.

അങ്ങനെ, അവസാനം ഇത് പ്രാവര്‍ത്തികമാണോ എന്നു നോക്കാനുള്ള സമയമായി എന്നു അദ്ദേഹം പറയുന്നു.


Next Story

Related Stories