TopTop
Begin typing your search above and press return to search.

കാനഡയില്‍ എണ്ണയ്ക്ക് തീ പിടിപ്പിച്ച് ആല്‍ബെര്‍ട്ട കാട്ടുതീ

കാനഡയില്‍ എണ്ണയ്ക്ക് തീ പിടിപ്പിച്ച് ആല്‍ബെര്‍ട്ട കാട്ടുതീ

റോബര്‍ട്ട് ടട്ടില്‍, റെബേക്ക പെന്റി
(ബ്ലൂംബര്‍ഗ്)

ആല്‍ബെര്‍ട്ട കാട്ടുതീ ഫോര്‍ട്ട് മക്മുറേയ്ക്കു വടക്കുള്ള ഒായില്‍ സാന്‍ഡ്‌സ് കടന്നുപോകുമ്പോള്‍ കാനഡയുടെ ഊര്‍ജോത്പാദനകേന്ദ്രത്തിന് പ്രതിദിന നഷ്ടം ഒരു മില്യണ്‍ ബാരല്‍ എണ്ണയാണ്. ഈ പ്രദേശത്തുകൂടി കടന്നുപോകാനിടയുള്ള ശീതവാതം ഉണ്ടാക്കാവുന്ന മഴ തീയണയ്ക്കുന്നതില്‍ അഗ്നിശമനസേനാംഗങ്ങള്‍ക്കു സഹായമാകും.

ഇനിയും 2,500 കിലോമീറ്ററുകള്‍ കൂടി പടരുമെന്നു പ്രവചിക്കപ്പെട്ടിട്ടുള്ള അഗ്നി പ്രതീക്ഷിച്ചതിലും കുറഞ്ഞ വേഗത്തിലാണു മുന്നേറുന്നത്. 1,600 കിലോമീറ്ററുകള്‍ക്കുള്ളില്‍ തീപിടിത്തം അവസാനിക്കുമെന്നാണു കരുതുന്നതെന്ന് ആല്‍ബെര്‍ട്ട പ്രധാനമന്ത്രി റാഷെല്‍ നോട്‌ലി പത്രസമ്മേളനത്തില്‍ അറിയിച്ചു. കാനഡയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയായ സണ്‍കോര്‍ എനര്‍ജിക്കടുത്തേക്കു നീങ്ങിയെങ്കിലും അഗ്നിശമനസേനാംഗങ്ങള്‍ പ്രദേശത്തിനു തെക്കുപടിഞ്ഞാറന്‍ഭാഗത്തുവച്ച് തീ പടരുന്നതു തടഞ്ഞതിനാല്‍ നാശനഷ്ടമുണ്ടായില്ല. ഇപ്പോഴത്തെ കാലാവസ്ഥയും മുന്നറിയിപ്പുകളും അനുസരിച്ച് തീ സണ്‍കോറിനകലെ കിഴക്കന്‍ ദിശയിലാണു പടരുന്നതെന്ന് കമ്പനി അറിയിച്ചു.

ഞായറാഴ്ചത്തെ ശരാശരി താപനില 18 ഡിഗ്രി സെല്‍ഷ്യസാകുമെന്നായിരുന്നു അറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്ററും. ഫോര്‍ട്ട് മക്മുറേ പ്രദേശത്ത് മഴയ്ക്കു സാദ്ധ്യതയുമുണ്ടെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു.

താഴ്ന്ന താപനില ഏതാനും ദിവസങ്ങളില്‍ തീയണയ്ക്കാന്‍ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് മികച്ച അവസരമാണു നല്‍കുന്നതെങ്കിലും ഉള്‍ക്കാടുകളിലെ തീ മാസങ്ങളോളം തുടരുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ കാട്ടുതീ മാനേജര്‍ ഛാഡ് മോറിസണ്‍ അറിയിച്ചു. കിഴക്കോട്ടു നീങ്ങുന്ന തീ സസ്‌കാഷെവാന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ്. ഒരാഴ്ച മുന്‍പ് ആരംഭിച്ച തീ മനുഷ്യനിര്‍മിതമാണെന്നു കരുതുന്നുവെങ്കിലും കാരണം വ്യക്തമായിട്ടില്ല.

'ഇത് അസാധാരണമാംവിധം ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നമാണ്,' പ്രദേശത്തെ പൊതുസുരക്ഷാ മന്ത്രി റാല്‍ഫ് ഗൂഡാലെ പറഞ്ഞു. 'കഴിഞ്ഞ ഏതാനും മണിക്കൂറുകളിലെ കാലാവസ്ഥയും വരുംദിനങ്ങളിലെ കാലാവസ്ഥാപ്രവചനവും അനുസരിച്ച് സ്ഥിതി മെച്ചപ്പെടുമെന്നു കരുതുന്നു.'ആല്‍ബെര്‍ട്ടയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന എണ്ണ ഉത്പാദനത്തെ തടസപ്പെടുത്തുന്നതിനു പുറമെ അഗ്നി വന്‍ ക്രൂഡ് റിസര്‍വായ ഫോര്‍ട്ട് മക്മുറേ പ്രദേശത്തിനു ചുറ്റുമുള്ള സ്ഥലത്തെ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞു. തീയില്‍നിന്നു രക്ഷപെടാന്‍ വടക്കോട്ട് നീങ്ങിയ 25,000 പേരെയും ഒഴിപ്പിച്ചതായും അവരില്‍ ഭൂരിപക്ഷവും എഡ്മണ്‍ടണിലാണെന്നും നോട്‌ലി പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റിയുടെ ഇരട്ടിയോളം വലിപ്പമുള്ള പ്രദേശം അഗ്നിബാധയ്ക്കിരയായി. പ്രതിദിനം 2.5 മില്യണ്‍ ബാരല്‍ എണ്ണ ഉത്പാദനത്തില്‍ 40 ശതമാനത്തോളം കുറവുവന്നു. ഇതും ഫോര്‍ട്ട് മക്മുറേയില്‍ നിന്ന് 80,000 ആളുകളുടെ കൂട്ട പാലായനവും എണ്ണ വിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന പ്രദേശത്തിന് കൂടുതല്‍ തിരിച്ചടിയാകും.

തീ നിയന്ത്രണത്തിലായിക്കഴിഞ്ഞാല്‍ ഓയില്‍ സാന്‍ഡ്‌സ് ഖനന പദ്ധതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ ഉത്പാദനനില വീണ്ടെടുക്കാനാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. എണ്ണ ഖനനത്തിന് നീരാവി ഉപയോഗിക്കുന്ന പദ്ധതികള്‍ രണ്ടോ അതിലധികമോ ആഴ്ചകള്‍കൂടി കഴിഞ്ഞേ പ്രവര്‍ത്തനക്ഷമമാകൂ.

സണ്‍കോറിന്റെ നിയന്ത്രണത്തിലുള്ള സിന്‍ക്രൂഡ് കാനഡയുടെ ഓറോറ ഖനിയും മൈല്‍ഡ് റെഡ് തടാകപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയും 1200 ജോലിക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുള്ള സിന്‍ക്രൂഡിന് പ്രതിദിനം 350,000 ബാരല്‍ ഉത്പാദനശേഷിയുണ്ട്.

മൈല്‍ഡ് റെഡ് തടാകത്തിനടുത്ത് പുക കാണപ്പെട്ടതായി സിന്‍ക്രൂഡ് വക്താവ് ലെയ്ഥാന്‍ സ്ലേഡ് അറിയിച്ചു. സുരക്ഷിതമാണെന്ന് ഉറപ്പായാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ എന്നും സ്ലേഡ് പറഞ്ഞു.നിയന്ത്രണമില്ലാത്ത കാരണങ്ങള്‍ കൊണ്ട് കരാറുകള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബാദ്ധ്യതകളില്‍നിന്നു സംരക്ഷണം നല്‍കുന്ന ഫോഴ്‌സ് മജേര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍കോര്‍, ഫിലിപ്‌സ് 66, സ്റ്റാറ്റോയില്‍ എഎസ്എ എന്നിവ. തീ പ്രദേശത്തുനിന്നു വിട്ടുമാറിത്തുടങ്ങിയതോടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെപ്പറ്റി ആലോചിച്ചുവരികയാണെന്ന് സണ്‍കോര്‍ അറിയിച്ചു. 10,000 ജീവനക്കാരെയും കുടുംബങ്ങളെയും ഫോര്‍ട്ട് മക്മുറേ നിവാസികളെയും ഇവിടെ നിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. സുരക്ഷ ഉറപ്പാകുകയും തേഡ് പാര്‍ട്ടി പൈപ്പ് ലൈനുകള്‍ ലഭ്യമാകുകയും ചെയ്ത ശേഷമേ പ്രവര്‍ത്തനം തുടങ്ങൂ.

ഹോങ് കോങ് കോടീശ്വരന്‍ ലീ കാ ഷിങ്ങിന്റെ നിയന്ത്രണത്തിലുള്ള ഹസ്‌കി എനര്‍ജി ഇന്‍കോര്‍പറേറ്റ് അവരുടെ സണ്‍റൈസ് കേന്ദ്രം അടച്ചുകഴിഞ്ഞു. പ്രതിദിനം 60,000 ബാരല്‍ ഉത്പാദനശേഷിയുള്ള ഇവിടെ അഗ്നിബാധയ്ക്കു മുന്‍പ് 30,000 ബാരലായിരുന്നു ഉത്പാദനം. ദിനം പ്രതി 92,000 ബാരല്‍ ഉത്പാദിപ്പിച്ചിരുന്ന നെക്‌സെനും പ്രവര്‍ത്തനം നിര്‍ത്തി.

ഫോര്‍ട്ട് മക്മുറേയ്ക്കു ചുറ്റുമുണ്ടായ അഗ്നിബാധയില്‍ അവിടെയുള്ള എല്ലാ വീടുകളും നശിച്ചിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് നഷ്ടം 7.3 ബില്യണ്‍ ഡോളറോളം വരുമെന്നാണു കണക്കാക്കുന്നത്. ബാങ്ക് ഓഫ് മോണ്‍ട്രിയാല്‍ രണ്ടാംപാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് പ്രതീക്ഷ 1.5ല്‍ നിന്ന് പൂജ്യമായി കുറച്ചു. എണ്ണ ഉത്പാദനത്തിലെ പ്രതിസന്ധിയാണു കാരണമായി പറയുന്നത്.

ആയിരത്തി അഞ്ഞൂറോളം അഗ്നിശമനസേനാംഗങ്ങളും 150 ഹെലിക്കോപ്ടറുകളും 222 വന്‍കിട ഉപകരണങ്ങളും 28 എയര്‍ ടാങ്കറുകളും പ്രദേശമാകെ കാട്ടുതീക്കെതിരെ പോരാടുകയാണ്. കാല്‍ഗറിയിലെ യൂട്ടിലിറ്റി ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ ആറ്റ്‌കോ ലിമിറ്റഡിലെ 250 ജോലിക്കാര്‍ പവര്‍ ഗ്രിഡ് പുനസ്ഥാപിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാനും ശ്രമിക്കുകയാണ്.


Next Story

Related Stories