TopTop
Begin typing your search above and press return to search.

കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍; മോഹന്‍ലാല്‍ എഴുതുന്നു

കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍; മോഹന്‍ലാല്‍ എഴുതുന്നു

മോഹന്‍ലാല്‍

ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും വിശ്വസ്തമിത്രമായ മൃഗം നായയാണ്. നന്ദിയുടേയും വിശ്വസ്തതയുടേയും സാക്ഷ്യം, ചരിത്രത്തിനും അപ്പുറത്തേക്ക് ഇതിഹാസ കാലത്തേക്ക് നീളുന്നു. മഹാഭാരതത്തിലെ മഹാപ്രസ്ഥാനത്തില്‍......യുധിഷ്ഠിരനൊപ്പം അവസാനനിമിഷം വരെ പോകുന്നത് ബന്ധുക്കളോ മറ്റ് മനുഷ്യനോ പക്ഷികളോ ഒന്നുമല്ല. ഏകാകിയായ ഒരു നായയായിരുന്നു. നായയ്ക്ക് മനുഷ്യനോടുള്ള നന്ദിയുടെ എത്രയോ അനുഭവകഥകള്‍ നാം വായിച്ചിട്ടുണ്ട്. നായ വീട്ടിലെ ഒരു അംഗം പോലെ നമ്മില്‍ പലര്‍ക്കും പ്രിയങ്കരനാണ്. നായകള്‍ക്ക് ക്ലബ്ബുണ്ട്. നായകളുടെ ശൗര്യവും സൗന്ദര്യവും അളക്കാന്‍ എല്ലാ നഗരങ്ങളിലും ഷോകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്ന് മലയാളിയുടെ ഏറ്റവും വലിയ പേടി സ്വപ്‌നം നായ്ക്കളാണ്. വീട്ടിലെ നായ്ക്കളല്ല. നാടാകെ അലഞ്ഞു നടക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരെ വരെ കടിച്ചുകീറുന്ന നായ്ക്കള്‍....പണ്ട് കവി എഴുതിയത് പോലെ 'ഇവയെ പേടിച്ചാരും പെരുവഴിയിലൂടെ നടപ്പീല.....എന്നതാണ് അവസ്ഥ.

ഈ വിഷയം പത്രങ്ങളില്‍ വായിച്ച് എഴുതുന്ന കുറിപ്പല്ല ഇത്. മറിച്ച് എന്റെ കൂടെ ഒരുപാട് പേര്‍ സംസാരിച്ച വിഷയമാണ്. എനിക്കുണ്ടായ അനുഭവങ്ങളാണ്. നായ്ക്കളെ സ്‌നേഹിക്കുകയും ഒപ്പം നായ്ക്കളെ വളര്‍ത്തിയിട്ടുള്ള ഒരാളാണ് ഞാന്‍....ഇപ്പോള്‍ എനിക്ക് നാല് നായ്ക്കളും ഉണ്ട്. പലപ്പോഴും ഷൂട്ടിങ്ങ് കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ എത്തുന്നയാളാണ് ഞാന്‍. തിരിച്ച് പോരുന്ന സമയത്ത് റോഡുകള്‍ തീര്‍ത്തും വിജനമാകും. അപ്പോഴത്തെ കാഴ്ച ഏത് നായ സ്‌നേഹിയേയും പേടിപ്പിക്കുന്നതാണ്. മുപ്പതും നാല്‍പ്പതും നായ്ക്കള്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന കാഴ്ച. കാറിന്റെ ലൈറ്റില്‍ അവയുടെ കണ്ണുകള്‍ തിളങ്ങും (യുദ്ധം കഴിഞ്ഞ രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് ചുറ്റും നായ്ക്കളും കഴുകന്മാരും അലഞ്ഞു നടക്കുന്ന കാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്...വായിച്ചിട്ടുണ്ട്). ചിലപ്പോള്‍ വാഹനത്തിന്റെ പിറകേ അവ ഓടി വരും. കാറിലിരിക്കുമ്പോള്‍ പോലും വന്ന് കടിക്കുമോ എന്ന പേടി എനിക്കുണ്ടാവാറുണ്ട്. എത്രയോ തവണ രാവിലെ സൈക്കിളില്‍ പോകുമ്പോള്‍, നടക്കുവാന്‍ പോകുമ്പോള്‍ എന്നേയും ഓടിച്ചിട്ടുണ്ട്...ഈ ശുനകന്മാര്‍.

അപ്പോള്‍ തെരുവില്‍ നടക്കുകയും അവിടെ ജീവിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ ആലോചിക്കൂ....ബൈക്കുകള്‍ക്ക് പുറകേ ഇവ ഓടാറുണ്ട്....വഴി യാത്രക്കാരെ കടിക്കാറുണ്ട്...സ്‌കൂള്‍ കുട്ടികളെ മുഖത്ത് വരെ കടിച്ച് മുറിവേല്‍പ്പിക്കുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നായയെ കൊല്ലരുത് എന്ന നിയമം വെച്ചാണ് ഈ മാരകമായ അവസ്ഥയിലേക്ക് മലയാളികളെ എല്ലാവരും ചേര്‍ന്ന് വലിച്ചെറിയുന്നത്. സര്‍ക്കാറിന് പോലും എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. നല്ല ഭാവനയുള്ള ഒരു എഴുത്തുകാരന് നായ്ക്കള്‍ മനുഷ്യരേക്കാള്‍ പെരുകിയ ഒരു നഗരത്തെക്കുറിച്ച് നോവല്‍ എഴുതാനുള്ള വിഷയമുണ്ട്.നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് എറ്റവും ദുഃഖകരം. എന്തുകൊണ്ട് ഇങ്ങനെ നായ്ക്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞുനടക്കുന്ന എന്ന കാര്യം ആരും ചര്‍ച്ച ചെയ്യാറില്ല. എന്റെ കുട്ടിക്കാലത്ത് ഇങ്ങനെ ഒരു അവസ്ഥ അനുഭവപ്പെട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍? അന്വേഷിച്ച് ചെല്ലുമ്പോള്‍ കാരണത്തിന്റെ സൂചി നമുക്ക് നേരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്. നാം തന്നെയാണ് ഈ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം തന്നെ സൃഷ്ടിച്ച് എല്ലായിടത്തും ഉത്തരവാദിത്തമില്ലാതെ കൂട്ടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണം. വഴിയിലുപേക്ഷിക്കുന്ന കോഴിയവശിഷ്ടങ്ങള്‍, ഇറച്ചിയവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തിന്ന് ഇവ കൊഴുക്കുന്നു. എണ്ണം കൂടുന്നു. അപ്പോള്‍ വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നത് പോലെ നാട്ടിലും, റോഡിലും നാം തന്നെ നായ്ക്കളെ വളര്‍ത്തുന്നു. എന്നിട്ട് അവ നമ്മെയും നമ്മുടെ കുട്ടികളേയും കടിക്കുന്നു. നാം തന്നെ അവയെക്കുറിച്ച് പരാതിപ്പെടുന്നു. കടി കൊള്ളുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരുന്ന് എത്തിക്കാനും പലപ്പോഴും സാധിക്കുന്നില്ല. എത്ര മാത്രം പരിഹാസ്യമാണ് കാര്യങ്ങള്‍!

ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന ക്രൂരതകളെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുകയാണ്. പനിയായിട്ടാണ് ഇതിന് മുമ്പ് മാലിന്യങ്ങള്‍ തിരിച്ചടിയായത്. ഇപ്പോള്‍ അത് പട്ടിയുടെ രൂപത്തില്‍ വരുന്നു. പട്ടിപ്പനിയുടെ പേരിലും വരാം നാളെയത്. അപ്പോഴും നാം ആശയപരമായി ചിന്തിച്ചുകൊണ്ടിരിക്കും....

നായ്ക്കളെ കൊല്ലണമോ എന്ന് ചിന്തിക്കുന്നവരോട് പറയാന്‍ തെങ്ങിനെക്കുറിച്ചുള്ള ഒരു കവിതതന്നെയേ എന്റെ കൈവശമുള്ളു.

'പൊന്‍ കായ്ച്ചിടുന്ന മരവും പുരയില്‍ക്കവിഞ്ഞാല്‍
താന്‍ കാച്ചുകെന്ന് മകനേ മലയാളസിദ്ധം'

എന്നാല്‍ അതിലുപരി ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണം....പൊതുവൃത്തി എന്നതിനേക്കുറിച്ച് കൂടുതല്‍ കൂടുതല്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കടിക്കുന്ന പട്ടിയെ പോറ്റുക എന്നത് ഇതുവരെ ഒരു ശൈലി മാത്രമായിരുന്നു. ഇപ്പോള്‍ തെരുവ് പട്ടികളുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു....ഇപ്പോത്ത പക്ഷം 'നായയുണ്ട് സൂക്ഷിക്കുക' എന്ന് വീട്ടില്‍ ബോര്‍ഡ് വയ്ക്കുന്നത് പോലെ 'നായ്ക്കളുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡുകള്‍ തെരുവില്‍ നിറയും...അപ്പോഴും നായ്ക്കള്‍ തെരുവില്‍ അലയുന്നുണ്ടാവാം. അവയേപ്പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കും.

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.thecompleteactor.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories