TopTop
Begin typing your search above and press return to search.

കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം ദീപനും കേരളവും തമ്മിലെന്ത്?

കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം ദീപനും കേരളവും തമ്മിലെന്ത്?

കാന്‍ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത പുരസ്‌കാരമായ പാം ഡി' ഓറിന് ഇത്തവണ ഒരു അസാധാരണമായ ഇന്ത്യന്‍ ബന്ധം ഉണ്ടായിരുന്നു. ഫ്രാന്‍സില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു മുന്‍ എല്‍ടിടിഇ പോരാളിയുടെ വൈകാരികവും പലപ്പോഴും സംഘര്‍ഷഭരിതവുമായ കഥയാണ് ഫ്രഞ്ച് സംവിധായകനായ ജാക്വിസ് ഓഡിയാര്‍ഡ് തന്റെ ദീപന്‍ എന്ന ചിത്രത്തിലൂടെ പറയുന്നത്.

ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തമിഴ്‌നാട്ടില്‍ വച്ചാണ്. ദീപന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ വൈഡ് ആംഗിള്‍ ക്രിയേഷന്‍സിലെ ജോര്‍ജ് പയസ് തറയിലാണ്. ഇന്ത്യയിലെ നിരവധി ഭാഷകളിലുള്ള പ്രധാനപ്പെട്ട ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ സഹകരിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ജോര്‍ജ് പയസ് തറയില്‍ അഴിമുഖത്തോട് സംസാരിക്കുന്നു..

അഴിമുഖം: ദീപന്‍ എന്ന ചിത്രത്തിലുള്ള താങ്കളുടെ പങ്കാളിത്തത്തെ കുറിച്ച്...
ജോര്‍ജ് പയസ് തറയില്‍: പാരീസിലെ വൈ നോട്ട് പ്രൊഡക്ഷന്‍സാണ് ദീപന്റെ നിര്‍മാതാക്കള്‍. ഈ സിനിമയുടെ ചില ഭാഗങ്ങള്‍ ഇന്ത്യയില്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അതിനായി ഇവിടെയുള്ള ഒരു നിര്‍മാതാവുമായി ധാരണയില്‍ എത്താനുള്ള ശ്രമത്തിലായിരുന്നു അവര്‍. ഞാനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിലെ എന്റെ പങ്കാളിയായ സുരേഷ് ബാലാജിയും സിനിമ നിര്‍മ്മാണത്തില്‍ പരിചയ സമ്പന്നരാണ്. യുവാന്‍ അത്തലും ഷാര്‍ളിയോട്ട് ഗാന്‍സ്ബര്‍ഗും അഭിനയിച്ച് മൈക്കിള്‍ സ്പിനോസ സംവിധാനം ചെയ്ത മറ്റൊരു ഫ്രഞ്ച് ചിത്രമായ സോണ്‍ എപ്പോസ് എന്ന ചിത്രവുമായി ഇതിന് മുമ്പ് ഞങ്ങള്‍ സഹകരിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ നിര്‍മാതാക്കളായിരുന്ന എക്‌സ് നിഹിലോ വൈഡ് ആംഗിള്‍ ക്രിയേഷന്‍സിനെ കുറിച്ച് ജാക്വിസ് ഓഡിയാര്‍ഡിനോടും വൈ നോട്ട് പ്രൊഡക്ഷന്‍സിനോടും സൂചിപ്പിച്ചു. അങ്ങനെ ദീപന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്.അഴിമുഖം: കാനിലെ അനുഭവങ്ങള്‍, ചുവന്ന പരവതാനിയിലൂടെയുള്ള നടത്തം..
ജോര്‍ജ്: അതൊരു മഹത്തായ അനുഭവമായിരുന്നു. കാനിലെ എന്റെ ആദ്യ അനുഭവമായിരുന്നു അത്. സുരേഷ് രണ്ടാമത്തെ തവണയാണ് അവിടെ പോകുന്നത്. 15 വര്‍ഷം മുമ്പ് വാനപ്രസ്ഥവുമായി സുരേഷ് അവിടെ പോയിരുന്നു. അവിടെ എത്തിയതില്‍ വലിയ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.

അഴിമുഖം: താങ്കള്‍ നിരവധി ഹിന്ദി, തമിഴ്, മലയാളം ഫ്രഞ്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബജറ്റ്, പ്രൊഫഷണലിസം, ഭാവുകത്വം മുതലായ കാര്യങ്ങളില്‍ എങ്ങനെയാണ് ഈ വ്യത്യസ്ഥ സിനിമ വ്യവസായങ്ങളെ വിലയിരുത്തുന്നത്?
ജോര്‍ജ്: അതെ. ഞങ്ങള്‍ വിവിധ ഭാഷകളില്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിന്റെതായ ബജറ്റ് നിയന്ത്രണങ്ങള്‍ ഉണ്ടാവും. ക്രിയാത്മകതയും ചിലവഴിക്കാനുള്ള കഴിവും തമ്മിലുള്ള സന്തുലനം ഉറപ്പ് വരുത്തകയെന്നതാണ് ഏറ്റവും പ്രധാനം. ഇവ തമ്മിലുള്ള സംയോജനം ഏറ്റവും സാധ്യമായ വിധത്തില്‍ സുഗമമാക്കി കൊണ്ടാണ് വൈഡ് ആംഗിള്‍ ക്രിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പദ്ധതിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അത്രയ്ക്ക് ശ്രദ്ധ പുലര്‍ത്തുന്നു. ഞങ്ങള്‍ എപ്പോഴും ലൊക്കേഷനില്‍ ഉണ്ടാവുകയും എല്ലാ മേഖലയിലുള്ളവരുമായി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇന്നുള്ള ചലച്ചിത്രകാരന്മാരെല്ലാം നന്നായി ആസൂത്രണം ചെയ്യുന്നവരും നല്ല പ്രൊഫഷണിലസം ഉള്ളവരുമാണ്.

അഴിമുഖം: ഇപ്പോഴത്തെ പദ്ധതി, കമലഹാസന്റെ പ്രൊഫഷണലിസം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്..
ജോര്‍ജ്: ഇപ്പോള്‍ ഞങ്ങള്‍ കമലഹാസന്റെ പുതിയ ചിത്രമായ തൂങ്ങാവനത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. കമലഹാസന്‍ അഭിനയിക്കുന്ന ഞങ്ങളുടെ സ്വന്തം ചിത്രമായ പാപനാശം ഇപ്പോള്‍ പൂര്‍ത്തിയായതേ ഉള്ളു.അഴിമുഖം: എങ്ങനെയാണ് സിനിമ വ്യവസായത്തിലേക്ക് വന്നത്?
ജോര്‍ജ്: എന്റെ കോളേജ് ദിനങ്ങള്‍ മുതല്‍ എനിക്ക് സിനിമ വ്യവസായവുമായി ബന്ധമുണ്ട്. സുരേഷ് ബാലാജിയും സുരേഷ് മേനോനും ഏതാണ്ട് മുപ്പത്തഞ്ച് വര്‍ഷമായി എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പരസ്യ ചിത്രങ്ങളും ദൂരദര്‍ശന് വേണ്ടി ഒന്നുരണ്ട് സീരിയലുകളും ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഞങ്ങള്‍ ആദ്യം കോര്‍പ്പറേറ്റ് സിനിമകളാണ് ചെയ്തത്. സുരേഷ് മേനോന്‍ ഒരവധി എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാനും സുരേഷ് ബാലാജിയും കൂടി 2006ല്‍ വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് തുടങ്ങി. ഞങ്ങള്‍ വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് തുടങ്ങിയപ്പോള്‍ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ബോധപൂര്‍വമായ തീരുമാനം ഞങ്ങള്‍ കൈക്കൊണ്ടിരുന്നു.

അഴിമുഖം: താങ്കള്‍ കൈകാര്യം ചെയ്യുന്ന സിനിമ നിര്‍മ്മാണത്തിന്റെ സങ്കീര്‍ണതകള്‍ ഒന്ന് വിശദീകരിക്കാമോ?
ജോര്‍ജ്: സിനിമ നിര്‍മാണം എന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഓരോ വിഭാഗത്തിനും അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ ഉണ്ടാവും. തിരക്കഥയുടെ ഘട്ടം മുതല്‍ ഞങ്ങളുടെ സാന്നിധ്യം ഉണ്ടാവും. ഒരു പദ്ധതിക്ക് ഞങ്ങള്‍ പച്ചക്കൊടി കാണിച്ചു കഴിഞ്ഞാല്‍, പിന്നെ ആ സിനിമയുടെ നിര്‍മാണപ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് വേണ്ടി ഓരോ വകുപ്പുകളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തും. ഞങ്ങള്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെങ്കിലും ഓരാ വകുപ്പിനും നല്‍കിയിട്ടുള്ള ബജറ്റിനെ കുറിച്ചും അവരുടെ ചിലവുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും കൈമാറും. ചിത്രത്തിന്റെ സുഗമമായ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങളും ഉത്തരവാദിത്വമായിരിക്കും എന്നതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ജോലി സങ്കീര്‍ണമാണ്.അഴിമുഖം: നിങ്ങള്‍ ഈ രംഗത്തേക്ക് വന്ന് രണ്ട് മൂന്ന് ദശകങ്ങള്‍ക്കിടിയില്‍ സാങ്കേതികവിദ്യ എങ്ങനെയാണ് സിനിമ വ്യവസായത്തെ മാറ്റി മറിക്കുന്നത് എന്നതിനെ കുറിച്ച് ഒന്ന് വിലയിരുത്താമോ?
ജോര്‍ജ്: അത്ഭുതാവഹമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ നമ്മള്‍ പൂര്‍ണമായും ഡിജിറ്റല്‍ ഇടത്തിലാണുള്ളത്. ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ സാങ്കേതികവിദ്യകളില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സിനിമ നിര്‍മാണത്തെ നമ്മള്‍ സമീപിക്കുന്ന രീതികളിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ച നിര്‍മാണത്തെ വലിയ രീതിയില്‍ മാറ്റിമറിച്ചു കഴിഞ്ഞു.

അഴിമുഖം: സിനിമ നിര്‍മ്മാണത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? നമ്മള്‍ ഒരു വളര്‍ച്ചയിലേക്കാണോ പോകുന്നത്? അതോ ജനങ്ങള്‍ സിനിമ ഉപേക്ഷിച്ച് ടിവി സീരിയലുകള്‍ക്ക് പിന്നാലേ പോകുമോ?
ജോര്‍ജ്: രണ്ട് മാധ്യമങ്ങളും സഹകരണത്തോടെ നിലനില്‍ക്കും എന്നാണ് ഞാന്‍ കരുതുന്നത്. തിയേറ്റര്‍ അനുഭവം വളരെ വ്യത്യസ്ഥമായ ഒന്നാണ്.

അഴിമുഖം: കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം.
ജോര്‍ജ്: ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്ന ആളാണ്. കുട്ടനാട്ടിലെ തറയില്‍ കുടുംബത്തില്‍ നിന്നുള്ള ആളാണ് അച്ഛന്‍. അമ്മ, കൂട്ടിയ്ക്കല്‍ പൊട്ടംകുളം കുടുംബത്തില്‍ നിന്നും വരുന്നു. അച്ഛന്‍ പയസ് ജോസഫ് ഐആര്‍ടിഎസില്‍ നിന്നും വിരമിച്ച് ചെന്നൈയില്‍ താമസമാക്കിയിരിക്കുന്നു. ചെന്നൈ എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. ലയോള കോളേജില്‍ നിന്നും ബിഎയും എംസിസി കോളേജില്‍ നിന്നും എംഎയും പാസായി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories