UPDATES

ട്രെന്‍ഡിങ്ങ്

കുറെയേറെ കള്ളങ്ങള്‍ പറഞ്ഞിട്ട് സത്യമാണെന്ന് അവകാശപ്പെടുന്നതിനെ എങ്ങനെ വിശ്വസിക്കും?

ഇവിടുത്തെ പ്രധാന പത്രങ്ങളൊന്നും ഇന്നലത്തെ മാപ്പ് അപേക്ഷിച്ച വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കി കണ്ടില്ല. അതെന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

മുന്‍ മന്ത്രി ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച മംഗളം വാര്‍ത്ത ചാനലിലെ മാധ്യമ പ്രവര്‍ത്തക നടത്തിയ സ്റ്റിംഗ് ഓപ്പറേഷനാണെന്ന് വെളിപ്പെടുത്തുകയും സംഭവത്തില്‍ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമ നിരീക്ഷകനുമായ ബിആര്‍പി ഭാസ്‌കര്‍ വിഷയത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചു.

മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ചാനല്‍ സിഇഒ അജിത് കുമാര്‍ ആ പദവിയില്‍ തുടരാന്‍ യോഗ്യനാണോ അല്ലയോ എന്ന കാര്യം ചാനല്‍ ഉടമസ്ഥരാണ് തീരുമാനിക്കേണ്ടത്. ഒരു പത്രസ്ഥാപനം എങ്ങനെ നടത്തണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇനിയും അജിത്തിനെ വച്ച് തന്നെ പ്രവര്‍ത്തിക്കാനാണ് മംഗളം അധികൃതരുടെ തീരുമാനമെങ്കില്‍ അത് അവരുടെ കാര്യം. പത്രാധിപന്മാരെയും പത്രമുതലാളിമാരെയും സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന വിഷയങ്ങളിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ല.

എന്നാല്‍ ഇവിടുത്തെ പല മാധ്യമസ്ഥാപനങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്നത് അവിടുത്തെ ഉയര്‍ന്ന പദവിയിലുള്ള ചിലയാളുകളുടെ വ്യക്തിതാല്‍പര്യങ്ങള്‍ മൂലമാണ്. താരതമ്യേന വലിയ പാരമ്പര്യമില്ലാത്ത മാധ്യമസ്ഥാപനങ്ങളാണെങ്കില്‍ അത് എളുപ്പത്തില്‍ തകരും. എന്നാല്‍ മനോരമ, മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ ദീര്‍ഘകാല പാരമ്പര്യമുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച് എത്രതെറ്റുകള്‍ സംഭവിച്ചാലും എളുപ്പത്തില്‍ തകരില്ല. ദീര്‍ഘകാലമായി അവയ്ക്കുള്ള പാരമ്പര്യവും നിലനില്‍പ്പും തന്നെയാണ് അതിന് കാരണം. ആരുവിചാരിച്ചാലും ഇത്തരം മാധ്യമങ്ങളെ നശിപ്പിക്കാന്‍ ഒരുപാട് കാലമെടുക്കും.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടല്ലോ? അന്വേഷണം നടക്കട്ടെ. സംശയത്തിന്റെ പേരിലുള്ള ആവശ്യങ്ങളാണ് നമ്മള്‍ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണം നടക്കുമ്പോള്‍ ഇതിന്റെ വസ്തുതകള്‍ അറിയാന്‍ സാധിക്കുമല്ലോ. കുറ്റം മുഴുവന്‍ ആ പെണ്‍കുട്ടിയില്‍ ചാര്‍ത്തപ്പെട്ട കാര്യത്തില്‍ എളുപ്പത്തില്‍ ഒരഭിപ്രായം പറയാന്‍ സാധിക്കില്ല. ഇതൊരു സ്ത്രീ പീഡനക്കേസ് ആണെങ്കില്‍ ആ പെണ്‍കുട്ടി ഒരു ഇരയാണെന്ന് പറയാം. എന്നാല്‍ ഒരു ഗൂഢാലോചനയില്‍ പങ്കെടുത്ത കേസ് ആണെങ്കില്‍ ഇവിടെ ആ കുട്ടി ഇരയല്ല, പകരം ഗൂഢാലോചനയുടെ ഭാഗമാണ്. വസ്തുതകള്‍ പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കൂ.

പെണ്‍കുട്ടി സ്വമേധയാ തയ്യാറായി എന്നാണ് മംഗളം ചാനല്‍ അധികൃതര്‍ പറയുന്നത്. അതുശരിയാണോ അല്ലയോ എന്ന് നമുക്ക് അറിയില്ല. നിരവധി കള്ളങ്ങള്‍ പറഞ്ഞ ചാനല്‍ ആണ് ഈ പറയുന്നത്. ഞങ്ങള്‍ നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി സ്വമേധയാ വന്നതാണെന്നുമാണ് ഇപ്പോള്‍ ചാനല്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും എടുക്കാന്‍ സാധിക്കില്ല. കുറെയേറെ കള്ളങ്ങള്‍ പറഞ്ഞിട്ട് സത്യമാണെന്ന് അവര്‍ അവകാശപ്പെടുന്നതിനെ എങ്ങനെ വിശ്വസിക്കും?

അതേസമയം ഈ വിഷയത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. ഇവിടുത്തെ പ്രധാന പത്രങ്ങളൊന്നും ഇന്നലത്തെ മാപ്പ് അപേക്ഷിച്ച വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കി കണ്ടില്ല. അതെന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍