TopTop
Begin typing your search above and press return to search.

വധശിക്ഷയ്ക്കെതിരെ ഒരു ഗ്രാമം ഒന്നിച്ച കഥ

വധശിക്ഷയ്ക്കെതിരെ ഒരു ഗ്രാമം ഒന്നിച്ച കഥ

2015 ഓഗസ്റ്റ്‌ 16, ഞായര്‍. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ഒന്നാകെ ഒരു സംഭാവന പിരിവിലാണ്. ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും മത സാമുദായിക നേതാക്കളും യുവതി യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം ഈ കൂട്ടായ്മയില്‍ ഒന്നിച്ചിരിക്കുന്നു. സാധാരണ അവധി ദിവസങ്ങളില്‍ സൊറ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരെയോ പത്രം വായിച്ചിരിക്കുന്ന മുതിര്‍ന്നവരെയോ ആരെയും എവിടേയും കണ്ടില്ല. എല്ലാവരും 48.9 ച കി മി വിസ്തീര്‍ണ്ണമുള്ള കടയ്ക്കല്‍ പഞ്ചായത്തിലെ ഓരോ വീടും കയറിയിറങ്ങുകയാണ്. സാധാരണ പിരിവുകാര്‍ ചെല്ലുമ്പോള്‍ മുഖം കറുത്തു സംസാരിക്കുന്ന ജനത്തെയല്ല അവിടെ കാണാന്‍ കഴിയുക. കനിവോടെയും ആത്മസംതൃപ്തിയോടെയും സംഭാവന നല്‍കുന്ന മുഖങ്ങളാണ് എങ്ങും. ഉത്സവത്തിനോ മറ്റാഘോഷങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കൊ അല്ല ഈ സംഭാവന. തങ്ങളുടെ സഹജീവിയുടെ ജീവന്‍ രക്ഷിക്കാനാണ്.

അബുദാബി ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ് സന്തോഷ്‌ എന്ന കടയ്ക്കലുകാരന്‍. ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍ ആയിരുന്ന സന്തോഷ്‌ കൂടെ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിയായ സുബിന്‍ എന്നയാളുടെ കൊലപാതകത്തില്‍ പ്രതിയായിട്ടാണ് ജയിലിലടയ്ക്കപ്പെട്ടത്. 2011 ജൂലൈ 29ന് സുബിന്‍ കുത്തേറ്റു മരിച്ച കേസില്‍ അബുദാബി കോടതി സന്തോഷിനു വധശിക്ഷ വിധിക്കുകയായിരുന്നു. 50 ലക്ഷം നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ മരിച്ച സുബിന്‍റെ കുടുംബം സന്തോഷിനു മാപ്പ് നല്‍കിയതായി രേഖ നല്കാം എന്ന ഉറപ്പ് നല്കിയിട്ടുണ്ട്. രേഖ അബുദാബി കോടതിയില്‍ സമര്‍പ്പിച്ചാല്‍ സന്തോഷിന്റെ വധശിക്ഷ ഇളവു ചെയ്യും. അതിനുള്ള 50 ലക്ഷം രൂപ സമാഹരിക്കാനുള്ള ബദ്ധപ്പാടിലാണ് കടയ്ക്കലിലെ ജനങ്ങള്‍. തൂക്കുകയറില്‍ നിന്നും ഒരു ജീവനെ രക്ഷിക്കാനുള്ള ഒരു നാടിന്റെ ശ്രമം.

സന്തോഷിന്‍റെ കുടുംബം
ആറ്റിങ്ങല്‍ സ്വദേശിയായ സന്തോഷ്‌ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കടയ്ക്കല്‍ എത്തുന്നത്‌. വിവാഹത്തിനു ശേഷം. ഭാര്യ ഷീനയും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പ്രകൃതിയും ഷീനയുടെ പിതാവും അടങ്ങുന്നതാണ് കുടുംബം. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഒരു കുടുംബമാണ് സന്തോഷിന്‍റെത്. കടം കാരണം ആത്മഹത്യയുടെ വക്കില്‍ എത്തിയ അവസരത്തിലാണ് സന്തോഷ് അബുദാബിക്ക് പോകുന്നത്. അവിടെയെത്തി മാസങ്ങള്‍ക്കകം കൊലപാതകക്കേസില്‍പ്പെടുകയായിരുന്നു. സന്തോഷ്‌ കേസില്‍ പെട്ടതോടെ കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന അത്താണി നഷ്ടപ്പെട്ടു. ചെറു പ്രായത്തില്‍ തന്നെ സഹോദരനെയും അര്‍ബുദം രോഗിയായ മാതാവിനെയും നഷ്ടപ്പെട്ടതാണ് ഷീനയ്ക്ക്.


സന്തോഷിന്റെ മകള്‍ പ്രകൃതി

“വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് എന്നുള്ളത് ഇപ്പോഴും അദ്ദേഹത്തിനറിയില്ല. അതുകൊണ്ട് തന്നെ ആദ്യം വിളിക്കുമ്പോഴൊക്കെ കുഴപ്പമില്ല ഉടനെ ശരിയാവും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഞങ്ങള്‍ക്കും മനസ്സിലായിരുന്നില്ല. പിന്നീടാണ് കാര്യങ്ങള്‍ വഷളായി എന്ന് അറിഞ്ഞത്. നേരത്തെ അറിയാഞ്ഞതിനാല്‍ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. വേറൊന്നും വേണ്ട വധശിക്ഷയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കണ്ടാല്‍ മതി, അതേയുള്ളൂ ഇപ്പോഴത്തെ പ്രാര്‍ത്ഥന.” ഷീന കണ്ണീരോടെ പറഞ്ഞു.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പ്രകൃതിക്ക് അവളുടെ അച്ഛന്‍ ജയിലില്‍ ആണെന്ന് ഇപ്പോഴും അറിയില്ല. അവള്‍ അച്ഛനെ കണ്ടിട്ട് വര്‍ഷം നാലായി. ഈ ഓണത്തിനെങ്കിലും അച്ഛനോടൊപ്പമിരുന്ന് ഓണസദ്യ ഉണ്ണാനും അച്ഛന്‍ വാങ്ങിത്തരുന്ന ഓണക്കോടി ഉടുക്കാനും പ്രകൃതി കാത്തിരിക്കുകയാണ്.

“സാമ്പത്തികമായി നല്ല സ്ഥിതിയല്ല സന്തോഷിന്‍റെ കുടുംബത്തിന്‍റെത്. അന്‍പത് ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും അവരുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉണ്ടാക്കാന്‍ പറ്റില്ല. ഇതിനു വേണ്ടി പല കഷ്ടപ്പാടും ഷീന സഹിക്കേണ്ടി വന്നു. ആ കുടുംബത്തിന് ആകെ ഉണ്ടായിരുന്ന തണലായിരുന്നു സന്തോഷ്. അയാള്‍ ജയിലില്‍ ആയതോടെ കുടുംബത്തിന്റെ ചുമതല ഷീനയിലാണ്‌. അവളാകട്ടെ ഭര്‍ത്താവിന്റെ സ്ഥിതി അറിഞ്ഞപ്പോള്‍ മുതല്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. ” ഷീനയുടെയും സന്തോഷിന്റെയും ബന്ധുവും സുഹൃത്തുമായ അരുണ്‍ പറഞ്ഞു.

ഒരു ജീവനു വേണ്ടി ഒരുമിച്ച്
രാഷ്ട്രീയം പലതാണെങ്കിലും സന്തോഷിനു വേണ്ടി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. മാസങ്ങളായി ഇവിടത്തെ ജനങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും 50 ലക്ഷം എന്ന ഈ തുക സമാഹരിക്കാന്‍ ഉള്ള ശ്രമത്തിലാണ്. സഹായം അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കാം എന്ന് അദ്ദേഹം വാഗ്ദാനം ലഭിക്കുകയുണ്ടായി. കൂടാതെ വിവരം അറിഞ്ഞ ചില പ്രവാസികള്‍, സംഘടനകള്‍ എന്നിവരും സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ബാക്കി തുക സമാഹരിക്കാനാണ് ഓഗസ്റ്റ് 16ന് പല സംഘങ്ങളായി ഇവര്‍ പഞ്ചായത്തിലെ വീടുകള്‍ മുഴുവന്‍ സന്ദര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, മറ്റു പഞ്ചായത്ത് അംഗങ്ങള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന ഒരു സംഘമാണ് ഈ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്.


സംഭാവന പിരിവില്‍ കടയ്ക്കല്‍ നിവാസികള്‍

സാമൂഹ്യപ്രവര്‍ത്തകനും സിപിഐഎം ജില്ലാ കമ്മറ്റി അംഗവും ആയ എസ് വിക്രമന്‍ ഈ വിഷയം സംബന്ധിച്ച് മരിച്ച സുബിന്‍റെ വീട്ടുകാരുമായി ബന്ധപ്പെവരില്‍ ഒരാളാണ്. "മരിച്ചയാളിന്റെ ജീവനു പകരമാവില്ല ഒന്നും. ഒരു ജീവനു പകരം മറ്റൊന്ന് നല്‍കിയാലും അതില്‍ മാറ്റം ഉണ്ടാവില്ല. ആ കുടുംബത്തിനു നഷ്ടപ്പെട്ടത് അവരുടെ ആശ്രയമാണ്. അത് പോലെ തന്നെയാണ് സന്തോഷിന്റെയും കുടുംബം. അയാള്‍ മരിക്കുമ്പോള്‍ മറ്റൊരു കുടുംബം കൂടി അനാഥമാകും. അതൊഴിവാക്കാന്‍ ആണിപ്പോള്‍ ഇവിടെയുള്ളവര്‍ ഒരുമിച്ചത്. എല്ലാവര്‍ക്കും ചെയ്യുന്ന പ്രവര്‍ത്തിയുടെ പ്രാധാന്യം അറിയാം. അതുകൊണ്ട് തന്നെ എല്ലാവരും,സംഭാവന വാങ്ങാന്‍ ചെല്ലുന്നവരും അത് നല്‍കുന്നവരും ഇതില്‍ ഭാഗഭാക്കാവുന്നു.” വിക്രമന്‍ പറഞ്ഞു.

ഈ വിഷയം സോഷ്യല്‍ മീഡിയ വഴി ലോകമറിയാന്‍ കാരണക്കാരില്‍ ഒരാളായ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ സനു പറയുന്നു. “സന്തോഷ്‌ അല്ല ഈ കുറ്റം ചെയ്തത് എന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഒന്നുമില്ല ആരുടെ കൈയ്യിലും. അതിനാല്‍ നിരപരാധിയാണോ അല്ലയോ എന്നൊന്നും അറിയാനാവില്ല. ഒരു ജീവന്‍റെ കാര്യമല്ലേ. സന്തോഷ്‌ മരിച്ചാലും സുബിന്‍റെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ പറ്റില്ലലോ. ആകെ ചെയ്യാന്‍ പറ്റുന്നത് ഇതാണ്. ഇപ്പോള്‍ ഞങ്ങള്‍ വേറൊന്നും നോക്കുന്നില്ല ആവശ്യമുള്ള തുക സമാഹരിക്കുകയാണ് ലക്ഷ്യം. പല രീതിയിലും ഒത്തുതീര്‍പ്പിന് ശ്രമം നടന്നിരുന്നു. അവസാനം സുബിന്‍റെ പള്ളിവഴി നടത്തിയ ഒത്തുതീര്‍പ്പിന് സുബിന്‍റെ കുടുംബം തയ്യാറാവുകയായിരുന്നു. ഇപ്പോള്‍ നിരവധി ആള്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. അവരിലേക്ക്‌ ഈ കുടുംബത്തെ പറ്റിയും അവരുടെ അവസ്ഥയെപ്പറ്റിയും ഉള്ള വിവരങ്ങള്‍ എത്തിക്കുകയായിരുന്നു ആദ്യപടി. ഇപ്പോള്‍ വ്യാപാരി വ്യവസായി സംഘടന, പ്രവാസി സംഘടനകള്‍ മറ്റു സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഈ തുകയിലേക്ക് അവരുടെ സംഭാവന നല്‍കിയിട്ടുണ്ട്.”

സെപ്തംബര്‍ എഴാം തീയതിക്ക് മുന്‍പ് തുക സമാഹരിക്കുക എന്ന വെല്ലുവിളിയാണ് കടയ്ക്കല്‍ ജനത ഏറ്റെടുത്തിരിക്കുന്നത്. തുകയുടെ നല്ലൊരു ഭാഗം ഇപ്പോള്‍ തന്നെ അവര്‍ അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. പറഞ്ഞ തീയതിക്ക് മുന്‍പ് തന്നെ ബാക്കി തുകയും സമാഹരിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. സന്തോഷ് ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന ശുഭ പ്രതീക്ഷയിലാണ് അയാളുടെ കുടുംബം.

സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്

ഫെഡറല്‍ ബാങ്ക് കടയ്ക്കല്‍ ശാഖ
ജോയിന്‍റ് അക്കൌണ്ട് നമ്പര്‍: 10570100232974
ഐഎഫ്എസ്സി കോഡ്‌:FDRL 0001057

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories