എന്റര്‍പ്രൈസ് മൊബിലിറ്റി, ഐഒടി മാനേജുമെന്റ് സൊല്യൂഷന് രംഗത്തെ പ്രമുഖ സേവന ദാതാവായ സോട്ടി, ബി.ഇ, ബി.ടെക്, എം.ടെക്, എം.എസ്.സി, എം.സി.എ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി വെര്‍ച്വല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ഈ മാസം നടക്കുന്ന കാമ്പയിനില്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകള്‍ നിന്നുമുള്ള 20,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്റേണ്‍ഷിപ്, ഫുള്‍ടൈം ഡെവലപ്പര്‍ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കുകയെന്ന് സ്ഥാപന അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാകും റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുക. ആദ്യഘട്ടത്തില്‍ ഓഗസ്റ്റ് അഞ്ചിന് രാത്രി 7:00 മുതല്‍ 8:30 വരെ ''സൗത്ത് ഇന്ത്യ വെര്‍ച്വല്‍ റോഡ്ഷോ 2020' നടക്കും. ഇതിലൂടെ രജിസ്റ്റര്‍ ചെയ്ത എല്ലാ കോളേജുകള്‍ക്കും സോട്ടിയെക്കുറിച്ചുള്ള വിശദമായ ഓറിയന്റേഷനും കമ്പനിയുടെ മുന്‍നിര നേതാക്കളുടെ അവതരണങ്ങളും ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് കമ്പനി എക്സിക്യൂട്ടീവുകളുമായി അഭിമുഖവും നടത്തപ്പെടും.
ബി.ഇ, ബിടെക്, എം.ഇ, എം.ടെക്, എം.എസ് സി എംസിഎ വിദ്യാര്‍ത്ഥികള്‍ക്കുള്ള സോട്ടിയുടെ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ആറുമാസത്തേക്കാണ്. കൂടാതെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.പ്രവര്‍ത്തിപരിചയം കൂടാതെ കമ്പനിയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7,00,000 രൂപയുടെ ശമ്പള പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കോഡിംഗില്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് യോഗ്യതകള്‍ പരിഗണിക്കാതെ തന്നെ റിക്രൂട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://soti.net/india സന്ദര്‍ശിക്കുക.