TopTop
Begin typing your search above and press return to search.

ടോംസിനോട് മനോരമ ചെയ്തത് ചരിത്രം പൊറുക്കില്ല

ടോംസിനോട് മനോരമ ചെയ്തത് ചരിത്രം പൊറുക്കില്ല

കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ മരണത്തില്‍ പോലും മലയാള മനോരമയ്ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന നീരസം വ്യക്തമാക്കപ്പെടുന്നുണ്ടോ? ഇന്ത്യയിലെ എല്ലാ പത്രങ്ങള്‍ക്കുവേണ്ടിക്കൂടി തങ്ങള്‍ കേസു നടത്തി വിജയിച്ചെന്ന തരത്തില്‍ ടോംസിന്റെ മരണവാര്‍ത്തയില്‍ പോലും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് മനോരമ. യഥാര്‍ത്ഥത്തില്‍ ചരിത്രം മാപ്പു കൊടുക്കാത്ത തെറ്റാണ് ടോംസ് എന്ന കലാകാരനോട്. ആ പത്രം ചെയ്തതെന്നാണ് റോയ് മാത്യു എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. മനോരമ മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം കലാകാരന്മാരും ആ സന്നിഗ്ദ ഘട്ടത്തില്‍ ടോംസ് എന്ന പാവം മനുഷ്യനെ അവഗണിക്കുകയായിരുന്നു. ഇടതുപക്ഷാഭിമുഖ്യമുള്ളവര്‍ പോലും മനോരമയെ സന്തോഷിപ്പിക്കാനാണ് നോക്കിയത്. ടോംസും മനോരമയും തമ്മിലുള്ള പ്രശ്‌നം കലൗകൗമുദിയിലുടെ സമൂഹത്തിനു മുന്നില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത റോയ് മാത്യു, തുടര്‍ന്ന് ഈ വിഷയത്തില്‍ ടോംസിനു പിന്തുണ കൊടുക്കാന്‍ പലരെയും സമീപിച്ചു. കാര്‍ട്ടൂണ്‍ അക്കാദമിയാകട്ടെ അതിലെ അംഗം കൂടിയായ ടോംസിനുവേണ്ടി ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കലൗകൗമുദി എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ എന്നിവരും പിന്നെ കേരള കൗമുദി പത്രവുമാണ് ടോംസിനുവേണ്ടി സംസാരിച്ചതും നിലപാടെടുത്തതെന്നും റോയ് മാത്യു പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

1987 ജൂണ്‍.

പത്രപ്രവര്‍ത്തനം എന്റെ തലയ്ക്ക് പിടിച്ചു നടക്കുന്ന കാലം. ഒ.വി.വിജയന്റെ കളരിയില്‍ നിന്ന് നേരെ തിരുവനന്തപുരത്ത് എത്തിയ കാലം. എന്റെ അച്ഛന്‍ അക്കാലത്ത് ജംഷഡ്പുരിലെ ടിസ്‌കൊ കമ്പിനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹത്തെ യാത്ര അയക്കാന്‍ ഞാന്‍ ഒരു ദിവസം കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ പോയി. മദ്രാസ് മെയില്‍ വരാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കയായിരുന്നു.

എന്റെ തൊട്ടടുത്തു നിന്ന രണ്ട് യുവാക്കള്‍ പലതും സംസാരിക്കുന്നതിനിടയില്‍ അവരുടെ സംസാരം പതുക്കെ അക്കാലത്ത് മാര്‍ക്കറ്റിലിറങ്ങിയ ബോബനും മോളിയും വാരികയെക്കുറിച്ചായിരുന്നു.

അതിലെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞവര്‍ ചിരിക്കുന്നു ഒപ്പം ചില സംഭവങ്ങളെക്കുറിച്ച് വാദിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാള്‍ പറഞ്ഞു നിനക്കറിയാമോ മനോരമ ആഴ്ചപ്പതിപ്പില്‍ ഇപ്പൊ വരയ്ക്കുന്നത് ടോംസല്ല, അയാള്‍ക്കു പകരം വേറാരോ ആണ് മനോരമയില്‍ ജോലി ചെയ്യുന്ന നമ്മുടെ മറ്റെ അച്ചായനാ ഇക്കാര്യം പറഞ്ഞത്.

ഒരു മിന്നായം പോലെ ഈ വാര്‍ത്ത എന്റെ തലയില്‍ തറച്ചു.

അധികം താമസിയാതെ ട്രെയിന്‍ വന്നു. അച്ഛനെ യാത്രയാക്കി സ്‌റ്റേഷനില്‍ നിന്ന് പുറത്തു ചാടി ഞാന്‍ നേരെ ഒരു STD ബൂത്തില്‍ കേറി കലാകൗമുദി എഡിറ്റര്‍ ജയചന്ദ്രന്‍ സാറിനെ വിളിച്ചു കാര്യം പറഞ്ഞു സംഭവം നേരാണോ എന്ന് നീ നേരിട്ട് പോയി അന്വേഷിക്ക്. ടോംസ് സംസാരിക്കാന്‍ റെഡിയാണെങ്കാല്‍ നമുക്ക് വാര്‍ത്ത അടിക്കാം എന്നായിരുന്നു സാറിന്റെ മറുപടി. പിറ്റേന്ന് രാവിലെ എട്ടു മണിക്കുള്ള ഗോമതി ബസില്‍ മക്കപ്പുഴ നിന്ന് വണ്ടി കേറി കോട്ടയത്തെത്തി ടോംസിന്റെ വീടു കണ്ടു പിടിച്ചു. അസ്വസ്ഥനായി വീട്ടിനുള്ളില്‍ ഉലാത്തുന്ന ടോംസിനെയാണ് ഞാനന്ന് കണ്ടത്.

ഞാനാരാ, എന്താ ഉദ്ദേശം, എന്നൊക്കെ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ഞാന്‍ വല്ല മനോരമ ചാരനാണൊ എന്നറിയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

മനോരമയില്‍ താന്‍ അക്കാലത്ത് അനുഭവിച്ച പീഡനങ്ങള്‍, ഒറ്റപ്പെടലുകള്‍, സഹപ്രവര്‍ത്തകരുടെ വഞ്ചന ഇങ്ങനെ എല്ലാ കാര്യവും അദ്ദേഹം വേദനയോടെ പങ്കുവെച്ചു.ആദ്യം കവര്‍ സ്‌റ്റോറിയായി അടിക്കാനായിരുന്നു ജയചന്ദ്രന്‍ സാറിന്റെ തീരുമാനം. കവര്‍ സ്‌റ്റോറിയാക്കിയാല്‍ നമ്മള്‍ മനോരമയുടെ ഉള്ളിലെ ഒരു വിഷയം ആഘോഷിച്ചു എന്നൊരു ആരോപണം വന്നേക്കാം. അതു കൊണ്ട് ഒരു വാര്‍ത്തയാക്കാം., എന്നിട്ട് നമുക്ക് മനോരമയുടെ റിയാക്ഷന്‍ നോക്കാം എന്നായിരുന്നു കലാകൗമുദിയുടെ ഉടമയായ മണി സാറിന്റെ (എം എസ് മണി) നിര്‍ദ്ദേശം. ആ തീരുമാനം ശരിയായിരുന്നു.

'ഒരു കാര്‍ട്ടൂണിസ്റ്റ് കുരിശില്‍' എന്ന തലക്കെട്ടൊടെ എന്റെ ഫീച്ചര്‍ അച്ചടിച്ചു വന്നു. അക്കാലത്ത് കലാകൗമുദിക്ക് ഏതാണ്ട് ഒരു ലക്ഷം സര്‍ക്കുലേഷനും മികച്ച അംഗീകാരവും മാന്യതയും ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള വാരികയായിരുന്നു. കലാകൗമുദി !

ബോബനും മോളിയും കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കന്നത് നന്നായിരിക്കുമെന്ന നിര്‍ദ്ദേശം വച്ചത് എം പി നാരായണപിള്ളയായിരുന്നു ടോംസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ ഞാനും ജയന്‍ സാറും കൂടി കോട്ടയത്തു പോയി. ടോംസിന് അക്കാര്യത്തില്‍ നൂറ് വട്ടം സമ്മതമായിരുന്നു. പിറ്റെ ആഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങാമെന്ന് ജയന്‍ സാറ് വാക്കു കൊടുത്തു. ഞങ്ങള്‍ കോട്ടയത്തു നിന്ന് മടങ്ങി.

രണ്ട് ദിവസം കഴിഞ്ഞ് ടോംസിന്റെ കാര്‍ട്ടൂണ്‍ കൊറിയറിലെത്തി. മനോരമ വാരികയിലേതു പോലെ കലാകൗമുദിയുടെ അവസാന പേജില്‍ തന്നെ ബോബനും മോളിയും തുടങ്ങാമെന്ന് തീരുമാനിച്ചു. ആ ദിവസങ്ങളില്‍ മനോരമ വാരികയില്‍ ഏതോ വ്യാജനെ ഉപയോഗിച്ച് ബോബനും മോളിയും വരപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ടോംസിന്റെ ബോബനും മോളിയും എന്ന തലക്കെട്ടോടെ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. വാരിക തിങ്കളാഴ്ച മാര്‍ക്കറ്റിലിറങ്ങി. വ്യാഴാഴ്ച മനോരമയുടെ വക്കീല്‍ നോട്ടീസെത്തി. പകര്‍പ്പവകാശ ലംഘനം ആരോപിച്ചായിരുന്നു അഡ്വ. കെ പി ദണ്ഡപാണിയുടെ (ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍) നോട്ടീസ്. ടോംസിന്റെ ബോബനും മോളിയും കലാകൗമുദി പ്രസിദ്ധീകരിക്കുന്നതിനെതിരെ മനോരമ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് താല്‍ക്കാലിക നിരോധന ഉത്തരവ് സമ്പാദിച്ചിരുന്നു. പിന്നീട് ഹൈക്കൊടതി ആ ഉത്തരവ് റദ്ദാക്കി.

ടോംസിനോട് മനോരമ കാണിച്ച വഞ്ചനക്കെതിരെ ആഞ്ഞടിക്കാന്‍ കലാകൗമുദി തീരുമാനിച്ചു. നട്ടെല്ലുള്ള ഒരു പത്രമുതലാളിയും ആര്‍ജവമുള്ള ഒരു പത്രാധിപരുമായിരുന്നു കലാകൗമുദിക്ക് അന്നുണ്ടായിരുന്നത്. ടോംസിന്റ പ്രശ്നം അടിസ്ഥാനമാക്കി കലാകൗമുദി ഒരു പ്രത്യേക പതിപ്പിറക്കി.

സാഹിത്യകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, നിയമജ്ഞര്‍, എന്നിവര്‍ക്കു പുറമെ ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ അബു ഏബ്രഹാം, സുധീര്‍ ധര്‍, സാമുവേല്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമഗ്ര പതിപ്പ് പുറത്തിറക്കി. പകര്‍പ്പവകാശ വിഷയത്തെക്കുറിച്ച് ഇന്ത്യയില്‍ നടന്ന ചര്‍ച്ചയായിരുന്നു അത്. ടോംസിന് അനുകൂലമായി അഭിപ്രായം പറഞ്ഞ പന്തളം സുധാകരന്‍, മാത്യു സ്റ്റീഫന്‍ തുടങ്ങിയ യു ഡി എഫ് എം എല്‍ എ മാര്‍ക്ക് മനോരമയില്‍ ഒരു പാട് കാലം അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.ഈ പ്രത്യേക പതിപ്പില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ അമേരിക്കയില്‍ നടന്ന സമാനമായ കാര്‍ട്ടണ്‍ പകര്‍പ്പവകാശ തര്‍ക്കത്തെ ക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് പകര്‍പ്പവകാശ നിയമത്തെക്കുറിച്ച് അക്കാലത്ത് വലിയ പിടിപാടില്ലായിരുന്നു. പോളിന് ഇക്കാര്യത്തിലുള്ള അറിവ് മനസിലാക്കിയ ജയന്‍ സാറ് കേസ് നടത്തിപ്പ് അദ്ദേഹത്തെ ഏല്‍പ്പിച്ചു. കലാകൗമുദിയുടെ ഈ പ്രത്യേക പതിപ്പ് മനോരമ വ്യാപകമായി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കൂട്ടി കത്തിച്ചു. മനോരമയുടെ ഈ നീക്കമറിഞ്ഞ കൗമുദി മാനെജ്‌മെന്റ് കേരളകൗമുദി പത്രത്തില്‍ വിശദമായ വാര്‍ത്ത എഴുതി. എം എസ്. മണിയായിരുന്നു അന്ന് കേരളകൗമുദിയുടെ എഡിറ്റര്‍. കേരളകൗമുദിയേക്കാള്‍ ആയിരം മടങ്ങ് സര്‍ക്കുലേഷന്‍ ഉള്ള മനോരമ പത്രം കലാകൗമുദിയില്‍ വന്ന പ്രതികരണങ്ങളിലും വാര്‍ത്തകളിലും ഞെട്ടി വിറച്ചു നാണം കെട്ടു . പകര്‍പ്പവകാശ നിയമത്തിന്റെ പേരില്‍ നടന്ന കേസില്‍ കോട്ടയം സബ് കോടതി യിലെ ജഡ്ജിയായിരുന്ന ഗോവിന്ദന്‍ മനോരമക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഈ ഗോവിന്ദനെ അഴിമതി ആരോപണത്തിന്റെ പേരില്‍ പിന്നീട് ഹൈക്കോടതി പിരിച്ചുവിട്ടു. തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച ഒരു കോടതി വിധിയെ പിടിച്ച് മനോരമ ഏതാണ്ടൊരു ഔദാര്യം പോലെ ബോബനും മോളിയുടെ പകര്‍പ്പവകാശം ടോംസിന് വിട്ടുകൊടുത്ത് കേസിന്റെ നൂലാമാലകളില്‍ നിന്നൊഴിവായി. കെ.എം. മാത്യുവെന്ന ബുദ്ധിമാനായ പത്രാധിപരുടെ തന്ത്രപരമായ നീക്കമായിരുന്നു ഈ ഇഷ്ടദാനം! സുപ്രീം കോടതി വരെ പോയാലും തങ്ങള്‍ക്കനുകൂലമായ വിധി കിട്ടില്ലെന്ന തിരിച്ചറിവായിരുന്നു ഈ ദാനത്തിന്റെ പിന്നിലുണ്ടായിരുന്നത്.

നിര്‍മ്മലനും സാധുവുമായ ഒരു കലാകാരനോട് മനോരമ കാണിച്ച നെറികേടിനൊട് ചരിത്രം ഒരിക്കലും പൊറുക്കില്ല. ഈ വൈരാഗ്യം മനസില്‍ കിടക്കുന്നതു കൊണ്ടാവാം മാത്തുക്കുട്ടിച്ചായന്റെ (കെ. എം. മാത്യു) പിന്‍ തലമുറക്കാര്‍ ടോംസിനെക്കുറിച്ച് മാന്യമായൊരു ചരമക്കുറിപ്പു പോലും എഴുതാതെ അവരുടെ ഇഷ്ടദാനത്തെക്കുറിച്ച് മാത്രം പത്രത്തില്‍ പാടിപ്പുകഴ്ത്തിയത്. മനോരമ ടോംസിനെ എത്രകണ്ട് തമസ്‌കരിച്ചാലും മലയാളികളുടെ മനസില്‍ നക്ഷത്രമായി ടോംസ് ജീവിക്കും. ലോകവസാനംവരേക്കും നമ്മെ ചിരിപ്പിക്കാനുള്ള നര്‍മം വിതറി സ്വര്‍ഗത്തിലേക്ക് നടന്നു പോയ ടോംസ് ചിരിയുടെ തമ്പുരാന്‍ തന്നെയാണ്.'

( മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് റോയ് മാത്യു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories