ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് സേനയുടെ കുതിരയെ ആക്രമിച്ച ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

പോലീസ് സേനയുടെ കുതിരയെ ആക്രമിച്ച ബിജെപി മുസ്സൂറി എംഎല്‍എ ഗണേഷ് ജോഷിയ്ക്കെതിരെ കേസ്. മൃഗ സംരക്ഷണ നിയമത്തിലെ 429മത്തെ വകുപ്പ്, ഐപിസി 188 (കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്  കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡ്‌ ഭരിക്കുന്ന കോണ്ഗ്രസിനെതിരെ ബിജെപി നടത്തിയ ജാഥയ്ക്കിടയിലാണ് ബിജെപി എം എല്‍എ സംസ്ഥാന പോലീസിന്റെ കുതിരയെ ലാത്തി കൊണ്ട് ആക്രമിച്ചത്. അസംബ്ലിക്കു സമീപം ജാഥയായി വന്നവരെ പോലീസ് തടഞ്ഞപ്പോള്‍  ലാത്തി പിടിച്ചു വാങ്ങി കുതിരയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ഗണേഷ് ജോഷിയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും. ഒന്നിലധികം ഒടിവുകള്‍ ഉള്ള കാല്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ മൃഗ ഡോക്ടര്‍മാരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമേ ശാസ്ത്രക്രിയ നടക്കുകയുള്ളൂ എന്നും അവര്‍ അറിയിച്ചു.

എന്നാല്‍ കുതിരയുടെ കാല്‍ ഒടിഞ്ഞത് പാതവക്കിലുള്ള ഇരുമ്പു കമ്പികളില്‍ കുരുങ്ങിയാണെന്നും താന്‍ മര്‍ദ്ദിച്ചിട്ടല്ല എന്നും ഗണേഷ് ജോഷി ആരോപിക്കുന്നു. സമാധാനപരമായി നടന്ന ജാഥയില്‍ പോലീസ് നടത്തിയ ഇടപെടലാണ് ഇത്തരം ഒരു സംഭവമുണ്ടാവാന്‍ കാരണം എന്നും എംഎല്‍എ പറഞ്ഞു. സമരം അടിച്ചമര്‍ത്താന്‍ പോലീസ് ലാത്തിയും കുതിരകളെയും ഉപയോഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു എന്നും അപ്പോള്‍ ഉദ്യോഗസ്ഥനില്‍ നിന്നും പിടിച്ചു വാങ്ങിയ ലാത്തി ഉപയോഗിച്ച് മൃഗത്തെ തടയുകയാണ് ഉണ്ടായത് എന്ന് എംഎല്‍എ അവകാശപ്പെടുന്നു. എന്നാല്‍ എംഎല്‍എയുടെ വാദം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സംഭവത്തിന്റെ വീഡിയോ ഫൂട്ടേജ് തങ്ങളുടെ പക്കലുണ്ടെന്നും സിറ്റി പോലീസ് മേധാവി അജയ് സിംഗ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍