TopTop
Begin typing your search above and press return to search.

ജീവിതം കാര്‍ഡിലേക്ക് മാറ്റാം; പക്ഷേ അതിന്റെ പേരില്‍ പിഴിയില്ലെന്ന് എന്താണുറപ്പ്?

ജീവിതം കാര്‍ഡിലേക്ക് മാറ്റാം; പക്ഷേ അതിന്റെ പേരില്‍ പിഴിയില്ലെന്ന് എന്താണുറപ്പ്?

കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 കറന്‍സി പിന്‍വലിക്കലിന്റെ ഭാഗമായ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. നടപ്പിലാക്കല്‍ അവതാളത്തിലായെങ്കില്‍ക്കൂടി, കള്ളനോട്ട് തടയാന്‍ നടപടി ഉപകരിക്കും എന്നായിരുന്നു പ്രാഥമിക നിരീക്ഷണം. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ് 'നിങ്ങള്‍ക്ക് എല്ലാം പ്ലാസ്റ്റിക് പൈസയിലേക്കു മാറിക്കൂടെ?' എന്നത്.

ക്യാഷ് ലെസ്സി(Cashless) നോട് ഒരു വിരോധവുമില്ല, കൂടാതെ ക്യാഷ് ലെസ്സ് കുറെ സൗകര്യങ്ങളും തരുന്നുണ്ട്; കൂടുതല്‍ പൈസ സൂക്ഷിക്കേണ്ടതില്ല, എത്ര, എന്തിനു ചിലവാക്കി എന്നിങ്ങനെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ അറിയാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരവില്‍ കവിഞ്ഞ സമ്പാദ്യങ്ങളോ, ഇടപാടുകളോ ആരെങ്കിലും നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സാധിക്കും. ഏതൊക്കെ മേഖലകളാണ് പണം കൂടുതല്‍ ചിലവഴിക്കപ്പെടുന്നത് എന്ന വിവരം ബിസിനസ് ഹൌസുകള്‍ക്കും നയരൂപീകരണം നടത്തുന്നവര്‍ക്കും ഒക്കെ ലഭിക്കും. പണം സ്വീകരിക്കുന്ന ആള്‍ നികുതി അടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും... അങ്ങനെ ഒത്തിരിയേറെ സൗകര്യങ്ങള്‍.


പക്ഷെ ഒരു കാര്യമുണ്ട്; ഉപയോഗിക്കുന്നതിന്റെ വില (cost of use): അതായത് കാര്‍ഡ് ഉപയോഗിച്ചാല്‍ ഈടാക്കപ്പെടുന്ന ചാര്‍ജുകള്‍, നികുതികള്‍ എന്നിവ ക്യാഷിനു തുല്യമോ കുറവോ ആകണം.

ഇന്നെന്താണ് സ്ഥിതി? മിക്കവാറും വ്യാപാരികള്‍ ട്രാന്‍സാക്ഷന്‍ ഫീസ് എന്ന ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നു. നേരിട്ട് ആവണം എന്നില്ല. സാധ്യമായ ഡിസ്‌കൗണ്ട് കുറച്ചും, സാധനത്തിന്റെ ബില്ലിംഗ് വില സ്വല്പം ഉയര്‍ത്തിയും എല്ലാം ഈ കാര്യം സാധിക്കുന്നു. 'സാര്‍ കാശായി തരുകയാണെങ്കില്‍ പരമാവധി ഡിസ്‌കൗണ്ട് തരാം' എന്ന വാചകം മിക്ക ഉപഭോക്താക്കളും കേട്ടിട്ടുണ്ടാവും. ആര്‍ബിഐ 2013-ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത് ട്രാന്‍സാക്ഷന്‍ ഫീ എന്നത് ഈടാക്കികൂടാ എന്ന് തന്നെയാണ്. പക്ഷെ ഇന്നും അത് പരോക്ഷമായി തുടരുന്നു (http://www.thehindubusinessline.com/money-and-banking/debit-card-users-beware-the-transaction-fee/article7421979.ece)

പൂര്‍ണ്ണമായും സൗജന്യമായ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് നടക്കും എന്നാണ് സര്‍ക്കാരിനടുത്ത വൃത്തങ്ങള്‍ പറയുന്നത് പക്ഷേ സംശയം ഒഴിയുന്നില്ല. അത് നടക്കുമോ? വിശ്വസിക്കാമോ?

ഒരു പഴയ കഥ പറയാം; ആളുകളുടെയും ബാങ്കിന്റെയും സൗകര്യപ്രകാരമാണ് എടിഎമ്മുകള്‍ തുടങ്ങിയത്. അത്രമാത്രം സ്റ്റാഫിന്റെ ചാര്‍ജ്, അനുബന്ധ സൗകര്യങ്ങളുടെ വില എന്നിവയാണ് ബാങ്കിന് ലാഭമായത്. ആദ്യം അധികം ചാര്‍ജുണ്ടായില്ല. എടിഎം കാര്‍ഡുകളും എടിഎമ്മുകളും വ്യാപകമായി. ആളുകള്‍ക്കും സൗകര്യം, എല്ലാരും ഉപയോഗിക്കാന്‍ തുടങ്ങി.


താമസിയാതെ ചാര്‍ജുകളും തുടങ്ങി.

വാര്‍ഷിക ചാര്‍ജ്, മറ്റ് എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ ചാര്‍ജ്, മാസത്തില്‍ നിശ്ചിത തവണയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ചാര്‍ജ്, എസ് എം എസ് ചാര്‍ജ്, പെട്രോളടിച്ചാല്‍ സര്‍ ചാര്‍ജ്, പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്താല്‍ ചാര്‍ജ് അങ്ങനെ എല്ലാ വഴിക്കും പിഴിയാന്‍ തുടങ്ങി.

ഉദാഹരണം: എടിഎം കാര്‍ഡിന് 175 രൂപയാണ് എസ് ബി ടി ഈ വര്‍ഷം ഈടാക്കിയത്. എസ് എം എസിനു മൂന്നു മാസം കൂടുമ്പോള്‍ 30 രൂപയാണ് ഈടാക്കുന്നത്. ഒരു പ്രീമിയം അല്ലാത്ത അക്കൗണ്ട് നിലനിര്‍ത്താന്‍ 300 രൂപയോളം ബാങ്കിലേക്ക് വര്‍ഷം കൊടുക്കേണ്ട അവസ്ഥയാണ്.

ഇതേ ആശങ്കയാണ് ക്യാഷ്‌ലെസ്സിലും സാധാരണ ജനത്തിന് ഉള്ളതെന്ന് ദയവു ചെയ്തു മനസിലാക്കുക. അതായത് ഇപ്പോള്‍ പരോക്ഷമായി ഈടാക്കുന്ന ചാര്‍ജ് കൂടാതെ നികുതി വരുമോ? അതായത് ഓരോ ഇടപാടിനും നികുതി? കൂടാതെ ഇപ്പോള്‍ ചുമത്തി വരുന്ന സെസ്സുകള്‍ ഇതിനു വരുമോ? ചുരുക്കിപ്പറഞ്ഞാല്‍ ഈ ഇടപാടുകളെ ഒരു വരുമാന സ്രോതസ്സായി സര്‍ക്കാരും ബാങ്കുകളും കാണുമോ എന്നതാണ് ആശങ്ക.

ഉപയോഗിക്കുന്നതിനു കൊടുക്കേണ്ട വില കുറയാതെ ക്യാഷ്‌ലെസ്സ് വ്യാപകമാകാനും പോകുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ബിഐ കൃത്യമായ നടപടികളിലൂടെ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ആയതിലെ ചൂഷണം ഒഴിവാക്കുകയും വേണം. പിഓഎസ് ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് പ്രോത്സാഹനം, കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താവിന് ഡിസ്‌കൗണ്ട് അങ്ങനെ കുറച്ചു പൊടിക്കൈകളും വേണ്ടി വരും.

കാര്‍ഡ് ഉപയോഗിക്കാനുള്ള ഇടങ്ങളുടെ ലഭ്യത (availability), സുരക്ഷ (security), ഉപയോഗിക്കാനുള്ള എളുപ്പം (accessibility) എന്നിവ ഉറപ്പാക്കുക കൂടി ചെയ്താല്‍ കുറെ കൂടി കാര്‍ഡ് ഉപയോഗം നടക്കും, അല്ലെങ്കില്‍ ജനം ക്യാഷ് തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories