TopTop
Begin typing your search above and press return to search.

ഭക്ഷണം വാങ്ങാന്‍ കാശില്ല; നോട്ട് നിരോധനത്തില്‍ വലഞ്ഞ് വെനിസ്വേലക്കാര്‍

ഭക്ഷണം വാങ്ങാന്‍ കാശില്ല; നോട്ട് നിരോധനത്തില്‍ വലഞ്ഞ് വെനിസ്വേലക്കാര്‍
വെനിസ്വേലയുടെ കറന്‍സി നോട്ട് നിരോധനം സ്വാഭാവികമായും ഇന്ത്യയില്‍ വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയായിരുന്നു. മോദി സര്‍ക്കാരിന്‌റെ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവര്‍ ഇത് ആയുധമാക്കിയിരുന്നു. പ്രത്യേകിച്ചും ഒരു ഇടതുപക്ഷ ഗവണ്‍മെന്‌റ് ഭരിക്കുന്ന വെനിസ്വേല ഇത്തരമൊരു തീരുമാനം എടുത്തു എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സംഘപരിവാര്‍ അനുഭാവികളും അല്ലാത്തവരുമായ ഡീമണിറ്റൈസേഷന്‍ അനുകൂലികള്‍ ഇക്കാര്യം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കിയത്. എന്നാല്‍ 100 ബോളിവര്‍ മൂല്യമുള്ള കറന്‍സി നോട്ട് അസാധുവാക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റി വയ്ക്കുന്നതായി പ്രസിഡന്‌റ് നിക്കോളാസ് മഡൂറോ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നു.

ശക്തമായ ജനകീയ പ്രതിഷേധം തന്നെയാണ് തീരുമാനം പിന്‍വലിക്കാന്‍ മഡൂറോ ഗവണ്‍മെന്‌റിനെ നിര്‍ബന്ധിതരാക്കിയത്. ജനുവരിയില്‍ വീണ്ടും നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് മഡൂറോ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടറിയണം. എണ്ണയില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞ വെനിസ്വേല കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാണ് വരുത്തി വച്ചത്. ഭക്ഷണത്തിനും ഇന്ധനമായ ഗാസോലിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. നോട്ട് നിരോധനം വന്നതോടെ ഭക്ഷണം വാങ്ങാന്‍ ആളുകളുടെ കയ്യില്‍ കാശില്ല. സഹികെട്ട ചിലര്‍ ബാങ്കുകളും കടകളും കൊള്ളയടിക്കുകയാണ്. ഗവണ്‍മെന്‌റിന്‌റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഖനന മേഖലയായ എല്‍ കല്ലാലോയില്‍ 14 വയസുകാരനാണ് ഒരു കൊള്ള ശ്രമത്തിനിടെയുണ്ടായ വെടിവയ്പില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.


boliver

100 ബോളിവറിന്‌റെ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ അസാധുവായിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റി വച്ച ഗവണ്‍മെന്‌റ് ജനുവരി രണ്ട് വരെ ഈ നോട്ട് ഉപയോഗിക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. ക്രിസ്മസ് അടുത്ത സാഹചര്യത്തില്‍ നിലവില്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേലക്കാര്‍ക്ക് നോട്ട് നിരോധനം വലിയ അടിയായിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തരവാദിയായ പ്രസിഡന്‌റ് നിക്കോളാസ് മഡൂറോ രാജി വച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. സാമ്പത്തിക മാനേജ്‌മെന്‌റില്‍ സമ്പൂര്‍ണ പരാജയമായി വിഡ്ഢിത്തം മാത്രം കൈമുതലായുള്ള ഗവണ്‍മെന്‌റാണിത്. എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങുക എന്നത് മാത്രമാണ് മഡൂറോ ഗവണ്‍മെന്‌റിന്‌റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് ജൂലിയോ ബോര്‍ഗസ് കുറ്റപ്പെടുത്തി.


violence

അതേസമയം ശത്രുക്കള്‍ വെനിസ്വേലയ്‌ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് മഡൂറോയുടെ വാദം. 500, 2000, 20,000 എന്നിവയുടെ കറന്‍സി നോട്ടുകള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതും ഇത്തരം ഗൂഢാലോചനകളുടെ ഭാഗമാണെന്ന് മഡൂറോ ആരോപിച്ചു. കൊളംബിയയില്‍ നിന്നെത്തുന്ന കള്ളക്കടത്തുകാര്‍ക്കും മാഫിയകള്‍ക്കും തടയിടാനും കള്ളപ്പണം തടയാനുമെന്ന പേരിലാണ് നിക്കോളാസ് മഡൂറോ നോട്ട് പിന്‍വലിയ്ക്കല്‍ പ്രഖ്യാപിച്ചത്.

ജനുവരി രണ്ട് വരെ കൊളംബിയയുമായും ബ്രസീലുമായുമുള്ള അതിര്‍ത്തി വെനിസ്വേല അടച്ചിരിക്കുകയാണ്. ടാച്ചിറ മേഖലയില്‍ 400ഓളം പേര്‍ അതിര്‍ത്തിവേലി ചാടിക്കടന്ന് കൊളംബിയയിലേയ്ക്ക് പോയിരുന്നു. ഭക്ഷണത്തിനും മരുന്നിനും വേണ്ടിയായിരുന്നു ഇത്. സ്യുഡാഡ് ബോളിവറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് 135 പേരെ അറസ്റ്റ് ചെയ്തതായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. മാരകൈബോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ചിലര്‍ 100 ബോളിവറിന്‌റെ നോട്ടുകള്‍ കത്തിച്ചു.


maduro

40 ശതമാനം വെനിസ്വേലക്കാര്‍ക്കും ബാങ്ക് അക്കൗണ്ടില്ല. ലോകത്ത് ഏറ്റവുമധികം പണപ്പെരുപ്പ നിരക്കുള്ള രാജ്യം വെനിസ്വേലയാണ്. സാധനങ്ങള്‍ വാങ്ങണമെങ്കില്‍ വലിയ തോതില്‍ കറന്‍സികള്‍ കൊടുക്കണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരോട് ഇലക്ട്രോണിക് ട്രാന്‍സാക്ഷനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇന്ത്യയിലെ പോലെ വെനിസ്വേലയിലും ബാങ്കുകളില്‍ നീണ്ട ക്യൂവാണ് ഉള്ളത്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ അവരുടെ രോഷം കുറച്ചു കൂടി ശക്തമായി പ്രകടിപ്പിക്കുന്നുണ്ട് എന്ന് മാത്രം. 86 ശതമാനം കറന്‍സി നോട്ടുകളും അസാധുവാക്കി ആദ്യം കള്ളപ്പണത്തെ കുറിച്ചും ഇപ്പോള്‍ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചും വാചകമടിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വെനിസ്വേല പാഠമാകേണ്ടതാണ്. എന്നാല്‍ അങ്ങനെ ഉണ്ടാകുന്നില്ല.

anarchy

Next Story

Related Stories