TopTop
Begin typing your search above and press return to search.

നിങ്ങള്‍ക്ക് ജാതിയുണ്ട്; സര്‍ട്ടിഫിക്കറ്റിലും മനസിലും...

നിങ്ങള്‍ക്ക് ജാതിയുണ്ട്; സര്‍ട്ടിഫിക്കറ്റിലും മനസിലും...

'നമുക്ക് ജാതിയില്ല' എന്ന പരിപാടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സിപിഎം സംഘടിപ്പിച്ചത് ഈയടുത്താണ്. നായര്‍, കുറുപ്പ്, നമ്പ്യാര്‍ തുടങ്ങിയ വാലുകളുള്ളവര്‍ ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലടക്കം പലരും പരിഹസിച്ചു. ഇത്തരം ജാതി വിരുദ്ധ ചര്‍ച്ചകളോടും നിലപാടുകളോടും കാണിക്കുന്ന ആത്മാര്‍ത്ഥതയില്ലായ്മയും കാപട്യവും ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. ദളിത് സംഘടനകള്‍ എക്കാലത്തും ആരോപിക്കുന്ന ഒന്നാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സവര്‍ണ ജാതിബോധം. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ച് പുലര്‍ത്തുന്ന ചില സ്വത്വ വിപ്ലവകാരികള്‍ ബ്രാഹ്മിണ്‍ മാര്‍ക്‌സിസം എന്നൊരു വിശേഷണം തന്നെ കൊണ്ടുവന്നു.

ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും കാലത്ത് ജാതി വാല്‍ മുറിച്ചുകൊണ്ടും നിലനിര്‍ത്തിക്കൊണ്ടും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും നവോത്ഥാന പ്രവര്‍ത്തനങ്ങളും ഏര്‍പ്പെട്ട നേതാക്കളുടെ ചരിത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറയാനുണ്ട്. എകെ ഗോപാലനും കെ ദാമോദരനുമെല്ലാം രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ വാല്‍ മുറിച്ച് കളഞ്ഞപ്പോള്‍ പി കൃഷ്ണ പിള്ളയും ഇഎംഎസ് നമ്പൂതിരിപ്പാടും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അത് നിലനിര്‍ത്തി. അല്ലെങ്കില്‍ എഴുത്തിലും മറ്റും ഉപയോഗിച്ച് വന്ന പേരിന്റെ ഭാഗമായ ആ വാല്‍ അവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാത്തത് കൊണ്ടോ, തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താത്ത ഒന്നായി തോന്നാത്തത് കൊണ്ടോ അവര്‍ അങ്ങനെ തന്നെ മുന്നോട്ട് പോയി.

ജാതിവാല്‍ മുറിച്ച് കളഞ്ഞ് പൊതുസമൂഹത്തിലും മുഖ്യധാരാ രാഷ്ട്രീയത്തിലും സവര്‍ണ ജാതീയതയും വര്‍ഗീയതയും വളര്‍ത്താന്‍ ശ്രമിച്ച മന്നത്ത് പദ്മനാഭനെ വിപ്ലവകാരിയായും, ജാതി വാല്‍ നിലനിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഇഎംഎസിനെ പിന്തിരിപ്പന്‍ ജാതിവാദിയായും കാണാന്‍ കഴിയാത്തത് ചരിത്രപരമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം വാലുകളല്ല ജാതിയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനത്തില്‍ ചര്‍ച്ചയാകേണ്ടത്. എന്നാല്‍ പഴയ കാലത്തെ നേതാക്കന്മാരുടെ ജാതി വാല്‍ പോലെ കാണാവുന്നതല്ല ഫേസ്ബുക്ക് കാലത്തെ പുതിയ നേതാക്കളുടെ ഇത്തരം വാലുകള്‍. ഇത്തരം വാലുകളുടെ രാഷ്ട്രീയം ഇന്ന് നവോത്ഥാനവിരുദ്ധവും പിന്തിരിപ്പനുമാണെന്ന കാര്യത്തില്‍ സംശയമില്ല. വാലില്‍ ഒതുങ്ങുന്നില്ല ഈ ജാതി. സമീപനങ്ങളില്‍ അത് നിറഞ്ഞ് നില്‍ക്കുകയാണ്.

സിപിഎമ്മിന് താരതമ്യേന ശക്തികുറഞ്ഞ, ഒരിക്കലും അധികാര ശക്തിയായി അവര്‍ക്ക് ഉയര്‍ന്ന് വരാന്‍ കഴിഞ്ഞിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ ജാതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അവര്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. ജാതി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ മധുരയ്ക്ക് സമീപം ഉത്തപുരത്തെ ജാതി മതില്‍ പ്രശ്‌നം, കര്‍ണാടകയില്‍ ഉഡുപ്പി ക്ഷേത്രത്തിലെ അയിത്താചാരങ്ങള്‍, സവര്‍ണരുടെ എച്ചിലിലയില്‍ കീഴ്ജാതിക്കാര്‍ കിടന്നുരുളുന്ന മഡേ സ്‌നാന തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം സിപിഎം സജീവമായി ഇടപെട്ടു. സിപിഐയും അവര്‍ക്ക് സ്വാധീനമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും മൊത്തമായെടുക്കുമ്പോള്‍ അപര്യാപ്തമായ തോതിലാണെങ്കില്‍ പോലും ഇത്തരം ഇടപെടലുകള്‍ നടത്താന്‍ ഇടതുപക്ഷത്തിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ജാതിയെ വേണ്ട വിധം അഭിമുഖീകരിക്കാന്‍ കഴിയാത്തതിലെ സ്വയം വിമര്‍ശനം സിപിഎം നടത്തി തുടങ്ങിയത്. ദളിത് വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ തുടക്കം കുറിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ലാല്‍ സലാം, നീല്‍ സലാം, മാര്‍ക്‌സ്, അംബേദ്കര്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തു.

അതേസമയം കേരളത്തിലെ ദളിത് സംഘടനകളില്‍ ഭൂരിഭാഗവും സിപിഎമ്മിനോട് എക്കാലവും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ അവരോട് വിയോജിപ്പുകള്‍ ഉണ്ടാവാമെങ്കിലും പൂര്‍ണമായും അവരെ കുറ്റപ്പെടുത്താനാവില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേഡര്‍ കരുത്തില്‍ പ്രധാന പങ്കുള്ള ദളിതരുടെ ജീവിത സാഹചര്യങ്ങളും അവര്‍ ഇപ്പോഴും നേരിടുന്ന ശക്തമായ അന്യവത്കരണവും തന്നെയാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കുന്നത്. അടിസ്ഥാന പ്രശ്നം ഭൂമി തന്നെയാണ്. പിന്നെ മറ്റ് വിവേചനങ്ങളും. സവര്‍ണ ഹിന്ദുത്വ - ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള സംഘപരിവാറിന് ഈ സാഹചര്യം അനുകൂലമാക്കി മാറ്റാനും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള കേഡര്‍മാരായി ആകര്‍ഷിക്കാനും കഴിയുന്നു എന്നുമുള്ളതാണ് ഇതിലെ വൈരുദ്ധ്യവും ദുരന്തവും.

'ആ പന്നപ്പുലയന്‍' എന്ന് അടൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാറിനെ പാര്‍ട്ടി പത്തനംതിട്ട ജില്ല അസി.സെക്രട്ടറി മനോജ് ചരളേല്‍ വിളിച്ചത് വലിയ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. മനോജിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ച് കൂടി ദളിത് പ്രാതിനിധ്യം നേതൃത്വത്തില്‍ സിപിഐ ഉറപ്പ് വരുത്തിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ തന്നെ ഏറ്റവും വലിയ ഉദാഹരണം. വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിലും നേതൃനിരയില്‍ എസ്എഫ്‌ഐയെ അപേക്ഷിച്ച് ദളിത് പ്രാതിനിധ്യം കൂടുതല്‍ കാണാം. എന്നാല്‍ ജാതീയ അധിക്ഷേപങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥയില്‍ നിന്ന് സിപിഐയും വിട്ട് നില്‍ക്കുന്നില്ല എന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങള്‍. ലോ അക്കാഡമിയില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ ജാതി അധിക്ഷേപത്തിന്റെ പേരിലുള്ള കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ രംഗത്തുണ്ട് സിപിഐയും എഐഎസ്എഫും എഐവൈഎഫുമെല്ലാം. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാറിനെതിരായ ജാതി അധിക്ഷേപം.

സിപിഎമ്മിന്റെ യുവ നേതാവ് ചിന്ത ജെറോമിന്റേതെന്ന് പറയുന്ന വിവാഹ പരസ്യം പ്രചരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. റോമന്‍/ ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തില്‍ പെടുന്ന യുവാവിനെ ജീവിതപങ്കാളിയാക്കാന്‍ താല്‍പര്യപ്പെട്ടുകൊണ്ടാണ് ചാവറ മാട്രിമോണിയല്‍ എന്ന ക്രിസ്ത്യന്‍ വിവാഹ വെബ്‌സൈറ്റില്‍ ചിന്ത ജെറോമിന്റെ പേരില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്തയുടെ വിദ്യാഭ്യാസ യോഗ്യതയും വ്യക്തിപരമായ വിവരങ്ങളും വിശദീകരിച്ചുകൊണ്ടുള്ളതാണ് പ്രൊഫൈല്‍. എന്നാല്‍ തന്റെ അറിവോടെയല്ല പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് ചിന്തയുടെ വിശദീകരണം. എന്തായാലും റോമന്‍ കത്തോലിക്ക യുവാവിനെ വരനായി വേണമെന്ന് താല്‍പര്യപ്പെട്ടുള്ള വിവാഹ പരസ്യം സിപിഎം അംഗവും ഡിവൈഎഫ്‌ഐ നേതാവുമായി പൊതുസമൂഹത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള ഒരാളുടെ പേരില്‍ വന്നത് വലിയ ദുരന്തമായി പോയി. ഇഎംഎസ് നമ്പൂതിരിപ്പാട്, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, എംഎ ബേബി തുടങ്ങിയ നേതാക്കളെല്ലാം സ്വന്തം കുടുംബത്തിന്റെ അതേ സമുദായ പശ്ചാത്തലത്തില്‍ പെട്ടവരെ തന്നെയാണ് വിവാഹം കഴിച്ചത്. സ്വാഭാവികമായും ബന്ധുക്കളും നാട്ടുകാരും മറ്റും കൊണ്ടുവരുന്ന വിവാഹാലോചനകള്‍ ഇത്തരത്തിലുള്ളതായിരിക്കുകയും ചെയ്യും. ഇവര്‍ക്കൊന്നുമില്ലാത്ത എന്തെങ്കിലും പ്രത്യേകത ചിന്ത ജെറോമിനില്ല. വീട്ടുകാരുടെ ആലോചന പ്രകാരം ചിന്ത ജെറോം ഒരു കത്തോലിക്കനെ വിവാഹം കഴിക്കുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ ഇത്തരമൊരു വിവാഹ പരസ്യം, ഇത്തരമൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നയാളെ സംബന്ധിച്ച് അപമാനകരം തന്നെയാണ്.

സിപിഎം പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം പേരും ജാതി നോക്കിയിട്ട് തന്നെയാണ് വിവാഹം കഴിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതിത്ര വലിയ കാര്യമാക്കേണ്ടതുണ്ടോ എന്ന് ചോദിക്കാം. മതേതര വിവാഹം പ്രോത്സാഹിപ്പാക്കാനായി ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മതേതര വിവാഹ വെബ്‌സൈറ്റ് ഉണ്ടാക്കിയ സംഘടനയുടെ നേതാവാണ് ചിന്ത ജെറോം. ആ വെബ്‌സൈറ്റ് പിന്നീട് ഹാക്ക് ചെയ്യപ്പെടുകയും അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്‌തെങ്കിലും അത്തരമൊരു ആശയം മുന്നോട്ട് വച്ച, അത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വിവാഹ പരസ്യം പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഇതിലെ പ്രശ്‌നം. ജാതി, മത സ്വത്വങ്ങളും, മത, ദൈവ വിശ്വാസങ്ങളും പുറമേയ്ക്ക് പ്രകടിപ്പിക്കുന്നതെങ്കിലും മോശം കാര്യമായി കരുതിയിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടായിരുന്നെങ്കിലും ഇത്തരമൊരു മൂല്യവ്യവസ്ഥയ്ക്ക് അടിത്തറ പാകിയതും ദിശാബോധം നല്‍കിയതും ഈ നാട്ടിലെ ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്തെ വര്‍ഗസമരത്തിന്റെ ഭാഗമായ പ്രധാന പ്രശ്‌നങ്ങളിലൊന്നായി കുറഞ്ഞത് പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളിലെങ്കിലും ജാതിയെ അടയാളപ്പെടുത്തി തുടങ്ങിയത് വളരെ വൈകിയാണ്. യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്ത യാന്ത്രിക സംഘടനാരീതികളും പ്രത്യയശാസ്ത്ര വിശകലനങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗവുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന ജാതി എന്ന ഭീകര സ്വത്വത്തെ നേരിടുന്നതില്‍ നിന്ന് അതിനെ തടഞ്ഞു. നേതാക്കളുടെ സവര്‍ണജാതി ബോധമായിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. അത് പൂര്‍ണമായും ഇല്ല എന്ന് പറയാന്‍ കഴിയില്ല. ജാതിയുടെ ഉല്‍പ്പാദന ഫാക്ടറികളായ കുടുംബങ്ങളുടെ നിലനില്‍ക്കുന്ന ഘടനയെ തകര്‍ക്കാന്‍ കഴിയാത്തത് ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ ഘടനയെ നവീകരിക്കുന്നതില്‍ അല്ലെങ്കില്‍ പൊളിച്ച് പണിയുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷത്തിന്റേയും പരാജയം മാത്രമേ ചര്‍ച്ച ചെയ്യപ്പെടൂ. കാരണം മറ്റുള്ളവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. അവര്‍ക്ക് ഇത്തരം ഉത്തരവാദിത്തങ്ങളുമില്ല. അവര്‍ ഒരിക്കലും അത് ചെയ്യുകയുമില്ല.

സ്വത്വ പ്രശ്‌നങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവഗണിച്ചു എന്ന ആരോപണം പൂര്‍ണമായും ശരിയല്ല. ദളിത്, ആദിവാസി, സ്ത്രീ പ്രശ്‌നങ്ങളെയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ ഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. അതേസമയം അധികാര ശക്തിയായി മാറിയ ഇടങ്ങളില്‍ സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതി പ്രശ്‌നത്തേയും ദളിത് അവകാശ പ്രക്ഷോഭങ്ങളേയും ഏത് വിധം കൈകാര്യം ചെയ്യുന്നു എന്ന് നോക്കേണ്ടതുണ്ട്. കേരളത്തില്‍ നടക്കുന്ന ദളിത് - ആദിവാസി ഭൂസമരങ്ങളോട് മുഖം തിരിക്കുന്ന സമീപനം വലിയ പ്രശ്‌നമാണ്. ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് എന്ന നിലയില്‍ മാത്രം ദളിതരെ കാണുകയും അവര്‍ മറ്റ് വഴികള്‍ തേടുമ്പോള്‍ അസ്വസ്ഥരായി അത്തരം സംഘടനകള്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്യുന്ന പരിപാടിയുണ്ട്. നിര്‍ഭാഗ്യവശാല്‍ അതാണ് ഇവിടെ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹരിജന്‍ കുട്ടപ്പനെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എംഎ കുട്ടപ്പനെ, മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. നായനാര്‍ക്ക് എന്തും വിളിച്ച് പറയാനുള്ള 'ലൈസന്‍സ്' നല്‍കിയിട്ടുള്ളത് കൊണ്ട് മാത്രം അത് പലരും മറന്നു. പശ്ചിമബംഗാളിലെ സിപിഎം മന്ത്രിയായിരുന്ന സുഭാഷ് ചക്രബര്‍ത്തി ഞാന്‍ ആദ്യമൊരു ബ്രാഹ്മണനും ഹിന്ദുവും പിന്നെ മാത്രം കമ്മ്യൂണിസ്റ്റുമാണെന്ന് യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പൂജ നടത്തുകയും വിശ്വകര്‍മ പൂജനടത്താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് സുഭാഷ് ചക്രബര്‍ത്തി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ചക്രബര്‍ത്തി ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ഇത്തരം അപഹാസ്യമായ വിഡ്ഢി തമാശകള്‍ക്കും അല്‍പ്പത്തരങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും അപ്പുറം 'പന്ന പുലയ'ന്മാരോടുള്ള പുച്ഛവും വെറുപ്പും റോമന്‍ കത്തോലിക്ക അഭിമാനബോധവും നായര്‍ അഭിമാനബോധവുമെല്ലാം ചുറ്റും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിന്തയെ ഇക്കാര്യത്തില്‍ ഒരു പരിധിയില്‍ കവിഞ്ഞ് വ്യക്തിപരമായി വിമര്‍ശിക്കേണ്ടതില്ല. ജാത്യാഭിമാനം കൊള്ളുന്ന സവര്‍ണ നായര്‍, മേനോന്‍, നമ്പൂതിരി ട്രോളര്‍മാരെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിന്തയെ ആക്രമിക്കുന്നതും പരിഹാസ്യമായിരിക്കും. തങ്ങള്‍ കാണിക്കുന്ന അല്‍പ്പത്തരങ്ങളും ആദര്‍ശം പ്രസംഗിക്കുന്നവരും ചെയ്യുന്നു എന്നതാണല്ലോ അവരുടെ പരിഹാസത്തിന് പിന്നില്‍. തങ്ങള്‍ ഒരുതരത്തിലും താല്‍പര്യമില്ലാത്തതും കടുത്ത എതിര്‍പ്പുള്ളതുമായ പ്രത്യയശാസ്ത്രവും മൂല്യങ്ങളും പങ്കുവയ്ക്കുന്നവരും അതിനോട് നീതി പുലര്‍ത്തണമെന്ന് ചിന്തിക്കുന്ന അവരുടെ ധാര്‍മ്മിക ബോധവും വിശാല മനസ്‌കതയും അഭിനന്ദനാര്‍ഹമാണ്. അത് നല്ല ഒന്നാന്തരം കാപട്യമാണെങ്കില്‍ പോലും.

എന്നാല്‍ മനോജിനെ ഇക്കാര്യത്തില്‍ വ്യക്തിപരമായും സിപിഐയെ സംഘടനയെന്ന നിലയ്ക്കും രൂക്ഷ വിമര്‍ശനത്തിന് ഇരയാക്കേണ്ടതുണ്ട്. മനോജിന്റേത് ഒറ്റപ്പെട്ട ശബ്ദമൊന്നുമല്ല. അത് കറപിടിച്ച, ദുഷിച്ച മനസുകളുടെ ചെറിയ പുറന്തള്ളലാണ്. ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം എല്ലാ കക്ഷികളിലും പെട്ടവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വളരെ സ്വാഭാവികമെന്നോണം ഉപയോഗിക്കാറുണ്ട്. ആ പുലയന്‍, മാപ്ല, ചെറുമന്‍, പാണന്‍ ഇങ്ങനെയൊക്കെ പറഞ്ഞ് പരിഹസിക്കാറുണ്ട്. അവറ്റ എന്ത് കിട്ടിയാലും നേരെയാവില്ല എന്ന് പറഞ്ഞ് അശ്ലീല ചിരി ചിരിക്കാറുണ്ട്. പൊതുസമൂഹത്തെ മൊത്തത്തില്‍ ബാധിച്ചിട്ടുള്ള ഇത്തരം വൃത്തികേടുകളില്‍ നിന്ന്, ഇത്തരം വൃത്തികെട്ട മാനസികാവസ്ഥയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള പേരില്‍ കമ്മ്യൂണിസ്റ്റ് ലേബല്‍ ഉള്ള പാര്‍ട്ടികള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം.

(അഴിമുഖം സബ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories