UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ദളിത് സ്ത്രീ ക്ഷേത്രത്തില്‍ കയറിയതിന് പുരോഹിതയുടെ വക പുണ്യാഹം

Avatar

അഴിമുഖം പ്രതിനിധി

താന്‍ പൂജ നടത്തിയതിന് ശേഷം ക്ഷേത്രാധികാരികള്‍ അവിടം ‘ഗംഗാജലം’ കൊണ്ട് ശുദ്ധീകരിച്ചതായി കാണ്‍പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദളിത് സ്ത്രീ പരാതി ഉന്നയിച്ചതോടെ ജാതിവിവേചനത്തിന്റെ മറ്റൊരു കഥ കൂടി പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ബിതാനി ദേവിയും മറ്റു ചില സ്ത്രീകളും കൂടെ മംഗള്‍പൂര്‍ ഗ്രാമത്തിലെ ചതുര്‍ഭുജ് ക്ഷേത്രത്തില്‍ മകളുടെ വിവാഹത്തോടനുബന്ധിച്ച് പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നതെന്നു പറയപ്പെടുന്നു.

സ്ത്രീകളുടെ ആ സംഘത്തിന് ശ്രീകോവിലിനകത്തേയ്ക്ക് പ്രവേശനം ലഭിച്ചില്ലെങ്കിലും പൂജാരിയും ഭാര്യയും കൂടെ “പരിശുദ്ധമായ ഗംഗാജലം കൊണ്ട് ആ പരിസരം ശുദ്ധീകരിച്ച”തായി ബിതാനി ദേവി പിന്നീട് പോലീസുകാരോട് പറഞ്ഞു. എന്നാല്‍, പുരോഹിത പറയുന്നത് അടയ്ക്കുന്നതിനു മുന്‍പ് എന്നും അമ്പലം അങ്ങനെ കഴുകി വൃത്തിയാക്കാറുണ്ട് എന്നാണ്.

ഒരു ഗ്രാമവാസി പറഞ്ഞത്, “വാല്മീകി സമുദായത്തിലെ ബിതാനി ദേവിയും ഒരു ഡസനോളം മറ്റു സ്ത്രീകളും കൂടെ അവരുടെ മകളുടെ നടക്കാനിരിക്കുന്ന വിവാഹത്തെ സംബന്ധിച്ച ചില ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിലെത്തി. അവര്‍ പോയതിനു ശേഷം പുരോഹിത ഒരു മണിക്കൂറിലധികം നേരം ക്ഷേത്രം അടച്ചിട്ട് ഗംഗാജലം ഉപയോഗിച്ച് കഴുകി.”

കാണ്‍പൂര്‍ അഡീഷണല്‍ എസ്‌പി ഋഷിപാല്‍ സിങ് പറയുന്നത് ഇതൊരു വ്യാജ ആരോപണമാണ് എന്നാണ്. “ക്ഷേത്രം അടച്ചതിനു ശേഷമാണ് ഈ സ്ത്രീകള്‍ എത്തിയത്. ഇവര്‍ക്ക് ആദ്യം പുരോഹിത പ്രവേശനം നിഷേധിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അകത്തു കയറാന്‍ അനുവദിച്ചു. ഗര്‍ഭഗൃഹത്തില്‍ കയറി പൂജ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതും ആദ്യം അനുവദിച്ചില്ലെങ്കിലും ആ സ്ത്രീകള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശ്രീകോവിലിനകത്ത് പൂജ നടത്താനും പുരോഹിത സമ്മതിച്ചു,” എ‌എസ്‌പി കൂട്ടിച്ചേര്‍ത്തു.

“ഞങ്ങള്‍ ക്ഷേത്രത്തിനകത്തു കയറാന്‍ പൂജാരി ആദ്യം സമ്മതിച്ചില്ലെന്ന് മാത്രമല്ല ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി,” ബിതാനി ദേവി പറഞ്ഞു. തുടര്‍ന്നു ദേവി പുരോഹിതയായ ബബിത ത്രിവേദിയോട് പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ത്രിവേദി അര മണിക്കൂര്‍ കൂടെ ക്ഷേത്രം തുറന്നു വയ്ക്കാന്‍ സമ്മതിക്കുകയും ചെയ്തു. “പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പതിവു പോലെ ക്ഷേത്രം കഴുകി വൃത്തിയാക്കി. ഇതുകണ്ട ദേവി അനുമാനിച്ചത് താന്‍ പൂജ ചെയ്തതു കൊണ്ടാണ് അങ്ങനെ ശുദ്ധി ചെയ്തത് എന്നാണ്.” ബബിത ത്രിവേദി പറഞ്ഞു. 

ദളിത് വനിതയുടെ വാക്കാലുള്ള പരാതിയിന്മേല്‍ പുരോഹിതയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. സാധാരണ പതിവനുസരിച്ചാണ് കഴുകി വൃത്തിയാക്കിയതെന്നും അന്ന് വേറെ പ്രത്യേക കാരണങ്ങളൊന്നും കൊണ്ടല്ല അത് ചെയ്തതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ബിതാനി ദേവിയുടെ കൂടെ പൂജ ചെയ്യാന്‍ പോയ മറ്റൊരു സ്ത്രീ പറഞ്ഞത് ഇങ്ങനെ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല എന്നാണ്. “ഇങ്ങനെ ഒരു സംഭവം ആദ്യത്തേതല്ല. മുന്‍പും അവിടത്തെ പുരോഹിത ഗേറ്റ് താഴിട്ടു പൂട്ടാറുണ്ട്. വാല്മീകി സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ ദൈവങ്ങളും തൊട്ടു കൂടാത്തവരാകുമെന്നുമാണ് അവര്‍ പറഞ്ഞത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍