TopTop
Begin typing your search above and press return to search.

ബീഫ് പ്രമേയമായ ചിത്രത്തിന് മോദി സര്‍ക്കാരിന്റെ വിലക്ക്

ബീഫ് പ്രമേയമായ ചിത്രത്തിന് മോദി സര്‍ക്കാരിന്റെ വിലക്ക്

ബീഫും ഭക്ഷണത്തിലെ ജാതീയതയും പ്രമേയമായ 'കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്' എന്ന ഹ്രസ്വ ചിത്രത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിലക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയായ ജീവിക ഏഷ്യ ലൈവ്‌ലിഹുഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിലാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. നിലവിലെ ബീഫ് നിരോധനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്ന് സംഘാടകര്‍ പറയുന്നു. ഹ്രസ്വചിത്രമേളയുടെ ഇതു വരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെടുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മനോജ് മാത്യു ചൂണ്ടിക്കാട്ടുന്നു. അനുമതിക്കായി അയച്ച 35 ചിത്രങ്ങളില്‍ മുംബൈയിലെ ഭക്ഷണശീലങ്ങളെക്കുറിച്ചും ബീഫിനെ കുറിച്ചും പ്രതിപാദിക്കുന്ന കാസ്റ്റ് ഓണ്‍ ദി മെനുകാര്‍ഡിന് മാത്രമാണ് അനുമതി നിഷേധിക്കപ്പെട്ടത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ചിത്രം നിര്‍മ്മിച്ചത്. ഈ പശ്ചാത്തലത്തില്‍ കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡിനെക്കുറിച്ച് 2015 ജനുവരി 11നു അഴിമുഖം പ്രസിദ്ധീകരിച്ച ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഗവേഷക ദിവ്യ കളത്തിങ്ങലിന്‍റെ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

തീന്‍മേശയിലെ വിഭവങ്ങളിലൂടെ ജാതിയിലേക്ക്, അതിന്റെ വികലതയിലേക്ക് ഒക്കെയുള്ള ഒരു വിരല്‍ചൂണ്ടലാണ് Caste on the Menu Card എന്ന പേരില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥി/നികള്‍ നിര്‍മിച്ച 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. മുംബൈ മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തരത്തിലുള്ള ജാതി അനുഭവങ്ങളില്‍ 'Castemopolitan Mumbai' എന്ന വിഷയത്തിന്റെ ഭാഗമായി രൂപം കൊണ്ട പല ഉപവിഷയങ്ങളില്‍ ഒന്നാണ് ഇത്.

ഇത് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നത് ഇതില്‍ അവര്‍ കാണിക്കാന്‍ ശ്രമിക്കുന്നത് ഭക്ഷണവും അതില്‍ ഒളിഞ്ഞു കിടക്കുന്ന ജാതീയതയും ഹിന്ദു വിശ്വാസപ്രമാണങ്ങളുമാണ്. മുംബൈയിലെ പ്രധാനപ്പെട്ട ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ (Leather Industry, Music Instruments etc), അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പോത്ത് / പന്നി ഭോജന ചര്‍ച്ചകള്‍ എന്നിവയാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സോഷ്യല്‍ സയന്‍സ് സ്ഥാപനങ്ങളില്‍ പോലും) ജാതിയിലേക്കും സസ്യാഹാരത്തിലേക്കും ചുഴിഞ്ഞന്വേഷണങ്ങള്‍ നടത്തുന്ന സഹപാഠികളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ഭൂരിപക്ഷ ഹിംസാത്മകതയെയും കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. Osmania, Hyderabad central University, JNU തുടങ്ങി ഇന്ത്യയിലെ മിക്ക സര്‍വകലാശാലകളിലും ബീഫ് ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള എതിര്‍പ്പുകള്‍ പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 'Inclusion' എന്ന വിഷയത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ആ പേരില്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുകയും ചെയ്യുന്ന ഈ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ഒക്കെ തന്നെ 'Food Inclusion' എന്നത് ഒരു പ്രഹേളികയാണ്. മറ്റു ക്യാമ്പസുകളിലെ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി TISS-ല്‍ രൂപം കൊണ്ട ചര്‍ച്ചകള്‍ ബീഫില്‍ നിന്നും പോര്‍ക്കിലേക്ക് കൂടി വ്യാപിച്ചപ്പോള്‍ അതിനോടുള്ള എതിര്‍പ്പും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ബീഫ് / പോര്‍ക്ക് ഫെസ്റ്റിവലുകള്‍ നടത്തുക എന്നുള്ളതിനുപരി ബീഫും പോര്‍ക്കും ഡൈനിംഗ് ഹാള്‍ മെനുവില്‍ ഉള്‍പ്പെടുത്തി തികച്ചും സെകുലറായ പൊതു ഇടങ്ങള്‍ ഉണ്ടാക്കുക എന്നാതായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യം.ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഒരു വലിയ ശതമാനം ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. വടക്ക്, തെക്ക് എന്നിങ്ങനെ ഇന്ത്യയെ രണ്ടായി ഭാഗിച്ച് സാമ്പാറും ദാലും റൊട്ടിയും ആലു പൊറോട്ടയും തിന്നാന്‍ വേണ്ടി നിര്‍ബന്ധിതരാവുന്ന വിദ്യാര്‍ഥികള്‍ 'inclusion' നെ കുറിച്ചും 'domestic space'നെ കുറിച്ചും ചര്‍ച്ചചെയ്യാനും സെമിനാറുകല്‍ അവതരിപ്പിക്കാനും വിധിക്കപ്പെട്ടവരാണ്. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാണെന്നു ഊക്കം കൊള്ളുന്ന ഇന്ത്യന്‍ ജനത പക്ഷേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നും തന്നെ ഇന്ത്യയുടെ ഭാഗമല്ല എന്ന സന്ദേശം നല്കിക്കൊണ്ടേയിരിക്കുന്നു. പനീറും റൊട്ടിയും ദാലും കാണുന്നത് തന്നെ 'cultural shock ' ആണെന്ന് പറയുന്ന വടക്കു കിഴക്കന്‍ സുഹൃത്തിന്റെ വാദത്തെ അതുകൊണ്ടുതന്നെ അത്ര ലഘുവായി കാണാന്‍ സാധിക്കുകയില്ല. ഇത്തരം ചര്‍ച്ചകള്‍ ജാതിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല എന്ന് ചുരുക്കം.

ഒരേ സമയം ബീഫ്/പോര്‍ക്ക് ചര്‍ച്ചകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന അധികാരികള്‍ മറുവശത്ത് ഗണേശോത്സവം പോലുള്ള പരിപാടികള്‍ക്ക് മൗനാനുവാദം നല്കുന്നതും പൂജയുടെ പ്രസാദ വിതരണം മതേതരമാക്കുകയും ചെയ്യുന്നു. കാമ്പസുകളില്‍ ഇത്തരം ഉത്സവങ്ങളോ, മതപരിപാടികളോ നടത്താന്‍ പാടില്ലെന്ന് ലിഖിതവും / അലിഖിതവുമായ നിയമങ്ങളുള്ളപ്പോള്‍ തന്നെ ഇത്തരത്തില്‍ ഹിന്ദു ഉത്സവങ്ങളെ സെകുലര്‍ ആക്കാനുള്ള നീക്കം വലിയ ഗൂഡാലോചനകളുടെ ഫലമാണെന്നും ഹിന്ദു ദേശീയതയുടെ ഭാഗമാണെന്നും നിസ്സംശയം പറയാന്‍ കഴിയും.

പൊതു ഇടങ്ങള്‍ പൊതുവായിട്ടു തന്നെ നിലനിര്‍ത്തുവാനും അവിടെ ഉയര്‍ന്നു വരുന്ന ഭക്ഷണത്തിന്റെ ജാതീയത എന്ത് വിലകൊടുത്തും എതിര്‍ക്കേണ്ടാതാണെന്നും ഡോക്യുമെന്ററി പറയുന്നു. ഇത്തരത്തിലുള്ള അക്കാദമിക് ചര്‍ച്ചകള്‍ തുടങ്ങാനും തുടരാനും ഉളള ആര്‍ജവവും ഡോക്യുമെന്ററി കാണിക്കുന്നു.

(ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷകയാണ് ദിവ്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories