TopTop
Begin typing your search above and press return to search.

ഈ ജാതിത്തീട്ടം ഫ്ലഷ് ചെയ്യുക തന്നെ വേണം (ജെ എന്‍ യുവിലായാലും)

ഈ ജാതിത്തീട്ടം ഫ്ലഷ് ചെയ്യുക തന്നെ വേണം (ജെ എന്‍ യുവിലായാലും)

എം.ആര്‍ വിഷ്ണുപ്രസാദ്‌

2014 ജൂലായ്‌ മാസത്തിലാണ് ഇതെഴുതുന്നയാള്‍ ജെ എന്‍ യു വിലെ ആര്‍ട്സ്‌ ആന്‍ഡ് ഏസ്ത്തെറ്റിക്സ് വിഭാഗത്തില്‍ ഗവേഷണത്തിന് ചേരുന്നത്. ആത്മാര്‍ത്ഥമായും ഒരു ഭൂലോക സംശയരോഗിയെന്ന നിലയില്‍ ജെ എന്‍ യുവെന്ന വിജ്ഞാന സംസ്ക്കാരവ്യവസ്ഥയെക്കുറിച്ചുള്ള എല്ലാ വാഴ്ത്തലുകളെയും സ്തുതിപാഠങ്ങളെയും അമിതാവേശ രോമഹര്‍ഷങ്ങളെയും പരിപൂര്‍ണ്ണമായി ഊരിവെച്ചിട്ടാണ് അതിന്‍റെ പടി കടന്നത്. ആയിരത്തോളം ഏക്കര്‍ പരന്നു കിടക്കുന്ന ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ മരങ്ങളേറെയുള്ള പ്രകൃതി. എല്ലാ ലിംഗപദവിയിലുമുള്ള വിദ്യാര്‍ഥികളുടെ മുഖത്ത് ചെറുതല്ലാത്ത ആനന്ദം കളിയാടുന്നുണ്ട്. രാത്രി-പകല്‍ എന്നുള്ള അതിര്‍വരമ്പിനെ എടുത്തുകളഞ്ഞ് ഓരോരുത്തരും അവരുടെ ജീവിതത്തെ പരസ്പര ബഹുമാനത്തോടെ, ആരുടേയും സ്വകാര്യതയില്‍ തലയിടാതെ പുലരുന്ന ഒരിടം. മാനുഷികതയെക്കുറിച്ച് യൂറോപ്യന്‍ അവബോധം സമ്മാനിച്ച മാര്‍ക്സിസ്റ്റ്- ഫെമിനിസ്റ്റ് ലിബറല്‍ ചിന്തയുടെ തിളക്കമാണ് ഇന്ത്യയിലെ മറ്റേതൊരു പരിഷ്കൃത വിദ്യാകേന്ദ്രങ്ങളെയും പോലെ ജെഎന്‍യുവിന്റെയും മുഖത്ത് കാണാന്‍ കഴിയുന്നത്. ഇന്ത്യയില്‍ പുലരുന്ന എല്ലാ ന്യൂനപക്ഷങ്ങളെയും ഹൈന്ദവതയുടെ കൊടിക്കീഴില്‍ അടിമകളാക്കി നിര്‍ത്താമെന്ന വ്യാമോഹത്തില്‍ ഒരു ഭരണകൂടം പുലരുമ്പോള്‍ മേല്‍സൂചിപ്പിച്ച അവബോധത്തിന്റെ ഊര്‍ജ്ജം പ്രതിരോധമനസ്സുള്ളവര്‍ക്ക് താല്‍ക്കാലികമായ ധൈര്യവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടെന്നത് സത്യം തന്നെ. എന്നാല്‍ ജാതീയതയുടെ ദുരന്ത വിനിമയങ്ങള്‍ നൂറ്റാണ്ടുകളായി തുടരുന്ന ഒരു സമൂഹ്യതയെ പ്രതിരോധിക്കാന്‍ മേല്‍ക്കൊടുത്ത രാഷ്ട്രീയസമവാക്യത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കേ അത് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന മനുഷ്യാവകാശങ്ങളെ ഈ കുറിപ്പ് ഒരു ദയവുമില്ലാതെ സംശയിക്കുന്നു.

സ്ഥലങ്ങള്‍ ഏതൊരാളെയും സംശയങ്ങളില്‍ നിന്ന് കുറച്ചു സമയത്തെക്കെങ്കിലും രക്ഷിച്ചേക്കും. മരങ്ങളും വെളിച്ചവും കാറ്റും വെയിലും രാത്രിയും മഞ്ഞുകാലവും സത്യത്തെ കുറെയൊക്കെ മറച്ചുവെയ്ക്കാന്‍ കഴിവുള്ള പ്രതിഭാസങ്ങളാണ്. സൂക്ഷിച്ചു നോക്കിയാല്‍ മനുഷ്യന്‍റെ പെരുമാറ്റങ്ങള്‍ സമൂഹത്തിന്‍റെ പുറംതോട് മാത്രമെന്ന് പിടികിട്ടിയേക്കും. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ‘രാഷ്ട്രീയം’ എന്ന് പറയുന്ന ഒരിടത്തിന്റെ അന്തര്‍ഗതങ്ങളെ നിരീക്ഷിച്ചാല്‍ ജെ എന്‍ യുവിലെ ചുവര്‍ ചിത്രങ്ങള്‍ മഴവന്നാല്‍ മാഞ്ഞു പോകുന്ന ഒഴുക്കന്‍ പടങ്ങളാണെന്ന് പിടികിട്ടിയേക്കും. ഏതൊരു വ്യവസ്ഥയുടെയും ഉള്‍പ്പിരിവുകളില്‍ ഒളിഞ്ഞിരിക്കുന്ന വിഷത്തെ അറിയാന്‍ പഴകിത്തേഞ്ഞ കൊടികളുടെ തണലില്‍ നിന്ന് അല്‍പ്പം മാറി നിന്നാല്‍ മതി. എന്റെ രാഷ്ട്രീയത്തിന്‍റെ പേര് സംശയമെന്നായിരുന്നു. സംശയത്തിന്‍റെ ലോക്കല്‍ കമ്മിറ്റിയില്‍ വെച്ച് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. എന്താണ് ജെ എന്‍ യു വിന്റെ പ്രതിരോധ സംസ്ക്കാരം? എന്താണ് അവിടെ പുലരുന്ന രാഷ്ട്രീയത്തിന്‍റെ സമകാലിക പ്രസക്തി? നമുക്കറിയാം ലോകത്താകമാനം ‘പ്രതിരോധ’മെന്നാല്‍ ആദ്യം മനസ്സിലേക്കോടിവരുന്ന വാക്കാണ്‌ ‘ഇടതുപക്ഷം’. ലോകമനുഷ്യന്റെ സാമൂഹികമായ വിമോചനചിന്തകളെ ഒരു നൂറ്റാണ്ടിലേറെക്കാലമായി സ്വാധീനിച്ചുപോന്ന ജ്ഞാനാധികാരവ്യവസ്ഥയുടെ ഭാഗമാണ് മാര്‍ക്സും മാര്‍ക്സിസവും. വിമോചനവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ജനതയുടെ തലച്ചോറിലൂടെ ഒരു തരംഗം പോലെ കടന്നു പോയ വാക്കാണത്. മാര്‍ക്സിന്‍റെ ചിന്തകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനകള്‍ ഇന്ത്യയില്‍ അന്‍പതിലേറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പോരുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമുള്ളവര്‍ ഉപയോഗിച്ച അതേ ശരീര ഭാഷയോടെ വിപ്ലവം ജയിക്കട്ടെ എന്നുച്ചരിച്ച് വലതുകൈയുടെ മുട്ടുമടക്കി മുഷ്ടികള്‍ ചുരുട്ടി വായുവിലുയര്‍ത്തുന്ന അതേ നടപടി അനുഷ്ടാന ബഹുമാനങ്ങളോടെ ഇവിടെയും തുടര്‍ന്നു പോരുന്നു. ഇന്ത്യന്‍ സമൂഹം അനുവദിച്ചു കൊടുത്ത ജാതിവ്യവസ്ഥയ്ക്കുള്ളില്‍ മുദ്രാവാക്യങ്ങളുടെ ‘ആവര്‍ത്തനരതി’യില്‍ അത്യധികം സുരക്ഷയോടെ തുടരുകയാണ് നമ്മുടെ പ്രതിരോധ സ്വപ്നങ്ങള്‍ എന്നു മാത്രം.കുറ്റപ്പെടുത്താനും സംശയിക്കാനും വളരെ എളുപ്പമാണ്. എന്തായാലും അനുഭവ കഥയോളം വരില്ലല്ലോ ഒരു സത്യവും. അതായത് 2014-ല്‍ ഗവേഷകര്‍ മാത്രം താമസിക്കുന്ന ഒരു ഹോസ്റ്റലില്‍ കുറെ മാസങ്ങള്‍ അതിഥിയായി എനിക്ക് താമസിക്കേണ്ടി വന്നു. ഇനി നിങ്ങളുടെ മഹനീയമായ ശ്രദ്ധ ആ ഹോസ്റ്റലിന്റെ കക്കൂസിലേക്ക് ക്ഷണിക്കുകയാണ്. വിസര്‍ജ്ജനാലയത്തിന്റെ വാതിലുകളില്‍ കാണുന്ന പോസ്റ്ററുകള്‍ കണ്ട് ആദ്യം ഒന്നമ്പരന്നു. "ഇത് റെയില്‍ പാളമല്ല. ദയവു ചെയ്ത് വെള്ളമൊഴിക്കുക. സമാധാനമായി വിസര്‍ജ്ജിക്കുക. ശാന്തിയോടെ വെള്ളമൊഴിക്കുക", സ്വന്തം തീട്ടം ഫ്ലഷ് ചെയ്യാത്തവരുടെ അറിവിലേക്ക് തീട്ടത്തെപറ്റി പൗരബോധമുള്ള ആരോ പതിച്ചു വെച്ച പോസ്റ്ററാണ് മുകളില്‍ കണ്ടത്. ഇന്ത്യ അനുഭവിക്കുന്ന ജലദൌര്‍ലഭ്യം, സ്വച്ഛഭാരതത്തെപ്പറ്റിയുള്ള ബോധമില്ലായ്മ തുടങ്ങിയ സാമൂഹ്യ രോഗങ്ങളാണ് ഉണങ്ങിയ തീട്ടത്തിനു പിന്നിലെന്ന് കരുതിയാല്‍ തെറ്റി. ഫ്ലഷ് ചെയ്യാന്‍ മടിക്കുന്ന ഗവേഷകരുടെ തീട്ടത്തെപ്പറ്റി പലരോടും ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ജാതിയില്‍ ഉയര്‍ന്നവര്‍ മിക്കവാറും സ്വന്തം തീട്ടം ഫ്ലഷ് ചെയ്യാറില്ലെന്നാണ്. ഉയര്‍ന്ന ഹിന്ദുവെന്ന നിലയില്‍ തൂറുക എന്നത് മാത്രമാണ് ഒരാളുടെ കര്‍ത്തവ്യം. തീട്ടം കോരാന്‍ ആരെങ്കിലും വരും. അല്ലെങ്കില്‍ അത് അവിടെക്കിടന്ന് ഉണങ്ങും. ജാതിയുടെ തീട്ടം അവിടവിടെ ഉണങ്ങിപ്പറ്റിയ ഒരു ഇടത്തിലാണ്‌ ഇന്ത്യന്‍ മനുഷ്യന്‍റെ താമസം.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കി എന്നു പറയുംപോലെയുള്ള ഒരു ഐതീഹ്യ കഥയല്ല മേല്‍ക്കൊടുത്തത്. ഇന്ത്യ മാനസികമായി ജീവിക്കുന്നത് തൂറുന്നവരുടെയും തീട്ടമെടുക്കുന്നവരുടെയും വിടവിലാണ്. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും (കുടുംബം മുതല്‍ പാര്‍ലമെന്റ്റ് വരെ) ജാതി തീട്ടത്തിന്റെ ഉണങ്ങിയ മണത്തിനുള്ളിലാണ് പുലരുന്നത്. തീട്ടത്തിന്റെ മണം നമുക്ക് സ്വാഭാവികമായിരിക്കുന്നു. ജെ എന്‍ യുവും ഇതേ ഘടനയുടെ ഭാഗമാണ്. പ്രതിരോധങ്ങളുടെ ആരവങ്ങള്‍ക്കിടയിലും സ്വന്തം തീട്ടം ഫ്ലഷ് ചെയ്യാത്തവരുടെ ഒരു വംശം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ഇനി മേല്‍ക്കൊടുത്ത കഥ കള്ളത്തരവും കടത്തിപ്പറയലുമാണെന്ന് നിങ്ങള്‍ക്ക് സംശയം തോന്നുന്നപക്ഷം 2010- EPW വോള്യം 45-ല്‍ പ്രസിദ്ധീകരിച്ച “Caste injustice in JNU’ എന്ന ലേഖനം തുറന്നു വായിച്ചാല്‍ ഇവിടുത്തെ പ്രതിരോധപാരമ്പര്യത്തിന്റെ ദുര്‍ബലത പിടികിട്ടിയേക്കും.

ഭൂമിയിലില്ലാത്ത എല്ലാത്തരം ഇടതുപക്ഷങ്ങളും സജീവ ജാഗ്രതയോടെ കഴിയുന്ന ഇടമാണത്. എന്നിട്ടെന്താണ് സ്വന്തം കക്കൂസില്‍ ഇങ്ങനെ മലം കൂടുന്നത്? മോദിയും കൂട്ടരും അധികാരത്തിന്‍റെ മറവില്‍ ദളിതുകളെയും ന്യൂനപക്ഷങ്ങളെയും പരസ്യമായി ക്രൂശിച്ചു തുടങ്ങുന്നതിന് എത്രയോ മുന്‍പ് തന്നെ സര്‍വ്വസമ്മതമുള്ള ഒരു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജാതിയുടെ പേരില്‍ തൊലിയുരിഞ്ഞു നിന്നിട്ടുണ്ട്. 2014-ല്‍ വിടപറഞ്ഞ പാണ്ട്യനെന്ന ചരിത്രാധ്യാപകന്‍ ജെ എന്‍ യുവില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ നിയമനം നീട്ടിവെയ്ക്കാന്‍ കാരണമായ സമ്മര്‍ദ്ദനാടകത്തെക്കുറിച്ചുള്ള കഥകള്‍ രേഖകളില്ലാതെ അവിടവിടെ പറന്നുകളിക്കുന്നുണ്ട്. ഒരു അധ്യാപകന് അത്രത്തോളം ദുരനുഭവമുണ്ടെങ്കില്‍ എന്തായിരിക്കും ഒരു വിദ്യാര്‍ഥിയുടെ കഥ? ജാതിത്തീട്ടം പുറപ്പെടുന്ന ഒരു മലദ്വാരം കൂടിയാണ് നമ്മുടെ രാജ്യമെന്ന് മനസിലാക്കാത്തിടത്തോളം മുദ്രാവാക്യം വിളിച്ച് മൂത്രം മുട്ടുമ്പോള്‍ ചെന്നുകയറുന്ന ശൌചാലയത്തില്‍ ഫ്ലഷ് ചെയ്യാന്‍ പാകത്തില്‍ സാധനം കെട്ടിക്കിടപ്പുണ്ടാകും. ജാതിത്തീട്ടത്തിനു മുന്നില്‍ ഇതുവരെ പയറ്റിയ ഒരു വിപ്ലവസിദ്ധാന്തവും വിലപ്പോകില്ല. മുദ്രാവാക്യം വിളിക്കാന്‍ പൊക്കിയ കൈ താഴെക്കൊണ്ടുവന്ന് അത് ഫ്ലഷ് ചെയ്തേ മതിയാകൂ.നൂറ്റാണ്ടുകളായി തുടരുന്ന ജാതിയതയ്ക്കും മനുവാദത്തിനും നേരെയാണ് ഫാക്ടറിതൊഴിലാളികളുടെ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും നമ്മള്‍ തൊടുത്തു വിട്ടുകൊണ്ടിരിക്കുന്നത്. മോദി നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനു നേരെയുള്ള സമരം ആത്യന്തികമായി മുതലാളിത്തത്തിന് നേരെയുള്ള സമരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. മുദ്രാവാക്യങ്ങളെ മാറ്റിയില്ലെങ്കില്‍ അത് സ്വയം മാറാന്‍ തുടങ്ങും. അറുപതുകളില്‍ തന്നെ മുഖ്യധാരാ ഇടതുപക്ഷത്തെ മറന്നുകൊണ്ട് പുതിയൊരു പ്രതിരോധബോധം ലോകത്തിന്റെ പല കാമ്പസുകളിലും അരങ്ങേറിയിരുന്നു. മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ കൊണ്ട് പരിഹരിക്കാനാവാത്ത ജാതികേന്ദ്രിതസമൂഹ്യതയില്‍ എങ്ങും തൊടാതെ കുറെ മുദ്രാവാക്യങ്ങള്‍ മാത്രം തങ്ങി നില്‍ക്കുന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്. സ്ത്രീവാദികളുടേയും ഭിന്ന ലൈംഗിക പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യബോധത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പ്രതിരോധ രാഷ്ട്രീയത്തിലൂടെയാണ് 1966-ല്‍ സ്വതന്ത്ര ഭാഷണത്തിന് വേണ്ടി കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നത്. കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്ന സര്‍വ്വകലാശാലയുടെ നടപടിയെ പ്രതിരോധിക്കാനാണ് ഫ്രീ സ്പീച്ച് മൂവ്മെന്‍റ് എന്നപേരിലുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. മാര്‍ക്സിന്‍റെ വര്‍ഗസമര സമവാക്യത്തില്‍ നിന്നും തൊഴിലാളി മുദ്രാവാക്യത്തില്‍ നിന്നും കുതറി മാറിക്കൊണ്ടുള്ള ഒരു പുതു ഇടതുപക്ഷത്തിന്‍റെ ഉദയമായാണ് ആ സമരം അടയാളപ്പെട്ടത്. മാര്‍ക്സിനെ കൈയ്യൊഴിഞ്ഞു കൊണ്ടുള്ള വിദ്യാര്‍ഥിസമരങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും അവകാശസംരക്ഷണത്തിന്റെ മാതൃകകളായി മാറിക്കഴിഞ്ഞിട്ടും മുഖ്യധാരാ ഇടതുപക്ഷമെന്ന മുദ്രാവാക്യ യുക്തിയിലാണ് ഇപ്പോഴും ഇന്ത്യയിലെ ഇടതു വിദ്യാര്‍ഥിസംഘടനകളുടെ പ്രതിരോധം പ്രവര്‍ത്തിക്കുന്നത്. സ്ത്രീവിമോചനബോധത്തിനും ഭിന്നലൈംഗിക സംവാദങ്ങള്‍ക്കുമൊപ്പം ‘ജാതിനശീകരണ’മെന്ന അതിപ്രധാനമായ ലക്‌ഷ്യം കൂടി നിറവേറ്റാനുണ്ടെന്ന് ജെ എന്‍ യു അടക്കമുള്ള ഉന്നത വിദ്യാകേന്ദ്രങ്ങള്‍ മറന്നുപോയിരിക്കുന്നു. ഒരുപക്ഷെ ജാതിനശീകരണത്തെപ്പറ്റി ചിന്തിക്കാന്‍ പോലും അവസരം നല്‍കാത്ത രീതിയില്‍ ജാതിയുടെ ഘടന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു സമൂഹത്തില്‍ പുലരുമ്പോള്‍ എല്ലാവരിലും ആ ചാതുര്‍വര്‍ണ്യരൂപം അതിവേഗത്തില്‍ രൂപമെടുക്കും. ഇന്ത്യയില്‍ നിന്നുകൊണ്ട് ഏതൊരു പ്രതിരോധത്തെയും സ്ഥാപനവത്ക്കരിക്കാന്‍ ശ്രമിച്ചാല്‍ ജാതിത്തട്ടുകളുള്ള ഒരു സംവിധാനം വളരെ വേഗത്തില്‍ രൂപപ്പെടുന്നത് കാണാം. അംബേദ്‌കര്‍ പറയുംപോലെ ജാതിയെ കൊന്നാല്‍ മാത്രമേ ഇന്ത്യന്‍ സാഹചര്യത്തില്‍ സാമ്പത്തികവും സാമൂഹികവും സാംസ്ക്കാരികവുമായ ഏതൊരു പുന:രുത്ഥാനവും സാദ്ധ്യമാവുകയുള്ളൂ.
പുതിയ വിദ്യാര്‍ഥി കൂട്ടായ്മകളും സമരങ്ങളും സമാന്തരമായി പുതിയ ധാരകളെയാണ് ശക്തിപ്പെടുത്തുന്നത്. പ്രഖ്യാപിത രാഷ്ട്രീയകക്ഷികളുടെ സഹായമില്ലാതെ തന്നെ ദളിത്‌-സ്ത്രീവാദ-ഭിന്നലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ധാരാളം സമരങ്ങള്‍ മുന്‍പെങ്ങും കാണാത്ത യുവ പങ്കാളിത്തത്തോടെ തെരുവിലിറങ്ങിയ കാഴ്ചയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ തെരുവുകള്‍ കണ്ടത്. നമ്മള്‍ കണ്ടു ശീലിച്ച തൊഴിലാളി സമരങ്ങളുടെ ഭാഷയിലുള്ള മുദ്രാവാക്യജാഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആ സമരങ്ങളെല്ലാം. ചിലര്‍ തെരുവിലിറങ്ങി ചുംബിച്ചു. മറ്റു ചിലര്‍ പരസ്യമായി ബീഫുണ്ടാക്കി. ചിലര്‍ അംബേദ്‌കര്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പ്രാവശ്യം മാര്‍ക്സ് മാഞ്ഞു പോവുകയും അംബേദ്‌കര്‍ കടന്നു വരികയും ചെയ്ത കൂട്ടായ്മകളും നമ്മള്‍ കണ്ടു. പക്ഷെ മനുവില്‍ നിന്നും മോദിയില്‍ നിന്നും ‘ജാതിപുരുഷനായ ഇന്ത്യന്‍ മാര്‍ക്സ്’ നമ്മെ രക്ഷിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ടി വരുമ്പോഴാണ് സംശയം കാറ്റത്തെ കൊടിപോലെ പറന്നു കളിക്കുന്നത്. രോഹിത് വെമുല ജീവനൊടുക്കിയത് മുതല്‍ ജെ എന്‍ യു പരിസരത്ത് എങ്ങനെയാണ് ഈങ്ക്വിലാബും ജയ് ഭീമും ഏറിയും കുറഞ്ഞും പ്രവര്‍ത്തിച്ചതെന്ന് പരിശോധിച്ചാല്‍ കിട്ടുന്ന ഗ്രാഫ് രസകരമായിരിക്കും. വിപ്ലവകാരിയായ ഈങ്ക്വിലാബ് തന്നെയാണ് ജയിച്ചത്. ജാതി വിമോചകനായ ജയ് ഭീം ഒരു ഇടക്കാല ശബ്ദമായി മാത്രം ഉയര്‍ന്നു മാഞ്ഞു. കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ ഒരു ദളിതന്‍ മരിക്കുമ്പോള്‍ താല്‍ക്കാലികമായി മുഴക്കാനുള്ള ഒരു ശബ്ദമായിട്ടു മാത്രമാണ് ജയ് ഭീം ഒരു കൂട്ടത്തിന്‍റെ സ്വരമായത്. ദളിതര്‍ മരിക്കുമ്പോള്‍ അംബേദ്‌കറും അദളിതര്‍ മരിക്കുമ്പോള്‍ മാര്‍ക്സും രക്ഷയ്ക്കെത്തുമെന്ന അബോധപരമായ യുക്തിയാണ് ജാതിയുടെ തീട്ടമായി നമ്മുടെ ജീനുകളില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണത്. ജെ എന്‍ യുവിനെ ചുറ്റിപ്പറ്റിയുള്ള സമരങ്ങള്‍ സംഭവ ബഹുലമാവുകയും രോഹിത് വെമുല ഒരു വിഷയമേ അല്ലാതാവുകയും ചെയ്യുന്നതിന്‍റെ കാരണമന്വേഷിച്ചാല്‍ നേരത്തെ സൂചിപ്പിച്ച ജാതിബോധത്തിന്‍റെ മലാശയം ഭരണപക്ഷത്തും പ്രതിരോധപക്ഷത്തും വലിയ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നതു കാണാം. ഇതൊന്നും ആരും കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് ഈ ലേഖനം വിശ്വസിക്കുന്നില്ല. മറിച്ച് ഉള്ളിലെ ജാതിയുടെ തീട്ടം നമ്മുടെ ചിന്തയെ നിര്‍വചിക്കുമ്പോള്‍ ചിലരുടെ സ്ഥാനങ്ങള്‍ പുറത്താവുകയും ചിലര്‍ മാത്രം രാഷ്ട്രീയസുരക്ഷയുടെ അകം കാണുകയും ചെയ്യുന്നു.

എന്തായാലും കഴിഞ്ഞ രണ്ടു കൊല്ലമായി രാജ്യത്ത് രൂപപ്പെടുന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ സ്വഭാവം പരമ്പരാഗത പ്രതിരോധരീതികളില്‍ നിന്ന് വ്യത്യസ്തമാണ്. എവിടെ നിന്ന് ആരാണ് സമരം ആരംഭിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പ്രാതിനിധ്യങ്ങള്‍ ഇല്ലാത്ത വികേന്ദ്രിതമായ രാഷ്ട്രീയാന്തരീക്ഷത്തിലൂടെയാണ് ചുംബന സമരവും ബീഫ് ഫെസ്റ്റിവലും എഫ് റ്റി ഐ ഐ സമരവും രോഹിത് സമരവും ഒടുവില്‍ ജെ എന്‍ യുവില്‍ നടക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശസമരവും വരെ നടക്കുന്നത്. ഇവിടെയെല്ലാം സമരത്തെ ഏറ്റെടുക്കാന്‍ മാത്രമേ ഔദ്യോഗിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. അല്ലെങ്കില്‍ സമരത്തിനൊപ്പം നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ. സമരം ആവിഷ്ക്കരിക്കപ്പെടുന്നത് അദൃശ്യമായ ഒരു പ്രവൃത്തിയായി മാറിയിരിക്കുന്നു. ഫെബ്രുവരി 18-ന് ദില്ലിയില്‍ നടന്ന ബഹുജനറാലി തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ജെ എന്‍ യുവെന്ന പൊതു വികാരത്തിന്‍റെ രോമഹര്‍ഷങ്ങള്‍ക്കുപരിയായി ദില്ലിയിലെ ജനാധിപത്യവാദികളുടേയും യുവതയുടെയും സ്വരമാണ് അവിടെ ഉയര്‍ന്നു കേട്ടത്. നിയന്ത്രിക്കപ്പെടുന്ന അണികളുടെ എണ്ണല്‍പ്പട്ടികയില്ലാതെ നടന്ന വലിയ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ആളുകള്‍ സ്വമേധയാ അവരുടെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് വരെ എല്ലാ പുരോഗമന സമരങ്ങളുടെയും നേതൃത്വം മുഖ്യധാരാ ഇടതു പക്ഷവിദ്യാര്‍ഥികള്‍ക്കായിരുന്നു. എന്നാല്‍ പുതു സമരങ്ങളുടെ ഉദയത്തോടെ ‘പ്രിയപ്പെട്ട ഇരകളേ, നിങ്ങള്‍ പേടിക്കണ്ട, നിങ്ങളെ ഞങ്ങള്‍ സമരം ചെയ്ത് സംരക്ഷിച്ചോളാ’മെന്ന ജാതികേന്ദ്രിതയുക്തി തകരുകയും സമരനായകത്വങ്ങളില്‍ നിന്ന് സമരപങ്കാളിത്തത്തിലേക്ക് അവര്‍ മാറ്റപ്പെടുകയും ചെയ്തു.

ബീഫ് നിരോധനവും ചുംബന സമരവും എഫ് ടി ഐഐയും രോഹിത് വെമുലയും ജെ എന്‍ യുവുമൊക്കെ ഹൈന്ദവരാഷ്ട്രസങ്കല്‍പ്പത്തിന് നേരെയുള്ള പുത്തന്‍ പ്രതിരോധങ്ങള്‍ തന്നെയായിരുന്നു. ഹിന്ദുരാഷ്ട്രമെന്ന ദേശവിരുദ്ധ ലക്ഷ്യമല്ലാതെ നാളിതുവരെ ജനതയുടെ നിത്യജീവിത പ്രശ്നങ്ങള്‍ തുറന്നു നോക്കാത്തവര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ക്ക് വിസമ്മതമുണ്ടെന്ന് തോന്നിയ ഇടങ്ങളിലൊക്കെ ഇടപെടുകയും തങ്ങളുടെ ദുരന്തസാന്നിധ്യം അറിയിക്കുകയും ചെയ്തു. എഴുതിയ തിരക്കഥയില്‍ പ്രതീക്ഷിക്കാതെ വീണു കിട്ടിയ സന്ദര്‍ഭങ്ങളാണ് രോഹിത് വെമുലയും അഫ്സല്‍ ഗുരുവുമൊക്കെ. അവരെ സംബന്ധിച്ച് ഒരു ദളിതന്‍റെ ആത്മഹത്യ പരസ്യമായിപ്പോയ സന്ദര്‍ഭമായിരുന്നു അത്. പത്രങ്ങളോ ദൃശ്യമാധ്യമങ്ങളോ അറിയാതെ എത്രയോ ന്യൂനപക്ഷ കൊലകളും ആത്മഹത്യകളും ബാലാത്ക്കാരങ്ങളും ആസൂത്രിത കലാപങ്ങളും ഹിന്ദു രാഷ്ട്രത്തില്‍ നടക്കുന്നു. അതിന്‍റെ പട്ടികയിലേക്ക് പ്രമാദമായ ഒരു ആത്മഹത്യ കൂടി. ഒരു ദളിതന്റെ മരണം അവരെ സംബന്ധിച്ച് അത്ര ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമല്ല. എന്നാല്‍ ഒരു ദളിതന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുകയും അത് സംഭവബഹുലമാകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതവര്‍ പ്രതീക്ഷിക്കാത്തതാണ്. ഒരു ദളിതന്റെ ആത്മഹത്യ ഇത്രയ്ക്ക് പരസ്യമായി ചര്‍ച്ചചെയ്യേണ്ടതുണ്ടോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതുകൊണ്ടാണ് രോഹിത് വെമുല ഒരു ദളിതനല്ലെന്ന് സ്മൃതി ഇറാനി തെളിയിക്കാന്‍ പുറപ്പെടുന്നത്. ദളിതരുടെ ജീവനൊടുക്കല്‍ പോലും പരസ്യമാകുന്നത് ഹിന്ദുരാഷ്ട്രം സഹിക്കില്ല. അതുകൊണ്ടാണ് എച്ച് സി യു മാത്രം വളഞ്ഞാക്രമിക്കപ്പെടുന്നത്. ജെ എന്‍ യു ചെയ്ത ദേശദ്രോഹത്തെക്കാള്‍ വലുതാണ്‌ ദളിത്‌ ഐക്യദാര്‍ഢ്യം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെന്ന് ഹിന്ദു രാഷ്ട്രത്തിന് നല്ല ബോധ്യമുണ്ട്. ഇടതുയുക്തിയിലുള്ള ജെ എന്‍ യു സമരത്തെ അത്ര ഭയപ്പെടേണ്ടതില്ലെന്ന് അവര്‍ക്കറിയാം. ഹിന്ദുദേശത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാല്‍ നിങ്ങള്‍ കുറച്ചു നാളത്തെക്ക് അകത്തുപോയാലും ജാമ്യം കിട്ടിയേക്കും. എന്നാല്‍ അംബേദ്‌കര്‍ തലപൊക്കുന്ന ജാതിവിരുദ്ധ കൂട്ടായ്മകളെ തകര്‍ത്തെറിയാന്‍ അവര്‍ മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തുകയും സര്‍വ്വകലാശാലകളില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മാര്‍ക്സ് അവരുടെ നോട്ടപ്പുള്ളിയല്ല. എന്നാല്‍ അംബേദ്‌കര്‍ അവരെ സംബന്ധിച്ച് അപകടകാരിയാണ്.മോദി സര്‍ക്കാരിനെ സംബന്ധിച്ച് ജാതിയുടെ തട്ടുകള്‍ കൃത്യമായി പാലിക്കപ്പെടുന്ന ഒരു ഹൈന്ദവരാഷ്ട്രസംവിധാനമാണ് ദേശം. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഹിന്ദുക്കളെയും ദളിതുകളെയും തളയ്ക്കാന്‍ അവര്‍ ഉപയോഗിക്കുന്ന തുറുപ്പുചീട്ടാണ്‌ ദേശഭക്തി. വെറുതെ ഹിന്ദുവായിരുന്നാല്‍ മാത്രം പറ്റില്ല. ഹിന്ദുവായി ജനിച്ചാല്‍ പോലും ജാതീയശ്രേണിയെ അനുസരിക്കുന്ന ഒരാളായി വേണം ഇന്ത്യയില്‍ പുലരാന്‍. ഹിന്ദുരാഷ്ട്രത്തെ ബഹുമാനിച്ചില്ലെങ്കില്‍ ആരെയും തുറുങ്കിലടയ്ക്കാനുള്ള അഹന്തയെ അവര്‍ നിയമവത്ക്കരിചിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ സ്ഥാപനങ്ങളും ജാതീയതയുടെ ചട്ടത്തിനുള്ളില്‍ കൃത്യമായി നിലനിന്നു പോരുമ്പോള്‍ വിവേചനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ ജനാധിപത്യപരമായി നിയന്ത്രിക്കാനുള്ള ഭരണഘടനാ സംവിധാനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്വാസം. എന്നാല്‍ ഹിന്ദുവാദികളുടെ പ്രധാന ലക്‌ഷ്യം വിയോജിക്കാനും വിസമ്മതിക്കാനുമുള്ള ശ്രമങ്ങളെ പൂര്‍ണ്ണമായി എടുത്തുകളയുകയെന്നതാണ്. ജാതി സാമൂഹികതയെ ഭരണഘടനയ്ക്കുമേല്‍ സ്ഥാപിക്കുക എന്നതാണ് ഹിന്ദു രാഷ്ട്രസങ്കല്‍പ്പത്തിന്റെ ലക്‌ഷ്യം. അവിടെ നോര്‍ത്ത് ഈസ്റ്റുകാര്‍ക്കോ കശ്മീരികള്‍ക്കോ ദളിതനോ മുസ്ലീമിനോ സ്ഥാനമില്ല. അവരോടൊക്കെ പാക്കിസ്ഥാനിലേക്ക് പോകാനാണ് അവര്‍ പറയുന്നത്.

രക്തത്തില്‍ ജാതിയുള്ളത് കൊണ്ട് എല്ലാ സംവിധാനങ്ങളെയും സംശയ ബുദ്ധിയോടെ കാണേണ്ട ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും വിപ്ലവം മുഴക്കുന്നവരുമൊക്കെ സംശയലിസ്റ്റില്‍ പെടും. അത്തരം സംശയങ്ങളില്‍ നിന്ന് തന്നെയാണ് ഇരകളായവര്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നേരിട്ട് തെരുവിലിറങ്ങുന്നത്. ഇന്ത്യയിലാകെ ഇരകളുടെ ശബ്ദങ്ങള്‍ പ്രതിരോധത്തിന്റെ അടയാളമായി മാറുകയാണ്. പലതരം ന്യൂനപക്ഷങ്ങള്‍ സമരത്തിനിറങ്ങിയിരിക്കുന്നു. അതില്‍ കര്‍ഷകരും ആദിവാസികളും കലചെയ്യുന്നവരും സ്ത്രീകളും ഭിന്നലിംഗപദവിക്കാരും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ വാസികളും കാശ്മീരികളും മുസ്ലീങ്ങളുമുണ്ട്. ഇങ്ങനെയൊരു പലമയുടെ ശബ്ദമാണ് വര്‍ത്തമാനകാലത്തെ പ്രതിരോധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഭരണകൂടം അടിച്ചമര്‍ത്തിയ ഒരുപാട് ന്യൂനപക്ഷങ്ങളുടെ ശബ്ദമാണത്. അവരെ രക്ഷിക്കാന്‍ ആരുടെയും കൊടികള്‍ വേണ്ട എന്ന് തെളിഞ്ഞിരിക്കുന്നു. ഒരു കൊടിക്കീഴിലേക്കും ചുരുക്കാന്‍ കഴിയാത്ത വണ്ണം അവരുടെ സാന്നിധ്യം ഇരട്ടിക്കുകയാണ്. അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വേണ്ടി ഒരു ഔദ്യോഗിക പാര്‍ട്ടിയും കൊടി തോരണങ്ങള്‍ തുന്നുകയോ മുദ്രാവാക്യം മുഴക്കുകയോ വേണ്ടെന്നു വരുന്നു. ഇത്രനാളും തീട്ടം ചുമ്മിയവര്‍ മറ്റുള്ളവരുടെ മലം ഫ്ലെഷ് ചെയ്യില്ലെന്നുറപ്പിച്ചിരിക്കുന്നു. എണ്‍പത് ശതമാനം ഈങ്ക്വിലാബും ഇരുപതു ശതമാനം ജയ്‌ ഭീമും കൂട്ടിക്കലര്‍ത്തി പരീക്ഷിച്ചിട്ടും മലബന്ധം അവസാനിക്കുന്നില്ല എന്നോര്‍ക്കുക. നമ്മുടെ രാജ്യം തൂറുന്നവരെയും തീട്ടം കോരുന്നവരെയും സൃഷ്ടിക്കുന്ന മഹത്തായ പാരമ്പര്യത്തിലൂടെയാണ് അതിന്‍റെ സംസ്ക്കാര മഹിമയെ പടുത്തുവെച്ചിട്ടുള്ളത്‌. ജാതിത്തീട്ടത്തിന്റെ മണമാണ് നമ്മുടെ ദേശീയത. ജാതിയെന്ന ദേശീയവിസര്‍ജ്ജ്യത്തെ ഫ്ലഷ് ചെയ്യാന്‍ സഹായിക്കുന്ന മുദ്രാവാക്യങ്ങളാണ് ഒരു കലര്‍പ്പുമില്ലാതെ ഇനി ഉയരേണ്ടത്.

(ജെ എന്‍ യു വിലെ ആര്‍ട്സ്‌ ആന്‍ഡ് ഏസ്ത്തെറ്റിക്സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories