UPDATES

വിദേശം

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ വിപ്ലവകാരി കടന്നുപോകുമ്പോള്‍

Avatar

1956 നവംബര്‍ 25-ആം തിയതി അര്‍ദ്ധരാത്രി ‘മുത്തശ്ശി’ എന്ന ചെറുയാനം മെക്‌സിക്കന്‍ തുറമുഖം ടക്‌സപാനില്‍ നിന്നും ക്യൂബയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 12 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ നിര്‍മ്മിച്ച ഉരുവില്‍ ഫഡില്‍ കാസ്‌ട്രോ, സഹോദരന്‍ റൗള്‍ കാസ്‌ട്രോ, ചെ ഗുവേര, കാമിലോ സെന്‍ ഫ്യൂഗോസ് എന്നിവരുള്‍പ്പടെ 82 യാത്രക്കാരുണ്ടായിരുന്നു. ഇത്രയും പേര്‍ക്ക് യാത്രചെയ്യാനുതകുന്ന ഒരു ചെറുകപ്പല്‍ വാങ്ങുവാന്‍ ശ്രമിച്ചുവെങ്കിലും പണം തികയാതെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 

‘ഒന്നുകില്‍ ക്യൂബയുടെ മോചനം അല്ലെങ്കില്‍ മരണം’ ഇതായിരുന്നു കാസ്ട്രോ സംഘാംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ക്യൂബന്‍ ഏകാധിപതിയായിരുന്ന ഫെല്‍ഗെന്‍ഷ്യോ ബറ്റിസ്റ്റയുടെ ഭരണം അട്ടിമറിച്ച് സോഷ്യലിസ്റ്റ് സാമൂഹികക്രമം കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച ലെനിനിസ്റ്റുകളായിരുന്നു അവര്‍. യാത്രാ മദ്ധ്യേ ആഹാരവും വെള്ളവും ഇന്ധനവും തീര്‍ന്നു പോയി. പത്തുദിവസത്തെ പട്ടിണിയും കടല്‍ച്ചൊരുക്കും സഹിച്ച് ഡിസംബര്‍ 5-ആം തിയ്യതി ആ ചെറുസംഘം പോരാളികള്‍ ക്യൂബയിലെത്തി. തുടക്കം മുതല്‍ പ്രത്യാക്രമണം നേരിടേണ്ടിവന്ന അവര്‍ കരിമ്പിന്‍ തോട്ടങ്ങള്‍ ഒളിത്താവളമായി തിരഞ്ഞെടുത്തു. പച്ചക്കരിമ്പു മാത്രം ഭക്ഷിച്ച് അവര്‍ ദിവസങ്ങളോളം ഒളിച്ചു താമസിച്ചു. ആയുധങ്ങളും ആഹാരവുമില്ലാതെ ദുരിതജീവിതം രണ്ടു മാസത്തോളം തുടര്‍ന്നു. എങ്കിലും രോഗവും പട്ടിണിയും സംഘത്തിന്റെ മനോവീര്യം കെടുത്തിയില്ല.

 

അമേരിക്കന്‍ സഹായത്തോടെ ഏകാധിപത്യ ഭരണം നടത്തിയിരുന്ന ബറ്റിസ്റ്റയുടെ ചാരന്മാര്‍ ഫിഡില്‍ കാസ്‌ട്രോയും സംഘവും കരിമ്പില്‍ തോട്ടങ്ങളില്‍ ഒളിച്ചിരിക്കുന്ന വിവരം അറിഞ്ഞ് തോട്ടത്തിന്റെ നാലു വശത്തും നിന്നും തീയിട്ടു. തോട്ടങ്ങളില്‍ നിന്നും പുറത്തുകടന്ന പോരാളികള്‍ ജനുവരി പതിനാലാം തീയതി ലാപ്ലാട്ടാ ആര്‍മി ബാരക്കുകള്‍ ആക്രമിച്ച് റൈഫിളുകളുകളും ഗ്രനേഡുകളും സ്വന്തമാക്കി. അതോടെ പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കാസ്‌ട്രോ തീരുമാനിച്ചു. ചെ ഗുവേരയും കാമിലോയും ഉള്‍പ്പെട്ട സംഘം ഗ്രാമങ്ങളെ കേന്ദ്രീകരിച്ചപ്പോള്‍ കാസ്ട്രോ സഹോദരങ്ങള്‍ പട്ടണങ്ങളെ കേന്ദ്രീകരിച്ച് ആക്രമണ തന്ത്രങ്ങള്‍ ആവിഷക്കരിച്ചു. ജനങ്ങളുടെ സഹായമില്ലാതെ ഒരു സായുധ സമരത്തിന്റെ വിജയം അസാധ്യമായിരുന്നു. ഗ്രാമങ്ങളില്‍ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചും താവളങ്ങള്‍ മാറി മാറി ഒളിച്ച് താമസിച്ചും ഇരു സംഘവും ജനങ്ങളെ ബോധവത്ക്കരിച്ചു മുന്നേറി.

 

 

പട്ടിണിയിലും പീഡത്തിലും കഴിഞ്ഞിരുന്ന ക്യൂബന്‍ ജനത സ്വാതന്ത്ര്യത്തിനായി ആഗ്രഹിച്ചു. അമേരിക്കന്‍ സമ്പന്നന്മാരുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു ഹവാനയിലെ കടല്‍ത്തീരങ്ങള്‍. 60 ശതമാനം കരിമ്പില്‍ തോട്ടങ്ങളും അമേരിക്കന്‍ പൗരന്മാരുടേതായിരുന്നു. കടുത്ത ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും ക്യൂബന്‍ ജനതയുടെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാരണക്കാരായി. 14 ശതമാനം ജനങ്ങള്‍ ക്ഷയരോഗബാധിതരായിരുന്നു, 36 ശതമാനം ജനങ്ങള്‍ ഉദരരോഗങ്ങള്‍ക്കടിമകളായിരുന്നു. 43 ശതമാനം നിരക്ഷരരുണ്ടായിരുന്ന ക്യൂബന്‍ ജനതയില്‍ 3 ശതമാനത്തിനുമാത്രമേ ശുദ്ധജലം ലഭ്യമായിരുന്നുള്ളൂ.

 

സ്പാനിഷ് കോളനി ഭരണം 1898-ല്‍ അവസാനിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ പാവ സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനേക്കാള്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചു. ക്യൂബയിലെ ഭൂമിയുടെ നല്ലൊരു ശതമാനവും അമേരിക്കന്‍ പൗരന്മാര്‍ വിലയ്ക്ക് വാങ്ങിയതോ യുഎസ് ഭരണകൂടം പാട്ടത്തിനെടുത്തതോ ആയിരുന്നു. 1898 മുതല്‍ ഇന്ധനം നിറക്കുന്നതിനുള്ള (coaling station) ഇടത്താവളമായി ഗ്വാണ്ടാനാമോ മുനമ്പ് പാട്ടത്തിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തമാക്കി.

 

ഏകാധിപത്യ വാഴ്ച നടത്തിയിരുന്ന ബറ്റിസ്റ്റ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരിയായിരുന്നു എന്നതാണ് രസകരമായ വസ്തുത.

 

ഈ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പാതയില്‍ വിപ്ലവസ്വപ്നങ്ങളുമായി ഫിഡല്‍ കാസ്‌ട്രോയുടെയും ചെഗുവേരയുടേയും നേതൃത്വത്തില്‍ രണ്ടു ചെറുസംഘങ്ങള്‍ ഗറില്ല യുദ്ധമുറകളുമായി സര്‍ക്കാരിനെതിരെ കലാപം ആരംഭിച്ചത്. ദുരിതജീവിതം നയിച്ചിരുന്ന ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാന്‍ വിപ്ലവനായകന്മാര്‍ക്ക് എളുപ്പം കഴിഞ്ഞു.

 

രണ്ടു വര്‍ഷം നീണ്ടു നിന്ന ഐതിഹാസിക പോരാട്ടത്തിനൊടുവില്‍ 1958 ഡിസംബര്‍ 31-ആം തീയതി ക്യൂബയില്‍ നിന്നും ബറ്റിസ്റ്റാ പലായനം ചെയ്തു.

 

1959 ജനുവരി ഒന്ന്. സോഷ്യലിസ്റ്റ് വിപ്ലവം ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഫിഡല്‍ കാസ്‌ട്രോ ഭരണാധികാരിയായി അവരോധിതനായി.

 

എല്ലാ മേഖലകളിലും തകര്‍ന്ന രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച് സോഷ്യലിസ്റ്റ് സാമൂഹികക്രമം നടപ്പില്‍ വരുത്തുന്നതിന് കാസ്‌ട്രോ ശ്രമം തുടങ്ങി.

 

മുഴുവന്‍ കരിമ്പിന്‍ തോട്ടങ്ങളും ദേശസാത്ക്കരിച്ചു, ബാങ്കുകള്‍, വ്യവസായ സ്ഥാപങ്ങള്‍, വിദ്യാഭ്യാസ സ്ഥാപങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, പൊതു ഗതാഗതം എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി.
സര്‍ക്കാരിനും പൗരന്മാര്‍ക്കും ഒരുതര ആര്‍ഭാടവും അനുവദിക്കുവാന്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ നയങ്ങള്‍ പലതും കടുത്ത തീരുമാനങ്ങള്‍ തന്നെ ആയിരുന്നു.

 

 

സ്വകാര്യവാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കര്‍ശന നിയന്ത്രണത്തിലാക്കി, കൈമാറ്റം ചെയ്യുന്നതും പൂര്‍ണ്ണമായി നിരോധിച്ചു. ഭൂപരിഷ്‌കരണ നിയമവും കാര്‍ഷിക നയവും പ്രഖ്യാപിച്ചു. തോട്ടങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലാക്കി. ചെറുകിടകര്‍ഷകര്‍ക്ക് ഭൂപരിധി നിശ്ചയിച്ച് നിയന്ത്രിതമായി കൃഷി സ്ഥലങ്ങള്‍ നില്‍കി. വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യവും നിര്‍ബന്ധിതമാക്കി. 90 ശതമാനം ജോലിക്കാരും പൊതുമേഖല ജീവനക്കാരായി. അവശ്യസാധനങ്ങള്‍ക്ക് എല്ലാം കനത്ത സബ്‌സിഡികള്‍ ഏര്‍പ്പെടുത്തി, പൊതുവിതരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.

 

ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും ക്യൂബന്‍ മോഡല്‍ വികസം ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ്. ക്യൂബയിലെ 1:195 എന്ന ഡോക്ടര്‍ – രോഗി അനുപാതം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

 

ചികിത്സാരംഗത്ത് അമേരിക്ക ചെലവിടുന്നതിന്റെ നാലു ശതമാനം മാത്രം ചിലവിടുന്ന ക്യൂബ ആരോഗ്യരംഗത്ത് അമേരിക്കയെ മറികടന്നിരിക്കുന്നു. ക്യൂബന്‍ ജനതയുടെ ശരാശരി ആയുര്‍ദൈഘ്യം അമേരിക്കയ്ക്ക് തുല്യമായ 78 വയസായി ഉയര്‍ന്നു, ശിശു മരണനിരക്ക് അമേരിക്കയുടെ നേര്‍പ്പകുതിയായി കുറഞ്ഞു.

പോളിയോ, മലേറിയ, മെനിഞ്ചൈറ്റിസ്, ട്യൂബര്‍കുലോസിസ്, മീസില്‍സ്, റുബെല്ല ഡിഫ്തീരിയ, നിയോനെറ്റല്‍ ടെറ്റനസ് തുടങ്ങിയ നിരവധി രോഗങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു. ഒരു മെഡിക്കള്‍ ഡോക്ടര്‍ കൂടിയായിരുന്ന ചെ ഗുവേരയുടേ കാഴ്ചപ്പാടിലെ സോഷ്യലിസ്റ്റ് ദര്‍ശനത്തിലൂന്നിയ ഒരു ചികിത്സാ പദ്ധതിയാണ് ക്യൂബയില്‍ നടപ്പിലായത്. മെഡിക്കല്‍ വിദ്യാഭ്യാസം പൂ ര്‍ണ്ണമായി സ്‌റ്റേറ്റിന്റെ കീഴില്‍ സൗജന്യമാക്കുകയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം ഗ്രാമത്തില്‍ സേവനം ലഭ്യമാക്കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടു. രോഗത്തെ മാത്രമല്ല, രോഗിയേയും പരിസരത്തേയും അറിയുക എന്നതാണ് ആരോഗ്യ പരിപാലനത്തില്‍ പ്രധാനം എന്ന് ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മനസിലാക്കി. Comprehensive General Medicine എന്ന്‍ വിളിക്കപ്പെടുന്ന ക്യൂബന്‍ തനത് ചികിത്സാ പദ്ധതിയില്‍ സര്‍ക്കാര്‍ സൗജന്യ ആതുരസേവനം ഏതു സമയത്തും ലഭ്യമാണ്.

ലോകത്തിലെ 154 രാജ്യങ്ങളിലായി 154,000 ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ടിക്കുന്നു.

 

 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് പഴകിയ ബയോ മെഡിക്കല്‍ ഉപകരണങ്ങളും ഗുണമേന്മയില്ലാത്ത മരുന്നുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ക്യൂബ ഇന്ന് സ്വന്തമായി ഏറ്റവും അധികം പേറ്റന്റ് മരുന്നുകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്. എയിഡ്‌സ് പ്രതിരോധമരുന്ന് വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യവും ഇതു തന്നെ.

ദുരന്തനിവാരണ രംഗത്ത് ക്യൂബയുടെ സംഭാവനകള്‍ ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും മികച്ചതാണ്. ലോകത്തില്‍ എവിടെ ദുരന്തങ്ങള്‍ സംഭവിച്ചാലും സഹായവുമായി ആദ്യം എത്തുന്നത് ക്യൂബന്‍ മെഡിക്കല്‍ സംഘമാണ് എന്നത് ശ്രദ്ധേയമാണ്.

രോഗങ്ങളേക്കുറിച്ചും അവയ്ക്കുള്ള പ്രതിവിധികളും രോഗനിര്‍ണ്ണയ പരിശോധനകളും പഠിക്കുകയും മന:പാഠമാക്കുകയും ചെയ്യുന്ന പാശ്ചാത്യ, അമേരിക്കന്‍ വിദ്യാഭ്യാസ രീതികളില്‍ നിന്നും ക്യൂബന്‍ മെഡിക്കല്‍ വിദ്യാഭ്യാസം വ്യത്യസ്തമാണെന്ന് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നു.

സാമ്പത്തിക നേട്ടത്തിലുപരി സന്നദ്ധപ്രവര്‍നങ്ങള്‍ക്ക് തയ്യറാകുന്ന ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. ആതിഥേയ രാജ്യത്തിന്റെ സാമൂഹികവും രാഷ്ടീയയുമായ സാഹചര്യം പരിഗണിക്കുകയും ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ത്വരിതഗതിയില്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും ദരിദ്ര രാജ്യങ്ങളില്‍ ചിലവുകുറഞ്ഞ ചികിത്സനല്‍കുവാനും ക്യൂബന്‍ ദുരിതാശ്വാസപ്രവര്‍ത്തകര്‍ മുന്നിട്ട് നില്‍ക്കുന്നു. 1986-ല്‍ ചെര്‍ണോബില്‍ ദുരന്തം, 2004-ലെ സുനാമിയില്‍ തകര്‍ന്ന ശ്രീലങ്കയില്‍, 2005-ല്‍ പാക്കിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പം. 2010-ലെ ഹെയ്തി ഭൂകമ്പം എന്നിവയില്‍ ഏറ്റവും അധികം ശ്രദ്ധേയമായ സേവനങ്ങള്‍ നില്‍കിയത് ക്യൂബന്‍ സംഘമായിരുന്നു.

 

വിദ്യാഭ്യാസ രംഗത്തെ ക്യൂബയുടെ പുരോഗതിയും ലോകശ്രദ്ധയെ ആകര്‍ഷിക്കുന്നതാണ്. പൂര്‍ണ്ണമായും സ്‌റ്റേറ്റിന്റെ കീഴില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസം സൗജന്യവും സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതവുമാണ്.

 

സ്ത്രീശാക്തീകരണത്തിലും ക്യൂബ അനുകരണീയമായ നേട്ടങ്ങള്‍ കൊയ്തുകൊണ്ടാണ് വിപ്ലവാനന്തര പുരോഗതികള്‍ നേടിയത്. 12 ശതമാനം സ്ത്രീകള്‍ മാത്രം ശമ്പളം ലഭിക്കുന്ന രാജ്യമായിരുന്നു 1953-ല്‍ ക്യൂബ. ഇപ്പോള്‍ ക്യൂബയിലെ 48.8 ശതമാനം പാര്‍ലമെന്റ് അംഗങ്ങള്‍ സ്ത്രീകളാണ്. ഇത് ഇക്കാര്യത്തില്‍ ലോകത്തിലെ ഉയര്‍ന്ന മൂന്നാമത്തെ രാജ്യം എന്ന നിലയിലേക്ക് ക്യൂബയെ ഉയര്‍ത്തി. 63 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളാണ്. 60 ശതമാനം പ്രൊഫസര്‍മാര്‍, 70 ശതമാനം അറ്റോര്‍ണികള്‍ എന്നിങ്ങനെ സമസ്ത മേഖലയിലും സ്ത്രീപ്രാതിനിധ്യം ഉയര്‍ന്നു നില്‍ക്കുന്ന രാജ്യമായി ഫഡില്‍ കാസ്‌ട്രോയുടേ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ക്യൂബ വളര്‍ന്നു. (ഇതേസമയം ഇന്ത്യന്‍ ലോക്സഭയിലെ സ്ത്രീ പ്രാതിനിത്യം വെറും 12 ശതമാനം ശതമാനമാണ്).

 

രാജ്യത്തെ മുഴുവന്‍ വിഭവങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു വരുത്തുന്ന ഒരു സാമൂഹികക്രമം ആയിരുന്നു ഫിഡല്‍ കാസ്‌ട്രോയുടേ സ്വപ്നം. അതീവ ദരിദ്രരായിരുന്ന ഒരു സമൂഹത്തെ വെല്ലുവിളികളുടെ നടുവില്‍ അദ്ദേഹം നയിച്ചു. ഞാന്‍ ഒരു മാക്‌സിസ്റ്റ്‌ – ലെനിനിസ്റ്റ് ആണ്, മരണം വരെയും അങ്ങിനെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച് ആ വിപ്ലവകാരി ലോകത്തിനു ഒരു നല്ല മാതൃക വച്ചിട്ട് യാത്രയായി.

 

 

ഇടത്തരം ക്യൂബന്‍ പൗരന്റെ മാസശമ്പളം രണ്ടായിരം രൂപയാണ്. ചെറിയ തുകയായി തോന്നാമെങ്കിലും ആര്‍ഭാടപൂര്‍വ്വമല്ലെങ്കിലും ലഭ്യമായ വിഭവങ്ങള്‍ തുല്യമായി പങ്കുവക്കപ്പെടുന്ന ഒരു സാമൂഹികക്രമം ക്യൂബയില്‍ നിലനില്‍ക്കുന്നു. .

 

ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറെയുണ്ട്. കൂടുതലും നിക്ഷിപ്ത താത്പ്പര്യക്കാരുടെ കെട്ടിച്ചമച്ച കഥകളായിരുന്നു. സത്യങ്ങളിം ഇല്ലാതിരുന്നില്ല. എയിഡ്സ് രോഗം നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ച ഒരു രാജ്യമാണെങ്കിലും രോഗികളെ സമൂഹത്തില്‍ നിന്നും മാറ്റി സാനിട്ടോറിയങ്ങളില്‍ താമസിപ്പിച്ചത്‌ പോലുള്ള നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. സോഷ്യലിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയ കടുത്ത നടപടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. തെറ്റുകള്‍ തിരുത്തപ്പെടേണ്ടത് തന്നെയാണ്.

 

വെറും 82 പേരുമായി ഒരു രാജ്യത്തിന്റെ മോചനം സ്വപ്നം കണ്ട് വിപ്ലവം നയിച്ച ഫിഡല്‍ കാസ്‌ട്രോ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ വിപ്ലവകാരിയാണ്, സോഷ്യലിസ്റ്റുകളുടേ ആരാധ്യ പുരുഷനാണ്. ദീര്‍ഘകാലം ഭരണത്തിലിരുന്ന പല ലോക നേതാക്കളും ആദ്യകാലമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ച് സ്വേച്ഛാധിപധികളായിത്തീര്‍ന്ന് അപമാനിതരായി നിഷ്കാസിതരായപ്പോള്‍ ചെറുപ്പം മുതല്‍ സ്വപ്നം കണ്ട സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ മരണം വരെ പോരാടി ആത്മാഭിമാനത്തോടെ ലോകം വിട്ട ധീര വിപ്ളവകാരിയാണ് കാസ്ട്രോ.

 

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍