TopTop
Begin typing your search above and press return to search.

അച്ചന്‍ മാത്രമല്ല, സഭയും ഒട്ടും മോശമല്ല; ഒരു വിശ്വാസിയുടെ തുറന്നുപറച്ചിലുകള്‍

അച്ചന്‍ മാത്രമല്ല, സഭയും ഒട്ടും മോശമല്ല; ഒരു വിശ്വാസിയുടെ തുറന്നുപറച്ചിലുകള്‍

കൊട്ടിയൂരില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സാധാരണ വിശ്വാസികളുടെ ഇടയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നു. വിപിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് ഇതാണ്.

വിപിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

'മകളേ നീ ഒന്നൊച്ച വെച്ചിരുന്നെങ്കില്‍, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍' എന്ന ലൈനില്‍ പെരുവണ്ണാമൂഴിയില്‍ നിന്നും ഒരു ഇടയലേഖനം ഇറങ്ങിയതായി വായിച്ചു. കൊള്ളാം, നല്ല രസമായിട്ടുണ്ട്! കൊട്ടിയൂര്‍ സംഭവം പോലെയുള്ളവ മുന്‍പും സഭയില്‍ നടന്നിട്ടുള്ളതിനാലും ഇനിയും നടക്കാന്‍ സാദ്ധ്യതയുള്ളതിനാലും അതിലേക്ക് കടക്കുന്നില്ല. പിന്നെ സ്വയം പരിപൂര്‍ണ്ണനാണെന്ന തെറ്റിദ്ധാരണ ഇല്ലാത്തതിനാല്‍ അച്ചനെ വിധിക്കാനും മുതിരുന്നില്ല. ഈ സംഭവവും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു സ്ഥാപനം എന്ന നിലയ്ക്ക് കത്തോലിക്കാ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അപചയങ്ങളിലേക്കാണ്. അതേക്കുറിച്ചു മാത്രം പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു.

ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെയെല്ലാം അന്തഃസത്ത ദൈവരാജ്യവും അവിടുത്തെ നീതിയുമായിരുന്നു. നീതി എന്ന ആശയത്തോളം ആഴമുള്ളതൊന്നും പുതിയ നിയമത്തില്‍ ഇല്ല എന്നു തന്നെ പറയാം. അങ്ങനെ നീതിയെക്കുറിച്ചു മാത്രം സംസാരിച്ചു നടന്ന മരപ്പണിക്കാരന്റെ പിന്തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ ഏറ്റവും വലിയ നീതി നിഷേധകര്‍ ആകുന്നതും, അല്ലെങ്കില്‍ അനീതി പ്രവര്‍ത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നതുമൊക്കെയാണ് ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാണാന്‍ സാധിച്ചത്. കുറ്റാരോപിതനായ വൈദികന്‍ മുതല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പണം കൊണ്ടും അധികാരം കൊണ്ടും സ്വാധീനിക്കാന്‍ കൂട്ടുനിന്നവരും അവളുടെ പ്രസവം രഹസ്യമാക്കി വച്ച സഭാ സ്ഥാപനമായ ആശുപത്രിയുടെ അധികൃതരും നവജാത ശിശുവിനെ രഹസ്യമായി ഒളിപ്പിക്കാന്‍ കൂട്ടുനിന്ന സഭയുടേതു തന്നെയായ അനാഥാലയവും അച്ചന്‍ വേണമെങ്കില്‍ മുങ്ങിക്കോട്ടെ എന്ന രീതിയില്‍ കണ്ണടച്ചു കൊടുത്ത രൂപതാ നേതൃതവും ഇപ്പോള്‍ തന്റെ അപ്പന്റെ പ്രായമുള്ള അച്ചനെ ഗുണദോഷിക്കാതിരുന്ന പെണ്‍കുട്ടിയെ കല്ലെറിഞ്ഞ ശാലോംകാരുമെല്ലാം അടുത്ത കാലത്ത് സഭ കണ്ട ഏറ്റവും വലിയ അനീതിക്കാണ് കൂട്ടു നിന്നത്.

നീതി നിഷേധത്തിന്റെ കാര്യത്തില്‍ സഭാസ്ഥാപനങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു തന്നെ പറയാം. തൊടുപുഴയിലെ ജോസഫ് മാഷിന്റെ അനുഭവം ആരും മറന്നിട്ടുണ്ടാവില്ല. വ്യക്തിപരമായ ഒരനുഭവം കൂടി പറയാം. സോഷ്യല്‍ വര്‍ക്ക് ഒക്കെ പഠിച്ചു കഴിഞ്ഞ് എന്റെ ആദ്യ ജോലി ആസ്തിയുടെ കാര്യത്തില്‍ ആര്‍ക്കും കയ്യും കണക്കുമില്ലാത്ത ഒരു സന്യാസ സമൂഹത്തിന്റെ തെക്കേയിന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൌസിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ആയിരുന്നു. വാഗ്ദാനം ചെയ്ത ശമ്പളം എട്ടായിരം രൂപ. മാസാവസാനം തന്നിരുന്നത് ഏഴായിരത്തിയഞ്ഞൂറ് രൂപ. ബാക്കിയുള്ളത് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണു പോലും. മാനേജ് ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രോജക്ടുകളില്‍ നിന്നും എനിക്കായി വകയിരുത്തിയിരുന്നത് മുപ്പതിനായിരം രൂപ. അത്രയ്ക്കൊന്നും തന്നില്ലെങ്കിലും സങ്കടമില്ലായിരുന്നു, പക്ഷെ മാസാവസാനം മേല്‍പ്പറഞ്ഞ ഏഴായിരത്തിയഞ്ഞൂറ് രൂപ കൈപ്പറ്റി മുപ്പതിനായിരം രൂപയുടെ വൗച്ചറുകളില്‍ ഒപ്പിട്ടു കൊടുക്കണമായിരുന്നു. എല്ലാ സ്റ്റാഫിനോടും അവരുടെ പെരുമാറ്റം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. നക്കാപ്പിച്ച ശമ്പളം പോലും ഔദാര്യം പോലെയാണ് കൊടുത്തിരുന്നത്. പിന്നെ 'നിന്റെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവ് പ്രതിഫലം തരും' എന്ന ക്ളാസ് ഡയലോഗും. ഇതൊക്കെ ചെയ്തിരുന്നത് ഞായറാഴ്ച്ച പ്രസംഗങ്ങളില്‍ ദൈവരാജ്യത്തെയും അവിടുത്തെ നീതിയേയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍ ആയിരുന്നു എന്നതും ഓര്‍മ്മിക്കുക. അവസാനം സഹികെട്ട് കയ്യില്‍ വേറൊരു ജോലി പോലുമില്ലാതെ അവിടെ നിന്നിറങ്ങിപ്പോരുമ്പോള്‍ ആ മാസത്തെ ശമ്പളമോ മുന്‍പ് മാസാമാസം ശമ്പളത്തില്‍ നിന്നും ഇറുക്കിയിരുന്ന പൈസയോ ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റോ ഒന്നും തന്നില്ല. ഇതുപോലെ നീതി നിഷേധത്തിന്റെ ധാരാളം കഥകള്‍ ഇനിയുമുണ്ട്. തല്‍ക്കാലം കൂടുതലൊന്നും പറയുന്നില്ല. ഇനിയൊരിക്കലും ഒരു സഭാസ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല.

കൊട്ടിയൂരിലെ അച്ചന്റെ സീവി ഒരു ബിസിനസ് മാനേജരുടേതാണ്, അദ്ദേഹം ഒരു അജപാലകന്‍ ആയിരുന്നതേയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ തന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കപ്പെട്ട ഒരു കുഞ്ഞാടിനോട് ഇങ്ങനെ ചെയ്യാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. സഭ വിശ്വാസികളുടെ ആത്മീയ പരിപോഷണം എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്നകന്നു തുടങ്ങിയപ്പോഴാണ് ഇത്തരം അപചയങ്ങള്‍ സംഭവിച്ചു തുടങ്ങിയത്. ഇടയന്മാര്‍ ആടുകളില്‍ നിന്നും അകന്നു പോയി. സഭയുടെ സ്ഥാപനവല്‍ക്കരണം ശക്തമായി. വൈദികര്‍ ഞായറാഴ്ച്ച കുര്‍ബാനയ്ക്കിടയില്‍ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ലാത്ത വയലിലെ ലില്ലികളെക്കുറിച്ചും ആകാശത്തിലെ പറവകളെക്കുറിച്ചുമൊക്കെ പറഞ്ഞ് വിശ്വാസികളോട് നാളെയെക്കുറിച്ച് ആകുലരാകേണ്ട ദൈവിക പരിപാലനയില്‍ വിശ്വസിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്യും. എന്നിട്ട് കുര്‍ബാനയുടെ അവസാനം സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി രൂപത കെട്ടിപ്പൊക്കാന്‍ പോകുന്ന ആശുപത്രിക്കും സ്‌കൂളിനും ഒക്കെ പിരിവു ചോദിക്കും. പ്രസംഗിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്കു തന്നെ വിശ്വാസമില്ല. എന്നാല്‍ എന്നെപ്പോലുള്ളവരൊക്കെ അവര്‍ പറയുന്ന ഈ പരിപാലനയില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ ആണ്. നാളെ ജോലിയുണ്ടാകും ശമ്പളമുണ്ടാകും അങ്ങനെയുള്ള ഉറപ്പുകള്‍ ഒന്നുമില്ല. എന്നാല്‍ പ്രത്യാശയ്ക്ക് ഒട്ടൊരു കുറവും ഇല്ല.

സാധാരണ ജനതയ്ക്ക് വിദ്യാഭ്യാസം നേടാന്‍ വേണ്ട സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പള്ളികളോട് അടുപ്പിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വൈദികന്റെ പിന്മുറക്കാരാണ് ഇന്ന് സൗത്ത് ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സ്വകാര്യ സംരംഭകര്‍. പഞ്ചനക്ഷത്ര സൗകര്യമുള്ള നഴ്‌സറി മുതല്‍ തുടങ്ങുന്നു അവരുടെ സംരഭങ്ങള്‍. ഇതൊന്നും പാവപ്പെട്ടവനെ നന്നാക്കാനാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അവനെയൊന്നും അതിന്റെ പടിക്കലോട്ട് പോലും അടുപ്പിക്കില്ല. ഇതേക്കുറിച്ചൊക്കെ ആ സഭയിലെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ 'ഞങ്ങളുടെ സ്ഥാപകന്റെ കാരിസം (?) വിദ്യാഭ്യാസമായിരുന്നു' എന്ന മറുപടിയാണ് കിട്ടിയത്. നോക്കൂ, എത്ര സമര്‍ത്ഥമായി നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു. അവരുടെ സ്ഥാപകന്റെ കാലത്ത് അത് ഒരാവശ്യമായിരുന്നു, കച്ചവടമായിരുന്നില്ല. ഇന്ന് തന്റെ പിന്മുറക്കാര്‍ ചെയ്യുന്നത് കാണുമ്പോള്‍ മരിച്ചു മുകളില്‍ നില്‍ക്കുന്ന ആ മഹാത്മാവിന്റെ നെഞ്ച് തീര്‍ച്ചയായും വേവുന്നുണ്ടാവും. ഇനി രൂപതകളുടെ നേതൃതത്തില്‍ എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളെ കുറിച്ച് പറഞ്ഞാല്‍ കാലാകാലങ്ങളായി തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഇടവകകളിലെ ജോലി 'വാങ്ങാന്‍' ശേഷിയുള്ള പ്രമാണിമാര്‍ക്കും അവരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെ അലങ്കാരത്തിനായി ഒരു ജോലി ഉറപ്പ് വരുത്താനുള്ള ഒരു സംവിധാനമായി അത് മാറി, പഴയ നെടുങ്ങാടി ബാങ്ക് പോലെ. ഇതെല്ലാം ഉദ്യോഗാര്‍ത്ഥിയുടെ മെറിറ്റിനനുസരിച്ച് ഇനി മുതല്‍ ചെയ്യാം എന്നുറക്കെ പ്രഖ്യാപിക്കാനുള്ള ധൈര്യം സഭയ്ക്കുണ്ടോ? അല്ലെങ്കില്‍ ഇത്തരം നിയമനങ്ങളൊക്കെ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കഴിയുമോ?

ഇന്‍ഡോ- പാക്ക് യുദ്ധകാലത്ത് പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ ഒരു കത്തോലിക്കാ സന്യാസിനി സമൂഹം നടത്തിയിരുന്ന ഹോസ്പിറ്റലിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യുദ്ധമൊക്കെ കഴിഞ്ഞപ്പോഴേക്കും ഹോസ്പിറ്റലിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. പുറത്തു നിന്നുള്ള രോഗികളുടെയും പണത്തിന്റെയും ഒഴുക്ക് തുടങ്ങി. ആ സന്യാസിനിമാര്‍ ഒത്തുകൂടിയിരുന്ന് ചിന്തിച്ചു. യുദ്ധകാലത്തെ സേവനം എന്ന തങ്ങളുടെ ദൗത്യം അവസാനിച്ചിരിക്കുന്നു. ഇനി സാമ്പത്തിക ലാഭത്തിനുവേണ്ടി ഒരു ഹോസ്പിറ്റല്‍ നടത്തി കാലം കഴിക്കേണ്ട കാര്യമില്ല. തങ്ങളുടെ സേവനം ആവശ്യമുള്ള വേറെ മേഖലകള്‍ ഉണ്ട്. അവര്‍ ആ ഹോസ്പിറ്റല്‍ രൂപതയ്ക്ക് കൈമാറി തങ്ങളുടെ തുണി സഞ്ചിയുമായി ഒറീസ്സയിലോ മറ്റോ ആദിവാസികളുടെ ഇടയില്‍ സേവനം ചെയ്യാനായി ഇറങ്ങി പുറപ്പെട്ടു (രൂപത പിന്നീട് അതിനെ 'ലാഭത്തില്‍' പ്രവര്‍ത്തിക്കുന്ന ഒരു ഹോസ്പിറ്റലാക്കി മുന്നോട്ട് കൊണ്ടുപോയി എന്നുള്ളത് മറ്റൊരു വസ്തുത). അത്തരം ആര്‍ജ്ജവം കാണിക്കാനുള്ള ധൈര്യം സഭയ്ക്കുണ്ടോ? ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ആരും ഒന്നും ചെയ്യാനില്ലാതിരുന്ന കാലഘട്ടത്തില്‍ സഭ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊക്കെ ചെയ്യാന്‍ ധാരാളം ആളുകളുള്ള ഇക്കാലത്തും സഭ എന്തിന് ഇതൊക്കെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കണം? ലാഭത്തിനും വരേണ്യവര്‍ഗ്ഗങ്ങള്‍ക്കുമായി മാത്രം നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികളും സ്‌കൂളുകളും കോളേജുകളുമൊക്കെ വേണ്ടെന്നു വച്ച് വിശ്വാസികളോട് പ്രഘോഷിക്കുന്ന ദൈവിക പരിപാലനയില്‍ പ്രത്യാശിച്ച് അജപാലന രംഗത്ത് കൂടുതല്‍ ശ്രദ്ധിച്ച് കുറച്ചൊക്കെ അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന ദരിദ്രന്റെ പക്ഷം ചേരാന്‍ സഭ തയ്യാറുണ്ടോ? അതിന് ആരാ ഈ ദരിദ്രന്‍ അല്ലേ!

ദാരിദ്ര്യം ആഘോഷിക്കുവാനും വയലിലെ ലില്ലികളെപ്പോലെയും ആകാശത്തിലെ പറവകളെപ്പോലെയും ഒക്കെ ജീവിക്കാനും സാധിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം അച്ചന്മാര്‍ കസന്‍ദ് സാക്കീസിന്റെ 'അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്' പോലെയുള്ള പുസ്തകങ്ങള്‍ ഒക്കെ വായിക്കണം, എന്നിട്ടൊന്ന് വാവിട്ടു കരയണം. അതിനു പറ്റിയില്ലെങ്കില്‍ എളിമയുടെയും വിനയത്തിന്റെയും ഒക്കെ ആള്‍രൂപമായി തവിട്ടു വസ്ത്രമണിഞ്ഞ് ചെരിപ്പു പോലും ധരിക്കാതെ ക്രിസ്തുവിനെപ്പോലെ നടക്കുന്ന, സംസാരിക്കുമ്പോള്‍ സര്‍വ്വചരാചരങ്ങളോടുമുള്ള സ്‌നേഹം സംഗീതം പോലെ ഒഴുകുന്ന ബോബി ജോസ് എന്ന ഒരു കപ്പൂച്ചിന്‍ വൈദികനുണ്ട് അദ്ദേഹത്തെയൊക്കെ കേള്‍ക്കണം. ദന്തഗോപുരങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങി വരണം. ജാഡയൊക്കെ വിട്ട് എല്ലാവരെയും നോക്കി നിറഞ്ഞു പുഞ്ചിരിക്കണം. തെരുവിലെ ക്രിസ്തുവിനെ കാണണം, ചേര്‍ത്തു പിടിക്കണം. ക്രൂശിതനായ ഇടയന്റെയും അവന്റെ ആടുകളുടെയും ഗന്ധമുള്ളവരാകണം. സുഖലോലുപതയും അധികാര പ്രമത്തതയുമൊക്കെ അപ്പോള്‍ ഇല്ലാതാകും. കോട്ടയവും കൊട്ടിയൂരുമൊക്കെ ആവര്‍ത്തിക്കാതിരിക്കും. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ എന്നെ കല്ലെറിയട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories