16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കത്തോലിക്ക വൈദികന് കൊച്ചിയില്‍ അറസ്റ്റില്‍. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. കണ്ണൂരിലെ കൊട്ടിയൂരിലുള്ള സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വികാരിയായ റോബിന് വടക്കേഞ്ചേരിലിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 376ഉം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്) നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പള്ളിയിലെ തന്റെ മുറിയില്‍ വച്ചാണ് വികാരി, പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ കണ്ണൂരിലെ ഒരു അനാഥാലയത്തിന് കൈമാറി. തന്റെ സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പിന്നെയാണ് റോബിന്റെ പേര് പറയുന്നത്. മാനന്തവാടി രൂപത അംഗമായ വടക്കഞ്ചേരില്‍ നേരത്തെ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക പത്രത്തിന്റേയും ജീവന് ടിവിയുടേയും ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റോബിനെ പുറത്താക്കിയതായി രൂപത അറിയിച്ചു. രൂപതയുടെ വെബ്സൈറ്റില്‍ നിന്ന് റോബിന്റെ പേരും ഫോട്ടോയും നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഇയാള്‍ കൊട്ടിയൂര്‍ പള്ളിയിലുണ്ടായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇടവകയിലെ അംഗങ്ങളോട് നിരന്തരം സംസാരിച്ചിരുന്ന റോബിന്, പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായി പറയുന്ന ഒരു സെക്സ് റാക്കറ്റിനെക്കുറിച്ച് പൊലീസിനേയും ധരിപ്പിച്ചിരുന്നു.