സിനിമ

‘സ്‌പോട്ട്‌ലൈറ്റി’നോട് കത്തോലിക്കര്‍ നന്ദിയുള്ളവരാകേണ്ടത് എന്തുകൊണ്ട്?

ക്രിസ്റ്റഫര്‍ വൈറ്റ്
(വാഷിങ്ടണ്‍ പോസ്റ്റ്)

കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടകാലഘട്ടങ്ങളില്‍ ഒന്നിനെക്കുറിച്ചുള്ള വേദനാജനകമായ ഓര്‍മിപ്പിക്കലാണ് ‘സ്പോട്ട് ലൈറ്റ്’. ഇരുനൂറിലധികം വൈദികര്‍ കുട്ടികളെയും കൗമാരക്കാരെയും പീഡിപ്പിക്കുകയും അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം.

മികച്ച ചിത്രത്തിനുള്ള ഒാസ്‌കര്‍ നേടിയ ‘സ്പോട്ട് ലൈറ്റി’ല്‍ ബോസ്റ്റണ്‍ അതിരൂപതയിലെ വൈദികരുടെ ലൈംഗികപീഡനമുണ്ടാക്കിയ പ്രതിസന്ധിയും ഇത് വെളിച്ചത്തുകൊണ്ടുവന്ന ‘ബോസ്റ്റണ്‍ ഗ്ലോബി’ന്റെ അന്വേഷണവുമാണ് പ്രമേയം. 2003ല്‍ ഈ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പേരില്‍ ബോസ്റ്റണ്‍ ഗ്ലോബിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

സംഭവം വെളിച്ചത്തുവന്നതിന്റെ പത്താംവാര്‍ഷികത്തില്‍ ബോസ്റ്റണ്‍ കര്‍ദിനാള്‍ സീന്‍ ഒമാലി അതേപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘വൈദികരുടെ ലൈംഗികപീഡനം പുറത്തുകൊണ്ടുവരികയും അതില്‍ നടപടിയെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യുക വഴി സഭയില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മാധ്യമങ്ങള്‍ സഹായിച്ചു.’ ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായ മാര്‍ട്ടിന്‍ ബാരനായിരുന്നു അന്വേഷണസമയത്ത് ഗ്ലോബിന്റെ എഡിറ്റര്‍.

2010ല്‍ ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് റോസ് ഡോദാറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘കത്തോലിക്കാസഭയ്ക്ക് എക്കാലവും ശത്രുക്കളുണ്ടായിരുന്നു. പക്ഷേ കത്തോലിക്കര്‍, പ്രത്യേകിച്ച് വത്തിക്കാന്‍ മുതല്‍ വിദൂര രൂപതകള്‍ വരെയുള്ള കത്തോലിക്കാ നേതാക്കള്‍ ഇതിനെ സ്വാഗതം ചെയ്യണം. നന്മയ്ക്കുള്ള പ്രേരണയായും അവരുടെ വിശ്വാസങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട് എന്നതിനാലും. ഇപ്പോഴും സഭ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നതിനാലും കത്തോലിക്കര്‍ അവരുടെ നിലവാരത്തിനനുസരിച്ചു ജീവിക്കണം എന്നു കരുതാന്‍ മാത്രം ലോകം ഇന്നും ക്രിസ്തുമതത്തെപ്പറ്റി പരിഗണനയുള്ളവരാണ് എന്നതിനാലും.’

പറയപ്പെടേണ്ട ഒരു വാര്‍ത്ത പറയാനായി അന്നു നടന്നതും ഇന്നും നടക്കുന്നതുമായ ആത്മാര്‍ത്ഥമായ റിപ്പോര്‍ട്ടിങ്ങിനോട് അമേരിക്കയിലെ കത്തോലിക്കര്‍ നന്ദി പറയേണ്ടത് ഇക്കാരണം കൊണ്ടാണ്. മികവുറ്റ ചിത്രമാണെങ്കിലും യഥാര്‍ത്ഥ കഥ തുടങ്ങുന്നിടത്ത് കഥപറച്ചില്‍ അവസാനിക്കുന്നു എന്നതാണ് സ്പോട്ട്ലൈറ്റിന്റെ കുഴപ്പം.

വൈദികനായ ജോണ്‍ ജിയോഗന്‍ 130 ആണ്‍കുട്ടികളെ ലൈംഗികപീഡനത്തിനു വിധേയരാക്കിയ വാര്‍ത്ത 2002 ജനുവരിയില്‍ ഗ്ലോബ് പുറത്തുകൊണ്ടുവന്നു. തുടര്‍ന്നുവന്ന അറുനൂറിലധികം വാര്‍ത്തകളില്‍ പീഡനത്തിനു വിധേയരായ അനേകരുടെയും മറ്റ് നിരവധി പീഡകരുടെയും കഥകള്‍ പുറത്തുവന്നു. അമേരിക്കന്‍ സഭയുടെ ഉന്നതങ്ങളില്‍ നിന്നുവരെ ഈ പീഡനങ്ങള്‍ മൂടിവയ്ക്കാന്‍ നിയമ സംവിധാനത്തിലും എന്‍ഫോഴ്‌സ്‌മെന്റിലും നടത്തിയ ശ്രമങ്ങളും. ‘2002ലെ ദീര്‍ഘമായ വലിയനോമ്പ് ‘എന്ന് കത്തോലിക്കാ വ്യഖ്യാതാവായ ജോര്‍ജ് വീഗല്‍ പരാമര്‍ശിച്ച ഈ വെളിപ്പെടുത്തലുകള്‍ ലോകമെമ്പാടും കത്തോലിക്കാ വിശ്വാസത്തെ പ്രതിസന്ധിയിലാക്കി.

അന്നു മുതല്‍ ലൈംഗികപീഡനങ്ങളോട് അല്‍പവും സഹിഷ്ണുതയില്ലാത്ത നയമാണ് സഭ സ്വീകരിക്കുന്നത്. ഏതെങ്കിലും വൈദികന്‍ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടാല്‍ അയാളെ ഉടന്‍ തന്നെ സ്ഥിരമായി പൗരോഹിത്യത്തില്‍ നിന്ന് നീക്കും. അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ഇടപെടുന്ന എല്ലാവരുടെയും പശ്ചാത്തലം അന്വേഷിക്കുന്നതും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. അത് പുരോഹിതനായാലും അല്ലെങ്കിലും. യുഎസ് രൂപതകളിലെല്ലാം ‘സേഫ് എന്‍വയണ്‍മെന്റ് കോഓര്‍ഡിനേറ്റര്‍’മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ കാനോന്‍ നിയമത്തിന്റെയും സിവില്‍ നിയമത്തിന്റെയും നടത്തിപ്പ് ഉറപ്പാക്കുന്നു. ഇത്തരം നടപടികള്‍ പുനരവലോകനം ചെയ്യാന്‍ പുറത്തുനിന്നുള്ള സ്വതന്ത്ര സമിതികളുമുണ്ട്.

ഉത്തരവാദിത്തത്തിനും സുതാര്യതയ്ക്കുമുള്ള ഈ നടപടികള്‍ അമേരിക്കയില്‍ കത്തോലിക്കാസഭയെ കുട്ടികള്‍ക്കു സുരക്ഷ ഉറപ്പുനല്‍കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലെത്തിച്ചു.

വൈദേശിക, ദേശീയ നടപടികളെ റോമിലെ ലൈംഗികാതിക്രമ അനുബന്ധനടപടിക്രമങ്ങളിലെ പുനസംഘടന ശക്തിപ്പെടുത്തി.  2004 – 2011 കാലത്ത് വത്തിക്കാന്റെ ഔദ്യോഗിക പരിഗണനയ്ക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3400 സംഭവങ്ങളില്‍  848 വൈദികരെ പൗരോഹിത്യത്തില്‍ നിന്നു നീക്കി. 2572 പേരെ സഭാപ്രവര്‍ത്തനങ്ങളില്‍ നിന്നു വിലക്കുകയും ചെയ്തു.

പോപ്പ് ബെനഡിക്ട് പതിനാറാമനെ പിന്തുടര്‍ന്ന് പോപ്പ് ഫ്രാന്‍സിസും ഭരണപരിഷ്‌ക്കാരങ്ങള്‍ വേഗത്തിലാക്കി.  പ്രായപൂര്‍ത്തിയെത്താത്തവരുടെ സുരക്ഷയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ നിലവില്‍ വന്നതായി 2013ല്‍ പോപ്പ് അറിയിച്ചു. ഇത് പരിഷ്‌ക്കാരങ്ങള്‍ തുടരാനുള്ള സ്ഥിരം സംവിധാനമാണ്. ലൈംഗിക പീഡനത്തിന് ഇരകളായവരും മനശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും അംഗങ്ങളായ സമിതി പുരോഹിതരെ ശ്രദ്ധിക്കുക മാത്രമല്ല അധികാരസ്ഥാനത്തുള്ളവര്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങളെ അവഗണിക്കുന്ന ബിഷപ്പുമാരെ അച്ചടക്കത്തിനു കീഴില്‍ കൊണ്ടുവരാന്‍ വേണ്ടി ഒരു പ്രത്യേക ട്രൈബ്യൂണലിനും ജൂണില്‍ പോപ്പ് ഫ്രാന്‍സിസ് രൂപം നല്‍കി.

വഴിതെറ്റുന്നവരെ സംരക്ഷിക്കുക എന്ന ദൗത്യത്തിനായി നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന് ഈ ഉത്തരവാദിത്തം ഏറ്റെടുത്തവരുടെ പരാജയം അനുവദിച്ചുകൊടുക്കാനാകില്ലെന്ന് വാക്കിലും പ്രവര്‍ത്തിയിലും പോപ്പ് ഫ്രാന്‍സിസ് ആവര്‍ത്തിച്ചുറപ്പിച്ചു കഴിഞ്ഞു. ഇത് തുടര്‍നടപടിയാണ്. ഇതുവരെ ഭൂതകാലത്തിലെ മുറിവുകള്‍ പൂര്‍ണമായും ഉണക്കാന്‍ ഇതിനായിട്ടുമില്ല. എന്നാല്‍ തകര്‍ന്ന സംവിധാനം ശരിയാക്കുക എന്ന പ്രതിബദ്ധത കൂടിയാണിത്.

അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ് ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായവരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഫിലാഡല്‍ഫിയയിലെ പുരോഹിതരോടു സംസാരിക്കവേ ഇക്കാര്യത്തെപ്പറ്റി പോപ്പ് ഇങ്ങനെ പറഞ്ഞു: ‘ ചെറിയ കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തമുണ്ടായിരുന്നവര്‍ അവരെ ഗുരുതരമായി ഉപദ്രവിച്ചു എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. എനിക്ക് ഇതില്‍ അഗാധമായ ഖേദമുണ്ട്. ദൈവം കരയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരെയുള്ള ലൈംഗിക കുറ്റങ്ങളും അതിക്രമങ്ങളും ഒരിക്കലും ഒളിച്ചുവയ്ക്കപ്പെടരുത്. കുട്ടികളുടെ സംരക്ഷണത്തിന് സഭ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.’

പുരോഹിതരാല്‍ അപമാനിക്കപ്പെട്ടവര്‍ക്കുള്ള സഹായശൃംഖല (എസ്എന്‍എപി)യുടെ വക്താവ് ഡേവിഡ് ക്ലോഹെസി ഫിലാഡല്‍ഫിയയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ഇങ്ങനെ പ്രതികരിച്ചു: ‘ ലൈംഗിക അതിക്രമത്തിന് ഇരകളായവരുമായി ഒരു പോപ്പ് ഹ്രസ്വസംഭാഷണം നടത്തി എന്നതുകൊണ്ടുമാത്രം എവിടെയെങ്കിലും ഏതെങ്കിലും കുട്ടിക്ക് സുരക്ഷിതത്വം ലഭിക്കുമോ? ഇല്ല.’

‘സ്‌പോട്‌ലൈറ്റ്’ഓര്‍മിപ്പിക്കുന്നതുപോലെ പുരോഹിതരുടെ ലൈംഗിക അതിക്രമത്തിന്റെ പൂര്‍ണഭയാനകത മനസിലാക്കണമെങ്കില്‍ ഇരകളായവരുടെ കഥകള്‍ കേള്‍ക്കുകയും പറയുകയും പശ്ചാത്തപിക്കുകയും പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയും വേണമെന്നതാണ് ഈ സംഭവങ്ങളില്‍ നിന്ന് സഭ പഠിച്ച പാഠം. പൊതുജനസമ്പര്‍ക്ക പരിപാടികള്‍ സഭയോട് അനുകൂലമനോഭാവം വളര്‍ത്തില്ലെന്ന് പോപ്പ് ഫ്രാന്‍സിസിന് അറിയാം. നടപടിക്രമങ്ങളിലെ മാറ്റം മാത്രമേ ഹിംസ്രസ്വഭാവമുള്ള വൈദികരെ ഇല്ലായ്മ ചെയ്യൂ.

സ്‌പോട്ട് ലൈറ്റിന്റെ ആദ്യഭാഗത്ത് ഇത്രയധികം വ്യാപ്തിയുള്ള വാര്‍ത്ത പുറത്തുകൊണ്ടുവരാനുള്ള പണവും ആളുകളും ദീര്‍ഘകാലം ഇത് പിന്തുടരാനുള്ള ശക്തിയും പത്രത്തിനുണ്ടോ എന്ന് ആലോചിക്കുന്നിടത്ത് ഒരു റിപ്പോര്‍ട്ടര്‍ പറയുന്നത് ഇങ്ങനെയാണ്: ‘സഭ ചിന്തിക്കുന്നത് നൂറ്റാണ്ടുകളിലാണ്.’

ലോകമെങ്ങും നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിക്കിട്ടിയ വിശ്വാസത്തില്‍ ഉറച്ചുനിന്നവര്‍ക്ക് വേദപുസ്തകത്തോട് വിശ്വസ്തത പുലര്‍ത്തുന്നതില്‍ അവരുടെ നേതാക്കള്‍ പരാജയപ്പെട്ടതോടെ വഞ്ചിക്കപ്പെട്ടതായി തോന്നി. അതേസമയം കഴിഞ്ഞ ദശകത്തിലെ പരിഷ്‌ക്കാരങ്ങള്‍ക്കുള്ള പ്രചോദനവും ഇതാണ്. വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒരിക്കലും അനുവദിക്കപ്പെടില്ല എന്ന പ്രതിബദ്ധതയും ഇതില്‍ നിന്നുണ്ടാകുന്നു.

(‘കാത്തലിക് വോയിസസ് യുഎസ്എ’യുടെ അസോസിയേറ്റ് ഡയറക്ടറും ‘റിന്യൂവല്‍: ഹൗ എ ന്യൂ ജനറേഷന്‍ ഓഫ് ഫെയ്ത്ഫുള്‍ പ്രീസ്റ്റ്‌സ് ആന്‍ഡ് ബിഷപ്‌സ് ഈസ് റീവൈറ്റലൈസിങ് ദ് കാതലിക് ചര്‍ച്ച്’ എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവുമാണ് ക്രിസ്റ്റഫര്‍ വൈറ്റ്.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍