TopTop

കാവേരി: ജലയുദ്ധത്തിന് അരങ്ങൊരുക്കുന്ന രാഷ്ട്രീയ കളികള്‍

കാവേരി: ജലയുദ്ധത്തിന് അരങ്ങൊരുക്കുന്ന രാഷ്ട്രീയ കളികള്‍

ഇന്ന് കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ നടക്കുന്ന ജലയുദ്ധം നാളെ ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങള്‍ തമ്മിലും ആവാം. കാവേരി നദിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ബംഗ്ലുരുവില്‍ നടന്ന അക്രമസംഭവങ്ങള്‍ ഒറ്റപ്പെട്ടതോ അപൂര്‍വ്വമോ അല്ല. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ജീവിതചര്യയാകണം എന്നത് തിരിച്ചറിയാതിരിക്കുന്ന ജനതയും അവര്‍ക്കിടയില്‍ ശത്രുത വളര്‍ത്തി നേട്ടങ്ങള്‍ കൊയ്യുന്ന പാര്‍ട്ടി രാഷ്ട്രീയവും നിലനില്‍ക്കുന്നിടത്തോളം ജലത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍ അക്രമസംഭവങ്ങളിലോ വലിയ യുദ്ധങ്ങള്‍ക്കോ തന്നെ വഴിവെച്ചേക്കാം.

800 കിമി നീളത്തില്‍ 4 സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കാവേരി നദിയിലെ ജലം എങ്ങിനെയൊക്കെ വിഭജിക്കണം എന്നത് 2007 ല്‍ തീര്‍പ്പാക്കിയ തര്‍ക്കമാണ്. 1924 ല്‍ മദ്രാസ് പ്രവിശ്യയും അന്നത്തെ മൈസൂര്‍ രാജ്യവും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിനവസാനം എത്തിച്ചേര്‍ന്ന കരാറിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ തര്‍ക്കം. വളരെ കുറച്ച് പേരാണ് അന്ന് കാവേരിയെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്നത്. 1990ല്‍ കാവേരി നദീജല തര്‍ക്ക ട്രൈബ്യുണലിന് രൂപം നല്കുമ്പോഴേക്ക് ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പഴയ മദ്രാസ് പ്രവിശ്യ തമിഴ്‌നാടാവുകയും മൈസൂര്‍ കര്‍ണ്ണാടകത്തിന്റെ ഭാഗമാവുകയും ചെയ്തു. തമിഴ്‌നാട്, കര്‍ണ്ണാടക, പുതുച്ചേരി, കേരളം എന്നീ നാല് സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി നദിയിലെ ജലം എങ്ങിനെ വീതം വെക്കണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ട്രൈബ്യുണലിന് 17 വര്‍ഷം വേണ്ടി വന്നു. കഥ അവിടെയും അവസാനിച്ചില്ല. പിന്നെയും 6 വര്‍ഷം കൂടി കഴിഞ്ഞ് 2013ല്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. തൊട്ടുപിറകെ അന്ന് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നാല് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് ജലം വീതം വെക്കുന്ന ഉത്തരവാദിത്വം പരമോന്നത കോടതിയുടെ കൈകളില്‍ എത്തുന്നത്. കഴിഞ്ഞ സെപ്തംബര്‍ 12ന് തമിഴ്‌നാടിന് 12,000 ഘനയടി ജലം വിട്ടുനല്‍കാന്‍ കര്‍ണാടകത്തിനോട് സുപ്രീംകോടതി ആവശ്യപ്പട്ടതാണ് നിലവിലെ വിവാദങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും വഴിവെച്ചത്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തര്‍ക്കത്തിന് കാരണമായ അടിസ്ഥാന പ്രശ്‌നങ്ങളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരവധി തെറ്റിദ്ധാരണകള്‍ പടര്‍ത്തിയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. കര്‍ണാടകത്തെ സംബന്ധിച്ചിത്തോളം നദിയുടെ ഉത്ഭവ സ്ഥാനം എന്ന നിലക്ക് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ ഒരു മേല്‍കൈ തങ്ങള്‍ക്കുണ്ട് എന്നും എന്നാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ജലം ഒരിക്കലും ലഭിച്ചിരുന്നില്ല എന്നുമാണ് അവരുടെ വിശ്വാസം. നദി ഉത്ഭവിക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കര്‍ണാടകം ചെയ്തത് പോലെ ഡാം പണിതാല്‍ നീരൊഴുക്ക് നിയന്ത്രിക്കാനും ആവും. എന്നാല്‍ കര്‍ണാടകത്തില്‍ കാവേരി നദീതടത്തിലെ സംഭരണിയില്‍ തമിഴ്‌നാട്ടിലെ സംഭരണിയില്‍ ശേഖരിക്കാന്‍ ആവുന്നതിനെക്കാല്‍ കുറഞ്ഞ അളവില്‍ മാത്രമേ ജലം ശേഖരിക്കാനാവൂ.

ഇപ്പോള്‍ കര്‍ണാടകത്തില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ കാലങ്ങളായി തങ്ങള്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുന്നു എന്ന ബോധ്യത്തില്‍ നിന്ന് മാത്രം ഉടലെടുത്തതല്ല, മറിച്ച് ജല ലഭ്യത പോലെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളെ ആളിക്കത്തിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ ബാക്കിപത്രം കൂടിയാണ്. കര്‍ണ്ണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ ദാഹിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഈ സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനസംഖ്യക്ക് അനുപാതമായി ജല ലഭ്യത ഇല്ലാത്തതുകൊണ്ടല്ല മറിച്ച് ആവശ്യങ്ങളുടെ നിര നീണ്ടത് കൊണ്ടാണ്. കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം കാവേരിയുടെ ജലം ഒഴുക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ളത് കൂടുതല്‍ വെള്ളം ആവശ്യമുള്ള വിളകളുടെ കൃഷിയാണ്. ഇതിനോടൊപ്പം വര്‍ദ്ധിച്ച് വരുന്ന നഗരവത്കരണവും, ഭുഗര്‍ഭ ജലത്തിന്റെ അമിത ഉപഭോഗത്തെ തുടര്‍ന്നോ കുളങ്ങളും കിണറുകളും ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നോ ഒക്കെ ജല ലഭ്യത ശോഷിച്ചതും നദീജലത്തെ അമിതമായി ആശ്രയിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുകയാണ്. യാതാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത വലിയ പ്രതീക്ഷകളാണ് ഇവിടെ കാവേരിയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.ജലനിരപ്പ് താഴുമ്പോള്‍ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം വലുതാകുന്നു. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും എത്ര നീതിയുകത്മായ വീതം വെപ്പും ഇരു സംസ്ഥാനങ്ങള്‍ക്കും തൃപ്തികരമാകില്ല. ഏതാണ്ട് ഇതാണ് ഇപ്പോള്‍ കാവേരിയില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സംഭവിക്കുന്നത്. സാധാരണ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഒരു മഴക്കാലത്തെ മുന്‍നിര്‍ത്തി നീതിയുക്തമായ ഒരു വീതംവെപ്പാണ് ട്രൈബ്യുണല്‍ നടത്തിയത് എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ മുന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ഈ തീരുമാനം ഉതകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അസ്ഥിരമായ കാലവര്‍ഷവും കാലാവസ്ഥ വ്യതിയാനവും റിസര്‍വോയറിലെ ജല ലഭ്യതയെയും ബാധിക്കുന്നു. ഉദാഹരണത്തിന് ഇത്തവണ തമിഴ്‌നാട്ടിലെ കാവേരി നദീതട സംഭരണിയില്‍ 30% ജലം ഉള്ളപ്പോള്‍ കര്‍ണാടകത്തില്‍ 49% ശതമാനം ജലം ലഭ്യമാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തവണയാണ്.

കാവേരി നദിജല തര്‍ക്കം പോലെയുള്ള വിഷയങ്ങള്‍ അത്ര എളുപ്പം പരിഹരിക്കാന്‍ സാധിക്കില്ല. തര്‍ക്കങ്ങളില്‍ നിന്ന് മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കുശാഗ്ര ബുദ്ധിക്കാരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എങ്ങിനെ നേരിടണം എന്നത് മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകളും ഇവിടെ അനിവാര്യമാണ്. ഇത്തവണ കര്‍ണാടക സര്‍ക്കാര്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നു തന്നെ പറയേണ്ടിവരും. അതിനോടൊപ്പം തന്നെ ജലം ന്യായമായി പങ്കുവെക്കുന്നതിന് വിശ്വാസയോഗ്യമായ സംഘടനകളെയും ചുമതലപ്പെടുത്തേണ്ടതുണ്ട്. കാവേരി തര്‍ക്കത്തില്‍ ഇതും ഒരു പ്രധാന ഘടകമാണ്. കാവേരി റിവര്‍ അതോറിറ്റിയും കാവേരി മോണിറ്ററിംഗ് കമ്മിറ്റിയും ട്രൈബ്യുണലിന് മുന്നില്‍ താത്കാലികമായി ഹാജരായി എങ്കിലും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഇത് വരെ ആ സ്ഥാനം ഏറ്റെടുത്തിട്ടില്ല. കാവേരി നദീജല തര്‍ക്കത്തില്‍ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മറികടക്കാനായാലും വിദ്വേഷം ജനിപ്പിക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളില്‍ നിന്ന് വിഷയത്തെ അടര്‍ത്തിമാറ്റി ജല സംരക്ഷണത്തിന്റെയും, ലഭ്യതയുടെയും, സംഭരണത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്.(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മലയാളം പരിഭാഷാ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


Next Story

Related Stories