TopTop
Begin typing your search above and press return to search.

സിപിഐഎമ്മിന്‍റെ (സിബിഐയുടേയും) കണ്ണൂര്‍ വഴികള്‍

സിപിഐഎമ്മിന്‍റെ (സിബിഐയുടേയും) കണ്ണൂര്‍ വഴികള്‍

കെ എ ആന്റണി

മമ്മൂട്ടി സേതുരാമയ്യരായി വേഷപകര്‍ച്ച നടത്തിയ നാല് സിബിഐ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ. അഞ്ചാമത് ഒന്ന് ഇറങ്ങുമെന്ന് കേട്ടിരുന്നു. പേര് ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് അഥവാ വീണ്ടും സിബിഐ. സിനിമ ഇറങ്ങിയില്ല. പാതി മയക്കത്തിലോ പെട്ടിയിലോ ആവണം ഇപ്പോള്‍.

ഇന്നിപ്പോള്‍ ഏറെ ചെറുത്ത് നില്‍പ്പിന് ശേഷം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സിബിഐ ചോദ്യം ചെയ്തു തുടങ്ങിയ വേളയില്‍ പലര്‍ക്കും തോന്നാവുന്ന ഒരു കുസൃതി ചോദ്യം സിബിഐ മലയാളം സിനിമാ പരമ്പരയിലെ അവസാന ചിത്രം ഇതോടെ പൂര്‍ത്തിയാക്കുമോയെന്നാണ്.

സിബിഐ എന്ന് കേട്ടാല്‍ കൈയ്യടിക്കുന്ന കാലമുണ്ടായിരുന്നു സിപിഐഎമ്മിന്. കട്ടന്‍ ചായ പോലും കടിച്ചമര്‍ത്തി കഴിച്ചിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്നും സിനിമ പ്രേമികളായിരുന്നു. ചാര്‍ളി ചാപ്ലിന്‍ മാത്രമായിരുന്നില്ല ഇഷ്ട വിനോദ ഭോജ്യം. മലയാള സിനിമകളിലെ വളിച്ചതും പുളിച്ചതും എന്ന് വിശേഷിപ്പിക്കാവുന്ന ഫലിതങ്ങള്‍ പോലും ഒളിവിലും തെളിവിലും ഇരുന്ന് ആസ്വദിച്ചവരാണ് പഴയ കമ്മ്യൂണിസ്റ്റുകാര്‍. കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടത്തില്‍ കേരളത്തിലെ സിപിഐഎമ്മുകാര്‍ ആദ്യം വായിച്ചും സ്വാംശീകരിച്ചും തുടങ്ങിയത് ദുര്‍ഗാ പ്രസാദ് ഖത്രിയുടെ വെളുത്ത ചെകുത്താന്‍, ചുവന്ന കൈപ്പത്തി തുടങ്ങിയ നോവലുകളുടെ പരിഭാഷയായിരുന്നു. ഖത്രിക്കും സിനിമകള്‍ക്കും ഒപ്പം വന്നു ചേര്‍ന്ന മറ്റൊരു ഹരമായിരുന്നു സ്‌കോട്ട്‌ലന്റ് യാര്‍ഡ് പോലീസും ജെയിംസ് ബോണ്ട് സിനിമകളും നല്‍കിയ പുതിയ അറിവുകള്‍.

ക്യൂബന്‍ വിപ്ലവത്തിനുശേഷം മന്ത്രി സ്ഥാനം രാജി വച്ച് വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ട ചെഗുവേരയെ കൊണ്ടാടുമ്പോഴും പഴയ നിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ലമെന്ററി വ്യാമോഹം കാത്തു സൂക്ഷിക്കുന്ന ഒരു പുതിയ വിപ്ലവ തലമുറയെയാണ് നാമിപ്പോള്‍ കാണുന്നത്. ജയരാജന്‍ വിഷയത്തിലും സിബിഐ സിനിമകള്‍ കണ്ട് കൈയ്യടിച്ച പാര്‍ട്ടി സിബിഐയ്ക്ക് എതിരെ പ്രതിരോധം തീര്‍ക്കുന്നത് ഈ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ഭാഗമായി തന്നെയാണ് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഇങ്ക്വിലാബ് വിളിക്കാര്‍ കാണുന്നത് എന്നതാണ് പരമയാഥാര്‍ത്ഥ്യം. ദുര്‍ഗാ പ്രസാദ് ഖത്രിയില്‍ നിന്നും ചാപ്ലിന്‍ വഴി തമാശകളിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ഒരു പാര്‍ട്ടി എങ്ങനെ പഴയ ബ്രിട്ടീഷ് പട്ടാളവും മലബാര്‍ സ്‌പെഷ്യല്‍ പൊലീസും അന്നത്തെ കോണ്‍ഗ്രസ് യജമാനന്‍മാരും ചേര്‍ന്ന് ചമച്ച പീഢനങ്ങളുടെ കഥകള്‍ മറന്നു പോയെന്ന ആക്ഷേപവും ഉത്തര മലബാറിലെ ഗ്രാമീണ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. സ്വന്തം ഭാര്യയെ കാണാന്‍ പോകുന്ന ഒരാള്‍ കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ അന്നത്തെ കോണ്‍ഗ്രസ് യജമാനന്റെ അടുത്ത് നിന്ന് വാങ്ങേണ്ടിയിരുന്ന അനുമതി പത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും ഉത്തര മലബാറുകാര്‍ നന്നായി അയവിറക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ അവന്റെ തലയില്‍ ബാര്‍ബറെ കൊണ്ട് ചെരപ്പിക്കുന്ന മോസ്‌കോ റോഡിനെ കുറിച്ചുള്ള ഓര്‍മ്മകളും അവര്‍ ഇന്നും അയവിറക്കും.ഇതിനൊക്കെ ഇടയിലാണ് മമ്മൂട്ടി ഭ്രമം മൂത്ത ചില സഖാക്കള്‍ വല്ല്യേട്ടന്‍ സിനിമ കണ്ട് കൈയടിക്കുകയും സിബിഐ സിനിമകള്‍ക്ക് സ്തുതി പാടുകയും ചെയ്യുന്നത്. കാലം മാറി, പുതിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നടന്‍ സിദ്ധിഖിനെ കോണ്‍ഗ്രസ് പാളയത്തിലേക്ക് പറഞ്ഞ് അയക്കുന്ന ആളും മറ്റാരുമല്ലെന്നും കേള്‍ക്കുന്നു.

എന്തൊക്കെയായാലും പഴയ സിബിഐ പ്രണയം സിപിഐഎമ്മിന് ഇന്നില്ല. കാര്യം വളരെ ലളിതം. തങ്ങളുടെ കണ്ണൂരിലെ അടിവേര് മാന്താനാണ് ഇക്കുറി സിബിഐ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് സിപിഐഎമ്മിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ സിബിഐയെ പ്രതിരോധിക്കുക എന്നത് നേതൃത്വത്തിന്റെ മാത്രമല്ല അണികളുടെ കൂടി ബാധ്യതയായി മാറുന്നു.

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ വധിക്കപ്പെട്ട കേസില്‍ സിബിഐ പ്രതിപ്പട്ടികയില്‍പ്പെടുത്തിയ ആളാണ് പി ജയരാജന്‍. പി ജയരാജനെ വ്യക്തിപരമായി അറിയുന്ന ഒരാളെന്ന നിലയില്‍ ഇതെഴുതുന്നയാള്‍ സിബിഐ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രസ്തുത കേസുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. സിബിഐയും ചില ഊഹാപോഹങ്ങളേയും സാക്ഷി മൊഴികളേയും അടിസ്ഥാനപ്പെടുത്തിയാണ് ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുന്നത്. എന്തുവില കൊടുത്തും ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിടില്ലെന്ന സിപിഐ തന്ത്രം വിജയിക്കുമ്പോള്‍ ബാക്കിയാകുന്ന ഏക ചോദ്യം നീതിനിര്‍വഹണത്തില്‍ സിബിഐ പരാജയപ്പെട്ടതു കൊണ്ടാണോ അതോ കേന്ദ്രത്തില്‍ മോദി ഭരിക്കുന്നത് കൊണ്ടാണോ ഇത്ര മേല്‍ പേടി എന്നതാണ്. സിപിഐ എം ആരോപിക്കുന്നത് പോലെ തന്നെ കണ്ണൂരിലെ ബിജെപി-ആര്‍ എസ് എസ് നേതൃത്വം ഉള്‍പ്പെട്ട ഒരു ഗൂഢാലോചന ജയരാജന് എതിരെ നടന്നു കഴിഞ്ഞിട്ടുണ്ട്. അതാകട്ടെ പാനൂര്‍, തലശേരി, കണ്ണൂര്‍ മേഖലകളില്‍ നിന്നുള്ള വലിയൊരു സംഘം ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായതാണ്.

1999-ലെ തിരുവോണ നാളില്‍ പി ജയരാജനെ വീടു കയറി വെട്ടി നുറുക്കിയ അക്രമി സംഘത്തില്‍പ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചയാളാണ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജ്. ഇതുകൊണ്ട് തന്നെ ഏത് അന്വേഷണ സംഘവും മനോജിന്റെ കൊലപാതകത്തില്‍ ജയരാജനുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കുക എന്നത് തികച്ചും സ്വാഭാവികം മാത്രം. പാരകള്‍ പല രൂപത്തില്‍ വരും എന്ന് പറഞ്ഞു പോലെ തന്നെയായിരുന്നു ജയരാജന്റെ മകന്റെ ഫേസ് ബുക്ക് പോസ്റ്റ്. സ്വന്തം അച്ഛനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ കൊല ചെയ്യപ്പെട്ടതില്‍ ഏത് പുത്രനും ഉണ്ടാകാവുന്ന സ്വാഭാവിക പ്രതികരണമായാണ് നിതാന്ത ശത്രുവായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പോലും അന്ന് പ്രതികരിച്ചത്.

എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്ത സ്ഥിതിക്ക് ചില ചോദ്യങ്ങളില്‍ അവര്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. പക്ഷേ, കോടതി അനുവദിച്ചിട്ടുള്ളത് മൂന്നേമൂന്ന് ദിവസമാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പാതിദിവസത്തെ കുറിച്ചും സിബിഐ അന്വേഷണ സംഘം വ്യാകുലരാണെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇനി അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ അവര്‍ക്ക് എന്തൊക്കെ തെളിവുകള്‍ ജയരാജനില്‍ നിന്നും കിട്ടുമെന്നത് കാത്തിരുന്നു കാണുക തന്നെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories