TopTop
Begin typing your search above and press return to search.

മമ്മൂട്ടിയും കള്ളക്കച്ചവടത്തിന്റെ മറ്റു ചില ബ്രാന്‍ഡ് അംബാസിഡര്‍മാരും

മമ്മൂട്ടിയും കള്ളക്കച്ചവടത്തിന്റെ മറ്റു ചില ബ്രാന്‍ഡ് അംബാസിഡര്‍മാരും

തിരുവനന്തപുരം സ്വദേശി നാരായണന്‍ നായരില്‍ നിന്നും തുടങ്ങാം. മധ്യവയസ്‌കനായ നാരായണന്‍ നായര്‍ക്ക് സ്ഥിരം വരുമാനം എന്നു പറയാന്‍ ഒന്നുമില്ല. എങ്കിലും 4,30,000 രൂപയ്ക്ക് കടക്കാരനാണ് അദ്ദേഹമിന്ന്. നാരായണന്‍ എങ്ങനെ കടക്കാരനായി എന്നറിയാമോ? ഒരു ചിട്ടിക്കമ്പിനിയില്‍ ജോലിക്കാരനായി ചേര്‍ന്നതുകൊണ്ട്. 2008ല്‍ കേരള ചലച്ചിത്ര അക്കാദമിയില്‍ നിന്നും വിരമിച്ച നാരായണന്‍ നായര്‍ കുടുംബം പോറ്റാന്‍ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോഴാണ് ചലച്ചിത്രതാരം ദേവന്റെ ചിത്രം വച്ച പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. പുതുതായി തുടങ്ങുന്ന ചിട്ടിക്കമ്പനിയുടെ ശാഖയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. ശ്രീ ജനതാ അക്ഷയ ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായിരുന്നു പരസ്യം. ഇതു കണ്ട് മറ്റ് ഉദ്യോഗാര്‍ഥികളെപ്പോലെ തന്നെ നാരായണന്‍ നായരും ജോലിക്കുള്ള അഭിമുഖത്തിനു ഹാജരായി. പ്രവൃത്തിപരിചയം ഉള്ളത് ക്ലറിക്കല്‍ മേഖലയിലായതിനാല്‍ നായരുടെ ആഗ്രഹപ്രകാരം തന്നെ ബിസിനസ് ഡവലപ്‌മെന്റ് ഓഫിസര്‍ എന്ന തസ്തികയില്‍ ജോലി കിട്ടി. പക്ഷേ സി പി റജീഷ് കുമാര്‍ എന്ന ചിട്ടിക്കമ്പിനി മുതലാളി നാട്ടുകാരുടെ പണവുമായി മുങ്ങി. താന്‍ മുന്‍ കൈയെടുത്തു ചേര്‍ത്തവര്‍ക്ക് വന്ന ധനനഷ്ടത്തിന് അതോടെ നാരായണന്‍ നായര്‍ ഉത്തരവാദിയായി. മുങ്ങിയവനെ ഇന്നും കണ്ടെത്താനായിട്ടില്ല. പലതും വിറ്റും പെറുക്കിയും കുറച്ചു പണമൊക്കെ മടക്കി കൊടുത്തെങ്കിലും ഇപ്പോഴും കടം ബാക്കി, നാണക്കേടും.

ഈ കഥയില്‍ ചിട്ടി കമ്പനി മുതലാളിയാണ് വില്ലനെങ്കിലും ചലച്ചിത്രതാരം ദേവനെയും വില്ലന്‍ എന്നു തന്നെ വിളിക്കാനാണ് അംബുജാക്ഷന്‍ ആഗ്രഹിക്കുന്നത്. നിയമപരമായി ദേവനെതിരെ എന്തെങ്കിലും കുറ്റം ചുമത്താമോയെന്ന് അറിയില്ല. പക്ഷേ വിശ്വാസവഞ്ചനയ്ക്ക് നാരായണന്‍ നായരെ പോലെ പലരുടെയും ശാപം എല്‍ക്കേണ്ടി വരും ദേവന്. ദേവനെ പോലെയുള്ള സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍ ഓരോ കമ്പനിയുടെയും ഉത്പന്നത്തിന്റെയുമൊക്കെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്ക് കാശു തരുന്നവന്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കും. പറയുന്നതിലെന്തെങ്കിലും സത്യമുണ്ടോയെന്നുപോലും തിരക്കാതെ. അതു കേള്‍ക്കുന്ന അവരെ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന, ആരാധിക്കുന്നവര്‍ ആ മോഹനവാഗ്ദാനങ്ങളില്‍ ചെന്നു ചാടിക്കൊടുക്കുകയും ഒടുവില്‍ തലയ്ക്കടിയേല്‍ക്കുകയും ചെയ്യും.

ഇതൊക്കെ കാലങ്ങളായി നടക്കുന്ന കാര്യമല്ലേ, ഇപ്പോഴെന്തിന് ഇതൊക്കെ പറയുന്നൂവെന്നായിരിക്കും. കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കേട്ടു. അവതാര്‍ ജ്വല്ലറി ഗ്രൂപ്പ് നിക്ഷേപകരെ കബിളിപ്പിച്ചു മുങ്ങിയെന്ന്. സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ വന്‍തട്ടിപ്പ് നടത്തിയശേഷമാണ് അവതാര്‍ അവരുടെ എല്ലാ ഷോറൂമുകളും അടച്ചുപൂട്ടി മുങ്ങിയത്. കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടം.

ഈ നഷ്ടത്തിന് സൂപ്പര്‍താരം മമ്മൂട്ടിയും ഉത്തരവാദിയാണ്. നിയമം അദ്ദേഹത്തെ എന്തെങ്കിലും ചെയ്യുമോ എന്നറിയില്ല. കാരണം മമ്മൂട്ടി സെലിബ്രിറ്റിയാണ്. ഒരുത്തന്റെ നെഞ്ചത്ത് കാറു കയറ്റി കൊന്നാലും ഈ രാജ്യത്തെ നിയമം സെലിബ്രിറ്റികളെ ഒന്നും ചെയ്യാറില്ല. അങ്ങനെയുള്ളപ്പോള്‍ പണം പോയവനെയോര്‍ത്തോ ജീവിതം പോയവനെയോര്‍ത്തോ മമ്മൂട്ടിക്കു ടെന്‍ഷന്‍ ഉണ്ടാകേണ്ടതില്ല.പക്ഷേ മമ്മൂട്ടി ഒന്നോര്‍ക്കണം. നിങ്ങളോടുള്ള സ്‌നേഹം, വിശ്വാസം എന്നിവയാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്. പരിശുദ്ധം! നിങ്ങളുടെ സ്‌നേഹം പോലെ എന്നായിരുന്നു അവതാര്‍ ജ്വല്ലറിക്കുവേണ്ടി നാട്ടുകാരെ നോക്കി നിങ്ങള്‍ പറഞ്ഞത്. അതു പറയുമ്പോള്‍ ഉള്ളില്‍ നിങ്ങള്‍ക്കെന്തായിരുന്നു ഭാവമെന്ന് അറിയില്ല. പക്ഷേ നിങ്ങളുടെ ചിരിക്കുന്ന മുഖവും ചിരപരിചിതമായ ശബ്ദവും ഒത്തിരിപ്പേരെ അവതാര്‍ ജ്വല്ലറിയുടെ വിശ്വാസികളാക്കി. ഇപ്പോള്‍ അവര്‍ ചതിക്കപ്പെടുമ്പോള്‍ അതിന്റെ പ്രധാന ഉത്തരവാദി നിങ്ങള്‍ കൂടിയാണ്.

ഒരു മമ്മൂട്ടിയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കി ആദരിച്ച അമിതാഭ് ബച്ചന്‍, ഇന്ത്യയുടെ കായികഹൃദയം ദൈവത്തെപ്പോലെ ആരാധിക്കുന്ന മഹേന്ദ്ര സിംഗ് ധോണി തുടങ്ങി ഡസന്‍ കണക്കിനു സെലിബ്രിറ്റി ഫിഗറുകള്‍ ജനങ്ങളെ വഞ്ചിക്കാന്‍ കൂട്ടു നില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച പരസ്യതാരമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതുവരെ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമാണത്. കോടികളാണ് ആ തീരുമാനത്തിലൂടെ അദ്ദേഹത്തിനു നഷ്ടമായതെങ്കിലും തന്റെ വ്യക്തിത്വത്തിലെ മൂല്യത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. മദ്യം ആരോഗ്യത്തിനും സമൂഹത്തിനും ഒരുപോലെ കാരണമാകുന്നതാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ സച്ചിന് എത്ര പിന്‍ഗാമികളുണ്ട് നമ്മുടെ നാട്ടില്‍? അവതാര്‍ ഗ്രൂപ്പുകാര്‍ കോടികള്‍ മമ്മൂട്ടിക്കു തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ നല്‍കി കാണാം (അല്ലെങ്കില്‍ ഷെയര്‍, അതാണല്ലോ നമ്മുടെ ഒരു ലൈന്‍). ആ കോടികള്‍ കൈയില്‍ വാങ്ങുമ്പോള്‍ താന്‍ തന്റെ തൊഴില്‍ ചെയ്യാനുള്ള കൂലി വാങ്ങുന്നു എന്നുമാത്രമാകാം മമ്മൂട്ടി ചിന്തിച്ചിരിക്കുക. അതായിരുന്നില്ല വേണ്ടത്. ജനങ്ങളുടെ (സാധാരണക്കാരുടെ) പണമാണ് താന്‍ ഇടനിലക്കാരനായി നിന്നു ജ്വല്ലറികാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ പോകുന്നതെന്നും അതിനാല്‍ കാശു വാങ്ങുന്നവന്റെ ഉദ്ദേശം എന്താണെന്നും നാളെയവന്‍ ജനങ്ങളെ വഞ്ചിക്കുമോയെന്നും മമ്മൂട്ടി ചിന്തിക്കേണ്ടിയിരുന്നു, അന്വേഷിക്കേണ്ടിയിരുന്നു. പക്ഷേ മ്മൂട്ടി ദാനം കിട്ടിയ പശൂന്റെ വായിലെ പല്ല് എണ്ണിയില്ല.

മാഗി വാങ്ങി കഴിച്ചോളാന്‍ അമിതാഭ് ബച്ചന്‍ നാടും വീടും കയറിയിറങ്ങി പറയുമ്പോള്‍, അതില്‍ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്നോ കഴിക്കുന്നവന്റെ ആരോഗ്യം നശിക്കുമോ എന്നു തിരക്കിയില്ല. കിട്ടിയ കാശിനു അന്തസായി ജോലി ചെയ്തു. ബച്ചനും മമ്മൂട്ടിക്കുമെല്ലാം അതാണ് ന്യായം.നിറപറ കറിപ്പൊടുകളില്‍ മാരക വിഷാംശം ഉണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. കറിപ്പൊടിക്കാരന്‍ ജയിലഴി എണ്ണാത്തത് അയാളുടെ കൈയിലെ പണത്തിന്റെ മിടുക്ക്. പക്ഷേ അനുപമ ഐ എഎസ് പറഞ്ഞത് സത്യമല്ലാതാകുന്നില്ല. നാടായ നാടുമുഴുവന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും ബഹളവുമൊക്കെ നടത്തി വരുമ്പോള്‍ നിറപറയുടെ പരസ്യ മുഖമായ കാവ്യ മാധവനെ ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ ബന്ധപ്പെട്ടു. ഫോണെടുത്തതും പ്രതികരിച്ചതും പിതാവ്. ഇതിനെക്കുറിച്ചൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. ആ നിഷ്‌കളങ്കത നോക്കണേ...ഒന്നുമറിയാതെയാണ് ആ പാവം നിറപറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത്. നാളെ കേരളത്തിലെ അടുക്കളകളകള്‍ കൂട്ടമരണത്തിനു കാരണമായാലും ഇതേ നിഷ്‌കളങ്കത തന്നെ പ്രതീക്ഷിച്ചാല്‍ മതി. ആ പൊടിക്കമ്പനിക്കാര്‍ വേറെ ലെവല്‍ ആണുകേട്ടോ. കാവ്യയെ ഒരു സൈഡില്‍ നിര്‍ത്തി, ആശ ശരത് എന്ന നടിയെ കൊണ്ടുവന്ന്, അവര്‍ തങ്ങള്‍ മാത്രമെ മായരഹിതരായിട്ടുള്ളൂവെന്നും മറ്റവന്‍മാരെല്ലാം കലര്‍പ്പു ടീമാണെന്നും പറയിപ്പിച്ചു. ഇനി വേറൊരു കറിപ്പൊടി കമ്പനിക്കാര്‍ പരസ്യരംഗത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ കൊണ്ടു ചോദിപ്പിക്കുന്നത് പച്ചക്കറികളിലെ മായമാണെങ്കില്‍ കഴുകിയെങ്കിലും കളയാം കറിപൗഡറിലാണെങ്കില്‍ എന്തു ചെയ്യുമെന്നാണ്. മായമോ കലര്‍പ്പോ ഇല്ലാത്ത കറിപ്പൊടി ഉപയോഗിച്ചു തന്നെ കറി വയ്ക്കണമെങ്കില്‍ താന്‍ കൈയില്‍ പിടിച്ചിരിക്കുന്ന പൊടി തന്നെ ഉപയോഗിക്കാനാണ് മഞ്ജു പ്രതിവിധി ഉപദേശിക്കുന്നത്. പ്രിയപ്പെട്ട മഞ്ജു വാര്യര്‍ നിങ്ങളെക്കാള്‍ ഞങ്ങള്‍ക്കിപ്പോള്‍ വിശ്വാസം അനുപമയിലുണ്ട്. ഇവിടെയുള്ള കറിപ്പൗഡറുകള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഏറെക്കുറെ അംബുജാക്ഷന്‍ മനസിലാക്കിയിട്ടുണ്ട്. കേവലനായ എനിക്കതു മനസിലാക്കാമെങ്കില്‍ മഞ്ജുവിന് ഇക്കാര്യങ്ങള്‍ അതിലും നന്നായി മനസിലാക്കാവുന്നതേയുള്ളൂ. ടെറസില്‍ പച്ചക്കറി നടത്തി കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്ന അഭിനേത്രി തന്നെയാണ് കറിപ്പൊടികളുടെ അപ്പോസ്തലയാകുന്നതും. വാങ്ങുന്ന പണത്തിന് വിഷം പോലും അമൃതാണെന്നു പറയാനുള്ള നിങ്ങളെപ്പോലുള്ളവരുടെ ചങ്കൂറ്റമുണ്ടല്ലോ, അതാണ് അപകടം.

തന്നെ ആരാധിക്കുന്നവരുടെ ദുഃസ്വപ്‌നങ്ങളില്‍ ചോരയില്‍ മുങ്ങിയ എന്റെ കൈകള്‍ കാണരുതെന്നോ മറ്റോ നെടുങ്കണ്ടന്‍ ഡയലോഗടിച്ച അവതാരപ്പിറവി തന്നെയാണ് വൈകിട്ട് എന്താ പരിപാടിയെന്നു ചോദിക്കുന്നത്. സ്വര്‍ണ്ണക്കച്ചവടക്കാരനെയും കരിഞ്ചന്തക്കാരനെയും നടുറോഡിലിട്ട് തല്ലുന്ന നായകവേഷങ്ങള്‍ ചെയ്യുന്നവരാണ് ജനങ്ങളെ വഞ്ചിച്ചവര്‍ക്കുവേണ്ടി ചിരിച്ച മുഖവുമായി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ജനങ്ങളെ നിങ്ങള്‍ ആരാധിക്കുന്ന സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പ്. ഉത്തരവാദിത്വം, ആത്മാര്‍ത്ഥ, സത്യസന്ധത എന്നൊന്നും ഇവരുടെ പ്രവര്‍ത്തികളിലില്ല. സിനിമാതാരത്തിനും ക്രിക്കറ്റ് താരത്തിനും ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ്. ആ സ്വീകാര്യതയാണ് കോര്‍പ്പറേറ്റുകള്‍ തുടങ്ങി അമ്പലം കമ്മിറ്റിക്കാര്‍വരെ ഉപയോഗിക്കുന്നത്. ജനങ്ങളെ ചൂഷണം ചെയ്യാന്‍ പറ്റിയ ടൂളാണ് സെലിബ്രിറ്റികളെന്നു ബുദ്ധിയുള്ള കച്ചവടക്കാരന് അറിയാം. ചൂഷണം എന്നറിഞ്ഞുകൊണ്ടു തന്നെ സെലിബ്രിറ്റികള്‍ എന്തിനും തയ്യാറായി നിന്നുകൊടുക്കുകയും ചെയ്യും. പണമാണേ അരാധകരെക്കാള്‍ വലുത്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ നടീനടന്മാര്‍ പിറ്റേദിവസം മാനേജര്‍മാരെവയ്ക്കുന്നത് പരസ്യം/ ഉദ്ഘാടനം തുടങ്ങിയവയ്ക്ക് ഡയറിയില്‍ തീയതി കുറിച്ചിടാനാണ്. എത്രദിവസം തങ്ങളുടെ സെലിബ്രിറ്റിപ്പട്ടം നിലനില്‍ക്കുമെന്ന് അവര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെ കാറ്റുള്ളപ്പോള്‍ അവര്‍ കാറുവിളിച്ചും തൂറ്റാന്‍ പോകും.സൗന്ദര്യം നിങ്ങളെത്തേടി വീട്ടിലെത്തുമെന്ന് കുറെനാള്‍ മമ്മൂട്ടി പറഞ്ഞു നടന്നു. എന്നിട്ടെന്തായി? ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്നതുകൊണ്ടു മാത്രമാണ് മമ്മൂട്ടിയേയും ബച്ചനെയും ധോണിയേയും പോലുള്ളവര്‍ ഇപ്പോഴും പുറത്തു നടക്കുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അതിനാല്‍ ഇനിയും താരങ്ങള്‍ ഉടുത്തൊരുങ്ങി ചിരിച്ച മുഖവുമായി എഴുതികൊടുത്ത ഡയലോഗുകളുമായി ജനങ്ങളുടെ മുന്നില്‍ വരും....ദയവ് ചെയ്ത് ഇനിയെങ്കിലും അവരെ വിശ്വസിക്കാതിരിക്കുക. തൊഴിലാളികളെ ദ്രോഹിക്കുന്ന, കള്ളസ്വര്‍ണത്തിന്റെ കച്ചവടം നടത്തുന്ന വലിയ കോര്‍പ്പറേറ്റുകളുടെ അടയാളങ്ങളായി തിളങ്ങുന്ന ഒരൊറ്റ താരത്തിനും ഈ നാട്ടിലെ ഒരു മനുഷ്യനോടും ആത്മാര്‍ത്ഥതയോ സ്‌നേഹമോ ഇല്ലെന്നു പറയാന്‍ അംബുജാക്ഷന് മടിയില്ല. ഉണ്ടായിരുന്നെങ്കില്‍ അവരില്‍ പലരും ഇപ്പോള്‍ അഭിനയിക്കുന്ന പരസ്യങ്ങളില്‍ നിന്നും പിന്‍വാങ്ങും.

സിനിമ കാണാം, കഥാപാത്രങ്ങളെ ആസ്വദിക്കാം. അവിടംകൊണ്ട് നിര്‍ത്തുക. അതിനപ്പുറം അവരെ വിശ്വസിക്കരുത്...


Next Story

Related Stories