TopTop
Begin typing your search above and press return to search.

അച്യുതാനന്ദന്‍ എന്ന യുവാവ് മലര്‍ത്തിയടിക്കുന്ന താരാധിപത്യം

അച്യുതാനന്ദന്‍ എന്ന യുവാവ് മലര്‍ത്തിയടിക്കുന്ന താരാധിപത്യം

വി കെ അജിത് കുമാര്‍

അരുവിക്കര ഒരു ചെറിയ കേരളമാകുന്നു. തമിഴ്‌നാടാകുന്നു എന്ന് പറയുന്നതാണ് ഒരുവിധത്തില്‍ ശരി. സിനിമയും രാഷ്ട്രീയവും ഇടകലരുന്ന തമിഴന്റെ മണ്ണുപോലെ ഒടുവില്‍ സിനിമാക്കാരുടെ ബാഹുല്യം കൊണ്ട് അരുവിക്കരയും പേരെടുക്കുന്നു. ഒന്നോര്‍ത്താല്‍ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ സംസാരിക്കാന്‍ നമ്മുടെ ചില സിനിമാതാരങ്ങളെങ്കിലും പഠിച്ചു എന്നതില്‍ നമുക്ക് ആശ്വസിക്കാം.

2006 ല്‍ മലമ്പുഴയെ ഇളക്കിമറിച്ച വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചത് സുരേഷ്‌ഗോപിയെന്ന താരത്തിന്റെ സാന്നിധ്യത്തിലായിരുന്നു. അച്യുതാനന്ദനെ അസംബ്ലിക്ക് ആവശ്യമാണെന്ന് അടിവരയിട്ടു സുരേഷ്‌ഗോപി പറയുമ്പോള്‍ തൊട്ടിപ്പുറമുള്ള പാലക്കാട്ട് മറ്റൊരു വൃദ്ധന്‍ ബി ജെ പിയുടെ പതാകയുമായി അലയുന്നുണ്ടായിരുന്നു. അദ്ദേഹവും അസംബ്ലിയിലേക്ക് മത്സരിക്കുകയായിരുന്നു. അത് ഒ. രാജഗോപാല്‍ എന്ന രാജേട്ടനുമായിരുന്നു. അന്നെന്തേ ഈ മനുഷ്യനെ പൊളിറ്റിക്‌സ് അല്‍പ്പം പോലും ഇല്ലെന്നു അവകാശപ്പെടുന്ന സുരേഷ് ഗോപി കാണാതെ പോയത്. അതോ പാലക്കാട് കടന്നു പോകുമ്പോള്‍ കെ കെ ദിവാകരന്‍ എന്ന സി പി എം നേതാവായിരുന്നു രാജേട്ടനെക്കള്‍ മെച്ചമെന്ന് തോന്നിപോയത് കൊണ്ടോ എന്തോ അന്ന് ബിജെപിയുടെ കൊടി പിടിക്കാന്‍ രാഷ്ട്രീയമില്ലാത്ത ഈ താരത്തിനു തോന്നിയില്ല. ഇപ്പോള്‍ പിന്നെ അങ്ങനെ പറ്റില്ലല്ലോ ഉത്തരവാദിത്വങ്ങള്‍ ഏറെയായില്ലേ. ഇനി സംഘി അജണ്ട നോക്കേണ്ട ഒഫിഷ്യല്‍ പേഴ്‌സണായി അദ്ദേഹം മാറേണ്ടതുണ്ട്.

പലതരത്തിലുള്ള സഹതാപങ്ങള്‍ നിറഞ്ഞാടുന്ന അരുവിക്കരയില്‍ രസകരമായ സഹതാപമായി തോന്നിയത് ഇതാണ്. 'ഒരുപാടു നാളുകളായി അദ്ദേഹം മത്സരിക്കുകയും സ്ഥിരമായി തോല്‍ക്കുകയുമാണ്. അതുകൊണ്ട് ആ വിഷമം നിങ്ങള്‍ മനസിലാക്കണം, രാജേട്ടനെ ജയിപ്പിക്കണം; പറയുന്നത് കൊല്ലം തുളസിയെന്ന റിട്ട ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും. ഇവിടെ ശ്രദ്ധേയമായ അസാന്നിധ്യം, രാജഗോപാലിന്റെ മകന്‍ കുടിയായ പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെതാണ്. പിന്നെയൊരാള്‍ കേരളത്തിലെ റോഡുകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ മേക്കപ്പിടാന്‍ കഴിയുന്നില്ല എന്ന വിഷമമാണ് പങ്കു വച്ചത്. അതുകൊണ്ട് ഗുജറാത്തിലെ മോദിരാജ്യത്തിലേക്ക് മേക്കപ്പ് കിറ്റുമായി പോകാന്‍ ഒരുങ്ങുന്നതിന്റെ കാഴ്ച തന്നത് ഒരു സീരിയല്‍ കുട്ടിനടിയാണ്. ഇതിനിടെ ചുവപ്പാണ് എന്റെ രക്തം എന്ന് പ്രഖ്യാപിച്ചു കൊണ്ട് പഴയ കെ പി എസ് സി ചരിത്രവുമായി വിഖ്യാതയായ ലളിതചേച്ചിയും രംഗത്ത് വന്നു. അവിടെയും ഒരു കുറ്റസമ്മതം കേട്ടു. കഴിഞ്ഞ തവണ പത്തനാപുരത്ത് പോയത് ഹൃദയവേദനയോടെയായിരുന്നുവെന്ന്.അരാഷ്ട്രീയതയുടെ മനസിലാക്കലുകളാണ് ഇവിടെയും കേള്‍ക്കുന്നത്. റോഡുകളും മെട്രോകളും തുറമുഖങ്ങളും വികസനങ്ങളാകുമ്പോള്‍ അത് മാത്രമാണ് ഒരു ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് പ്രഖ്യാപിക്കുന്ന അരാഷ്ട്രീയത; സ്ഥാനാര്‍ത്ഥിയേയും വിജയസാധ്യതയും നോക്കിയുള്ള പിന്താങ്ങല്‍ എന്ന അരാഷ്ട്രീയത. വോട്ടു കിട്ടാതെ തോറ്റുപോയതിലുള്ള സഹതാപം മുന്നിര്‍ത്തി കണ്ണുനിറയിക്കുന്ന അരാഷ്ട്രീയത. പിന്നെ മരിച്ച നേതാവിന്റെ മകനെയോ കുടുംബക്കാരെയോ പിടിച്ചുകൊണ്ട് വന്ന് ഇലക്ഷനു നിര്‍ത്തുന്ന പൊളിറ്റിക്കല്‍ ഇന്‍സ്‌റ്റെബിലിറ്റി, അതിലൂടെ മൂടിവയ്കാന്‍ ശ്രമിക്കുന്ന അഴിമതിക്കഥകള്‍. ഇതെല്ലം ചര്‍ച്ച ചെയ്യപെടാതെ പോകുന്ന അരാഷ്ട്രീയതകളിലാണ് മലയാളി ഇന്ന് അരുവിക്കരയില്‍ എത്തിനില്‍ക്കുന്നത്. ഈ ചിന്തകളിലേക്ക് ജനത്തെ ഇറക്കിവിടാതെയിരിക്കാന്‍ വേണ്ടി ഗ്ലാമറിന്റെയും നിറത്തിന്റെയും തൊലിയുടെയും പണക്കൊഴുപ്പിന്റെയും മേളം സൃഷ്ടിച്ചുകൊണ്ട് കാതടച്ചു വെടിയൊച്ച കേള്‍പ്പിക്കുമ്പോള്‍... പണവും ജാതിയും മതവും കുടി സമ്മേളിക്കുമ്പോള്‍... വെറുതെ ഓര്‍ത്തു പോകുന്നു, ഇതൊരു സംവരണ മണ്ഡലമായിരുന്നുവെങ്കില്‍ ഇവിടെ ഇവരാരെങ്കിലും ഇറങ്ങുമായിരുന്നോ?

പ്രചാരണ പരിപാടിയിലെ ആള്‍ക്കുട്ടത്തിന്റെ കണക്കെടുപ്പില്‍ താരങ്ങളേക്കാള്‍ മുന്നിലെത്തിയത് വി എസ് എന്ന വയോധികനാണ്. ഇത് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കുന്നതിലുപരി ദു:ഖിപ്പിക്കുക കൂടിയാവണം. കാരണം, ഇത്തരത്തില്‍ ക്രൗഡ് പുള്ളറായ ഒരു നേതാവിനെക്കൂടി രൂപപ്പെടുത്താന്‍ ഇടതുപക്ഷത്തിനായിട്ടില്ല എന്നതുതന്നെ. പ്രസ്ഥാനത്തിന്റെ തിരുത്തല്‍ ശക്തിയായി അദ്ദേഹം വീണ്ടും വീണ്ടും, പത്രക്കാര്‍ പറയുന്ന ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിക്കുന്നത് ഈ തിരിച്ചറിവ് കൊണ്ടുതന്നെയാണ്. ഇത് ഒരു പാഠമാക്കേണ്ടത് ഇടതുപക്ഷത്തിന്റെ പുതുനേതൃനിരയാണ്. ഏതെങ്കിലും ഒരു നേതാവിനെ പിന്‍പറ്റി വളരേണ്ടവരല്ല പുതിയ ലോകത്തെ കമ്മ്യുണിസ്റ്റ് എന്നും ജനകീയമായി ഇടപെടേണ്ടവരാണ് അവരെന്നും തിരിച്ചറിയണം. കരഞ്ഞു പറയാനും താത്കാലികമായി പതാക പിടിക്കുവാനും താരരാജാക്കന്മാര്‍ വരുമ്പോഴും പലപ്പോഴും വഴുതി പോകാമായിരുന്ന ചെങ്കൊടി ചേര്‍ത്ത് പിടിക്കാന്‍ വി എസ് കാണിക്കുന്ന ധിക്കാരപരമായ മനക്കരുത്ത് അത് പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ വ്യാഖ്യാനമാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ പ്രമുഖ നടിമാര്‍ മുതല്‍ തഴേക്ക് സീരിയല്‍ നടിമാര്‍ വരെ ജനങ്ങളെ വശികരിക്കാന്‍ ഇറങ്ങുന്ന പുതിയ വേദികളിലേക്ക് വയോധികനായ ആ നേതാവിനെ മാത്രം ആശ്രയിക്കേണ്ടി വരും. അതുകൊണ്ട് അടിവരയിട്ടു പറയാം: വി എസിന്റെ ഇനിയും ബാക്കി നില്‍ക്കുന്ന ബാല്യം ഏതു താരധിപത്യത്തിനെയും മലര്‍ത്തിയടിക്കുന്നു. അത് പാഠമക്കേണ്ടത് സിപിഎമ്മിനുപരി, അതിലെ യുവജന സംഘങ്ങളാകണം.

(ഐ എച്ച് ആര്‍ ഡി ഉദ്യോഗസ്ഥനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories