TopTop

ഉത്പ്പന്നങ്ങളെക്കുറിച്ച് കള്ളം പറഞ്ഞാല്‍ സെലിബ്രിറ്റികള്‍ക്ക് 50 ലക്ഷം പിഴയും തടവും

ഉത്പ്പന്നങ്ങളെക്കുറിച്ച് കള്ളം പറഞ്ഞാല്‍ സെലിബ്രിറ്റികള്‍ക്ക് 50 ലക്ഷം പിഴയും തടവും

അഴിമുഖം പ്രതിനിധി

സ്പോര്‍ട്ട്സ് താരങ്ങളും നടീനടന്മാരും മറ്റ് പ്രശസ്തരുമൊക്കെ ഇനിയൊന്നു സൂക്ഷിക്കേണ്ടി വരും. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള, സംശയാസ്പദമായ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ചെയ്താല്‍ ഇനി മുതല്‍ ശിക്ഷയുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അത്തരം പ്രൊഡക്റ്റുകളെ പിന്താങ്ങുകയും ചെയ്യുന്ന പ്രമുഖരെ ഉത്തരവാദികളാക്കി ശിക്ഷിക്കാനുള്ള പാര്‍ലമെന്‍ററി പാനലിന്‍റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചിരിക്കുകയാണ്. അവര്‍ പരസ്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെങ്കില്‍ സെലിബ്രിറ്റികള്‍ 50 ലക്ഷം രൂപ പിഴയും അഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് നിര്‍ദ്ദേശം.

ഈ ഭേദഗതി ബില്ലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിയമ മന്ത്രാലയം ആരംഭിച്ചു. ഇനി വരുന്ന മീറ്റിങ്ങില്‍ കാബിനറ്റ് ഭേദഗതികള്‍ പാസാക്കിയേക്കും. ഇതുകൂടാതെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി (CCPA) എന്നൊരു പുതിയ എക്സിക്യൂട്ടീവ് ഏജന്‍സിക്കും രൂപം നല്‍കും; അവര്‍ നല്‍കുന്ന കേസുകള്‍ പ്രകാരം പരസ്യങ്ങളിലെ പ്രമുഖരെ ഇത്തരം കേസുകളില്‍ കോടതി വിചാരണ ചെയ്യും. ഇ- കോമേഴ്സ്, നേരിട്ടുള്ള വില്‍പ്പന, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്നിവയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വവും CCPA ഏറ്റെടുക്കാന്‍ സാദ്ധ്യതയുണ്ട്.

തെലുഗുദേശം പാര്‍ട്ടിയുടെ ജെ സി ദിവാകര്‍ റെഡ്ഡി നയിക്കുന്ന ഭക്ഷ്യ, ഉപഭോക്തൃ കാര്യ, പൊതുവിതരണ വിഭാഗം പാര്‍ലമെന്‍ററി കമ്മിറ്റി ഏപ്രിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരസ്യങ്ങളിലൂടെ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിലെ ഉത്തരവാദിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമ മന്ത്രാലയത്തിന്‍റെ ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്മെന്‍റ് 'endorsement' എന്ന പദത്തെ നിര്‍വ്വചിച്ചിരിക്കുന്നു. കൂടാതെ 'endorser' എന്നതിന്‍റെ പരിധിയില്‍ വ്യക്തികളേയും ഗ്രൂപ്പുകളേയും സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ബില്ലിലെ സെക്ഷന്‍ 75ബി പ്രകാരം 'ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ സ്വാധീനിക്കുന്ന' രീതിയില്‍ നടത്തുന്ന 'തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ' ആയ പരസ്യ പ്രചാരണം ഒരു കുറ്റമാണ്. ആദ്യത്തെ തവണ രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും കുറ്റമാവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ പിഴയും അഞ്ചു വര്‍ഷത്തെ ജയില്‍വാസവുമാകും ശിക്ഷ. തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടത് ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്ന പ്രമുഖ വ്യക്തികളുടെ ബാധ്യതയാണ്. "തങ്ങള്‍ പിന്തുണയ്ക്കുന്ന ഉല്‍പ്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ ഗുണദോഷങ്ങള്‍ മനസിലാക്കാന്‍ ന്യായമായ ശ്രമം നടത്തിയെന്നും സാദ്ധ്യമായ മുന്‍കരുതലുകള്‍ എടുത്തെന്നും തെളിഞ്ഞാല്‍ അത് എന്‍ഡോര്‍സറെ തുണയ്ക്കും. മറിച്ച്, തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നത് അവരെ സഹായിക്കുന്ന വാദമാകില്ല," പുതിയ നിയമം സംബന്ധിച്ച നിയമ മന്ത്രാലയത്തിന്‍റെ ഡ്രാഫ്റ്റ് പറയുന്നു.താരങ്ങള്‍ പരസ്യങ്ങളില്‍
ഇന്നിപ്പോള്‍ സോപ്പ് മുതല്‍, ചോക്ലേറ്റ് മുതല്‍,അടിയിലിടുന്ന ബനിയന്‍ വരെ നമുക്കു മുന്നിലെത്തിക്കുന്നത് പ്രശസ്തരാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. പഴയകാല നടന്മാരെയും പ്രമുഖ വ്യക്തികളെയും അന്നത്തെ പരസ്യങ്ങളില്‍ അപൂര്‍വമായേ കാണാനാകൂ. ഈ മാറ്റം എങ്ങനെ, എന്തുകൊണ്ട് ഉണ്ടായി? ബ്രാന്‍ഡുകള്‍ പ്രചരിപ്പിക്കാന്‍ താരങ്ങളെ കൊണ്ടുവരുന്ന ഈ ഭ്രാന്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഈ പ്രവണത തുടങ്ങിയതെപ്പോള്‍?

ഡെന്‍റ്സു ടാപ്റൂട്ട് ഇന്ത്യയുടെ സ്ഥാപകരിലൊരാളും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ സന്തോഷ് പാധി പറയുന്നത് ടെലിവിഷന്‍റെ വരവോടെയാണ് ഇതിന് തുടക്കമായതെന്നാണ്. "ധര്‍മേന്ദ്ര, ദേവാനന്ദ് മുതലായ താരങ്ങളുടെ കാലത്ത് അച്ചടിമാധ്യമങ്ങള്‍ ആയിരുന്നു കൂടുതല്‍, ടെലിവിഷന്‍ ചെലവേറിയ ആഡംബരവും. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടി‌വി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലായത്. അന്നുമുതല്‍ താരങ്ങള്‍ക്കായി അവിടെയും ആധിപത്യം; ബ്രാന്‍ഡുകളും താമസിയാതെ ആ വഴിക്കു നീങ്ങി. മാത്രമല്ല, ഇന്നത്തെ പോലെയുള്ള മല്‍സരമില്ല അന്ന്; ഓരോ വിഭാഗത്തിലും രണ്ടോ മൂന്നോ എതിരാളികള്‍ ഉണ്ടാവും. ഇന്നാ സ്ഥാനത്ത് ഇരുപതു പേരാണ്. ഈ ഇരുപതു പേരും ഉപഭോക്താക്കളിലേക്കെത്താന്‍ വെമ്പുന്നു. ചിലര്‍ നൂതന വഴികള്‍ തേടുമ്പോള്‍ ചിലര്‍ പ്രശസ്തരായവരെ കൊണ്ടു വരുന്നു," പാധി പറഞ്ഞു.

ഡിജിറ്റല്‍ L & K, സാച്ചി & സാച്ചി സി‌ഇ‌ഓയും മാനേജിങ് പാര്‍ട്ട്ണറുമായ അനില്‍ കെ നായരുടെ അഭിപ്രായത്തില്‍ ഇത് പടിഞ്ഞാറന്‍ സ്വാധീനത്തില്‍ നിന്നുണ്ടായതാണ്. "NBA, ഹോളിവുഡ്, ഫുട്ബോള്‍ കളിക്കാരെ ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങളെ പ്രമോട്ട് ചെയ്യുന്ന അമേരിക്കന്‍ പതിവാണിത്. മിഡില്‍ ക്ലാസ് വിഭാഗത്തിലും ചെറുപ്പക്കാരിലും പെടുന്ന ധാരാളം ഉപഭോക്താക്കളുള്ള ഇന്ത്യയ്ക്കും ഈ രീതി അനുയോജ്യമാണ്. മാത്രമല്ല, ബോളിവുഡിനും ക്രിക്കറ്റിനും ഉള്ള വമ്പിച്ച ജനപ്രിയത താരങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു," അദ്ദേഹം വിശദീകരിച്ചു.

മളന്‍ ലിന്‍റാസിന്‍റെ ചെയര്‍മാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ അമര്‍ ജലീല്‍ പറയുന്നത് ഒരു ബ്രാന്‍റിനെ മറ്റൊന്നില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്താനും ഉപഭോക്താക്കളുടെ മുന്നിലെത്തുന്ന അനേകം പരസ്യങ്ങളില്‍ നിന്നു മാറി നില്‍ക്കാനുമാണ് പ്രശസ്തരുടെ എന്‍ഡോഴ്സ്മെന്‍റ് തുടങ്ങിയത് എന്നാണ്. "ലക്സിന്‍റെ പരസ്യമെടുത്താല്‍, അവര്‍ സ്വയം പ്രഖ്യാപിക്കുന്നത് സിനിമാ താരങ്ങളുടെ ബ്യൂട്ടി സോപ്പായാണ്. മറ്റനേകം സോപ്പ് പരസ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒരു പ്രീമിയം ബ്രാന്‍ഡ് ആണെന്നും സിനിമാ താരങ്ങള്‍ ഉപയോഗിക്കുന്നതാണെന്നും വേറിട്ടു നില്‍ക്കാന്‍ വേണ്ടിയാണിത്. ലക്സിന്‍റെ പരസ്യങ്ങളില്‍ സിനിമാ താരങ്ങളെ ഉപയോഗിക്കാന്‍ ഇതു കാരണമായി."

താരങ്ങള്‍ പരസ്യങ്ങളില്‍ എത്തിയത് എങ്ങനെയെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും പ്രശസ്തരായ മുഖങ്ങള്‍ വന്ന് ഉല്‍പ്പന്നത്തിന്‍റെ പല ഗുണങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ നിന്നൊക്കെ കാര്യങ്ങള്‍ മാറിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. പരസ്യങ്ങളില്‍ തങ്ങളായി അഭിനയിക്കുകയല്ല, അവയില്‍ പറയുന്ന കഥയുടെ ഭാഗമാണ് ഇന്നു താരങ്ങള്‍. രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും അഭിനയിച്ച, പ്രസിദ്ധമായ 'മേക്മൈ ട്രിപ്പ്' പരസ്യങ്ങളെടുക്കുക. അല്ലെങ്കില്‍ പുതിയ സ്വച്ഛ് ഭാരത് പരസ്യ വീഡിയോ. അതില്‍ ഒരുകൂട്ടം താരങ്ങള്‍ മിഡില്‍ ക്ലാസ്സ് ഭാര്യ മുതല്‍ ലക്ഷ്മീ ദേവിയായി വരെ അഭിനയിക്കുന്നു.

താരങ്ങളും ബ്രാന്‍ഡുകളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ കുറിച്ചു ചിന്തിക്കാന്‍ ഇതൊക്കെ നമ്മെ പ്രേരിപ്പിക്കുന്നു. ശരിയായ രീതിയില്‍ ചെയ്യുമ്പോള്‍ താരങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഗുണം ചെയ്യുന്ന ഈ ബന്ധം അങ്ങനെയല്ലാത്തപ്പോള്‍ അപകടകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു.


Next Story

Related Stories