TopTop
Begin typing your search above and press return to search.

മധ്യകേരളം; ഇടതിന് മുന്‍തൂക്കം, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ തരംഗം

മധ്യകേരളം; ഇടതിന് മുന്‍തൂക്കം, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ തരംഗം

ജെ. ബിന്ദുരാജ്‌

വർഗീയമായി കേരളം ഏറ്റവുമധികം ധ്രുവീകരിക്കപ്പെട്ടശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സ്ഥാനാർത്ഥിയുടെ ജാതി, മതം എന്നത് രാഷ്ട്രീയത്തെപ്പോലെ തന്നെ പ്രസക്തമായി വോട്ടർമാർ കണക്കിലെടുക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം ഏതുമട്ടിലായിരിക്കുമെന്ന് ഉറ്റുനോക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ബി ജെ പിക്കായി വോട്ടുപിടിക്കാൻ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശൻ തന്റെ മകൻ തുഷാർ നേതൃത്വം നൽകുന്ന ഭാരതീയ ധർമ്മ ജന സേനയ്ക്കായി (ബി ഡി ജെ എസ്) രംഗത്തിറങ്ങുന്നതും സമാജ്‌വാദി പാർട്ടി എസ് ഡി പി ഐ എന്ന വർഗീയ വിഷം ചീറ്റുന്ന സംഘടനയുമായി ചേർന്നുപ്രവർത്തിക്കുന്നുവെന്നതും നിസ്സാരമായി കണക്കാക്കാവുന്ന ഒന്നല്ല. സമാജ്‌വാദി പാർട്ടിക്ക് ഇവിടെ ആളും ആരവുമില്ലെങ്കിലും ദേശീയതലത്തിൽ പ്രസക്തമായ ഒരു സംഘടനയുടെ വാലാകാൻ കഴിഞ്ഞതു വഴി എസ് ഡി പി ഐയ്ക്ക് നാളെ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നത് സത്യമാണ്. കേരള പുലയ മഹാസഭയുടെ (കെ പി എം എസ്) ഒരു വിഭാഗത്തേയും ആദിവാസി നേതാവായ സി കെ ജാനുവിനേയും ഒപ്പം നിർത്തുന്നതിലും ബി ജെ പി വിജയിക്കുകയും ചെയ്തു. ഇതിനു പുറമേയാണ് മദ്യവും പണവും ഈ തെരഞ്ഞെടുപ്പിൽ ഒഴുക്കി വോട്ടു തേടാൻ സ്ഥാനാർത്ഥികൾ നടത്തുന്ന ശ്രമങ്ങൾ. പട്ടാമ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സി പി മുഹമ്മദ് പണം കൊടുത്ത് വോട്ടുനേടുന്നതിന്റെ ദൃശ്യങ്ങൾ (വോട്ടറെ ആശ്വസിക്കുന്ന ദൃശ്യമാണിതെന്നാണ് സി പിയുടെ വാദം) പുറത്തുവന്നതിനു പുറമേ, തൃപ്പൂണിത്തുറയിൽ ബാബുവിന് വോട്ടുതേടാൻ ഒഴുക്കാൻ മദ്യവുമെത്തുന്നുണ്ടെന്ന് ആരോപണങ്ങളുയർന്നു കഴിഞ്ഞു. ഏതാണ്ട് 20 കോടിയോളം രൂപയാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞടുപ്പ് കമ്മീഷൻ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തതെന്നിരിക്കേ, ഇതിനേക്കാൾ എത്രയോ വലിയ തുകയാണ് പിടിക്കപ്പെടാതെ കേരളത്തിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. തമിഴ്‌നാട്ടിലെപ്പോലെ സാരി, പണം, മദ്യം, മുണ്ട് തുടങ്ങി വോട്ടറെ തൃപ്തിപ്പെടുത്തുന്ന എന്തും നൽകി വോട്ടുപിടിക്കാമെന്നൊരു ചിന്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടായിരിക്കുന്നുവെന്നത് അത്യധികം അപലപനീയമായ പ്രവണതയുമാണ്.

മധ്യകേരളത്തിലെ തെരഞ്ഞെടുപ്പു രംഗവും വിലയിരുത്തപ്പെടേണ്ടത് അടിസ്ഥാനപരമായി ഈ പ്രവണതകളെ മുൻനിർത്തി തന്നെയാണ്. ജാതി,മത മാനദണ്ഡങ്ങൾ മുൻനിർത്തി തന്നെയാണ് മധ്യകേരളത്തിലെ സ്ഥാനാർത്ഥികളെ യു ഡി എഫും എൽ ഡി എഫും എന്തിന്, എൻ ഡി എ പോലും നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ മൊത്തം 14 നിയമസഭാ മണ്ഡലങ്ങളാണ് ആകെയുള്ളത്. ഇതിൽ 12 എണ്ണത്തിലും നിലവിൽ യു ഡി എഫ് ആണുള്ളത്. വൈപ്പിനും പെരുമ്പാവൂരും മാത്രമാണ് എൽ ഡി എഫിന്റെ കൈവശമുള്ള സീറ്റുകൾ. പെരുമ്പാവൂരിലെ ഇപ്പോഴത്തെ എം എൽ എയായ സാജു പോളിനെ നേരിടാനൊരുങ്ങുന്നത് യു ഡി എഫിലെ എൽദോസ് കുന്നപ്പിള്ളിയാണ്. നേരത്തെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആളാണ് കുന്നപ്പിള്ളി. ബി ജെ പി സ്ഥാനാർത്ഥി ഇ എസ് ബിജുവാണ്. ജിഷ വധത്തെ തുടർന്നുണ്ടായ സംഭവങ്ങളും സാജുപോൾ ഈ കുടുംബത്തിന്റെ മുൻകാലങ്ങളിലുള്ള പരാതികൾക്ക് ചെവികൊടുത്തില്ല എന്ന ആക്ഷേപവും നിലനിൽക്കുന്ന ഘട്ടത്തിലാണ് സാജു പോൾ ഇവിടെ ജനവിധി തേടുന്നതെന്നത് പ്രസക്തമാണ്. ഈ ആക്ഷേപങ്ങൾക്ക് തടയിടുവാനും സീറ്റ് നിലനിർത്തുന്നതിനുമായി സി പി എം അതിനാൽ പെരുമ്പാവൂരിൽ ജിഷയുടെ നീതിക്കായി രാപ്പകൽ സമരം അടക്കം നടത്തിവരികയാണ്. യഥാർത്ഥത്തിൽ ഈ കുടുംബത്തിന് ഭൂമി നൽകാനുള്ള തീരുമാനം സാജു പോളിന്റേതായിരുന്നുവെന്നതിനു പുറമേ, ഇപ്പോൾ ജില്ലാ ഭരണകൂടം ഇടപെട്ട് ഈ ഭൂമിയിൽ 10 ലക്ഷം രൂപ മുതൽമുടക്കിൽ ജിഷ നിർമ്മാണം തുടങ്ങിവച്ചിരുന്ന വീട് അഭ്യുദയകാംഷികളുടെ സഹായത്തോടെ പൂർത്തീകരിച്ചുവരികയുമാണ്. സാജു പോളിനെതിരായ പ്രതിഷേധങ്ങൾ ഏതാണ്ട് ശമിച്ചുവെങ്കിലും എൽ ഡി എഫിന്റെ നില പെരുമ്പാവൂരിൽ സുരക്ഷിതമാണെന്ന് ഇനിയും പറയാറായിട്ടില്ല. യു ഡി എഫ് സർക്കാരിന്റെ അഴിമതിക്കഥകൾ പരമാവധി ജനങ്ങളിലേക്ക് എത്തിച്ച വോട്ടുതേടാനുള്ള ശ്രമമായിരുന്നു എൽ ഡി എഫ് നടത്തിയതെങ്കിൽ പെരുമ്പാരൂരിന്റെ വികസനവൈകല്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ പ്രചാരണം. സീറ്റ്‌മോഹി എന്ന രാഷ്ട്രീയകവിത എഴുതിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള കുന്നപ്പിള്ളിയുടെ രംഗപ്രവേശം പോലും. നേരത്തെ ഗ്രാമീണ റോഡ് നിർമ്മാണത്തിൽ കുന്നപ്പിള്ളിയും കൂട്ടരും അഴിമതി കാട്ടിയെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളി നൽകിയ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നതാണ്. 2.5 ലക്ഷം രൂപയുടെ മാത്രം നിർമാണം നടത്തി ശേഷിക്കുന്ന ഏഴര ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് പരാതി. മുമ്പ് മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനു പകരം എൽദോസിനു സീറ്റു നൽകുമെന്നാണ് കേട്ടിരുന്നതെങ്കിലും മൂവാറ്റുപുഴ സീറ്റ് വാഴയ്ക്കൻ തന്നെ നിലനിർത്തിയതോടെ കുന്നപ്പിള്ളിക്കു നറുക്കുവീഴുകയായിരുന്നു. നേരത്തെ പെരുമ്പാവൂരിൽ മത്സരിച്ചു തോറ്റ കെ പി സി സി സെക്രട്ടറി ജെയ്‌സൺ ജോസഫിനെ ഒഴിവാക്കിയതാണ് കുന്നപ്പിള്ളിക്ക് അവസരം കിട്ടാൻ വഴി തുറന്നത്. എ വിഭാഗത്തിന്റെ കൈയിലായിരുന്ന പെരുമ്പാവൂർ സീറ്റ് ഇത്തവണ ഐ വിഭാഗക്കാരനു പോകുമ്പോൾ യു ഡി എഫ് കൺവീനർ പി പി തങ്കച്ചൻ അദ്ദേഹത്തിന് യാക്കോബായ സമുദായക്കാരുടെയടക്കം പിന്തുണ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് അണിയറവർത്തമാനം. എന്നാൽ ജിഷയുടെ ഘാതകനെ പൊലീസിന് ഇനിയും അറസ്റ്റു ചെയ്യാനാകാത്തത് ഇടതിന് അനുകൂലമായി ഭവിച്ചാൽ സാജു പോളിന് ഒരവസരം കൂടി പെരുമ്പാവൂരിൽ ലഭിച്ചേക്കും.അങ്കമാലിയിലാണ് മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. ലൈംഗിക അപവാദത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും ജോസ് തെറ്റയിലിന് സീറ്റ് നഷ്ടപ്പെട്ടയിടമാണത്. തെറ്റയിൽ അവിടെ മത്സരിക്കുകയാണെങ്കിൽ താൻ അങ്കമാലിയിൽ അദ്ദേഹത്തിനെതിരെ മൽസരിക്കുമെന്ന് തെറ്റയിലും അവരുമായുള്ള ലൈംഗിക രംഗങ്ങളുടെ രഹസ്യക്യാമറ ദൃശ്യങ്ങൾ തയാറാക്കി പുറത്തുവിട്ട നോബി അഗസ്റ്റിൻ പരസ്യമായി വെല്ലുവിളിച്ചിരുന്നത് വാർത്തയായിരുന്നു. (ബെന്നി ബെഹനാനും സി പി മുഹമ്മദും പണം വാഗ്ദാനം ചെയ്താണ് ജോസ് തെറ്റയിലിനെതിരെ വീഡിയോ തയാറാക്കിച്ചതെന്ന് നോബി ഒരു വർഷം മുമ്പ് ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പൊലീസ് അത് അന്വേഷിക്കാൻ തയാറായില്ല. ഈ പണം തനിക്ക് നൽകാതിരുന്നതിനാലാണ് താൻ സി പി മുഹമ്മദിനെതിരെ പട്ടാമ്പിയിൽ മത്സരിക്കുന്നതെന്ന് നോബി മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞു.) യു ഡി എഫിന്റെ റോജി എം ജോണും എൽ ഡി എഫിന്റെ ബെന്നി മൂഞ്ചേലിയും തമ്മിലാണ് ഇവിടെ പോരാട്ടം. അവസാനഘട്ട നില വച്ചുനോക്കുമ്പാൾ യു ഡി എഫ് സ്ഥാനാർത്ഥിക്കാണ് ഇവിടെ മുന്‍തൂക്കം.

വടക്കൻ പറവൂരിൽ സിറ്റിങ് എം എൽ എ ആയ വി ഡി സതീശൻ യു ഡി എഫിന്റെ സീറ്റ് നിലനിർത്താൻ തന്നെയാണ് 98 ശതമാനവും സാധ്യത. സി പി ഐയുടെ സ്ഥാനാർത്ഥിയായി ഇവിടെ സതീശനെ നേരിടുന്നത് മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മകളായ ശാരദാ മോഹനാണ്. പക്ഷേ പ്രചാരണത്തിന്റെ കാര്യത്തിൽ ശാരദ മോഹനെക്കാൾ ബഹുദൂരം മുന്നിലാണ് ഇപ്പോൾ സതീശൻ. പറവൂരിൽ വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ള വികസനപ്രവർത്തനങ്ങളും മണ്ഡലത്തിൽ എം എൽ എയ്ക്കുള്ള നല്ല പേരും മൂലം യു ഡി എഫ് സർക്കാരിന്റെ അഴിമതികളെ ഒരിക്കലും ജനങ്ങൾ സതീശനെതിരായ വോട്ടായി മാറ്റുകയില്ല എന്നു തന്നെയാണ് വിശ്വാസം. കഴിഞ്ഞ തവണ പന്ന്യന്‍ രവീന്ദ്രനെ 11,349 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്. ശാരദയ്ക്കാണെങ്കിൽ സതീശനെതിരെ ഉന്നയിക്കാൻ ശക്തമായ ഒരു ആരോപണം പോലുമില്ലെന്നതാണ് ഏറെ ദയനീയം. എസ് എൻ ഡി പി യോഗം നേതാവായ ഹരിവിജയന് പറവൂരിലെ ഈഴവ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനായാൽ നേട്ടം സതീശനു തന്നെയായിരിക്കും. കഴിഞ്ഞ തവണ വെള്ളാപ്പള്ളി നടേശൻ സതീശന് പരസ്യമായി പിന്തുണ നൽകിയിരുന്ന മണ്ഡലമാണ് പറവൂർ.

എറണാകുളം തൃക്കാക്കര നിയോജകമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി ടി തോമസിനു വേണ്ടി ഫ്രാൻസിസ് മാഞ്ഞൂരാൻ എന്ന വൈറ്റില ഐ എൻ ടി യു സിക്കാരന്റെ പേരിൽ വിതരണം ചെയ്യുന്ന നോട്ടീസിൽ എന്തുകൊണ്ട് പി ടി തോമസിനെ തെരഞ്ഞെടുക്കണമെന്ന് പറയുന്നതിന് നൽകുന്ന കാരണങ്ങളിൽ ചിലത് ഇതൊക്കെയാണ് - പാലാരിവട്ടത്ത് കഴിഞ്ഞ 25 വർഷമായി കുടുംബസമേതം താമസിക്കുന്നു, സുഖലോലുപത ഇല്ലാതെ, ബസ്സിലും ഓട്ടോയിലും ബൈക്കിന്റെ പിന്നിലും ആയി യാത്ര ചെയ്യുന്നു, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം, ആദർശം കൈമുതൽ, വിനയം, തെളിമ, സുതാര്യത, നട്ടെല്ല് വളയാതെ, നാട്യം ഇല്ലാതെ അഭിപ്രായം പറയാനുള്ള ചങ്കുറപ്പ്. എതിർ സ്ഥാനാർത്ഥിയായ സെബാസ്റ്റ്യൻ പോളിന് പി ടി തോമസിനോളം പോന്ന ലാളിത്യമൊന്നും അവകാശപ്പെടാനാകുന്നില്ലെന്നത് പരാജയം തന്നെയാണ്. മുമ്പ് എം പിയായിരുന്ന കാലഘട്ടത്തിൽ ജനങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന പരാതി സെബാസ്റ്റ്യൻ പോളിനെ പിന്തുടരുന്നുണ്ട്. നേരത്തെ ഇടുക്കി എം പിയായിരുന്ന കാലത്ത് നിരവധി വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിനായി ചെയ്ത പാരമ്പര്യവും പരിസ്ഥിതിയ്ക്കായി നിലകൊണ്ട നന്മയും പക്ഷേ പി ടി തോമസിനെ കൂടുതൽ ഈ മണ്ഡലത്തിൽ സ്വീകാര്യനാക്കുന്നുണ്ട്. കറപുരളാത്ത വ്യക്തിത്വമാണ് രണ്ടു പേർക്കുമുള്ളതെങ്കിലും പി ടി തോമസിന്റെ സ്വീകാര്യത സെബാസ്റ്റ്യൻ പോളിന് മണ്ഡലത്തിലില്ലെന്നത് ഒരു നഗ്‌നസത്യമാണ്.കൊച്ചി മണ്ഡലത്തിൽ പക്ഷേ യു ഡി എഫ് സ്ഥാനാർത്ഥിയായ ഡൊമനിക് പ്രസന്റേഷന്റെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിനെതിെര കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായ ലീനസ് മത്സരിക്കുന്നത് എൽ ഡി എഫ് സ്ഥാനാർത്ഥിയായ കെ ജെ മാക്‌സിയുടെ വിജയം ഉറപ്പിക്കുമെന്നു തന്നെയാണ് കണക്കുകൂട്ടപ്പെടുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിറ്റിങ് എം എൽ എയും എക്‌സൈസ് മന്ത്രിയുമായ കെ ബാബുവിനെ നേരിടുന്നത് സി പി എമ്മിലെ യുവരക്തമായ എം സ്വരാജാണ്. ബാർ കോഴ അഴിമതിയിൽ ആരോപണവിധേയനായ ബാബുവിന് ഈ തെരഞ്ഞെടുപ്പ് ശരിക്കും ഒരു അഗ്‌നിപരീക്ഷ തന്നെയായിരിക്കും. ബാബുവിനെ മാറ്റിനിർത്തണമെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ അവസാന നിമിഷം വരെ അതിശക്തമായി വാദിച്ചുവെങ്കിലും ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദ തന്ത്രത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു. പക്ഷേ മണ്ഡലത്തിൽ ബാബുവിന് നാട്ടുകാർക്കിടയിൽ വലിയ സ്വാധീനമാണുള്ളതെന്നത് മറികടക്കാൻ സ്വരാജിന് വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. കോൺഗ്രസിൽ നിന്നും പുറത്താക്കിയ മുൻ മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ ജോസ് കുറ്റിയാനി അടക്കമുള്ളവർ സ്വരാജിനു വേണ്ടി ബാബുവിനെതിരായി പ്രചാരണരംഗത്ത് സജീവമായിരുന്നു. ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മൽസരിക്കുന്നത് തുറവൂർ വിശ്വംഭരനായതിനാൽ കൂടുതൽ വോട്ട് ബി ജെ പിക്കു പോകുന്നപക്ഷം അത് സ്വരാജിന് ഗുണകരമായി മാറിയേക്കാം. ബാബുവിനെതിരായാണ് ഇവിടെ ബി ജെ പിയും സി പി എമ്മും ഒരുപോലെ പ്രചാരണം നടത്തുന്നുവെന്നതിനാൽ ഒരുപക്ഷേ സ്വരാജിന് ബാബുവിനെ തറപറ്റിക്കാനാകുകയും ചെയ്യും. അതിനിടെ മദ്യപിക്കാത്ത ബാബു തൃപ്പൂണിത്തുറയിൽ മദ്യമൊഴുക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന ആരോപണം സി പി എം ഇതിനകം ഉന്നയിച്ചുകഴിഞ്ഞിരിക്കുന്നു.

വൈപ്പിനിൽ എൽ ഡി എഫിന്റെ എസ് ശർമ്മയ്ക്കാണ് ജയസാധ്യത. യു ഡി എഫിന്റെ കെ ആർ സുഭാഷാണ് ഇവിടെ മുഖ്യ എതിരാളി. കുന്നത്തുനാടിലെ പോരാട്ടവും ജനശ്രദ്ധയിലാണ്. കുന്നത്തുനാടിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ വി പി സജീന്ദ്രന്റെ ഭാര്യയും മാതൃഭൂമി ന്യൂസ് കറസ്‌പോണ്ടന്റുമായ ലേബി സജീന്ദ്രൻ ഭർത്താവിനെ വെള്ളപൂശി വാർത്തയെഴുതാൻ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് 20,000 രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് അവർ ചെയ്തതെങ്കിലും ഇനിയും കമ്മീഷൻ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ശബ്ദരേഖയിൽ കോൺഗ്രസിനെപ്പറ്റി അവർ തന്നെ നടത്തുന്ന പരാമർശങ്ങൾ സജീന്ദ്രന് കുന്നത്തുനാടിൽ പരാജയം ഉറപ്പാക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നു തന്നെ ലഭിക്കുന്ന സൂചന. ഷിജി ശിവജിയാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പി സ്ഥാനാർത്ഥി തുറവൂർ വിജയനും.

ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിറവത്തും യു ഡി എഫിൽ പടലപ്പിണക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അഴിമതി മന്ത്രിസഭയിൽ മന്ത്രിയായിരുന്നതിനാലും സിവിൽ സ്‌പ്ലൈസ് കോർപ്പറേഷൻ അഴിമതിയിൽ പേരുവന്നതിനാലും അനൂപിന് ഇവിടെ എൽ ഡി എഫിന്റെ എം ജെ ജേക്കബ് ശക്തനായ എതിരാളി തന്നെയാണ്. കളമശ്ശേരിയിൽ മത്സരിക്കുന്ന പൊതുമരാമത്ത് മന്ത്രിയായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ റോഡ് നിർമ്മാണത്തിൽ കടുത്ത അഴിമതി മന്ത്രി അറിഞ്ഞ് നടക്കുകയുണ്ടായെന്ന് കണ്ടെത്തി മുൻ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ സമർപ്പിച്ച റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നത് ഇബ്രാഹിം കുഞ്ഞിന് ക്ഷീണമുണ്ടാക്കിയുണ്ട്. പക്ഷേ ഇത് വോട്ടർമാരിലേക്ക് ഇനിയും ശക്തമായി എത്തിച്ചേർന്നിട്ടില്ല. എൽ ഡി എഫിന്റെ എ എം യൂസഫാണ് ഇവിടെ കുഞ്ഞിനെ നേരിടുന്നത്. മൂവാറ്റുപുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ജോസഫ് വാഴയ്ക്കനു തന്നെയാണ് ജയസാധ്യത കൽപിക്കപ്പെടുന്നത്. കോതമഗംലത്ത് യു ഡി എഫിന്റെ ടി യു കുരുവിളയുടെ സ്ഥിതി പരിതാപകരമാണ്. എൽ ഡി എഫിന്റെ ആന്റണി ജോണിനൊപ്പം ബി ജെ പിയുടെ പി സി സിറിയക്കും അദ്ദേഹത്തെ ശരിക്കും വലച്ചേക്കും.തൃശൂരിൽ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ആകെയുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് എൽ ഡി എഫും ആറിടത്ത് യു ഡി എഫുമാണ് തൃശൂരിൽ വിജയം കണ്ടത്. യു ഡി എഫിനെ ടി എൻ പ്രതാപന്റെ കത്തുവിവാദമാണ് ഇവിടെ ബാധിച്ചതെങ്കിൽ എൽ ഡി എഫിൽ വടക്കാഞ്ചേരിയിൽ കെ പി എ സി ലളിതയെ സ്ഥാനാർത്ഥിയാക്കാനുള്ള എൽ ഡി എഫിന്റെ നീക്കവും എതിർപ്പിനെ തുടർന്ന് പാളിയിരുന്നു. കയ്പമംഗലത്തു നിന്നും വി എസ് സുനിൽ കുമാർ തൃശൂരിലെത്തി യു ഡി എഫിന്റെ പത്മജാ വേണുഗോപാലിനോട് ഏറ്റുമുട്ടുന്നുവെന്നതും (തേറമ്പിൽ രാമകൃഷ്ണനെ മാറ്റിയാണ് പത്മജയുടെ വരവ്) ബി ജെ പി അവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിക്കുന്നുവെന്നതും പ്രധാനമാണ്. ഇതിനൊക്കെ പുറമേ കത്തോലിക്കാ കോൺഗ്രസിന്റെ പിന്തുണ ഇത്തവണ ആർക്കായിരിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുമില്ല. ഒരിക്കലും ഏതെങ്കിലുമൊരു മുന്നണിയെ സ്ഥിരമായി പിന്തുണച്ച ചരിത്രമില്ലാത്ത തൃശൂരിനെ സംബന്ധിച്ചിടത്തോളം പ്രാദേശിക വിഷയങ്ങൾക്കപ്പുറം സംസ്ഥാന രാഷ്ട്രീയത്തിലെ അഴിമതിയായിരിക്കും പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനും ബി ജെ പിക്കുമാണ് നേട്ടമുണ്ടായതെന്നത് യു ഡി എഫിന്റെ അവസ്ഥ പരിതാപകരമാക്കാനാണ് സാധ്യത. ഇതുവരെ കെ രാധാകൃഷ്ണൻ മത്സരിച്ചിരുന്ന ചേലക്കരയിലേക്ക് എല്‍ ഡി എഫിന്റെ യു ആർ പ്രദീപ് എന്ന പഞ്ചായത്ത് പ്രസിഡന്റ് എത്തുമ്പോഴും എൽ ഡി എഫ് അവിടെ സീറ്റ് നിലനിർത്താണ് സാധ്യത. വടക്കാേഞ്ചരിയിൽ സിറ്റിങ് എം എൽ എയും മന്ത്രിയുമായ സി എൻ ബാലകൃഷ്ണൻ മാറിയതിനാൽ യു ഡി എഫിന് വിജയസാധ്യത ഏറിയിട്ടുണ്ട്. മികച്ച പഞ്ചായത്തായി അടാട്ടിനെ പലതവണ മാറ്റിയതിൽ നിർണായക പങ്കുവഹിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അനിൽ അക്കരയാണ് ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. സേവ്യർ ചിറ്റിലപ്പിള്ളിയെ ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും മേരി തോമസിനാണ് ഒടുവിൽ നറുക്കുവീണത്. അതുകൊണ്ടു തന്നെ വടക്കാഞ്ചേരി എൽ ഡി എഫിന് ഒരു കീറാമുട്ടിയായിരിക്കും.

യു ഡി എഫിന്റെ ഉരുക്കുകോട്ടകളിലൊന്നായ കോട്ടയം ജില്ലയിലെ മൊത്തം ഒമ്പത് നിയോജകമണ്ഡലങ്ങളിൽ എൽ ഡി എഫിന് നിലവിൽ രണ്ടു സീറ്റുകൾ മാത്രമേയുള്ളു- വൈക്കവും ഏറ്റുമാനൂരും. ഏറ്റുമാനൂരിൽ ഇത്തവണയും സുരേഷ് കുറുപ്പ് തന്നെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയെങ്കിൽ വൈക്കത്ത് സിറ്റിങ് എം എൽ എയായ അജിത്തിനു പകരം സി കെ ആശയെയാണ് എൽ ഡി എഫ് നിർത്തിയിട്ടുള്ളത്. വൈക്കത്തും ഏറ്റുമാനുരൂം സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും എൽ ഡി എഫ് ശക്തമായി തന്നെയാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്. പക്ഷേ ഈ സ്ഥിതിക്ക് ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്ന് എൽ ഡി എഫ് പ്രത്യാശിക്കാനുള്ള പ്രധാന കാരണം മാണി കോൺഗസിലുണ്ടായ പിളർപ്പാണ്. ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസിന് ചങ്ങനാശ്ശേരിയിൽ വിജയപ്രതീക്ഷയാണുള്ളത്. പ്രത്യേകിച്ചും കെ എം മാണിയുടെ മകൻ ജോസ് കെ മാണി കോൺഗ്രസ് എമ്മിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർപ്പുകൾ ധാരാളമുള്ള പശ്ചാത്തലത്തിൽ. പക്ഷേ സി എഫ് തോമസിനെപ്പോലൊരു കറ പുരളാത്ത വ്യക്തിത്വത്തെ ഡോകടർ കെ സി ജോസഫിന് തോൽപിക്കുക അത്ര എളുപ്പമാവാനിടയില്ല. പാലായിൽ കെ എം മാണിയുടെ അഴിമതികൾ എണ്ണിപ്പറഞ്ഞാണ് എൽ ഡി എഫിന്റെ മാണി സി കാപ്പന്റെ പ്രചാരണമെങ്കിലും കെ എം മാണിയെ പാലാ മുട്ടുകുത്തിച്ചാൽ അത് കേരളാ കോൺഗ്രസ് എമ്മിന്റെ അന്ത്യകൂദാശയ്ക്കു തുല്യമാകും. പാലാക്കാർ പക്ഷേ ആ 'കടുംകൈ' ചെയ്യാനിടയില്ല. മാണിക്യത്തിന് പഴയ കാന്തിയില്ലെങ്കിലും മാണിക്യം മാണിക്യം തന്നെയാണല്ലോ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയ്ക്കും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും തന്നെയാകും വിജയമുണ്ടാകുക. പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കുന്ന പൂഞ്ഞാറിൽ യു ഡി എഫിന്റെ ജോർജ്കുട്ടി അഗസ്തിയും എൽ ഡി എഫിന്റെ ജനാധിപത്യ കേരള കോണ്ഗ്രസ് സ്ഥാനാർത്ഥി പി സി ജോസഫും തമ്മിലാണ് പോരാട്ടം. പി സി ജോർജിന് വോട്ട് വലിക്കാനായാൽ അതിന്റെ നേട്ടം കൊയ്യുക പി സി ജോസഫാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.ഇടുക്കിയിൽ മൊത്തം അഞ്ച് നിയമസഭാ മണ്ഡലങ്ങളേയുള്ളു. നിലവിൽ എൽ ഡി എഫിനു മൂന്നും യു ഡി എഫിന് രണ്ടും എം എൽ എമാരാണ് ഇവിടെ നിന്നുള്ളത്. ഇടുക്കി നിേയാജകമണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. റോഷി അഗസ്റ്റിനാണ് ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായും ജനാധിപത്യ കേരളാ കോൺഗ്രസുമായുള്ള ബാന്ധവം ഇത്തവണ എൻ ഡി എഫിനെ തുണയ്ക്കാനാണ് സാധ്യത. പീരുമേടിൽ ഇ എസ് ബിജിമോളും ഉടുമ്പൻ ചോലയിൽ എം എം മണിയും ദേവികുളത്ത് എസ് രാജേന്ദ്രനും വിജയം ആവർത്തിച്ചേക്കും. യു ഡി എഫിന്റെ തട്ടകമായിരുന്ന ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ ഇത്തവണയും യു ഡി എഫ് സ്ഥാനാർത്ഥിയായി പി ജെ ജോസഫ് തന്നെയാണ് മത്സരിക്കുന്നത്. പക്ഷേ പുതിയ സാഹചര്യത്തിൽ ചിലപ്പോൾ ജോസഫിന് റോയ് വരിക്കാട്ടിനു മുന്നിൽ അടിപതറിയേക്കും.

പത്തനംതിട്ടയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ നിലവിൽ മൂന്നെണ്ണം ഇടതിനൊപ്പവും രണ്ടെണ്ണം വലതിനൊപ്പവുമാണ്. തിരുവല്ലയും റാന്നിയും അടൂരും ഇടതിനൊപ്പമാണെങ്കിൽ വലതിനൊപ്പം ആറന്മുളയും കോന്നിയുമാണുള്ളത്. സുധീരന്റെ കടുത്ത എതിർപ്പിനെ മറികടന്ന് കോന്നിയിൽ അടൂര് പ്രകാശ് സ്ഥാനാർത്ഥിയായെന്ന പ്രത്യേകതയും ആറന്മുളയിൽ കെ ശിവദാസൻ നായർക്കെതിരെ മാധ്യമപ്രവർത്തകയായ വീണാ ജോർജ് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്നവെന്ന പ്രത്യേകതയും പത്തനംതിട്ട ജില്ലയിലുണ്ട്. ബി ജെ പിയുടെ ശക്തനായ സാരഥി എം ടി രമേശാണ് ആറന്മുളയിലെ സ്ഥാനാർത്ഥിയെന്നതിനാൽ ശിവദാസൻ നായരുടെ വോട്ടിൽ വിള്ളൽ വീഴാനും സഭയുടെ വോട്ട് വീണാ ജോർജിനു ലഭിക്കാനുമുള്ള സാധ്യതകളുമുണ്ട്. തിരുവല്ലയിൽ മാത്യു ടി തോമസിനെതിരെ മത്സരിക്കുന്ന ജോസഫ് എം പുതുശ്ശേരിയും റാന്നിയിൽ രാജു എബ്രഹാമിനെതിരെ മത്സരിക്കുന്ന മറിയാമ്മ ചെറിയാനും യു ഡി എഫ് വിരുദ്ധ വികാരത്തിൽ കടപുഴകി വീണേക്കും. ബി ജെ പി- ബി ഡി ജെ എസ് സ്ഥാനാർത്ഥി കെ പത്മകുമാർ റാന്നിയിൽ കനത്ത പ്രചാരണത്തിലായതിനാൽ അത് ഫലം കണ്ടാൽ സി പി എമ്മിന്റെ രാജു എബ്രഹാമിനെയാകും അത് വിനാശകാരിയാകുക. കോന്നിയിൽ കോൺഗ്രസുകാർ കാലുവാരിയാൽ അടൂർ പ്രകാശും വീഴും. പക്ഷേ അടൂരിൽ കോൺഗ്രസിന്റെ കെ കെ ഷാജുവും സി പി ഐയുടെ ചിറ്റയം ഗോപകുമാറും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.

മധ്യകേരളത്തിൽ എറണാകുളത്തും കോട്ടയത്തുമൊഴികെയുള്ള ജില്ലകളിൽ ഇടതിന് മേൽക്കൈ നേടാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. തൃശൂരിലെ സീറ്റുകൾ നിർണായകമാകുകയും ചെയ്യും. ബി ജെ പിക്ക് പലയിടങ്ങളിലും സ്വാധീനശക്തിയാകാനാകുമെങ്കിലും വിജയിക്കാനാവില്ല. എങ്കിലും ഭരണവിരുദ്ധവികാരം ശക്തിപ്പെടുകയാണെങ്കിൽ എറണാകുളത്തെ അവസ്ഥ പോലും ഇടതിന് അനുകൂലമായി മാറിമറിഞ്ഞേക്കാം. അന്തിമ വിധിയെഴുത്ത് ജനമനസ്സുകളിൽ നേരത്തെ നടന്നുകഴിഞ്ഞിരിക്കുമല്ലോ.

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).


Next Story

Related Stories