UPDATES

ജമ്മു മേഖലയില്‍ കൂടുതല്‍ സീറ്റ് സൃഷ്ടിക്കാന്‍ കേന്ദ്രം, കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് നീക്കം; നേരിടുമെന്ന് പ്രതിപക്ഷം

പ്രതിഷേധവുമായി കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന ജമ്മു കശ്മീരില്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ മണ്ഡല പുനര്‍നിര്‍ണയം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ജമ്മു മേഖലയില്‍ കൂടുതല്‍ നിയമസഭ സീറ്റുകള്‍ സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആരോപണം. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ വര്‍ഷം അവസാനം കമ്മീഷന്‍ തീരുമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഐബി ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കശ്മീരിലെ നിലവിലുള്ള സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തിനെതിരെ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും രംഗത്തുവന്നു. 2026 വരെ മണ്ഡല പുനര്‍നിര്‍ണയത്തിന് മരവിപ്പിച്ചു നിര്‍ത്തിയതാണെന്നും അതിന് മുന്നെ അത് നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം എന്നത് സര്‍ക്കാര്‍ കോടതി അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെമ്പാടും ബാധകമായ കാര്യമാണിത്. അതില്‍നിന്ന് കശ്മീരിനെ മാത്രം മാറ്റിനിര്‍ത്തി മറ്റൊരു തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി കാശ്മിരിനെ തുലനപ്പെടുത്തുമെന്ന് പറഞ്ഞ് ഭരണഘടനയുടെ 370 -ാം വകുപ്പും 35-എയും എടുത്തുമാറ്റാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി മാത്രം പുതിയ രീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ കശ്മീരിലും അത് നടത്താമെന്നും അതിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയത്. ജനങ്ങളുടെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞത്.

കശ്മീരില്‍ പുനര്‍നിര്‍ണയം വേണമെന്നത് ബിജെപിയുടെ കുറെ നാളുകളായുള്ള ആവശ്യമാണ്. 2008 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. മണ്ഡല പുനരേകീകരണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി തലവന്‍ ഭീം സിംങ് നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. 2026 വരെ മണ്ഡല പുനരേകികരണം വേണ്ടെന്ന തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

ജമ്മു കാശ്മീരില്‍ 87 അംഗ നിയമസഭയാണുള്ളത്. ഇതില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍നിന്ന് 46 അംഗങ്ങളും ജമ്മുവില്‍നിന്ന് 37 സീറ്റുകളുമാണ് ഉള്ളത്. ലഡാക്ക് മേഖലയെ നാല് പേരാണ് സഭയില്‍ പ്രതിനിധീകരിക്കുന്നത്. പട്ടികജാതി പട്ടിക വര്‍ഗ സീറ്റുകളടക്കം നിശ്ചയിക്കുന്നതിനാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്നാണ് ഔദ്യോഗിക വാദം.

കശ്മീരില്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഭരണമാണ്. ഈ വര്‍ഷം അവസാനത്തോടെ കശ്മീരിലെ സ്ഥിതിഗതികള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീരുമാനിക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

Read More: ഇവിടെയാകെ ചീവീടുകളുടെ ശബ്ദം മുഴങ്ങുന്ന ഒരു കാലം വരും, ആ സ്വപ്‌നത്തിനുവേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത്; തിരുവനന്തപുരം നഗരത്തിലെ മിയാവാക്കി കാടുകള്‍ക്ക് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍