TopTop
Begin typing your search above and press return to search.

സ്വാതന്ത്ര്യം ആവശ്യമുള്ളവര്‍ ഫ്ലാറ്റ് എടുത്തു താമസിക്കണോ?

സ്വാതന്ത്ര്യം ആവശ്യമുള്ളവര്‍ ഫ്ലാറ്റ്  എടുത്തു  താമസിക്കണോ?

ശ്രുതി/സമ

കേരളത്തില്‍ നിന്ന് ആദ്യമായി വനിത എഞ്ചിനീയര്‍മാരെ സംഭാവന ചെയ്ത കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തെ(സിഇടി) വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ആറര കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലെ തടങ്കലില്‍ ആണെന്നത് എത്ര വിരോധാഭാസം! എഴുപത്തിയഞ്ച് വര്‍ഷത്തിന്റെ തിളക്കം പേറുന്ന ഈ കേളേജില്‍ ഈ 'പൂട്ടിയിടല്‍' തുടര്‍ന്നുവരുന്നൊരു ആചാരമാണ്. എന്തിന് എന്നുചോദിച്ചാല്‍ ഉത്തരം പാടിപ്പതിഞ്ഞ പല്ലവി തന്നെ പെണ്‍കുട്ടികളുടെ സുരക്ഷ! ഇതിനെതിരെ സമരം നടത്തിയാല്‍ ഞങ്ങള്‍ വഴിപിഴയ്ക്കുന്നവരാകുന്നു. വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും ഞങ്ങളുടെ അവകാശത്തത്തെ കാണാതെ പോവുകയാണ്.

കലാലയ ജീവിതം ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ്. പ്രായത്തിന്റെതായ ചാപല്യങ്ങളില്‍ നിന്നും ജീവിതത്തിന്റെ് കയ്പും മധുരവും സമ്മിശ്രമായി രുചിച്ച് തുടങ്ങുന്ന ആ സമയത്താണ് അയാളുടെ വ്യക്തിത്വം ശരിയായ രീതിയില്‍ വളരുന്നത്. സ്വന്തമായ കാഴ്ചപ്പാടുകളും ഇഷ്ടാനിഷ്ടങ്ങളും രൂപപ്പെട്ടു വരുന്ന ആ സമയത്തു തന്നെ താന്‍ അബലയാണെന്നും തനിക്കു സുരക്ഷ എന്ന പുറം ചട്ടയില്ലാതെ മുമ്പോട്ടു പോകാന്‍ കഴിയില്ല എന്നുമുള്ള ചിന്താഗതി അടിച്ചേല്‍പ്പിക്കുകയാണിവിടെ. ചുറ്റുമതിലും സെക്യൂരിറ്റി ഗാര്‍ഡുകളും ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല എന്ന ബോധം അപകടകാരിയായ ഒരു വൈറസാണ്. അത് കാര്‍ന്നു തിന്നുന്നത് ആമാശയമോ ഹൃദയമോ അല്ല, മറിച്ചു ഞാനും ഈ സമൂഹത്തില്‍ സ്വതന്ത്രയായി ജീവിക്കേണ്ടവളാണ് എന്ന ആത്മവിശ്വാസത്തെയാണ്.

സിഇടിയില്‍ സംഭവിക്കുന്നത് ഇതാണ്. കാമ്പസില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിനകത്ത് വൈകിട്ട് 6.30 ന് തന്നെ കയറണം. അതുകഴിഞ്ഞുള്ള സമയത്ത് ഹോസ്റ്റിലില്‍ പ്രവേശിക്കാനോ അവിടെ നിന്ന് പുറത്തിറങ്ങാനോ അനുവാദമില്ല. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ല, ഇതേ ക്യമ്പസിലെ ഐസറിലുള്ള പെണ്‍കുട്ടികള്‍ക്കും ഈ കര്‍ഫ്യു അനുഭവിക്കേണ്ട. രാത്രി 8 വരെ ലൈബ്രറിയും 9വരെ കമ്പ്യൂട്ടര്‍ സൗകര്യവും ഉപയോഗിക്കാമെങ്കിലും ഞങ്ങള്‍ക്കതിനുള്ള ഭാഗ്യമല്ല. രാത്രി 9 വരെ കാമ്പസ് സജീവമാണ്, പാര്‍ട്ട് ടൈം ക്ലാസുകള്‍ നടക്കാറുണ്ട്. എന്നാലും ഞങ്ങള്‍ അതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു.പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം മുഴുവന്‍ കവരുന്ന നടപപടികളാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിച്ചിട്ടും കോളേജ് അധൃതൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധ സമരത്തിനു തടയിടാനുള്ള ഗൂഡതന്ത്രങ്ങള്‍ പയറ്റുകയാണ്. ഞങ്ങള്‍ ആവിശ്യപ്പെട്ടതുപോലുള്ള ഹോസ്റ്റല്‍ സമയപുനക്രമീകരണം നടത്തിയിട്ടില്ല എന്നു മാത്രമല്ല ഏഴ് വര്‍ഷങ്ങളായി നില നിന്നിരുന്നപ്രവര്‍ത്തന സമയത്തില്‍ നിന്നും 8 മുതല്‍ 5 മണി വരെ ആയി മാറ്റുകയും ചെയ്തു.ലൈബ്രറി സമയം അഞ്ചു മണി മുതല്‍ എട്ടുമണി വരെ വെട്ടിക്കുറച്ചത് തടയാനായി ലൈബ്രറിക്കുള്ളില്‍ ഞങ്ങള്‍ സമരം നടത്തിയിരുന്നു. രാതി എട്ടുമണി വരെ ലൈബ്രറി വിട്ടുകൊടുക്കാതെ അവിടെ തന്നെ നിലകൊണ്ടു. ഒമ്പതു മണിക്ക് ശേഷം പ്രിന്‍സിപ്പല്‍ കോളെജിലെത്തി ലൈബ്രറി സമയം വെട്ടിക്കുറച്ച നടപടി റദ്ദ് ചെയ്യുമെന്നുള്ള ഉറപ്പു നല്‍കിയതിനുശേഷമാണ് ഞങ്ങള്‍ പിരിഞ്ഞുപോയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷെരീഫുമായി ബ്രേക്ക് ദി കര്‍ഫ്യൂവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. ഹയര്‍ സെക്കന്‍ഡറി വകുപ്പ് സെക്രട്ടറി ശ്രീനിവാസുമായും ഇതേ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. 'പെണ്‍കുട്ടികളും സുരക്ഷയും' എന്ന വിഷയത്തില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ക്ലാസ് എടുക്കുകയുണ്ടായി. അതിന്റെ അന്ത്യഭാഗത്തില്‍ സ്വാന്തന്ത്ര്യം ആവശ്യമുള്ളവര്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് പുറത്ത് താമസിക്കണം എന്നൊരു 'പോംവഴിയും' ചൂണ്ടിക്കാണിക്കുകയുണ്ടായി. രണ്ടു മീറ്റിംഗുകളും നിരാശയല്ലാതെ പ്രതീക്ഷകളൊന്നും ഞങ്ങള്‍ക്ക് തരികയുണ്ടായില്ല .

29 ജൂലൈ 2015 ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ എം എ ബേബിയും ആര്‍ രാജേഷും സിഇടിയിലെ ബ്രേക്ക് ദി കര്‍ഫ്യൂവിനെക്കുറിച്ചും ലൈബ്രറി സമയം വെട്ടിച്ചുരുക്കലിനെക്കുറിച്ചും സഭയില്‍ പരാമര്‍ശിക്കുകയുണ്ടായി. ഈ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹത്തിനൊന്നുമറിയില്ല എന്നും സിഇടിക്കു മാത്രമായി നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നും പഠനം നടത്തിയ ശേഷം തീരുമാനം എടുക്കുന്നതായിരിക്കും എന്നുമാണ് വിദ്യാഭ്യാസമന്ത്രി ഈ വിഷയവുമായി ബന്ധപ്പെട്ട് മറുപടി പറഞ്ഞത്.
അതേസമയം സാമൂഹ്യ നീതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ ഇതൊന്നും ഉടനെ നടപ്പില്ല , കാമ്പസില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍, അതായത് സുരക്ഷാ മതില്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍ എന്നിവ പ്രാബല്യത്തില്‍ വന്നതിനു ശേഷമേ പറ്റൂ എന്നാണു സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജി ശ്രീദേവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാമ്പസിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യുട്ട് സെന്ററിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ ബാധകമാകുന്നതേയില്ല എന്നത് ഇരട്ടത്താപ്പല്ലേ? പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഇത്ര ആകുലതയുള്ളവര്‍ തന്നെയാണ് ലൈബ്രറിയുടെ പ്രവര്‍ത്തന സമയം കുറച്ചതിനെതിരെ ഞങ്ങള്‍ സമരം ചെയ്ത ദിവസം രാത്രി വരെ തിരിഞ്ഞു നോക്കാതിരുന്നത്. ലൈബ്രറി പ്രവര്‍ത്തന സമയ പുനക്രമീകരണം ആവശ്യപ്പെട്ടു പ്രതിഷേധിക്കുകയും അറ്റന്‍ഡന്‍സ് തരാതെ ഹോസ്റ്റലില്‍ കയറുകയുമില്ല എന്ന് ഉറച്ച തീരുമാനത്തോടെ നിന്ന ഞങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുന്ന നിലപാടാണു അധികാരികള്‍ നടത്തിയത്. പ്രസ്തുത വ്യക്തികള്‍ തന്നെയാണ് സുരക്ഷ പോര എന്നു ഘോരഘോരം പ്രസംഗിക്കുന്നത് എന്നതൊരു വിരോധഭാസമാണ് .

ബ്രേക്ക് ദി കര്‍ഫ്യൂ കാമ്പയിനില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത് സ്വാതന്ത്ര്യമാണ്, ഒരു വ്യക്തിക്കു ഭരണഘടന അനുവദിച്ചു നല്‍കിയ മൗലികാവകാശങ്ങളില്‍ പ്രധാനമായത്. അതിനു വിലങ്ങുതടിയാവാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നത്. അവനവന്റെ ഉത്തരവാദിത്വം അവനവന് തന്നെയാണ്. ഒരു മതില്‍കെട്ടിനകത്തു തരുന്ന സുരക്ഷ പുറത്ത് ഞങ്ങളുടെ കാര്യത്തില്‍ തരാന്‍ ഇവര്‍ക്ക് കഴിയില്ലല്ലോ? കാമ്പസില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്‌നം, സ്ത്രീ ദുര്‍ബലയാണ് അവള്‍ക്ക് ആരുടെയെങ്കിലുമൊക്കെ സംരക്ഷണം ഇല്ലാതെ സമൂഹത്തില്‍ ജീവിക്കാനാവില്ല എന്ന് ഉറപ്പിക്കുകയാണ്.

(സിഇടിയിലെ വിദ്യാര്‍ത്ഥികളാണ് ശ്രുതിയും സമയും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories