TopTop
Begin typing your search above and press return to search.

സര്‍വ്വമലയാളി ചളിയന്‍മാരെ കടന്നുവരൂ; നിങ്ങള്‍ക്കിതാ ഒരു ചളിമിഷ്യന്‍

സര്‍വ്വമലയാളി ചളിയന്‍മാരെ കടന്നുവരൂ; നിങ്ങള്‍ക്കിതാ ഒരു ചളിമിഷ്യന്‍

ബിബിന്‍ ബാബു

സര്‍വ്വ മലയാളി ചളിയന്മാരെ സംഘടിക്കുവിന്‍. എല്ലാവര്‍ക്കും സംഘടനയാണല്ലോ. ഇനി ചളിയന്മാരും തുടങ്ങിയോ എന്ന് തെറ്റിദ്ധരിക്കേണ്ട. സംഭവം അതൊന്നുമല്ല. ചളിയന്മാര്‍ക്കായി ചളിയന്മാര്‍ ഉണ്ടാക്കിയ ചളിമിഷ്യനാണ്. ഇവിടെ എങ്ങനെ വേണേലും ട്രോള്‍ ഉണ്ടാക്കാം. ഫോട്ടോഷോപ്പ് അറിയേണ്ട, കമ്പ്യൂട്ടര്‍ വേണ്ട ആശയം ഉണ്ടായാല്‍ മാത്രം മതി.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയില്‍ രണ്ടു പ്രത്യേക നന്ദി രേഖപ്പെടുത്തലുകളുണ്ട്. ഒന്ന് ഐസിയു അഥവാ ഇന്റര്‍നാഷണല്‍ ചളി യൂണിയന്‍ രണ്ട് ട്രോള്‍ മലയാളം. സിനിമയുടെ ഫസ്റ്റ് ലുക്ക് മുതല്‍ ഓരോ ഘട്ടത്തിലും ചളിയന്മാര്‍ കയറി മേഞ്ഞങ്കിലും ഉര്‍വ്വശി ശാപം പോലെ അതെല്ലാം പടത്തിന് മാര്‍ക്കറ്റ് ഉണ്ടാക്കി നല്‍കിയെന്ന് സംവിധായകനു നന്നായിയറിയാം.

ട്രോളന്മാരുടെ പണി ഏറ്റവും നന്നായി ഏറ്റുവാങ്ങിയ നേതാക്കളില്‍ ഒന്നാം സ്ഥാനം മുന്‍ സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. അദ്ദേഹത്തിന് നാക്ക് പിഴച്ചപ്പോള്‍ ഒക്കെ ചളിയന്മാര്‍ക്കു കൊയ്ത്തു കാലമായിരുന്നു. ഭരണം മാറിയതോടെ പണിയില്ലാതിരുന്ന ചളിയന്മാര്‍ക്കു കായിക മന്ത്രി ഇപി ജയരാജന്‍ മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തമാക്കിയതോടെ സന്തോഷമായി.

ഇപ്പോള്‍ ട്രോള്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറാന്‍ തുടങ്ങി. ആക്ഷേപ ഹാസ്യത്തിലൂടെ കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍ തൊടുത്തു വിടാന്‍ ട്രോളന്മാര്‍ മത്സരിക്കുന്നു. ഭൂമിക്കു താഴെ അങ്ങനെ പറയാന്‍ പറ്റില്ല. താഴെയും മീതെയുമുള്ള എന്തിനെയും ട്രോളിയിരിക്കും. അതിനിപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നോ അമേരിക്കന്‍ പ്രസിഡന്റ് എന്നോ ഭേദമില്ല.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോള്‍ ഒന്നുറങ്ങിയത് ചളിയന്മാര്‍ നന്നായി ആഘോഷിച്ചിരുന്നു. അതങ്ങു ബിബിസിയില്‍ വരെ വാര്‍ത്തയാകുകയും ചെയ്തു. ഇപ്പോള്‍ ഐഎസില്‍ ചേര്‍ന്ന മലയാളികളാണ് ചര്‍ച്ച വിഷയം. മലയാളികള്‍ ഐഎസി തലവനെയും പറ്റിച്ച് കാശ് അടിച്ചു മാറ്റുമത്രേ. അതും പോരാ ഐഎസില്‍ ചേര്‍ന്നവരൊക്കെ പഠിച്ചിട്ടും പണിയില്ലാതിരിക്കുന്ന ബിടെക്കുകാരായിരിക്കും എന്ന്.

പക്ഷേ ഈ ട്രോള്‍ ഉണ്ടാക്കല്‍ അത്ര എളുപ്പമുള്ള കാര്യം അല്ലലോ. കമ്പ്യൂട്ടര്‍ വേണം കുറഞ്ഞ പക്ഷം നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ എങ്കിലും വേണം. അതും പോരാ. ഫോട്ടോഷോപ്പ് അറിയണം. ഇതൊന്നുമറിയാത്തവര്‍ക്ക് ട്രോള്‍ കണ്ട് ചിരിക്കാമെന്നല്ലാതെ വല്യ കാര്യമൊന്നുമില്ല.

ആശയങ്ങള്‍ നിരവധിയുണ്ടെങ്കിലും ഫോട്ടോഷോപ്പ് അറിയാത്തതു കൊണ്ട് വിഷമിച്ചിരുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ചളിമിഷ്യന്‍. മലയാളം ടൈപ്പിംഗ് അറിയണ്ട. നൂറ്റിയേഴു കാരിക്കേച്ചറുകള്‍ വച്ച് നല്ല ഗംഭീര ചളികളുണ്ടാക്കാം. സിനിമയിലെ കഥാപാത്രങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകള്‍ക്കും വിട നല്‍കാം. ചളികള്‍ക്ക് കാര്‍ട്ടൂണിലേക്കുള്ള പരിണാമത്തിനും ചളിമിഷ്യന്‍ കാരണമാകുന്നു.

ലസീബ് മാട്ര, ഓറിയണ്‍ ചമ്പടിയില്‍, ഋഷികേഷ് ഭാസ്‌കരന്‍, മുനീഫ് ഹമീദ്, ഹിരണ്‍ വേണുഗോപാലന്‍ എന്നിവരാണ് ചളിമിഷ്യന് പിന്നില്‍.

അപ്പോള്‍ എങ്ങനാ ചളിയന്മാരെ... തയ്യാറല്ലേ പുതിയ ചളി വിപ്ലവങ്ങള്‍ക്കായി...!

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)


Next Story

Related Stories