TopTop
Begin typing your search above and press return to search.

മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും

മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും

ടീം അഴിമുഖം

മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണെന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കാര്യം തന്നെ. അതേസമയം മെഹ്ബൂബയ്ക്കു മുന്നിലുള്ള ദൗത്യം അതികഠിനവുമാണ്. മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിലും വിഷമമേറിയ ജോലിയാണ് അവര്‍ക്കു ചെയ്യാനുള്ളത്. സ്ത്രീയെന്ന നിലയില്‍ തനിക്കുള്ള മുന്‍തൂക്കം നന്നായി ഉപയോഗപ്പെടുത്തിയാണ് മെഹ്ബൂബ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യെ കെട്ടിപ്പടുത്തത്. താഴ്‌വരയില്‍ അസ്വാഭാവിക മരണമുണ്ടായ ഓരോ വീട്ടിലും അവരുടെ സന്ദര്‍ശനം ഇന്നും ഓര്‍മിക്കപ്പെടുന്നു. പക്ഷേ അന്ന് അവര്‍ പ്രതിപക്ഷനേതാവായിരുന്നു.

'മൃദു വിഘടനവാദം' അടിസ്ഥാനമായ ഒരു നയമാണ് മെഹ്ബൂബ രൂപപ്പെടുത്തിയത്. സുരക്ഷാഭടന്മാരാല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുമ്പോള്‍, ചെറുപ്പക്കാരെ കാണാതാകുമ്പോള്‍, മനുഷ്യാവകാശ ലംഘനങ്ങളില്‍ 'ഡല്‍ഹിയുടെ സൈന്യം' കുറ്റക്കാരാണെന്നു കണ്ടെത്തപ്പെടുമ്പോള്‍, അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നപ്പോള്‍, സംസ്ഥാനത്തിനു പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയണമെന്ന് ഏതെങ്കിലും ബിജെപി നേതാവ് ആവശ്യപ്പെടുമ്പോള്‍ - എല്ലായിടത്തും മെഹ്ബൂബയുണ്ടായിരുന്നു.

എന്നാല്‍ അധികാരത്തിലിരിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു കാര്യമാണ്. മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് അവര്‍ കയറുമ്പോള്‍ പിന്തുണയ്ക്കുന്നത് ബിജെപിയാണ്. പിതാവ് മുഫ്തി മുഹമ്മദ് സയീദ് അധികാരത്തിലിരുന്ന 10 മാസവും അധികാരം പങ്കിടാനുള്ള തീരുമാനത്തോട് തനിക്ക് വിയോജിപ്പാണെന്നും പിതാവിന്റെ തീരുമാനത്തെ അനുകൂലിക്കുക മാത്രമായിരുന്നു എന്നും എല്ലാവരെയും വിശ്വസിപ്പിക്കാനാണ് മെഹ്ബൂബയും അനുയായികളും ശ്രമിച്ചത്. എന്നാല്‍ അധികാരരാഷ്ട്രീയത്തിന്റെ നിയമങ്ങളില്‍ അത്തരം ആദര്‍ശങ്ങള്‍ക്കു സ്ഥാനമില്ല.മെഹ്ബൂബയുടെ നിലപാടുകളില്‍ നാടകീയമായ മാറ്റം വന്നിരിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത പാടേ നിഷേധിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു: 'ബിജെപിയുടെ പിന്തുണ തേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയുടെ വിഘടന അജണ്ടയെ തോല്‍പിക്കാനുള്ള ഏക മാര്‍ഗം പിഡിപിക്ക് പൂര്‍ണപിന്തുണ നല്‍കുകയാണെന്ന് ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. സാമുദായികമായി മാത്രമല്ല വംശീയമായും ജനങ്ങളെ വിഘടിപ്പിക്കാനാണ് അവരുടെ ശ്രമം. സിഖ്, പണ്ഡിറ്റ്, ഗുജ്ജര്‍, ഷിയ വോട്ട് ബാങ്കുകളാണ് അവരുടെ ലക്ഷ്യം. ആത്യന്തികമായി ഇത് മുസ്ലിം കശ്മീര്‍, ഹിന്ദു ഇന്ത്യ എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കും. അത് വളരെ വളരെ അപകടകരമാണ്.'

ബിജെപിയുമായി സഖ്യമുണ്ടാക്കി മുഫ്തി മുഹമ്മദ് സയ്യിദ് അധികാരത്തില്‍ വന്നശേഷം തന്റെ കാഴ്ചപ്പാടുകള്‍ മെഹ്ബൂബ പരസ്യമാക്കിയില്ല. ബിജെപിക്ക് വോട്ട് ചെയ്ത ജമ്മുവും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം നിരസിച്ച് ബിജെപിക്കെതിരെ വോട്ട് ചെയ്ത കശ്മീരും തമ്മിലുള്ള വിടവ് നികത്തേണ്ടത് ആവശ്യമാണെന്നായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ ജനുവരിയില്‍ പിതാവിന്റെ മരണത്തിനുശേഷം 'സഖ്യം ജനപ്രിയമല്ലാത്ത തീരുമാനമായിരുന്നു'വെന്ന് പറയാന്‍ അവര്‍ മടിച്ചില്ല. യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. പിഡിപിയുടെ ശക്തികേന്ദ്രമായ ദക്ഷിണ കശ്മീരില്‍ ചെറുപ്പക്കാര്‍ സായുധകലാപത്തിലേക്കു തിരിഞ്ഞു. കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് കശ്മീരികളാണ്.

സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള രാഷ്ട്രീയനൈപുണ്യം മുഫ്തിക്കുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം താഴ്‌വരയില്‍ ആത്മവിശ്വാസമുണ്ടാക്കാനുള്ള നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ സഖ്യവുമായി തുടരില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുകയാണ് മെഹ്ബൂബ ചെയ്തത്. രാഷ്ട്രീയമേല്‍ക്കൈ നേടുന്നതിനു പേരുകേട്ട ബിജെപി മെഹ്ബൂബയെ പാട്ടിലാക്കിയെന്നു കരുതാം.

ദേശീയതയുടെ കണ്ണിലൂടെയല്ലാതെ, രാഷ്ട്രീയവീക്ഷണത്തോടെ കശ്മീരിനെ സമീപിക്കേണ്ടതിന്റെ ആവശ്യകത ഡല്‍ഹിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നതിലാകും മെഹ്ബൂബയുടെ വിജയം. പ്രദേശത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആദ്യ വനിതാ മുഖ്യമന്ത്രിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരും.


Next Story

Related Stories