TopTop
Begin typing your search above and press return to search.

സിപിഎം കണ്ണുതുറക്കേണ്ടതുണ്ട്; ചലോ തിരുവനന്തപുരം കേരള മോഡല്‍ വികസനത്തിന് ഒരു കുറ്റപത്രമാകുമ്പോള്‍

സിപിഎം കണ്ണുതുറക്കേണ്ടതുണ്ട്; ചലോ തിരുവനന്തപുരം കേരള മോഡല്‍ വികസനത്തിന് ഒരു കുറ്റപത്രമാകുമ്പോള്‍

വളരെ പ്രതീക്ഷയോടെ അധികാരത്തില്‍ എത്തിയ ഇടതുമുന്നണി ദളിത് വിഭാഗത്തെ വഞ്ചിച്ചുവെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞത് തിരുവനന്തപുരത്ത് കേരളത്തിലെ പിന്നോക്ക ജാതി ഐക്യ സംഘം വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ വച്ചായിരുന്നു. മന്ത്രിമാരുള്‍പ്പടെ ഇടതുപക്ഷ നേതാക്കന്മാര്‍ വേദിയില്‍ എന്ത് മറുപടി നല്‍കി എന്നതു പത്രവാര്‍ത്തകളില്‍ നിന്നും വ്യക്തമല്ല. ഇടതു മുന്നണി ഭരണത്തില്‍ അര്‍ഹമായത് പലതും പ്രതീക്ഷിച്ച വേഗത്തില്‍ ലഭ്യമാകുന്നില്ലെന്നോ അതില്‍ ആശങ്കയുണ്ടെന്നോ ഉള്ള വ്യാഖ്യാനമാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

ജിഗ്നേഷിന്റെ സംശയമോ, ചോദ്യമോ ആശങ്കയോ അതെന്തായാലും അതിനെ മുഖവിലയ്ക്കെടുക്കേണ്ടത് കേരളം ഭരിക്കുന്ന സിപിഎം എന്ന രാഷ്ട്രീയ കക്ഷിയുടെ ആവശ്യമാണ്. കാരണം സ്വതന്ത്ര ഇന്ത്യയില്‍ നക്സല്‍ പ്രവര്‍ത്തകര്‍ക്കോ മാവോവാദികള്‍ക്കോ നടത്താന്‍ സാധിക്കാതെ പോയ ഒരു ജനകീയ പ്രക്ഷോഭത്തിന്റെ നേതൃത്വം അയാള്‍ക്കാണെന്നതു തന്നെ. ബിജെപി കേരളത്തില്‍ വേരുറപ്പിക്കുന്നത് ഭരണഘടനയുടെ മരണം കൂടി രേഖപ്പെടുത്തുന്നുവെന്നും ജിഗ്നേഷ് ഓര്‍മ്മിപ്പിക്കുന്നതും ഇവിടെ വേരോടിയ കമ്യുണിസ്റ്റ് ചിന്തയ്ക്ക് കോട്ടം തട്ടരുതെന്ന ആഗ്രഹം കൊണ്ടുതന്നെയാണ്. ദളിത്‌ സ്വാഭിമാനം ഉണര്‍ത്തിയ ചലോ ഉനയും, ഭക്ഷണം ഞങ്ങളുടെ ഇഷ്ടമാണ്, ഭൂമി ഞങ്ങളുടെ അവകാശമാണ് എന്ന പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ചലോ ഉഡുപ്പിയും നല്‍കിയ ഊര്‍ജ്ജവുമാകണം ചലോ തിരുവനന്തപുരമെന്ന ആശയത്തില്‍ ജിഗ്നേഷിനെ എത്തിച്ചത്. എന്നാല്‍ മറ്റുള്ളിടത്തെ അപേക്ഷിച്ച്, ദളിത്‌ പ്രശ്നങ്ങള്‍ ജാതി മേല്‍ക്കോയ്മയ്ക്ക് കുറച്ചെങ്കിലും വെളിയില്‍ നിന്ന് ചര്‍ച്ചചെയ്യപ്പെടാന്‍ സാധിക്കുന്ന ഇടം എന്ന നിലയിലാകണം ഇടതുപക്ഷ സാന്നിധ്യം ജിഗ്നേഷിനെപ്പോലൊരാള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

അതേ സമയം, ഇടതു മുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ഇപ്പോള്‍ ദളിത്‌ പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂസമരത്തിന്റെ നേതാവായ സി കെ ജാനുവുമായി വേദി പങ്കിടാന്‍ അതിഹിന്ദുത്വം കൊണ്ടുനടക്കുന്ന ശശികലയും കുമ്മനവും ഉള്‍പ്പെടുന്ന ബിജെപി തയ്യാറാകുന്നത് കമ്മ്യൂണിസ്റ്റു ഭരണത്തിനോടുള്ള അസഹിഷ്ണുത കൊണ്ടുതന്നെയാണ്. കുറച്ചു കാലം മുന്‍പ് നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ ഒന്നിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ഒരു പിന്തുടര്‍ച്ച കൂടിയാകാം ഇത്. ദളിത്‌ - ആദിവാസി സ്നേഹമുള്ള ഒരു പാര്‍ട്ടിയല്ല ആത്യന്തികമായി ബിജെപിയെന്ന് ചലോ തിരുവനന്തപുരം യാത്രയുടെ മുഖ്യയാത്രക്കാരില്‍ ഒരാളായ ഗീതാനന്ദന്‍ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്.

സിപിഎമ്മിന്റെ പികെഎസ് (പട്ടിക ജാതി ക്ഷേമ സമിതി) പോലുള്ള ഒരു രാഷ്ട്രീയ വേദികൊണ്ട് ഒരിക്കലും നേരിടാന്‍ സാധിക്കാത്ത തരത്തില്‍ ദളിത്‌ ആശയങ്ങളും സംഘങ്ങളും ഒരു ബാനറിനു കീഴില്‍ അണിനിരക്കാന്‍ തയ്യാറാകുകയാണ് ചലോ തിരുവനന്തപുരം യാത്രയില്‍. ഏതാണ്ട് അന്‍പതോളം വരുന്ന പിന്നോക്ക ജാതി സംഘടനകളും അവരെ പിന്തുണയ്കുന്ന പൊളിറ്റിക്കല്‍ മൂവ്മെന്റുകളും ഇതര പിന്നോക്കാവസ്ഥ പങ്കിടുന്നവരുടെ സംഘങ്ങളും ഈ യാത്രയില്‍ ഒന്നിക്കുന്നു.

എന്നാല്‍ ഈ ദേശീയ പ്രക്ഷോഭം ടാര്‍ജറ്റ് ചെയ്യുന്ന സിപിഎം, കേന്ദ്രം ഭരിക്കുന്ന ബിജെപിയെയോ അതുമല്ലെങ്കില്‍ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയേയോ മാത്രമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുന്‍പില്‍ കാണുന്നത്. അതായത് ദേശീയമായ ഉത്തരവാദിത്വം മാത്രമാണ് ബഹുജന സംഘടനയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രോഹിത് വെമുല അനുസ്മരണത്തില്‍ വന്ന ഈ പ്രസ്താവന തന്നെ ഇതിനു തെളിവാണ്.

'സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദളിത് ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും സ്വത്വബോധത്തെ വര്‍ഗബോധമാക്കി പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള ഉത്തരവാദിത്തം ഇടതുപക്ഷപ്രസ്ഥാനത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ആ രംഗത്ത് കര്‍ഷകത്തൊഴിലാളി യൂണിയനും ക്ഷേമസമിതികളായ പികെഎസും എകെഎസും (ആദിവാസി ക്ഷേമ സമിതി) സജീവമായി ഇടപെടുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ ദളിത് വിഭാഗങ്ങളിലുള്ളവരും വിവിധ ദളിത് ജാതിസംഘടനകളും രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ മുന്‍നിര്‍ത്തി ദളിത് ആക്രമണങ്ങള്‍ക്കെതിരായ കൂട്ടായ പ്രക്ഷോഭനിര പടുത്തുയര്‍ത്തേണ്ടതാണ്. ജാതി-മത വര്‍ഗീയ ശക്തികള്‍ക്കെതിരായ സമരനിരയൊരുക്കി, പൌരോഹിത്യബ്രാഹ്മണ സവര്‍ണതയുടെ വക്താക്കളായ ആര്‍എസ്എസ്- സംഘപരിവാറിനെ തുറന്നുകാട്ടാനുള്ള സമയത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരായി രാജ്യത്തുടനീളം അരങ്ങേറുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ, ദളിത് അവകാശസംരക്ഷണദിനമായ രോഹിത് വെമുലയുടെ രക്തസാക്ഷിത്വദിനത്തില്‍, ജനുവരി 17-ന് രാജ്യമാകമാനം മുദ്രാവാക്യങ്ങള്‍ ഉയരണമെന്നും', പാര്‍ട്ടി ആഹ്വാനം ചെയ്യുന്നു. ( ദേശാഭിമാനി)

ഇതില്‍ നിന്നും വ്യത്യസ്തമാണ് ചലോ തിരവനന്തപുരം യാത്രയിലൂടെ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍. അതാകട്ടെ പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമാണ്. ഭൂമിയും അതിന്റെ ഉപയോഗവും അതിലെ അവകാശവും സംബന്ധിച്ച കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദളിതുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍.

‘ചലോ തിരുവനന്തപുരം’ എന്ന പ്രഖ്യാപനത്തിലൂടെ മുത്തങ്ങയും ആറളവും ചെങ്ങറയും മേപ്പാടിയും അരിപ്പയും നില്‍പ്പുസമരവുമെല്ലാം നല്‍കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേവലം മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ളതല്ല ഈ സമരം. മറിച്ച് കൃഷിക്കും ഉപജീവനത്തിനും തങ്ങളുടെ വിഭവം എന്ന രീതിയിലുള്ള അവകാശത്തിനും കൂടിയാണ് ഈ സമരം എന്നതാണ് ചലോ തിരുവനന്തപുരം എന്ന അവകാശ പ്രഖ്യാപനത്തെ മറ്റ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിലൂടെ ദലിതര്‍, ആദിവാസികള്‍, ദലിത് ക്രൈസ്തവര്‍, ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം തങ്ങളുടെ ഭരണഘടനാവകാശങ്ങളുമായി അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമൊരുക്കി കേരളത്തെ മനുഷ്യത്വരഹിതമായ ജാതിക്കോളനികളില്‍ നിന്നും പുറമ്പോക്ക് ജീവിതങ്ങളില്‍ നിന്നും മോചിപ്പിക്കാനും ആവശ്യപ്പെടുന്നു ഈ അവകാശ പ്രഖ്യാപന റാലി. ജീവിക്കുവാനുള്ള ഭൂമി, കൃഷി ചെയ്യുവാനുള്ള ഇടം, വിദ്യാഭ്യാസം, അന്തസ്സുള്ള തൊഴില്‍ എന്നിങ്ങനെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ ഇടംനേടുന്നതിനുള്ള സാമൂഹികനീതി എന്ന ആവശ്യമാണ് ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിലൂടെ ആവശ്യപ്പെടുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷ ഭരണം സഹായിച്ചത് അതിസമ്പന്നരുടെ സമ്പത്ത് പത്തുശതമാനം വളര്‍ത്തുന്നതിനാണ്. മേല്‍ത്തട്ടുകാരായ പത്തു ശതമാനം പേര്‍ മൊത്തം സമ്പത്തിന്റെ 89 ശതമാനവും കൈയടക്കിയിരിക്കുന്നു. 50 ശതമാനത്തിന്റെ പക്കല്‍ മൊത്തം സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണുള്ളതെന്നും ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നു. ദാരിദ്യ്രത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കുപിന്നില്‍ ചുരുക്കം ചില രാജ്യങ്ങള്‍ കൂടി ഉണ്ടെങ്കിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലത്തിന്റെ കാര്യത്തില്‍ ഇന്ത്യയോളം അസമത്വമുള്ള രാജ്യങ്ങള്‍ ഏറെയില്ലെന്ന സ്ഥിതി നിലവിലുണ്ട്. ഉദാരവല്‍ക്കരണം നല്‍കിയ ഭീമമായ സാമ്പത്തിക വളര്‍ച്ചയുടെ ഗുണമെല്ലാം അതിസമ്പന്നരിലേക്ക് ഒഴുകിയെത്തി എന്നര്‍ഥം. ഈ അവസ്ഥയില്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതുകളുടെ എണ്ണം കേരളം പോലുള്ള സംസ്ഥാനത്തും വളരെയേറെയാണ്. കാരണം പണത്തിന്‍റെ ധ്രുവീകരണം വളരെ വേഗത്തില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം.

പെരുപ്പിച്ചു പറയപ്പെടുന്ന കേരള മോഡല്‍ വികസനം; സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള 26,000 ലും 8000 ലും ഒതുക്കപ്പെട്ട ദളിത്‌, ട്രൈബല്‍ കോളനികള്‍ക്കപ്പുറം 50,000ല്‍ അധികം വരുന്ന സെറ്റില്‍മെന്റുകള്‍; സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള 3 ലക്ഷമല്ല 30 ലക്ഷമാണ് ഭൂരഹിതരെന്നും കണക്കുകള്‍- ഇവ നിരത്തിയുള്ള ഒരു ജനകീയ യാത്രയാണ് ജിഗ്നേഷും സംഘവും നടത്തുന്നത്. കൃഷിഭൂമിയിലെ കേന്ദ്രീകരണവും ജാതിമേധാവിത്തവും കാരണം കേരളത്തിലെ ഭൂരഹിതരായ ദളിതര്‍, ആദിവാസികള്‍, മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അരലക്ഷത്തോളം വരുന്ന ജാതിക്കോളനികളിലേക്ക് മാറ്റപ്പെട്ടതായും ഭൂപരിഷ്‌കരണത്തിന് ശേഷം 3 സെന്റിലേക്കും 5 സെന്റിലേക്കുമായി ഇവര്‍ കുടില്‍ കെട്ടി താമസിക്കാന്‍ വിധിക്കപ്പെട്ടെന്നും, ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതര്‍ക്ക് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് പാര്‍ശ്വവല്‍കൃതരെ വീണ്ടും കോളനിവത്ക്കരിക്കാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നുമുള്ള ആരോപണങ്ങള്‍ നിരത്തിയാണ് സമരം പ്രഖ്യപിക്കപ്പെട്ടിരിക്കുന്നത്. ആവാസവ്യവസ്ഥ വിട്ടൊരു ജീവിതം ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും ആദിവാസി പ്രശ്നങ്ങളെ മുന്‍ നിര്‍ത്തി അവര്‍ ആവശ്യപ്പെടുന്നു.

ഇത്തരത്തില്‍ സംസ്ഥാന ഭരണകൂടത്തിനെതിരെ ദളിത്‌ എക്യം ശക്തമാകുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഭരണനേതൃത്വം നല്‍കുന്ന സിപിഎമ്മാണ്. ദേശീയ പാര്‍ട്ടിയെന്ന നിലയിലല്ല കേരളത്തില്‍ സിപിഎം നിലനില്‍ക്കേണ്ടത്. മറിച്ച് പ്രാദേശികമായ കാഴ്ചപ്പാടുകള്‍ ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗോ മാതാവും ചുട്ടുകൊല്ലലും ഒന്നുമല്ല നമ്മുടെ കേരളത്തിലെ ദളിത്‌ വിഷയങ്ങള്‍. അര്‍ഹിക്കുന്നത് കൊടുക്കാത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ് ഇവിടെ സ്ഥിതി വഷളാക്കുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

എന്നാല്‍ ഈ സമരത്തിന്‍റെ ഏറ്റവും വലിയ പോരായ്മയായി കാണുന്നത് ഇതിന്റെ ഭാഗമാകുന്ന പലര്‍ക്കും വ്യത്യസ്തങ്ങളായ ആവശ്യങ്ങളാണെന്നുള്ളതാണ്.ചിലത് നേടുമ്പോള്‍ മറ്റു ചിലത് പരിഗണിക്കപ്പെടാതെപോകുന്നത് ഇത്തരം കൂട്ടായ്മയില്‍ വളരെ പെട്ടെന്ന് വിള്ളലുകള്‍ സൃഷ്ടിക്കും. ഭരണ നേതൃത്വത്തിന് ഇത്തരം ബഹുവിധ ആവശ്യങ്ങളുള്ള കൂട്ടായ്മയെ പെട്ടെന്ന് ഇല്ലാതാക്കുവാനും സാധിക്കും. എന്നാല്‍ ഇത്തരം സമരങ്ങള്‍ വളരെ വികാരപരമായ സമീപനങ്ങളിലൂടെയാണ് അതിലെ അണികളെ നിലനിര്‍ത്തുന്നത്.

ദളിത്‌ കുഞ്ഞുങ്ങളുടെ പഠനക്കളരിയില്‍ വച്ച് ഒരു വീടിന്റെ പടം വരയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ക്കും ഒരു വീടിന്റെ ചിത്രം ഭാവനയില്‍ കാണാന്‍ സാധിക്കാതെ പോകുന്നുവെന്നത് എന്തുകൊണ്ടെന്ന് അവര്‍ ചോദിക്കുന്നു. കേരളമോഡല്‍ വികസനത്തില്‍ ഇപ്പോഴും ദളിതുകള്‍ ഭവനരഹിതരായി ജീവിക്കുന്നു. ഇവര്‍ സ്വപ്നം കാണുന്ന സമൂഹിക നീതിയാകണം ഒരു കമ്യൂണിസ്റ്റുകാരന്റെ സ്വപ്നം. ഇത്തരം കാര്യങ്ങള്‍ അജണ്ടയില്‍ പെടുത്താന്‍ സാധിക്കാത്തിടത്തോളം പികെഎസ് പോലുള്ള ദുര്‍ബലമായ ഒരു വേദികൊണ്ട് പാര്‍ശ്വവത്കൃതരെ ഒന്നിപ്പിക്കാന്‍ സാധിക്കുകയില്ല.

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories