TopTop
Begin typing your search above and press return to search.

കോളനികള്‍ വിട്ട് കൃഷിയിടത്തിലേക്ക്, പുറമ്പോക്ക് വിട്ട് പൊതുവിടത്തിലേക്ക്: ചലോ തിരുവനന്തപുരത്തിന് തുടക്കം

കോളനികള്‍ വിട്ട് കൃഷിയിടത്തിലേക്ക്, പുറമ്പോക്ക് വിട്ട് പൊതുവിടത്തിലേക്ക്: ചലോ തിരുവനന്തപുരത്തിന് തുടക്കം

ആദിവാസികളെയും ദളിതരെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കോര്‍ത്തിണക്കുന്ന ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ ഉന സമര നേതാവ് ജിഗ്നേഷ് മെവാനി ചെങ്ങറ സമരഭൂമിയില്‍ നിര്‍വഹിച്ചു. ഇതോടെ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് കളമൊരുങ്ങുന്നത്.

സിപിഎമ്മിന്റെ വികസന മാതൃക ഗുജറാത്ത് മോഡല്‍ പോലെ പരാജയമാണെന്ന് ജിഗ്നേഷ് മേവാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗുജറാത്തില്‍ ഭൂസമരങ്ങളില്‍ പിന്തുണയ്ക്കുകയും പങ്കെടുക്കുകയും ചെയ്ത സിപിഎം കേരളത്തിലെ ഭൂസമരങ്ങളെ ഭയക്കുകയാണ്. പാവപ്പെട്ടവരുടേയും പിന്നോക്കക്കാരുടേയും വിഷയത്തില്‍ ഇടപെടുന്ന കാര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സിപിഎം സര്‍ക്കാരിന് ഇരട്ട മുഖമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന ഭൂസമരം പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ ഉനയിലേക്ക് നടത്തിയ യാത്രയ്ക്ക് സമാനമാണ് ചലോ തിരുവനന്തപുരം യാത്രയും. കേരളത്തിലെ ആദിവാസി, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതി അവിടുത്തേതില്‍ നിന്നും വ്യത്യസ്തമല്ല. 2003-2004 കാലത്ത് ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗോത്രനേതാക്കളുമായി ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതുപാലിക്കാനോ ഒരിഞ്ച് ഭൂമി നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദലിതര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള പീഡനം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ കേരളത്തിലും നടക്കുന്നുണ്ട്. ഇവയെല്ലാം ഉന്നയിച്ചും കേരള മോഡല്‍ വികസന മാതൃക പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ടുമാണ് ഏപ്രില്‍ ഒന്നിന് കാസര്‍ഗോഡ് നിന്നും ചലോ തിരുവനന്തപുരം യാത്ര ആരംഭിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി. മെയ് 31ന് പദയാത്ര തിരുവനന്തപുരത്ത് അവസാനിക്കും. കേരളം കണ്ട ഏറ്റവും വലിയ പദയാത്രയായി ഇത് മാറാനാണ് സാധ്യത.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ഭൂസമര ജനകീയസമര മുഖങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സെലീന പ്രക്കാനം, കെ കെ സുരേഷ്, ഡോ. ആസാദ്, ശ്രീരാമന്‍ കൊയ്യോന്‍, കെ കെ രമ, രേഖാ രാജ്, ധന്യ രാമന്‍, കെ എം സലിംകുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, സതി അങ്കമാലി, പ്രഫ. കുസുമം ജോസഫ്, സി എസ് മുരളി, ഗീതാനന്ദന്‍ തുടങ്ങിയവര്‍ വൈകിട്ട് നടന്ന ഉദ്ഘാടന പരിപാടിയില്‍ സംസാരിച്ചു. ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് പോലെ ഹാരിസണ്‍ കമ്പനിയുടെ കൈവശമിരിക്കുന്ന ഏക്കറുകണക്കിന് തോട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, ജാതി കോളനികള്‍ വേണ്ടെന്ന് വച്ച് കേരള മോഡല്‍ പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങളും പദയാത്രയില്‍ ഉന്നയിക്കുമെന്ന് ചലോ തിരുവനന്തപുരം സംഘാടകരായ ഭൂ അധികാര സംരക്ഷണ സമിതി പ്രവര്‍ത്തകനും കേരളീയം മാസിക പ്രവര്‍ത്തകനുമായ സന്തോഷ് കുമാര്‍ അഴിമുഖത്തെ അറിയിച്ചു.

ആദിവാസികളും ദലിതരും ദലിത് ക്രൈസ്തവരും തോട്ടംതൊഴിലാളികളും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും പമ്പരാഗത തൊഴില്‍ സമൂഹങ്ങളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും പിന്നോക്ക സാമുദായിക വിഭാഗങ്ങളും ഭാഷാ-വംശീയ-മതന്യൂനപക്ഷങ്ങള്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ട വിഭാഗങ്ങള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നതിനാല്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റമായി ചലോ തിരുവനന്തപുരം മാറുമെന്നാണ് കരുതുന്നത്. വികസനത്തിന്റെ പേരില്‍ പ്രകൃതി, വനം, മണ്ണ്, തണ്ണീര്‍തടങ്ങള്‍, കടല്‍ എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്നവര്‍ ഇന്ന് കോളനികള്‍, ചേരികള്‍, പുറമ്പോക്കുകള്‍ എന്നിവിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ് ചെയ്തത്. ജനിച്ച മണ്ണില്‍ ഇന്ന് ഇവര്‍ അഭയാര്‍ത്ഥികളാണ്. കേരളത്തിലെ ഭൂരഹിതരായ എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും അരലക്ഷത്തോളം വരുന്ന ജാതി കോളനികളിലേക്കാണ് പുറന്തള്ളപ്പെട്ടത്. ഭൂപരിഷ്‌കരണത്തിന് ശേഷം അഞ്ച് സെന്റിലേക്കും മൂന്ന് സെന്റിലേക്കും ഇവരെ ആട്ടിയോടിച്ച് ജാതിക്കോളനികള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലവും ഭവനരഹിതര്‍ക്ക് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള അഞ്ച് ലക്ഷത്തോളം ഫ്‌ളാറ്റുകളും നല്‍കി ആ കോളനിവല്‍ക്കരണം പൂര്‍ത്തിയാക്കുന്നു. ഇതിനെയാണ് കേരള മോഡല്‍ എന്ന് വിളിക്കുന്നത്. ഇത്തരം ജാതിക്കോളനികള്‍ അവസാനിപ്പിക്കണമെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തങ്ങള്‍ക്ക് തന്നെ നല്‍കണമെന്നുമാണ് ചലോ തിരുവന്തപുരം പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ എം ഗീതാനന്ദന്‍ സംസാരിക്കുന്നു

ടാറ്റ ഹൊറൈസണ്‍ കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ തോട്ടഭൂമി നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് പാട്ടഭൂമിയാണെന്നാണ് പ്രചരിക്കപ്പെട്ടിരുന്നതെങ്കിലും 2013 ഫെബ്രുവരി 16ന് വന്ന ഹൈക്കോടതി വിധിയില്‍ കമ്പനി പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കൈവശം വയ്ക്കുന്ന തോട്ടഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും ആണെന്ന് കണ്ടെത്തുകയും തോട്ടഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനികള്‍ക്ക് വേണ്ടി ഉത്തരവ് അട്ടിമറിക്കപ്പെട്ടു.

കൂടാതെ ഹാരിസണ്‍ കമ്പനിയുടെ അഞ്ച് ലക്ഷത്തിലധികം വരുന്ന തോട്ടഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന ഡോ. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി അട്ടിമറിക്കുകയായിരുന്നെന്നാണ് ചലോ തിരുവനന്തപുരം സംഘാടകരുടെ ആരോപണം. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആറ് കമ്മിറ്റി റിപ്പോര്‍ട്ടുകളാണ് ഹാരിസണ്‍ കമ്പനിക്ക് പ്രതികൂലമായത്.

താഴെ പറയുന്നവയാണ് സമിതി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

1) ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ തോട്ടം ഭൂമി നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുക്കുക.

2) ജാതി കോളനികള്‍ക്ക് അറുതി വരുത്തുക. സമഗ്രഭൂവിതരണ വിനിയോഗ പദ്ധതി നടപ്പാക്കുക.

3) ജാതിക്കോളനികള്‍ തുടച്ചുനീക്കാന്‍ ദലിത്-ആദിവാസികള്‍ക്ക് കൃഷിഭൂമി നല്‍കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കാന്‍ എസ്.സി.പി/ടി.എസ്.പി ഫണ്ട് വിനിയോഗിക്കുക.

4) എയ്ഡഡ്/പൊതുമേഖലാ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്‍ഷിക-വികസന നയം നടപ്പാക്കുക. എയ്ഡഡ് മേഖലയിലെ നിലവിലുള്ള അസമത്വം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക.

5) തീരദേശമേഖലയില്‍ കടലവകാശനിയമം നടപ്പാക്കുക.

6) ആദിവാസി സ്വയംഭരണനിയമം നടപ്പാക്കുക. സാമൂഹിക വനാവകാശനിയമം നടപ്പാക്കുക.

7) പശ്ചിമഘട്ടം സംരക്ഷിക്കുക. നദി- തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക. ഖനനമേഖല പൊതുഉടമസ്ഥതയില്‍ കൊണ്ടുവരിക. കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക.

8) ഭവനനിര്‍മ്മാണത്തിന് നെല്‍വയല്‍ നല്കാനുള്ള നിയമഭേദഗതി ഉപേക്ഷിക്കുക. കൃഷിഭൂമി കാര്‍ഷികാവശ്യത്തിന് വേണ്ടി മാത്രം കൈമാറ്റം പരിമിതപ്പെടുത്തുക.

9) തോട്ടംതൊഴില്‍ നിയമം പരിഷ്‌കരിക്കുക. തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശം അംഗീകരിക്കുക.

10) നീതിആയോഗ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ എസ്.സി/എസ്.ടി. പ്രത്യേക ഘടകപദ്ധതി സംരക്ഷിക്കാനും ഫലപ്രദമാക്കാനുമുള്ള നടപടി സ്വീകരിക്കുക.

11) സ്ത്രീ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുക; ട്രാന്‍സ്‌ജെന്റര്‍ പരിരക്ഷാപദ്ധതികള്‍ നടപ്പാക്കുക.

12) മത-വംശീയ ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക.

13) അതീവ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക.

14) മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ സമരഭൂമിയിലെ പുനരധിവാസം പൂര്‍ത്തീകരിക്കുക. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കുക.

15) ജിഷ-സൗമ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദളിത് സ്ത്രീ പൗരാവകാശ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക.

16) അസംഘടിത മേഖലയിലെ തൊഴിലവകാശം അംഗീകരിക്കുക.

17) ബാലാവകാശനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക.

18) കക്ഷിരാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കുക. വികസനജനാധിപത്യരാഷ്ട്രീയം പുനഃസ്ഥാപിക്കുക

ആദിവാസിഗോത്രമഹാസഭ, സി.എസ്.ഡി.എസ്., കേരള ദളിത് ആദിവാസി മുന്നേറ്റ സമിതി, കേരള ചേരമര്‍ സംഘം, കേരള സ്റ്റേറ്റ് വേലന്‍സഭ, സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷന്‍, ചെങ്ങറ ഡവലപ്പ്‌മെന്റ് സൊസൈറ്റി, അരിപ്പ ഭൂസമരസമിതി, ഡി.എച്ച്.ആര്‍.എം., സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍, ആര്‍.എം.പി., കേരള പുലയര്‍ മഹാസഭ, കേരള സാംബവര്‍ സഭ, ഫോറം ഫോര്‍ റൈറ്റ് ടു ലിവ്, കേരള ദലിത് ആദിവാസി ഫെഡറേഷന്‍, ടി.യു.സി.ഐ., പ്ലാച്ചിമട സമരസമിതി, കലക്റ്റീവ് ഫോര്‍ റൈറ്റ് ടു ലിവ്, ജനശക്തി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, പരിസ്ഥിതിസംരക്ഷണ സമിതി പത്തനംതിട്ട, ആര്‍.വൈ.എഫ്.ഐ., പശ്ചിമഘട്ടം സംരക്ഷണഏകോപനസമിതി, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി., കേരളീയം മാസിക, ഒന്നിപ്പ് മാസിക, സാധുജനപരിപാലനസംഘം, അംബേദ്കര്‍ സാംസ്‌കാരിക സമിതി, മനുഷ്യാവകാശകൂട്ടായ്മ കൊടുങ്ങല്ലൂര്‍, മാനുഷ-മിശ്ര വിവാഹസംഘം, സൊസൈറ്റി ഫോര്‍ എമര്‍ജിംഗ് ക്ലാസ്, കുമ്പനാട് സംരക്ഷണസമിതി, വിമന്‍സ് വോയ്‌സ്, പെരിയാര്‍ സംരക്ഷണസമിതി, ഭാരതീയ ദലിത് സാഹിത്യഅക്കാദമി, ഡി.സി.യു.എഫ്., ദിശ-മലപ്പുറം, ദ്രാവികസാംസ്‌കാരിക സംഘം, മാളത്തുംപാറ സമരസമിതി കാസര്‍ഗോഡ്, എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരസമിതി, സാമൂഹികനീതി സാംസ്‌കാരിക കൂട്ടായ്മ, പെമ്പിളൈ ഒരുമൈ, തീരദേശമഹിളാവേദി, അംബേദ്കര്‍ സാംസ്‌കാരികസമിതി, ഡി.എസ്.എസ്., റൈറ്റ്‌സ്, ദേശീയജനവേദി, അംബേദ്കര്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, എ.എസ്.എ., കെ.ഡി.പി., പെരിയാര്‍ റാഷണലിസ്റ്റ് ഫോറം, നവജനാധിപത്യപാര്‍'ട്ടി, ആദിശക്തി, അംബേദ്കര്‍ ഫൗണ്ടേഷന്‍, ഇരിങ്ങാലക്കുട കള്‍ച്ചറല്‍ കൂട്ടായ്മ, എന്‍.എ.പി.എം., ലോഹ്യവിചാരവേദി, ലോകോത്തരലീഡര്‍ഷിപ്പ് അക്കാദമി, സൈന്ധവമൊഴി, അധിനിവേശപ്രതിരോധസമിതി, യൂത്ത് ഡയലോഗ്, കേരള പട്ടികജാതിവര്‍ഗ്ഗസമിതി, ആദിവാസി സംരക്ഷക സംഘം, സേവ, ഡൈനാമിക് ആക്ഷന്‍, ആദിവാസി ഏകോപന സമിതി, തിരുക്കുറള്‍ സംഘം-കേരള, അപ്പാട് ഭൂസമര സമിതി വയനാട്, നെല്ലിയാമ്പതി ഭൂ സമര സമിതി, വേടന്‍ ഗോത്ര സഭ, മലവര്‍ഗ്ഗ മഹാജന സംഘം, ആദിവാസി മഹാസഭ, ടി & ആര്‍ടി എസ്റ്റേറ്റ് സമര സമിതി എന്നിവയുള്‍പ്പെടെ 130ലേറെ സംഘടനകളാണ് ചലോ തിരുവനന്തപുരം കൂട്ടായ്മയുടെ ഭാഗമാകുന്നത്.

കോളനികള്‍ വിട്ട് കൃഷിയിടത്തിലേക്ക് അല്ലെങ്കില്‍ പുറംപോക്ക് വിട്ട് പൊതുവിടത്തിലേക്ക് എന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. കേരള മോഡലിലൂടെ ജീവിക്കാനുള്ള ഇടവും ഉപജീവന മാര്‍ഗങ്ങളും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. കോളനികളിലും മറ്റും പട്ടിണിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കുന്നു. കേരളത്തില്‍ 47.5 ശതമാനം ദലിതരും കഴിയുന്നത് 26193 കോളനികളിലാണെന്നും ഇതില്‍ 29.5 ശതമാനം കഴിയുന്നത് ഒറ്റമുറി മാത്രമുള്ള പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാഹചര്യമില്ലാത്ത വീടുകളിലാണ് കഴിയുന്നതെന്നും ചലോ തിരുവനന്തപുരം സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തല്‍ 77.4 ശതമാനം ദലിതരും കഴിയുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ്. 14.36 ശതമാനം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല. 15.86 ശതമാനം വീടുകളില്‍ വൈദ്യുതി ഇല്ല. 15.86 ശതമാനം കുടുംബങ്ങള്‍ക്ക് കക്കൂസ് ഇല്ല. 10.64 ശതമാനം കുടുംബങ്ങളിലെ കക്കൂസ് ഉപയോഗ്യമല്ല. പിന്നെ ഇവിടെ നടക്കുന്നത് എന്ത് വികസനമാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.


Next Story

Related Stories