TopTop
Begin typing your search above and press return to search.

എന്തുവില നല്‍കാനും ഞാന്‍ തയ്യാറാണ്; ഈ 'ദേശസ്‌നേഹി'കളാല്‍ കൊല്ലപ്പെടുന്നതുള്‍പ്പെടെ

എന്തുവില നല്‍കാനും ഞാന്‍ തയ്യാറാണ്; ഈ ദേശസ്‌നേഹികളാല്‍ കൊല്ലപ്പെടുന്നതുള്‍പ്പെടെ

പ്രൊഫ. ചമന്‍ ലാല്‍

ലോകത്തിലെ ഒന്നാംകിട അക്കാദമിക് സ്ഥാപനങ്ങളില്‍ ഒന്നും ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമിക് സ്ഥാപനവുമായ ജവാഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഞാന്‍ 2003 ഏപ്രില്‍ 30ന് 2000 - 2001 വര്‍ഷത്തേക്ക് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും അന്നത്തെ മാനവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷിയും ചേര്‍ന്ന് എനിക്കു നല്‍കിയ എംഎച്ച്ആര്‍ഡി അവാര്‍ഡ് തിരിച്ചുനല്‍കുന്നു.

കേന്ദ്ര ഹിന്ദി ഡയക്ടറേറ്റ് ഓഫിസ് അവാര്‍ഡും ചെക്കും തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചതിനാല്‍ ശാസ്ത്രിഭവനിലുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഇവ നേരിട്ട് കൊറിയര്‍ വഴി അയയ്ക്കുന്നു.

പ്രഫസര്‍ ചമന്‍ലാല്‍ (റിട്ട.),
പ്രഫസര്‍ & മുന്‍ ചെയര്‍പഴ്‌സന്‍,
സെന്റര്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് (എസ്എല്‍എല്‍ & സിഎസ്),
മുന്‍ വിസിറ്റിങ് പ്രഫസര്‍, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇന്‍ഡീസ്, ട്രിനിഡാഡ് ടൊബാഗോ,
മുന്‍ പ്രസിഡന്റ് ജെഎന്‍യുടിഎ,
ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി,
ന്യൂഡല്‍ഹി - 110067.


എംഎച്ച്ആര്‍ഡി,
ശാസ്ത്രി ഭവന്‍, ന്യൂ ഡല്‍ഹി.

ഡയറക്ടര്‍,
സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ്,
ന്യൂ ഡല്‍ഹി.

വിഷയം: 2000-2001ലെ അഹിന്ദി സംസ്ഥാനങ്ങളിലെ ഹിന്ദി എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് തിരികെ നല്‍കല്‍.

പ്രിയപ്പെട്ട സര്‍/മാഡം,

ഇപ്പോള്‍ ആരാണ് ഡയറക്ടറേറ്റിന്റെ തലപ്പത്ത് എന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട് പേരില്ലാത്തൊരാള്‍ക്കാണ് ഈ കത്ത്.

2003 ഏപ്രില്‍ 30ന് അഹിന്ദി പ്രദേശങ്ങളിലെ ഹിന്ദി എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വഴി എനിക്കു നല്‍കപ്പെട്ടതായി റെക്കോഡുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാകും. അന്നത്തെ മാനവശേഷി മന്ത്രി ഡോ. മുരളി മനോഹര്‍ ജോഷിയായിരുന്നു ചടങ്ങില്‍ ആദ്ധ്യക്ഷ്യം വഹിച്ചത്. നിങ്ങളുടെ സൗകര്യത്തിനുവേണ്ടി അന്നത്തെ ചടങ്ങിന്റെ ഏതാനും ചിത്രങ്ങളും ഇതോടൊപ്പം വയ്ക്കുന്നു.

പഞ്ചാബി കവി സുര്‍ജിത് പട്ടാറിന്റെ ചില കവിതകള്‍ 'കഭി നഹി സോച്ചാ ഥാ' എന്ന പേരില്‍ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയതിനായിരുന്നു പുരസ്‌കാരം. ഡോ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മറ്റ് 12 പഞ്ചാബി എഴുത്തുകാര്‍ക്കൊപ്പം സുര്‍ജിത് പട്ടാര്‍ തനിക്കു ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയിരുന്നു.

എനിക്ക് ആദ്യം ലഭിച്ച ദേശീയ അവാര്‍ഡായിരുന്നു ഇത്. പിന്നീട് 2001ല്‍ പഞ്ചാബി കവി പാഷിന്റെ കവിതകള്‍ക്ക് തര്‍ജമയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം എനിക്കു ലഭിച്ചു. (ഖലിസ്ഥാനികള്‍ പാഷിനെ കൊലപ്പെടുത്തുകയായിരുന്നു.) 2003ല്‍ പഞ്ചാബ് സ്റ്റേറ്റ് ശിരോമണി ഹിന്ദി സാഹിത്കാര്‍ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പൊതു സ്ഥാപനങ്ങളില്‍ നിന്ന് പല ബഹുമതികളും ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് സാമൂഹികാവസ്ഥ വഷളാകുകയും സാഹിത്യ അക്കാദമി അവാര്‍ഡ് വിജയിയായ ഡോ. എം എം കല്‍ബുര്‍ഗി ചില മതതീവ്രവാദ സംഘടനയാല്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രതിഷേധസൂചകമായി പല എഴുത്തുകാരും അവരുടെ സംസ്ഥാന ബഹുമതികള്‍ തിരിച്ചുനല്‍കിയിരുന്നു. പ്രത്യേകിച്ച് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. സഹ എഴുത്തുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒക്ടോബര്‍ 12ന് ഞാനും സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു.



യാദൃശ്ചികമാണെങ്കിലും എനിക്ക് ലഭിച്ച മൂന്നു പുരസ്‌കാരങ്ങളും 1999 - 2004 എന്‍ഡിഎ ഭരണകാലത്തായിരുന്നു. 2014നു ശേഷം പശു, ബീഫ്, ദേശീയത തുടങ്ങി നിരവധി പേരുകളില്‍ രാജ്യത്തു നിലവില്‍ വന്ന തീവ്ര അസഹിഷ്ണുതയില്‍ പ്രതിഷേധം അറിയിക്കാനായി ഈ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി. ഗോവിന്ദ് പന്‍സാരെ, ഡോ. നരേന്ദര്‍ ദാബോല്‍ക്കര്‍ തുടങ്ങി മറ്റു പലരും തീവ്രവാദ മതസംഘടനകള്‍ക്ക് ഇരകളായിക്കഴിഞ്ഞിരുന്നു. 1988ല്‍ ഖലിസ്ഥാനികളുടെ ഇരയായ പഞ്ചാബി കവി പാഷിനെപ്പോലെ.

ഈ തീവ്രവാദസംഘടനകളെ നിയന്ത്രിക്കാന്‍ നടപടിയൊന്നുമുണ്ടായില്ല. മറിച്ച് പല ഭരണകക്ഷി എംപിമാരും ഇവരെ പിന്തുണയ്ക്കുക വഴി സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ഇതില്‍പ്പെടും.

മഹാത്മഗാന്ധിയാണ് സ്വതന്ത്ര ഇന്ത്യയിലെ 'ആദ്യ ദേശദ്രോഹി'യെന്നത് ഇവിടെ സ്മരണീയമാണ്. 1947ല്‍ ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് പുതുതായി സൃഷ്ടിക്കപ്പെട്ട പാക്കിസ്ഥാന് കൊടുക്കേണ്ടിയിരുന്ന 55 കോടി രൂപ കൊടുക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ഉപവാസം നടത്തി. ഇന്ന് ഡല്‍ഹി തെരുവുകളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ - ദേശദ്രോഹികളെ വെടിവച്ചു കൊല്ലുക - അന്നാദ്യം മുഴങ്ങിയത് ഗാന്ധിക്കെതിരെയാണ്. ഈ മുദ്രാവാക്യങ്ങള്‍ കൊണ്ട് ആളുകളെ അക്രമത്തിനുപ്രേരിപ്പിച്ചവര്‍ അവസാനം ഗാന്ധിയെ വെടിവച്ചുകൊല്ലുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിച്ചതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. അതോടനുബന്ധിച്ചുണ്ടായ സാമുദായിക ലഹള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തന്റെ അനുയായികളായ ബീബി അംതസ് സലാം തുടങ്ങിയവരുമായി നോവഖാലിയില്‍ ഉപവസിക്കുകയായിരുന്നു. ഒരിക്കല്‍ 125 വയസുവരെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഗാന്ധി രാജ്യത്തെ സാമുദായിക കലാപത്തിന്റെ ആഴം കണ്ട് 'ഇനി ജീവിക്കേണ്ടതില്ല' എന്നുപോലും പറയുകയുണ്ടായി. ഗാന്ധിയുടെ കൊലപാതകി ഇന്നത്തെ ഹിന്ദുത്വശക്തികളുടെ നായകനാണ്. സര്‍ക്കാര്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നു. ഇതേ സര്‍ക്കാര്‍ ഗാന്ധിയെപ്പറ്റി വെറുതെ ചുണ്ടനക്കുന്നു.

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ നൂറിലധികം എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര നിര്‍മാതാക്കളും അവരുടെ പ്രതിഷേധം രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമായില്ല. ഞങ്ങളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു എന്നു മാത്രമല്ല 88 -90 വയസുകാരായ കൃഷ്ണ സോബിത്, നയന്‍താര സെഹ്ഗല്‍, പി എം ഭാര്‍ഗവ എന്നിവര്‍ ഉള്‍പ്പെട്ട എഴുത്തുകാരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ഏജന്റുമാരെന്നും ഭരണകൂടത്തിനു പ്രിയപ്പെട്ടവരെന്നും ഇടതുപക്ഷക്കാരെന്നും അനര്‍ഹമായ പുരസ്‌കാരങ്ങള്‍ നേടിയവരെന്നും അധിക്ഷേപിച്ചു. പുതിയ സര്‍ക്കാരിനോട് അസഹിഷ്ണുത ഉള്ളവരെന്നും പറഞ്ഞു. എന്റെ കാര്യത്തില്‍ എന്നോട് ആരെങ്കിലും പക്ഷപാതം കാണിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍ഡിഎ സര്‍ക്കാരാണ്, കോണ്‍ഗ്രസ് സര്‍ക്കാരല്ല.

2015 ഒക്ടോബറില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ യുജിസി കയ്യടക്കുക എന്ന പ്രചാരണം തുടങ്ങി. അതിനെതിരെ കര്‍ശനനിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സര്‍വകലാശാലാ നിലപാടില്‍ പ്രതിഷേധിച്ചു. ഇതിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എത്ര ക്രൂരമായിരുന്നുവെന്ന് മിടുക്കനായ ഒരു ഗവേഷണ വിദ്യാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നതില്‍നിന്ന് മനസിലാക്കാം. 2016 ജനുവരി 17ന് ജീവന്‍ അവസാനിപ്പിക്കേണ്ടി വന്ന രോഹിത് വെമുലയ്ക്ക് രാജ്യമെങ്ങും പിന്തുണ ലഭിച്ചു.

നേരത്തെ പുനെ എഫ്ടിഐഐ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ സമീപനത്തിനു വിധേയരായി. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫെബ്രുവരി ഒന്‍പതിനു നടന്ന ഒരു ചടങ്ങ് വിവാദമായപ്പോള്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പിടികൂടിയ ഡല്‍ഹി പൊലീസ് അദ്ദേഹത്തിനുമേല്‍ ദേശദ്രോഹക്കുറ്റം ചുമത്തി! സ്വാഭാവികമായും ഇത് ജെഎന്‍യുവില്‍ മാത്രമല്ല രാജ്യമെമ്പാടും വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനു വഴിവച്ചു. ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും (ജെഎന്‍യുടിഎ) ഇതിനു പിന്തുണ നല്‍കി. ആഭ്യന്തരമന്ത്രി, മാനവവിഭവ ശേഷി മന്ത്രി, ഡല്‍ഹി പൊലീസ് തലവന്‍ തുടങ്ങിയവരുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ കാര്യങ്ങള്‍ വഷളാക്കി.



കനയ്യ കുമാറും ചില മാധ്യമപ്രവര്‍ത്തകരും കോടതിക്കുള്ളില്‍ കറുത്ത കോട്ടിട്ട ചില ഗുണ്ടകളുടെ ആക്രമണത്തിനു വിധേയരായി. സുപ്രിം കോടതി നിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതും സുപ്രിം കോടതി അയച്ച ആറംഗ അഭിഭാഷകസംഘത്തിനു നേരെ കറുത്ത കോട്ടിട്ട ചില അക്രമികള്‍ കോടതിക്കുള്ളില്‍ നടത്തിയ അക്രമവും ഏറ്റവും അപകടകരമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ഭഗത്സിങ്ങിനെ കോടതി മുറിയില്‍ ഒരു ബ്രിട്ടീഷ് പൊലീസുകാരന്‍ മര്‍ദിച്ചു. പക്ഷേ പൊലീസിന്റെ സാന്നിധ്യത്തില്‍ തെരുവുഗുണ്ടകളല്ല അതു ചെയ്തത്.

ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ഇത്ര ഭീകരമായ പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ല. ഞാന്‍ അടിയന്തരാവസ്ഥയുടെ ഇരയാണ്. പ്രവേശനം ലഭിച്ചിട്ടും ജെഎന്‍യുവില്‍ പഠനം ആരംഭിക്കാന്‍ രണ്ടു വര്‍ഷം താമസിച്ചു. ഏഴു മാസം ജയില്‍വാസം അനുഭവിച്ചു. ഏകാധിപത്യസ്വഭാവമുണ്ടായിരുന്നെങ്കിലും ഇന്ദിരാഗാന്ധിയും പിതാവ് ജവാഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ ഹിന്ദുത്വസംഘങ്ങളെ ശരിയായി തിരിച്ചറിഞ്ഞിരുന്നു എന്നു പറയാന്‍ ഇന്ന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

ഈ ഹിന്ദുത്വസംഘങ്ങള്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ഇന്ത്യന്‍ ദേശീയതയെ സാമുദായികമായി വിഭജിക്കാന്‍ ശ്രമിച്ചു. ഭഗത് സിങ് ഇതിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ജനങ്ങളെ വഞ്ചിച്ച് ചതി നിറഞ്ഞ മുദ്രാവാക്യങ്ങളുമായി അധികാരത്തിലെത്തി അത് നിലനിര്‍ത്താനായി ജനങ്ങളെ വിഭജിക്കുകയും സാമുദായിക ലഹള ഉണ്ടാക്കുകയും ചെയ്യുന്നത്.

അവരുടെ അപകടകരമായ ഈ കളിയിലെ ഏറ്റവും ശക്തമായ സൂചന പട്ടാളക്കാരുടെ കുടുംബങ്ങളെ ദേശീയതയുടെ പേരില്‍ ജെഎന്‍യുവിനെതിരെ തിരിക്കുക എന്നതാണ്. ബിജെപി എംപി സാധ്വി പ്രാചിയുടെ പ്രേരണയില്‍ ജെഎന്‍യുവുമായി ബന്ധമില്ലാത്ത ആളുകള്‍ യൂണിവേഴ്‌സിറ്റിയില്‍ കടക്കുകയും യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരുടെ ലജ്ജയില്ലാത്ത സഹകരണത്തോടെ ജെഎന്‍യു സമൂഹത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതാണ് ഇതിനെക്കാള്‍ വഷളായ കാര്യം.

മാനവവിഭവശേഷി മന്ത്രിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു ശ്രമത്തിനു തുനിഞ്ഞ എബിവിപിക്കാരെ മനുഷ്യച്ചങ്ങല കൊണ്ട് ഗേറ്റില്‍ തടയാനെങ്കിലും ജാദവ്പുര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ മരണത്തിനു കാരണമായത് ഈ സംഘടനയാണ്. ജെഎന്‍യുവില്‍ നടക്കുന്ന തലയെണ്ണല്‍ മറ്റൊരു രോഹിത് വെമുലയെ സൃഷ്ടിച്ചാല്‍ രാജ്യമെങ്ങും എന്തുപ്രതികരണമാണുണ്ടാകുക എന്നോര്‍ത്ത് ഞാന്‍ നടുങ്ങുന്നു.

ജെഎന്‍യുവിലെ മുന്‍ പ്രഫസര്‍ മാത്രമല്ല 2007ല്‍ ജെഎന്‍യുടിഎ പ്രസിഡന്റുമായിരുന്നു ഞാന്‍. 1977 മുതല്‍ 82 വരെ ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഇവിടെനിന്നാണ് ഗവേഷകബിരുദം നേടിയത്. അതുകൊണ്ടുതന്നെ ജെഎന്‍യുവിനകത്തും പുറത്തും അതിനെ വില്ലനാക്കി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നു, ആകാംക്ഷാഭരിതനാക്കുന്നു, ഖിന്നനാക്കുന്നു.

രോഹിത് വെമുല സംഭവത്തിലും ജെഎന്‍യു സംഭവങ്ങളിലും മാനവശേഷിമന്ത്രിയുടെ സ്വന്തം നിലപാട് യൂണിവേഴ്‌സിറ്റിയെ പ്രതിക്കൂട്ടിലാക്കുംവിധമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ' ഒക്യുപ്പൈ യുജിസി', ' സ്റ്റാന്‍ഡ് വിത്ത് രോഹിത്' പ്രസ്ഥാനങ്ങള്‍ അവരെയും അവരുടെ സര്‍ക്കാരിനെയും ലോകമെമ്പാടും നാണം കെടുത്തിയതിനാല്‍ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശത്രുതാനിലപാടാണ് സ്വീകരിച്ചത്.

സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ പ്രഫസര്‍ എസ് കെ സൊപോറിയുടെ കാലത്ത് അവര്‍ക്ക് ജെഎന്‍യുവിനെ ആക്രമിക്കാനായില്ല. അദ്ദേഹം പൊലീസിനെ ക്യാംപസില്‍ പ്രവേശിപ്പിച്ചില്ല. ഇപ്പോഴത്തെ ദേശവിരുദ്ധ മുദ്രാവാക്യം പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വകലാശാലയില്‍ത്തന്നെ പരിഹരിക്കാന്‍ അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അദ്ദേഹത്തിന്റെ ജനാധിപത്യപരമായ രീതികളെയും അര്‍പ്പണബോധത്തോടെയുള്ള ഭരണത്തെയും പിന്തുണച്ചത്.

മാനവവിഭവശേഷി മന്ത്രി പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം അവരുടെ വാക്കിന് മറുവാക്ക് ഉരിയാടാത്ത ഒരു വൈസ് ചാന്‍സലറെ നിയമിച്ചു. അധികാരം ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കകം പുതിയ വിസി പൊലീസിനെ ക്യാംപസില്‍ കയറാന്‍ അനുവദിച്ചു. ഡല്‍ഹി പൊലീസിനു ലഭിച്ച ഒരു വിഡിയോ പരാതിയോടനുബന്ധിച്ചായിരുന്നു ഇത്. സംഭവത്തില്‍ സര്‍വകലാശാലാ തലത്തില്‍ ഒരു പ്രാഥമിക അന്വേഷണം പോലുമുണ്ടായില്ല. ഡീനുകളെയും സ്‌കൂളുകളുടെയും സെന്ററുകളുടെയും ചെയര്‍പഴ്‌സന്‍മാരെയും വിശ്വാസത്തിലെടുക്കുക എന്ന ജെഎന്‍യു സ്റ്റാന്‍ഡാര്‍ഡ് പ്രൊസീജര്‍ പോലും വിസി ലംഘിച്ചു. നാല് മുതിര്‍ന്ന ഡീനുകള്‍ പൊലീസിനെ ക്യാംപസില്‍ കടത്തിയതിനെ എതിര്‍ത്തു. ഇവര്‍ ജെഎന്‍യുഎസ് യുവിനോടൊപ്പം നില്‍ക്കാനുള്ള ജെഎന്‍യുടിഎ ആഹ്വാനത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.

സമാനമായൊരു സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കില്ലെന്നും പൊലീസിനെ ക്യാംപസില്‍ കയറാന്‍ അനുവദിക്കില്ലെന്നും നിലപാടെടുത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രശ്‌നം യൂണിവേഴ്‌സിറ്റി തലത്തില്‍ പരിഹരിച്ചു. സാമൂഹിക വിരുദ്ധര്‍ ക്യാംപസിനകത്ത് കടക്കുന്നതു തടയാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒപ്പം മനുഷ്യച്ചങ്ങലയിലും അദ്ദേഹം പങ്കെടുത്തു.

അതേസമയം ജെഎന്‍യു വൈസ് ചാന്‍സലര്‍ തന്റെ ആരാധനാപാത്രമായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ മാതൃക പിന്തുടര്‍ന്ന് പൊലീസിനെ തുറന്ന കൈകളോടെ സ്വീകരിച്ചു. അതും വിശ്വാസ്യതയില്ലാത്ത ഒരു ടിവി ന്യൂസ് ചാനല്‍ നല്‍കിയ വിഡിയോ തെളിവിന്റെ അടിസ്ഥാനത്തില്‍. ദേശീയ പ്രതിസന്ധി സൃഷ്ടിക്കാതെ ജെഎന്‍യുവിന്റെ ആഭ്യന്തര സംവിധാനത്തിന് പ്രശ്‌നം പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഇത്തരമൊരു പ്രതിസന്ധി ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും എന്തിനും തയ്യാറായ പുതിയ വൈസ് ചാന്‍സലര്‍ വഴി അവര്‍ അതു നടപ്പാക്കി എന്നും വേണം കരുതാന്‍.

ജെഎന്‍യുഎസ്‌യു പ്രസിഡന്റിന്റെ അറസ്റ്റ് മുതല്‍ മനസാക്ഷിക്കുത്തേറ്റ് പുളയുകയാണ് ഞാന്‍. ഈ ഭാരം താങ്ങാന്‍ ഇനി എനിക്കാകില്ല. അതിനാല്‍ മാനവവിഭവശേഷി മന്ത്രാലയം നേരിട്ടു നല്‍കിയ അന്നത്തെ മന്ത്രി ഡോ. എം എം ജോഷിയുടെ കയ്യൊപ്പുള്ള പുരസ്‌കാരം ഞാന്‍ തിരിച്ചേല്‍പിക്കുകയാണ്. സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ വരുന്നതാണ്.

സര്‍ക്കാരിന്റെ ആഗ്രഹപ്രകാരം എന്റെ വിദ്യാലയമായ ജെഎന്‍യുവിനെ നശിപ്പിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം തുനിഞ്ഞിറങ്ങുമ്പോള്‍ ഈ പുരസ്‌കാരം തിരിച്ചുകൊടുക്കുക വഴി എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ മികച്ച സര്‍വകലാശാലയായ ജെഎന്‍യുവിനെ പ്രശംസിച്ചിട്ടുള്ളവരില്‍ പ്രശസ്ത പണ്ഡിതരായ നോം ചോംസ്‌കിയും നോബല്‍ പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ ഓര്‍ഹാന്‍ പാമുക്കും മാത്രമല്ല ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിന് സര്‍വകലാശാലകളിലെ അസംഖ്യം പണ്ഡിതരും ഉള്‍പ്പെടുന്നു. ഇന്ന് അധികാരത്തിലിരിക്കുന്ന അതേ എന്‍ഡിഎ സര്‍ക്കാര്‍ 15 വര്‍ഷം മുന്‍പു തന്ന പുരസ്‌കാരം പ്രതിഷേധസൂചകമായി ഞാന്‍ തിരിച്ചേല്‍പിക്കുന്നു.

അവാര്‍ഡിന്റെ ഭാഗമായി ലഭിച്ച പ്രശസ്തിപത്രവും 50,000രൂപയുടെ ചെക്കും നിങ്ങളുടെ ഓഫിസിന് ഞാന്‍ തിരിച്ചുതരുന്നു. ജെഎന്‍യുവിലെ സങ്കടകരമായ സംഭവവികാസങ്ങളില്‍ നിങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നു ഞാന്‍ മനസിലാക്കുന്നു. എന്റ കത്തും ചെക്കും മാനവവിഭവശേഷി മന്ത്രാലയത്തിന് അയച്ചുകൊടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മന്ത്രാലയത്തിന്റെ രേഖകളില്‍ അങ്ങനെ എന്റെ പ്രതിഷേധവും രേഖപ്പെടുത്തപ്പെടട്ടെ. പുരസ്‌കാരത്തിന്റെ നടപടിക്രമം നിങ്ങളുടെ ഓഫിസ് വഴിയാണ് എന്നതിനാല്‍ അത് ഞാന്‍ നിങ്ങള്‍ക്കു തിരിച്ചുതരുന്നു. സ്വന്തം നിലയ്ക്ക് അത് കൈകാര്യം ചെയ്യുകയോ മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയോ ചെയ്യാം.

പുരസ്‌കാരം തിരിച്ചുനല്‍കുന്നതുവഴി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരോടു പോലും ബഹുമാനമില്ലാത്ത മാനവവിഭവശേഷി മന്ത്രിയുടെയും ഈ സര്‍ക്കാരിന്റെയും പ്രതികാരമനോഭാവത്തിന് ഇരയാകുക എന്ന അപകടം എന്നെ കാത്തിരിക്കുന്നത് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ കത്തിന്റെ പകര്‍പ്പുകള്‍ ഞാന്‍ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനും അയക്കുന്നു. ജെഎന്‍യു സംഭവങ്ങളിലെ പ്രതിഷേധം മൂലം എന്റെ ജീവനോ ആരോഗ്യത്തിനോ എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നുവെങ്കില്‍ ഉത്തരവാദി ഈ സര്‍ക്കാരായിരിക്കും.



സര്‍ക്കാര്‍ ബഹുമതികളും പുരസ്‌കാരങ്ങളും തിരിച്ചുനല്‍കുക എന്നത് ഏറ്റവും അന്തസേറിയ പ്രതിഷേധ മാര്‍ഗമായാണ് ലോകമെമ്പാടും കരുതപ്പെടുന്നത്. അങ്ങനെ ചെയ്യുന്നവരെ അധികാരസ്ഥാനത്തുള്ളവര്‍ പോലും ബഹുമാനിക്കുന്നു. എന്നിട്ടും മുന്‍പ് പുരസ്‌കാരം തിരിച്ചുനല്‍കിയപ്പോള്‍ ടിവിയിലും സാമൂഹിക മാധ്യമങ്ങളിലും ഞാന്‍ പലതരത്തില്‍ അപമാനിക്കപ്പെട്ടു. ഹിന്ദിയിലും പഞ്ചാബിയിലും ഇംഗ്ലീഷിലുമായി ഞാന്‍ എഴുതിയിട്ടുള്ള അന്‍പതിലേറെ പുസ്തകങ്ങളില്‍ പതിനഞ്ചോളം എണ്ണം ഭഗത്സിങ്ങിനെയും മറ്റ് വിപ്ലവകാരികളെയും പറ്റിയാണ്. പലതും ഉറുദു, മറാത്തി, ബംഗാളി, തെലുഗു, ഗുജറാത്തി തുടങ്ങിയ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്. എങ്കിലും എന്റെ ദേശീയത ഈ സര്‍ക്കാരിന്റെ കീഴില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. സ്വന്തം പാര്‍ട്ടിയോ പൂര്‍വപിതാക്കന്മാരോ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ഏതെങ്കിലും തരത്തില്‍ ദേശീയത തെളിയിച്ചതിനുള്ള ഒരു രേഖപോലും സ്വന്തമായില്ലാത്ത ഈ സര്‍ക്കാര്‍!

ദേശീയതയെപ്പറ്റി എനിക്ക് എന്റെ സ്വന്തം ആശയങ്ങളുണ്ട്. അവ ഭഗത് സിങ്ങിന്റെ ചൂഷണവിമുകത സോഷ്യലിസ്റ്റ് ഇന്ത്യയില്‍ അധിഷ്ഠിതമാണ്; ഗാന്ധിയുടെ സാമുദായിക സൗഹാര്‍ദ ദേശീയതയില്‍ അധിഷ്ഠിതമാണ്; നെഹ്‌റുവിന്റെ ശാസ്ത്രീയ അവബോധത്തിലും വിജ്ഞാനത്തിലും അധിഷ്ഠിതമായ ദേശീയതയാണ്; അംബേദ്കറുടെ സാമൂഹിക നീതി, തുല്യാവകാശം, ദലിതര്‍ക്ക് അന്തസ് എന്നിവയടങ്ങുന്ന ദേശീയതയാണ്; സുഭാഷ് ചന്ദ്രബോസിന്റെ സോഷ്യലിസ്റ്റ് ഇന്ത്യയെന്ന ദേശീയതയാണ്. ഇവരെല്ലാവരും ചേര്‍ന്നു പൊരുതിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഈ 'ദേശ'ത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്.

ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ തുടങ്ങിയ ആര്‍എസ്എസ്/ഹിന്ദുത്വ ചിന്തകരുടേതായി പറയപ്പെടുന്ന ദേശീയതയെ ഞാന്‍ അംഗീകരിക്കുന്നില്ല. ഇവര്‍ ഒന്നുകില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതേയില്ല. അല്ലെങ്കില്‍ സാമൂഹിക വിഭജനവും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരെയുള്ള അക്രമവും സംബന്ധിച്ച് അനവധി തവണ നാണംകെട്ട് മാപ്പപേക്ഷ നല്‍കി. ഇവരുടെ നേതൃത്വമാണ് രാഹുല്‍ ഗാന്ധിയെ ദേശദ്രോഹത്തിന് തൂക്കിക്കൊല്ലുകയോ വെടിവച്ചുകൊല്ലുകയോ ചെയ്യണമെന്നു പറയാനുള്ള ധൈര്യം രാജസ്ഥാനിലെ ഒരു ബിജെപി എംഎല്‍എയ്ക്കു നല്‍കിയത്. മറ്റൊരു ബിജെപി നേതാവ് പറഞ്ഞത് ' തലവെട്ടി ജെഎന്‍യുവിന്റെ ഗേറ്റില്‍ തൂക്കണമെന്നാണ്. സിറിയയിലും ഇറാഖിലുമുള്ള ഖലീഫാത്തുകളില്‍ ഐഎസ്‌ഐഎസ് നടത്തുന്ന പ്രസ്താവനകളും അവരുടെ പ്രവൃത്തികളും ഇത്തരം പ്രസ്താവനകളും തമ്മില്‍ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. അവ ഇതുവരെ പ്രവൃത്തിയില്‍ കൊണ്ടുവന്നിട്ടില്ല എന്നത് ഒഴിവാക്കിയാല്‍.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തോട് ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റു, മുത്തച്ഛന്‍ ജവാഹര്‍ലാല്‍ നെഹ്‌റു, അമ്മൂമ്മ ഇന്ദിരാഗാന്ധി, വിജയലക്ഷ്മി പണ്ഡിറ്റ്, രഞ്ജിത് പണ്ഡിറ്റ് എന്നിവരെല്ലാം സ്വാതന്ത്ര്യസമരകാലത്ത് ജയില്‍വാസം അനുഭവിച്ചവരാണ്. 'വ്യാജ ദേശീയവാദി'കളില്‍നിന്ന് എത്രയോ വ്യത്യസ്തം.

സ്വന്തം ദേശീയതാ സങ്കല്‍പം നടപ്പാക്കാന്‍ ആളുകളെ കൊല്ലാന്‍ മടിക്കാത്തവര്‍. അവരുടേത് ഇടുങ്ങിയതും വര്‍ഗീയതയില്‍ അധിഷ്ഠിതവുമായ ദേശീയതയാണ്. ശാസ്ത്രീയതയില്‍ ഊന്നിയ മതേതരത്വത്തിന്, ജ്ഞാനോദയത്തിലൂന്നിയ അറിവിന് അവിടെ സ്ഥാനമില്ല. ഈ അറിവായിരുന്നു ജവാഹര്‍ലാല്‍ നെഹ്‌റുവിന് പ്രിയപ്പെട്ടത്. അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ജെഎന്‍യുവിനെ ഇപ്പോഴത്തെ ഭരണകൂടം എല്ലാത്തരത്തിലും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയവും ലൈബ്രറിയും നാഷനല്‍ ബുക്ക് ട്രസ്റ്റും ഐസിഎച്ച് ആറും അറിവിനെ എതിര്‍ക്കുന്ന മാനവവിഭവശേഷി, സാംസ്‌കാരിക മന്ത്രിമാര്‍ നശിപ്പിച്ചുകഴിഞ്ഞു.

എങ്കിലും ആയിരക്കണക്കിന് ജെഎന്‍യു പൂര്‍വവിദ്യാര്‍ത്ഥികളെപ്പോലെ, ഇപ്പോഴത്തെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പോലെ ഞാന്‍ ജെഎന്‍യുവിന് ഒപ്പം നില്‍ക്കുന്നു. അതിന് ഈ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എന്തുവില നല്‍കാനും ഞാന്‍ തയാറാണ്. അവരുടെ സംരക്ഷണയിലുള്ള ദേശസ്‌നേഹികളാല്‍ കൊല്ലപ്പെടുന്നത് ഉള്‍പ്പെടെ.

ആത്മാര്‍ത്ഥതയോടെ,
ചമന്‍ലാല്‍.
20 ഫെബ്രുവരി 2016

(2000-2001ലെ അഹിന്ദി പ്രദേശത്തെ ഹിന്ദി എഴുത്തുകാര്‍ക്കുള്ള പുരസ്‌കാര വിജയി.)

കടപ്പാട്: http://www.countercurrents.org


Next Story

Related Stories