Top

ചാമ്പ്യന്‍സ് ട്രോഫി; പാക് പേസ് പടയെ നേരിടാന്‍ ടീം ഇന്ത്യ തയ്യാറോ?

ചാമ്പ്യന്‍സ് ട്രോഫി;  പാക് പേസ് പടയെ നേരിടാന്‍ ടീം ഇന്ത്യ തയ്യാറോ?
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്നത്തെ മത്സരം പ്രധാനമായും പാക് ഫാസ്റ്റ് ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും തമ്മിലുള്ള പോരാട്ടമായിട്ടാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കാണുന്നത്. ഇന്നലെ പാക് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദും കോച്ച് മിക്കി ആര്‍തറും സൂചിപ്പിച്ചതും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള തങ്ങളുടെ ആയുധം ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെയാണെന്നാണ്. നിലവിലെ അവരുടെ പ്രകടനം നിരീക്ഷിച്ചാല്‍ ഈ പറയുന്നതില്‍ കാര്യമുണ്ട്.

ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യന്‍ കാമ്പിലും നടക്കുന്നത്. എന്നാല്‍ ചില ആശങ്കകളും അനിശ്ചിതത്വങ്ങളും ഇപ്പോള്‍ നീലപ്പടയുടെ ഉള്ളില്‍ നിലനില്‍ക്കുന്നുണ്ട്.

നായകന്‍ മുന്നില്‍ നിന്നു നയിക്കുമോ?
പാകിസ്താനെതിരേയുള്ള സമീപകാല മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ തന്നെയാണ് ഇന്നും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ കോഹ്‌ലിയുടെ ഫോമിന്റെ കാര്യത്തില്‍ ആശങ്കയുമുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡുമായി നടന്ന സന്നാഹ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കുന്നു. ഇന്നലെ പതിവിലും ഏറെ നേരം കോഹ്‌ലി നെറ്റ് പ്രാക്ടീസില്‍ ചെലവഴിച്ചിരുന്നു. റൗണ്ട് ദി വിക്കറ്റില്‍ പന്തെറിയിപ്പിച്ചാണ് കോഹ്‌ലി ബാറ്റിംഗ് പരിശീലനം നടത്തിയത്. ലെഫ്റ്റ് ആം ബോളര്‍മാരെയും അദ്ദേഹം കൂടുതലായി ഉപയോഗിച്ചിരുന്നു. പാക് കുന്തമുനയായ അമീറിനെതിരേയുള്ള പടയൊരുക്കത്തിനുള്ള പരിശീലനമാണ് കോഹ്‌ലി നടത്തിയതെന്നാണു റിപ്പോര്‍ട്ട്. അമീര്‍ പ്രധാനമായും കണ്ണുവയ്ക്കുന്നതും കോഹ്‌ലിയുടെ വിക്കറ്റിലായിരിക്കും. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ പ്രത്യേക മിടുക്കുണ്ട് അമീറിന്.

ഓപ്പണ്‍മാര്‍ തിളങ്ങുമോ?
രോഹിത് ശര്‍മ- ശിഖാര്‍ ധവാന്‍ സഖ്യം തന്നെയായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ഇരുവരിലും നിന്നു എത്രകണ്ട് പ്രതീക്ഷിക്കണം എന്നൊരു ശങ്ക ടീമിലുണ്ട്. ഐപിഎല്ലില്‍ രണ്ടുപേരും മോശമില്ലാതെ ബാറ്റ് ചെയ്തിരുന്നു. പക്ഷേ അന്താരാഷ്ട്ര മത്സരത്തില്‍ ചെറിയ ഇടവേളയ്ക്കുശേഷമാണ് പാഡ് അണിയുന്നത്. സന്നാഹ മത്സരങ്ങളില്‍ ധവാന്‍ തിളങ്ങിയെങ്കിലും രോഹിത് നിരാശപ്പെടുത്തിയിരുന്നു. പക്ഷേ പ്രവചനാതീതനായ കളിക്കാരനാണ് രോഹിത്. ഒറ്റയ്‌ക്കൊരു മത്സരം ജയിപ്പിക്കാന്‍ തക്ക ശക്തിയുള്ളവന്‍. ഓപ്പണര്‍മാര്‍ ആദ്യ 15 ഓവര്‍ പിടിച്ചു നിന്നാല്‍ ഇന്ത്യ രക്ഷപ്പെട്ടു.

അഞ്ചു പേസ് ബൗളര്‍മാര്‍
ഇന്നത്തെ മത്സരത്തില്‍ അഞ്ചു ഫാസ്റ്റ് ബൗളര്‍മാരുമായിട്ടായിരിക്കും കോഹ്‌ലി ഇറങ്ങുക. ഇന്നലത്തെ നെറ്റ് പ്രാക്ടീസില്‍ ഷാമി, ഭുവനേശ്വര്‍ കുമര്‍, ബുംമ്ര, ഉമേഷ് യാദവ് എന്നിവര്‍ ഏറെ നേരം ബൗളിംഗ് പരിശീലനം നടത്തിയെന്നതിനാല്‍ ഇവര്‍ നാലുപേരും കളിക്കുമെന്ന് ഉറപ്പാണ്. ഇവര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യേയും ചേരുമെന്നാണ് അറിയുന്നത്. ബൗളര്‍ എന്നതിനൊപ്പം പാണ്ഡ്യേയിലെ ബാറ്റ്‌സ്മാനെയും ഉപയോഗിക്കാമെന്ന കണക്കുകൂട്ടലാണ് കോഹ്‌ലിക്കുള്ളത്.യുവരാജോ രഹാനെയോ?
കോഹ്‌ലി നേരിടുന്ന ഒരു പ്രശ്‌നം മധ്യനിരയില്‍ അജിങ്ക്യ രഹാനെയോ വേണോ യുവരാജിനെ വേണോ എന്നതാണ്. ഫോമില്‍ ആശങ്കയുണ്ടെങ്കിലും മാച്ച് വിന്നറാണ് യുവരാജ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ യുവരാജിന് തിളങ്ങാനാകുമെന്ന കണക്കുകൂട്ടലുമുണ്ട്. എന്നാല്‍ രഹാനെ കുറച്ചുകൂടി വിശ്വസ്തനാണ്. തുടക്കം പാളിയാല്‍ ഉറച്ചു നിന്നു കളിക്കാന്‍ മധ്യനിരയില്‍ രഹാനയെ ആശ്രയിക്കാം.

ധോണി
ധോണിയില്‍ നിന്നും എന്തുകിട്ടും എന്നതും പ്രധാന ചോദ്യമാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ശരാശരി പ്രകടനമാണ് ധോണിയില്‍ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടാകുന്നത്. എന്നാല്‍ വിക്കറ്റിനു പിന്നില്‍ അയാളെ പൂര്‍ണമായി വിശ്വസിക്കാം. പക്ഷേ അതുപോരാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ധോണിയുടെ അനുഭവസമ്പത്ത് പാകിസ്താനെതിരേ പ്രയോജനം ചെയ്യുമെന്നു തന്നെയാണ് ടീം കരുതുന്നത്.

എന്തായാലും ഏറെ ആലോചിച്ചുറപ്പിച്ചു തന്നെയായിരിക്കും അവസാന പതിനൊന്നു പേരെ തെരഞ്ഞെടുത്ത് കോഹ്‌ലി ഇന്നു ബെര്‍മിംഗ്ഹാം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. വിജയത്തോടെ തുടങ്ങണമെന്ന ആഗ്രഹം മാത്രമല്ല, പാകിസ്താനെ തോല്‍പ്പിച്ചാല്‍ കിട്ടുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കുമെന്നു ടീം ഇന്ത്യക്ക് അറിയാം. മഴ ചതിച്ചില്ലെങ്കില്‍ ഇന്നത്തെ സണ്‍ഡേ ബ്ലോക്ബസ്റ്റര്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരുഗ്രന്‍ വിരുന്നായിരിക്കും.

Next Story

Related Stories