TopTop
Begin typing your search above and press return to search.

കണിയൊരുക്കിയും സദ്യവിളമ്പിയും അമേരിക്കയിലെ ഞങ്ങളുടെ വിഷു ആഘോഷം

കണിയൊരുക്കിയും സദ്യവിളമ്പിയും അമേരിക്കയിലെ ഞങ്ങളുടെ വിഷു ആഘോഷം

ചാന്ദിനി/ ഉണ്ണികൃഷ്ണന്‍

കെഎല്‍10 പത്ത്, ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ ചാന്ദിനി ശ്രീധരന്റെ വിഷു വിശേഷങ്ങള്‍.

ഉണ്ണികൃഷ്ണന്‍: ഡാര്‍വിന്റെ പരിണാമം നേടിയ വിജയത്തിന്റെ സന്തോഷത്തിലായിരിക്കും ചാന്ദിനിയുടെ ഇത്തവണത്തെ വിഷു. എന്തൊക്കെയാണ് ആഘോഷം?

ചാന്ദിനി:
ശിവരാജ്കുമാര്‍ നായകനാകുന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കര്‍ണാടകയിലാണ് ഞാനിപ്പോള്‍. ഇന്നും ഷൂട്ടിംഗ് ഉണ്ട്. ഈ സിനിമയില്‍ ഞാനൊരാള്‍ മാത്രമെ മലയാളിയായിട്ടുള്ളൂ. അതുകൊണ്ട് വിഷു ആഘോഷം കാണാനും സാധ്യതയില്ല. അതുകൊണ്ട് ഇത്തവണത്തെ വിഷു പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നുമില്ലാതെ തന്നെ കഴിഞ്ഞു പോകാനാണ് സാധ്യത. അച്ഛനും അമ്മയും യു.എസിലാണ്. അവരുടെ വക ആശംസകള്‍ കിട്ടി. വീട്ടില്‍ കണിയൊരുക്കും. അവരോടൊപ്പം ഇല്ലാത്തതിനാല്‍ വിഷുകൈനീട്ടം മിസ് ആയി.

ഉ: അമേരിക്കയിലെ വിഷു ഓര്‍മകള്‍

ചാ: ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. അതുകൊണ്ട് എന്റെ എല്ലാ ആഘോഷങ്ങളും അവിടെത്തന്നെയായിരുന്നു. വിഷുവും ഓണവും എല്ലാം. മലയാളി സമാജത്തിന്റെ ആഘോഷം ഉണ്ടാവാറുണ്ട്. എല്ലാവരും ഒരുമിച്ച് പല പരിപാടികളും അവതരിപ്പിക്കും. നൃത്തവും പാട്ടുമായിരുന്നു എന്റെ മേഖല. അതുകൊണ്ട് അവിടത്തെ പരിപാടികളില്‍ ഒക്കെ പങ്കെടുക്കും. ഓണവും വിഷുവുമൊക്കെ നാട്ടിലെപോലെ തന്നെ അവിടെയും ഞങ്ങള്‍ ആഘോഷിക്കും.

അച്ഛന്റെയും അമ്മയുടെയും കൈയില്‍ നിന്നും കിട്ടുന്ന കൈനീട്ടമാണ് പ്രധാനം. സഹോദരനുണ്ട്, അവനു ഞാന്‍ അങ്ങോട്ടു കൊടുക്കേണ്ടിവരും. അമേരിക്കയില്‍ പടക്കം പൊട്ടിക്കല്‍ നടക്കില്ല.അവിടെ വീട് ഉണ്ടാക്കുന്നത് തടികൊണ്ട് ആയതിനാല്‍ പടക്കം പൊട്ടിക്കുന്നതിനു ലിമിറ്റേഷന്‍സ് ഉണ്ട്. മറ്റുള്ളവര്‍ക്ക്‌
ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ല.അമ്മ ഒരുക്കുന്ന വിഷുക്കണിയും സദ്യയും ആണ് വിഷുവിന്റെ ഹൈലൈറ്റ്. അവിടെയുള്ള ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും കണി വയ്ക്കാനുള്ള സാധനങ്ങള്‍ കിട്ടും. ചിലതൊക്കെ നാട്ടില്‍ നിന്ന് വരുന്ന ബന്ധുക്കള്‍ കൊണ്ടുവരും. പുലര്‍ച്ചെ ഞങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കും. എല്ലാ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി അന്ന് നോണ്‍വെജ് ഉണ്ടാവില്ല, ഒണ്‍ലി വെജ്. ഞാനും ബ്രദറും കൂടുതലും നോണ്‍ വെജ് ആണ് കഴിക്കുന്നത്. വിഷു ദിവസം അമ്മ സമ്മതിക്കില്ല.

വിഷു സമയം യുഎസില്‍ സ്‌കൂള്‍ ഉണ്ടാവും. അപ്പോള്‍ നാട്ടിലേക്ക് വരവ് നടക്കില്ല. നാട്ടിലെ തറവാട്ടില്‍ വരുമ്പോള്‍ കസിന്‍സും മറ്റു റിലേറ്റീവ്‌സും എല്ലാവരും കൂടി പടക്കം പൊട്ടിക്കലും സദ്യയും ഒക്കെ ഉണ്ടാവാറുണ്ട്. പക്ഷേ അത് അപൂര്‍വമായി മാത്രമാണ്. ഓണത്തിനൊക്കെ വരാറുണ്ട്.

ഉ: ഡാര്‍വിന്റെ പരിണാമത്തിന്റെ വിജയം ഒരര്‍ത്ഥത്തില്‍ ചാന്ദിനിക്കു
കിട്ടിയ വിഷു കൈനീട്ടമാണ്

ചാ: അതേ, ഒരുപാട് സന്തോഷമുണ്ട്. കെഎല്‍ 10 പത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഡാര്‍വിനിലേത്. മുഴുവന്‍ സമയം തട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രത്തില്‍ നിന്നും വേറൊന്നിലേക്ക് എത്തിയപ്പോള്‍ ചിലര്‍ തിരിച്ചറിഞ്ഞത് പോലുമില്ല. നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു രണ്ടു ചിത്രങ്ങളില്‍ നിന്നും ലഭിച്ചത്. പ്രഥ്വിരാജിന്റെ കൂടെയുള്ള അഭിനയം കുറെക്കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തന്നു. അഭിനയത്തിന്റെ എല്ലാ വശങ്ങളിലും പെര്‍ഫക്ഷന്‍ നോക്കുന്ന ഒരാളാണ് രാജു. കൂടാതെ ആ ടീം തന്നെ ഒരുപാടു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവപാരമ്പര്യമുള്ളവര്‍. ഓരോരുത്തരില്‍ നിന്നും ഓരോ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഉ:പുതിയചിത്രം

ചാ: അതൊരു സസ്‌പെന്‍സ് ആണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ പറയുന്നത് ശരിയല്ലല്ലോ. ബന്ധപ്പെട്ടവര്‍ അത് ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യും. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ തീരാറായി.

( അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)


Next Story

Related Stories