TopTop
Begin typing your search above and press return to search.

ഈ സംഘര്‍ഷ കാലത്ത് ഇസ്ലാം എന്തുചെയ്യണം?

ഈ സംഘര്‍ഷ കാലത്ത് ഇസ്ലാം എന്തുചെയ്യണം?

അയാന്‍ ഹിര്‍സി അലി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമികലോകത്ത് നമ്മള്‍ ഇന്ന് കാണുന്ന കോലാഹലം സര്‍വ്വാധിപത്യപ്രവണമായ രാഷ്ട്രീയസംവിധാനങ്ങള്‍ കൊണ്ടുമാത്രമല്ല; പരാജയപ്പെടുന്ന സാമ്പദ്‌വ്യവസ്ഥകളും അതുണ്ടാക്കുന്ന ദാരിദ്ര്യവും കൊണ്ടുമല്ല. അതിനു വലിയൊരു കാരണം ഇസ്ലാമും ആ വിശ്വാസരീതിയുടെ മുഖ്യപാഠങ്ങളില്‍ ചിലതിന് ആധുനികലോകവുമായുള്ള പൊരുത്തക്കേടുകളും കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് ഇന്ന് ലോകത്തെ ഏറ്റവും മുഖ്യമായ സംഘര്‍ഷമെന്നത് ഈ പൊരുത്തക്കേടുകളെ നിലനിര്‍ത്തുന്നതിനും പെരുപ്പിക്കുന്നതിനും ദൃഢപ്രതിജ്ഞരായി നില്‍ക്കുന്നവരും അവയെ വെല്ലുവിളിക്കാന്‍-ഇസ്ലാമിനെ നിഷ്‌കാസനം ചെയ്യാനല്ല, അതിനെ പരിഷ്‌കരിക്കാന്‍-സധൈര്യം തയ്യാറാകുന്നവരും തമ്മിലുള്ളതാകുന്നത്.

'തീവ്രവാദി' 'മിതവാദി' എന്നുള്ള അപക്വമായ വേര്‍തിരിവുകളെ മറന്നേക്കൂ. പകരം നമ്മള്‍ മുസ്ലീങ്ങളെ മൂന്നായി തിരിക്കണം.

ആദ്യത്തെ കൂട്ടര്‍ ഏറ്റവും പ്രശ്‌നകാരികളാണ്. അവര്‍ ശരിയത്ത് അഥവാ ഇസ്ലാമിന്റെ മതപരമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണം സങ്കല്‍പ്പിക്കുന്നു. അവര്‍ പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളെ അനുസരിക്കാന്‍ മാത്രമല്ല, മദീനയിലേക്ക് പലായനം ചെയ്ത ശേഷമുള്ള അദ്ദേഹത്തിന്റെ കലാപോത്സുകമായ പെരുമാറ്റത്തെ അനുകരിക്കാനും യത്‌നിക്കുന്നു. സ്വയം അക്രമത്തില്‍ മുഴുകുന്നില്ലെങ്കില്‍പ്പോലും ഈ കൂട്ടത്തിലുള്ളവര്‍ അതിനുനേരെ കണ്ണടയ്ക്കാന്‍ മടിക്കുന്നില്ല.

രണ്ടാമത്തെ കൂട്ടര്‍- ഇവരാണ് ഇസ്ലാമികലോകത്ത് ആകെ നല്ല ഭൂരിപക്ഷം- ഇസ്ലാമിന്റെ കാതലായ വിശ്വാസസംഹിതയോട് കൂറുപുലര്‍ത്തുകയും അതിനെ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ അക്രമം നടത്തുകയോ ഉപദേശിക്കുകയോ ചെയ്യുന്നവരല്ല. എല്ലാ ആഴ്ചയും മതപരമായ പ്രവൃത്തികളില്‍ പങ്കുകൊള്ളുകയും തിന്നുന്നതിലും ഉടുക്കുന്നതിലും മതപരമായ ചട്ടങ്ങളെ പിന്‍തുടരുകയും ചെയ്യുന്ന വിശ്വാസിയായ ക്രിസ്ത്യനെയും ജൂതനെയും പോലെ ഈ 'മക്കാമുസ്ലീങ്ങള്‍' മതാചാരങ്ങളില്‍ ശ്രദ്ധിക്കുന്നു. ഈ കൂട്ടത്തിലുള്ളവരില്‍ ചിലരെ ചിലപ്പോള്‍ തെറ്റായി 'മിതവാദി'യെന്ന് വിളിക്കും.മൂന്നാമത്തെ കൂട്ടത്തിലാണ് ഇസ്ലാമില്‍ ജനിച്ചിട്ടും തങ്ങള്‍ വളര്‍ന്ന വിശ്വാസസംഹിതയെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ ശ്രമിക്കുന്ന, ഇന്ന് വളര്‍ന്നുവരുന്ന ഒരു ജനത. ഇവരാണ് വിമതമുസ്ലീങ്ങള്‍. നമ്മളില്‍ കുറച്ചുപേര്‍ വിശ്വാസികളായി തുടരാന്‍ നമ്മള്‍ക്കാവില്ലെന്ന് അനുഭവത്താല്‍ തീരുമാനിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയും ഇസ്ലാമിന്റെ ഭാവിയെക്കുറിച്ച് ഗാഢമായ സംവാദത്തില്‍ മുഴുകി തുടരുകയും ചെയ്യുന്നു. അക്രമ സംഭവങ്ങളുടെ പേരില്‍ ഇസ്ലാം വിശ്വാസികള്‍ക്കു മേല്‍ കുറ്റം വരാതെയിരിക്കണമെങ്കില്‍ ഈ മതത്തിനു മാറ്റങ്ങളുണ്ടായാലേ പറ്റൂ എന്നു വിശ്വസിക്കുന്നവരാണവര്‍.

ആദ്യത്തെ കൂട്ടര്‍-ഇസ്ലാംവാദികളായ മതഭ്രാന്തര്‍-എല്ലാവര്‍ക്കും ഭീഷണിയാണ്. പടിഞ്ഞാറ്, ഈ വിഭാഗത്തിന്റെ സാന്നിധ്യം ഭീകരവാദത്തിന്റെ കൂടിവരുന്ന അപകടസാധ്യത മാത്രമല്ല മുന്നോട്ടുവെക്കുന്നത്. സ്ത്രീവാദികളുടെയും ന്യൂനപക്ഷാവകാശപ്രവര്‍ത്തകരുടെയും പ്രയത്‌നസിദ്ധമായ നേട്ടങ്ങളുടെ -ലിംഗപദവിയുടെ തുല്യത, മതപരമായ സഹിഷ്ണുത, സ്വവര്‍ഗ്ഗപ്രണയികളുടെ അവകാശങ്ങള്‍ -പൂര്‍ണ്ണനാശമാണ്. യൂറോപ്പില്‍ മാത്രമല്ല വടക്കേ അമേരിക്കയിലും ഈ ഭീഷണി വര്‍ദ്ധിച്ചുവരികയാണ് എന്നതിനെ നിഷേധിക്കുന്നവര്‍ കുടിയേറ്റത്തെയും മുസ്ലീം കുടിയേറ്റക്കാരുടെയും മനോഭാവത്തെയും സംബന്ധിച്ച വിവരങ്ങള്‍ കണ്ടിട്ടില്ല എന്നു പറയാം.

പ്രവാചകന്റെ ദിനങ്ങളിലേക്കുള്ള ഹിംസാത്മകമായ മടക്കം സംബന്ധിച്ച മതാന്ധദര്‍ശനം വലിയ ഭീഷണിയാകുന്നത് മറ്റു മുസ്ലീങ്ങള്‍ക്കുതന്നെയാണ്. അവര്‍ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ സ്ഥാനം തന്നെയാണ് തകര്‍ക്കുന്നത്. മോശമായ സംഗതി അവര്‍ വിമതര്‍ക്കും നവീകരണവാദികള്‍ക്കും നിരന്തരമായ വധഭീഷണിയുയര്‍ത്തുന്നു എന്നതാണ്. ഞങ്ങള്‍ ഭ്രഷ്ട് അഭിമുഖീകരിക്കുന്നവരാണ്; എല്ലാവിധ അധിക്ഷേപങ്ങളിലും ധൈര്യശാലിയായി നില്‍ക്കേണ്ടവരാണ്; വധഭീഷണിയുമായി ഉടമ്പടിവെക്കേണ്ടവരാണ്-ഒരുപക്ഷേ, മരണത്തെത്തന്നെ അഭിമുഖീകരിക്കേണ്ടവരാണ്.

പടിഞ്ഞാറന്‍ നയതന്ത്രജ്ഞര്‍ ഇന്ന് ഇസ്ലാമോഫോബിയ ആരോപിക്കപ്പെടുമെന്ന ഭയത്താല്‍ മുസ്ലീം നവീകരണവാദികളുടെ നാലയലത്ത് വരില്ല. അവര്‍ ആകെ ചെയ്യുന്നത് 'മിതവാദ' ഇസ്ലാമിന്റെ സ്വയം പ്രഖ്യാപിത പ്രതിനിധികളുമായി അടുപ്പം സ്ഥാപിക്കുകയാണ്. പക്ഷേ ഈ മിതവാദികളുടെ സമീപനത്തില്‍ മിതവാദം മാത്രമില്ല എന്നതാണു വസ്തുത. അതുകൊണ്ടു തന്നെ നമ്മുടെ നേതാക്കള്‍ക്ക് ഇസ്ലാമിക നവീകരണത്തിന്റെ മാര്‍ഗം നഷ്ടപ്പെടുകയാണ്.

മതത്തെ മാറ്റുക നിങ്ങളുടെ ജോലിയല്ല, എന്ന് പണ്ടേ പടിഞ്ഞാറന്‍ ഭരണകൂടങ്ങളോടു ശട്ടം കെട്ടിയിരുന്നതിനാല്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന സ്ഥിരം പല്ലവിയില്‍ പടിഞ്ഞാറന്‍ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നു.പക്ഷേ, ശീതസമരകാലത്ത് ഒരു അമേരിക്കന്‍ പ്രസിഡന്റും പറഞ്ഞില്ല 'കമ്യൂണിസം സമാധാനത്തിന്റെ പ്രത്യയശാസ്ത്രമാണ്' എന്ന്. ഒരാളും പറഞ്ഞില്ല 'സോവിയറ്റ് യൂണിയന്‍ യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് അല്ല.' എന്ന്. എന്നാല്‍, സോവിയറ്റ് വ്യവസ്ഥയെ അകത്തുനിന്നുതന്നെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിനെയും ആന്ദ്രേ സഖറോവിനെയും വാസ്ലാവ് ഹാവെലിനെയും പോലുള്ള വിമതരെ പടിഞ്ഞാറ് ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ന്, ഇസ്ലാമിനെ വെല്ലുവിളിക്കുന്ന നിരവധി വിമതരുണ്ട്. എന്നിട്ടും പടിഞ്ഞാറ് അവരെ വിസ്മരിക്കുകയോ പ്രാതിനിധ്യമില്ല' എന്നു പറഞ്ഞ് നിരാകരിക്കുകയോ ചെയ്യുന്നു. ഇത് ആശങ്കപ്പെടേണ്ട ഒരു വീഴ്ചയാണ്. അസ്ര നൊമാനി, ഇര്‍ഷാദ് മാഞ്ജി, തവ്ഫിഖ് ഹമീദ്, മാജിദ് നവാസ്, സുഹ്ദി ജാഫര്‍, സലീം അഹ്മദ്, യൂനിസ് ഖന്‍ദില്‍, സെയ്‌റാന്‍ ആത്വെസ്, ബസാം ത്വെയ്ബി അബ്ദ് അല്‍ഹമീദ് അല്‍അന്‍സാരി എന്നിവരെപ്പോലുള്ള നവീകരണവാദികളെ പിന്തുണയ്‌ക്കേണ്ടതും സംരക്ഷിക്കേണ്ടതുമുണ്ട്. സോള്‍ഷെനിറ്റ്‌സിനും സഖറോവും ഹാവെലും ഒരു തലമുറ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ ഈ നവീകരണവാദികളും പടിഞ്ഞാറിന് സുപരിചിതരായിത്തീരേണ്ടിയിരിക്കുന്നു.

നവീകരണവാദികളുടെ ഉദ്യമം അത്ര എളുപ്പമാകില്ല; സോവിയറ്റ് വിമതരുടെയും അങ്ങനെയായിരുന്നില്ല. അത്തരത്തില്‍, പ്രോട്ടസ്റ്റന്റ് നവീകരണവാദികളുടെ ഉദ്യമവും എളുപ്പമായിരുന്നില്ലല്ലോ. പക്ഷേ, ഇസ്ലാമിക നവീകരണമാണ് പ്രസിഡന്റ് ഒബാമ 'ഹിംസാത്മക തീവ്രവാദം' എന്ന് വിളിച്ച പ്രശ്‌നത്തിന്റെ ഏറ്റവും നല്ല പ്രായോഗികപരിഹാരം. ഭംഗിവാക്കുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇസ്ലാമിന്റെ നവീകരണത്തിനുള്ള കാലമാണ് ഇത്; നിലയ്ക്കാത്ത നവീകരണത്തിനുള്ള കാലം.


Next Story

Related Stories