TopTop
Begin typing your search above and press return to search.

യമന്‍ കത്തുമ്പോള്‍ യു എസ് എന്തുചെയ്യണം?

യമന്‍ കത്തുമ്പോള്‍ യു എസ് എന്തുചെയ്യണം?

ഗ്രെഗ് ജാഫ്, മിസ്സി റയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാനും അമേരിക്കയുടെ പരാമ്പരാഗത സഖ്യ കക്ഷികളായ അറബ് രാജ്യങ്ങളും തമ്മില്‍ തുടരുന്ന സങ്കീര്‍ണ്ണമായ പ്രാദേശിക സംഘര്‍ഷങ്ങളില്‍ അമേരിക്കയെ കക്ഷിയാക്കാതെ മാറ്റി നിര്‍ത്തുക എന്നതാണ് ഇത്രയും കാലം ഒബാമ അനുവര്‍ത്തിച്ചു പോന്ന നയം.

മേഖലയിലെ പ്രക്ഷുബ്ധാവസ്ഥയില്‍ ഓരോ രാജ്യങ്ങളോടും അനുയോജ്യമായ രീതിയില്‍ പ്രത്യേകം പ്രത്യേകം സമീപനം സ്വീകരിക്കുന്ന അമേരിക്കയെയാണ് നാം ഇക്കാലയളവില്‍ കണ്ടത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകളും, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവുമെല്ലാമായിരുന്നു അമേരിക്കയുടെ പ്രധാന അജണ്ടകളെങ്കിലും അതിലൊന്നും തന്നെ ഇറാന്‍ പ്രതിനിധികളുടെ കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല.

കൂട്ടക്കുരുതികളും മതന്യൂനപക്ഷങ്ങളുടെ രക്തച്ചൊരിച്ചിലും വ്യാപകമാവുന്ന പശ്ചാത്തലത്തില്‍, തീവ്ര വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ഇറാനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക കൂടുതല്‍ ശക്തമായി ഇടപെടണമെന്നാണ് സഖ്യ കക്ഷികളായ സുന്നി അറബ് രാജ്യങ്ങളും കോണ്‍ഗ്രസ് അംഗങ്ങളും, ചില യു എസ്സ് സൈനികര്‍ വരെയും ആവശ്യപ്പെടുന്നത്. ഇതിന്റെയാകെ സമ്മര്‍ദ്ദം പേറുകയാണിപ്പോള്‍ വൈറ്റ് ഹൗസ്.

എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കയറി ഇടപെടാന്‍ അമേരിക്ക ശരിക്കും മടിക്കുന്നു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന സുന്നി-ഷിയ പോരാട്ടങ്ങളിലോ പരിഹാര സാധ്യതകള്‍ തെളിയാതെ അനന്തമായി നീളുന്ന അവരുടെ പ്രശ്‌നങ്ങളിലോ തലയിടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 'ഇറാന്റെ അസ്ഥിരമാക്കുന്ന സമീപനത്തെക്കുറിച്ചും മേഖലയിലെ അസ്വസ്ഥതകള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ചും അമേരിക്കയ്ക്കു തികഞ്ഞ ബോധ്യമുണ്ട്.'' പ്രശ്‌നത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കാന്‍ നിയോഗിക്കപ്പെട്ട വക്താവ് ആദ്യം ഇങ്ങനെ പറഞ്ഞെങ്കിലും പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയില്‍ അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെ. 'പ്രശ്‌നത്തില്‍ ഇടപെടുന്നതിനും ഇറാന്റെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തുന്നതിനുമൊക്കെ ഞങ്ങള്‍ക്കുള്ള പരിമിതികളെക്കുറിച്ചും നല്ല ബോധ്യമുണ്ട്.''

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സൗദി വിമാനങ്ങളും ഈജിപ്ഷ്യന്‍ യുദ്ധക്കപ്പലുകളും യെമനില്‍ ഇറാന്‍ പിന്തുണയുള്ള വിമതര്‍ക്കു നേരേ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിലെന്തായാലും സൗദിക്കു അമേരിക്കയുടെ സൈനിക ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സഹായം കിട്ടി.

ഇറാഖിലെ സൈന്യം ഷിയ പോരാളികളുടെ പിന്തുണയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ഒരു മാസക്കാലത്തോളം നീണ്ട രക്തരൂക്ഷിത പോരാട്ടം നടത്തിയത് ലോകം കണ്ടതാണ്. ഇസ്ലാമിക്ക് സ്‌റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖിന് അമേരിക്കയുടെ സഹായവും ലഭിച്ചു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തിക്രിത് നഗരത്തിനു മുകളില്‍ പറന്നതും ഇറാഖിനു ആവോളം ആയുധങ്ങള്‍ നല്‍കിയതുമൊക്കെ പക്ഷേ ഇറാന്‍ അനുകൂല തീവ്ര വിഭാഗങ്ങളെ സൈന്യത്തില്‍ നിന്നു ഒഴിവാക്കാമെന്നു ഇറാഖ് പ്രധാന മന്ത്രി ഹാദിര്‍ അല്‍ അബാദിയുമായി അമേരിക്ക ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു.

'ഷിയ തീവ്രവാദികളുടെ ദുഷ്ട ചെയ്തികളെ ഒതുക്കാന്‍ ഉദ്യേശിച്ചു തന്നെയാണ് ഞങ്ങളുടേയും പ്രവര്‍ത്തനം. എന്നാല്‍ അവര്‍ മറഞ്ഞിരുന്നു കളിക്കുകയാണ്. ഇറാഖിന്റെ പദ്ധതികളിലൊന്നും അവര്‍ നേരിട്ടു ഇടപെടുന്നില്ല''. ഇറാന്റെ പിന്തുണയോടെയുള്ള ആക്രമണങ്ങളെക്കുറിച്ചു ഒരു യു എസ് സൈനികോദ്യോഗസ്ഥന്റെ പ്രതികരണമാണിത്.

ഇറാനെ പ്രതിരോധിക്കാനായി അമേരിക്ക ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനത്തെ വൈകി വന്ന വിവേകമായാണ് വിമര്‍ശകര്‍ കാണുന്നത്, പശ്ചിമേഷ്യയിലെ നീണ്ടു നില്‍ക്കുന്ന അസ്വസ്ഥതകളും അസ്ഥിരതയുമാണ് ഇതിനു വിലയായി നല്‍കേണ്ടി വന്നതെന്നും അവര്‍ കരുതുന്നു. ''വളരെ വൈകിയാണെങ്കിലും അവസാനം മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികളെകുറിച്ച് അമേരിക്ക സംസാരിച്ചു തുടങ്ങിയിരിക്കുന്നു''. ഒബാമ ഭരണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടാമര വിറ്റ്‌സ് പറയുന്നു. ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ പശ്ചിമേഷ്യന്‍ പദ്ധതികള്‍ തയ്യാറാക്കാനായി സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുകയാണിപ്പോളദ്ദേഹം.സിറിയയിലെ പ്രശ്‌നങ്ങളില്‍ വേണ്ട വിധത്തില്‍ ഇടപെടുന്നതില്‍ അമേരിക്ക വരുത്തിയ വീഴ്ചയാണ് അവിടെയിപ്പോള്‍ ഇറാന്‍ അനുകൂല ഷിയ വിഭാഗങ്ങളുടേയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരടക്കമുള്ളവരുടേയും വ്യാപനത്തിനും വര്‍ദ്ധിച്ച സംഘര്‍ഷങ്ങളിലേക്കും വഴി വച്ചതെന്നു സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു.

ഈയടുത്ത് സൗദിയിലെത്തിയപ്പോള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസലിന്റെ വാക്കുകളിലൂടെ അവര്‍ക്കു ഇറാനെതിരെയുള്ള അമര്‍ഷത്തിന്റെ ചൂടറിഞ്ഞു. 'സിറിയയിലും ലബനിലും യമനിലുമൊക്കെ ഇറാന്‍ അനാവശ്യമായി ഇടപെട്ടത് നമുക്കറിയാം. വേറേ എവിടെയൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ. മേഖലയില്‍ പ്രശ്‌നങ്ങള്‍ക്കായല്ല, പ്രശ്‌ന പരിഹാരത്തിനായാണു അവര്‍ ശ്രമിക്കേണ്ടത്. അതിനവര്‍ ഇപ്പോള്‍ തുടരുന്ന പ്രവണത എന്നെന്നേക്കുമായി അവസാനിപ്പിക്കണം''. സൗദി നയം വ്യക്തമാക്കുകയായിരുന്നു.

യു എസ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഉദ്യോഗസ്ഥരും ഇറാനെ സംബന്ധിച്ചു അമേരിക്ക അനുവര്‍ത്തിച്ചു പോന്ന നയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങിയിരിക്കുന്നു. 'തങ്ങളുടെ സൈന്യങ്ങളേയും സായുധ സംഘങ്ങളേയുമെല്ലാമുപയോഗിച്ച് ഇറാന്‍ കലാപങ്ങളും സംഘര്‍ഷങ്ങളും വളര്‍ത്തി ക്കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഞങ്ങള്‍ വര്‍ഷങ്ങളായി മുന്നറിയിപ്പു നല്‍കി വന്നതാണ്. അന്നൊക്കെ ഇറാനോട് ആവശ്യമില്ലാത്ത ഒരു അയ്യോ പാവം സമീപനം സ്വീകരിച്ചു ഞങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുകയാണ് ഭരണകൂടം ചെയ്തത്. ഏറ്റവും നിഷ്ഠൂരരാരായവര്‍ക്കെതിരെ പോലും എന്തെങ്കിലും നടപടികള്‍ എടുക്കുന്നതില്‍ നിന്നും ഞങ്ങളെ സ്ഥിരമായി തടഞ്ഞു'.യു എസ്സിന്റെ സെന്‍ഡ്രല്‍ കമാന്‍ഡില്‍ മുതിര്‍ന്ന രഹസ്യന്വോക്ഷണ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിരുന്ന കേണല്‍ ഡെര്‍ക്ക് ഹാര്‍വിയുടേതാണ് ഈ വാക്കുകള്‍.

2010-13 കാലയളവില്‍ പശ്ചിമേഷ്യയിലേക്കു പുറപ്പെട്ട യു എസ് സേനയ്ക്ക് മേല്‍നോട്ടം വഹിച്ച നാവിക ജനറല്‍ ജയിംസ് മാറ്റിസാണ് ഇറാനും അതിന്റെ സൈന്യങ്ങള്‍ക്കുമെതിരെ നടപടികളെടുക്കുന്നതിനു വേണ്ടി വ്യക്തമായ നയം രൂപീകരിക്കണമെന്ന് സൈന്യത്തിനുള്ളില്‍ നിന്നും ശക്തിയായി മുറവിളി കൂട്ടിയ പ്രമുഖ വ്യക്തിത്വം.

ഇറാന്റെ യുദ്ധ വിമാനങ്ങളും പോര്‍ക്കപ്പലുകളും യെമന്റേയും ലിബിയയുടേയും യുദ്ധമുഖങ്ങളിലെത്തുന്നതിനു കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി മാറ്റിസ് ഭരണ കേന്ദ്രങ്ങളില്‍ ലോബിയിംഗ് നടത്തി. 2011ല്‍ സൗദി അംബാസിഡറെ വധിക്കാനായി വാഷിംഗ് ടണ്ണിലെ ഒരു റസ്‌റ്റോറന്റില്‍ വച്ചു ഇറാന്‍ നടത്തിയ ശ്രമം പാളിയിരുന്നു. ഇതേതുടര്‍ന്നു ഇറാന്റെ തീവ്ര വിഭാഗങ്ങളെ പിടികൂടാനും കൊല്ലാനുമായി രഹസ്യ ദൗത്യങ്ങള്‍ക്കു രൂപം കൊടുക്കാനായും മാറ്റിസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പതിവു പോലെ പേരു വെളിപ്പെടുത്തരുതെന്ന ധാരണയിലാണ് പ്രതിരോധ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥര്‍ നയങ്ങളിലെ പരിഗണനകളെകുറിച്ചു സംസാരിക്കാന്‍ തയ്യാറായത്.

ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്നു ഇറാനെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു വിഘാതമാകുമെന്ന കാരണം പറഞ്ഞാണ് ഇറാനെതിരായ ശിക്ഷണ നടപടികള്‍ക്കായുള്ള ആവശ്യങ്ങളെ യു എസ് തള്ളിയിരുന്നത്. എന്നാല്‍ ആണവ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കു എവിടേയുമിടപെട്ടു എന്തും ചെയ്യാമെന്നതാണ് ഇറാന്റെ ഭാവം. നടപടികള്‍ക്കായി ഒരുപാടു തവണ മാറ്റിസ് വൈറ്റ് ഹൗസിന്റെ വാതിലില്‍ മുട്ടിയെങ്കിലും ഒരു പ്രയോജനവുണ്ടായില്ല. മനം മടുത്ത അദ്ദേഹം കാലാവധി തീരുന്നതിനു മുമ്പു തന്നെ സേവനം മതിയാക്കി പോകുകയാണുണ്ടായത്. പ്രതിരോധ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു നിര്‍ത്തി.

മാറ്റിസ് ഇതേക്കുറിച്ചൊന്നും തന്നെ ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈയടുത്ത് സെനറ്റിലെ സൈനിക സമിതിയില്‍ വച്ചു നടന്ന തെളിവെടുപ്പില്‍ പശ്ചിമേഷ്യയെ സംബന്ധിച്ച നയമില്ലായ്മയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അവിടെ ദശാബ്ദങ്ങളായി അമേരിക്കയുടെ സ്വാധീനം പേരിനുമില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

ഇനി ഇപ്പോള്‍ അമേരിക്ക ഇറാനെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചാല്‍ തന്നെയും കൂടുതല്‍ സ്ഥിരതയാര്‍ന്ന പശ്ചിമേഷ്യയെ സൃഷ്ടിച്ചെടുക്കാനാവുമോയെന്ന കാര്യം സംശയമാണ്. ഇപ്പോള്‍ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമാസക്തമായ കലാപങ്ങളൊക്കെ തന്നെ പതിറ്റാണ്ടുകളായി തുടരുന്ന മോശം ഭരണത്തിന്റേയും, സാമ്പത്തിക അവഗണനയുടേയും, അധികാരം മാത്രം ലക്ഷ്യമാക്കി ക്രൂര ഏകാധിപതികള്‍ നടപ്പാക്കിയ ബൃഹത് നരഹത്യകളുടേയുമൊക്കെ ആകെത്തുകയാണ്.

അറബ് വസന്തത്തെ തുടര്‍ന്നു യു എസ് പശ്ചിമേഷ്യയിലെ ഓരോ രാജ്യങ്ങളോടും പ്രത്യേകം പ്രത്യേകം സമീപനങ്ങള്‍ സ്വീകരിച്ചു. ഓരോ രാജ്യങ്ങളിലും കലാപങ്ങള്‍ ഉണ്ടാകാനുള്ള വ്യത്യസ്ഥമായ കാരണങ്ങളും അവിടങ്ങളിലൊക്കെയുള്ള അമേരിക്കയുടെ താല്‍പ്പര്യങ്ങളും കണക്കിലെടുത്തായിരുന്നു ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചിരുന്നത്. ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കെതിരെ ശക്തമായ സൈനിക നീക്കം നടത്തിയെങ്കിലും സിറിയയിലെ ബാഷാര്‍ അസദിനെതിരെ അത്തരത്തിലൊന്നുമുണ്ടായില്ല.

ദാരിദ്ര്യത്തിനു പുറമേ സൈന്യങ്ങളെക്കൊണ്ടും ചുറ്റപ്പെട്ട യമനില്‍ തങ്ങള്‍ക്കു കൊടും ഭീക്ഷണി സൃഷ്ടിക്കുന്ന അല്‍ ഖ്വയ്ദ ശക്തികളെ നശിപ്പിക്കുന്നതില്‍ മാത്രമായിരുന്നു അമേരിക്കയുടെ ശ്രദ്ധ. അവിടുത്തെ ഭരണകൂടത്തെ തന്നെ മറിച്ചിടാന്‍ പാകത്തില്‍ വളര്‍ന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ വെല്ലുവിളികളെയൊന്നും അമേരിക്ക കണ്ടതേയില്ല.യമനിലെ അമേരിക്കയുടെ അവസാന ദൗത്യ സംഘത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലേക്കു കഴിഞ്ഞയാഴ്ചകളില്‍ യു എസ് എത്തി. അവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.മൊത്തത്തില്‍ ആരെയും നിയന്ത്രിക്കുന്നതിനു ശ്രമിക്കാതെയുള്ള യു എസിന്റെ ഇപ്പോഴത്തെ സമീപനത്തെ വിനയാന്വിതമായ തീരുമാനമെന്നു പ്രശംസിക്കുന്നവരുമുണ്ട്.വ്യക്തമായ കണക്കുകൂട്ടലോടെ വരും കാലങ്ങളില്‍ മേഖലയെ പിടിച്ചുലയ്ക്കാന്‍ പോന്ന പ്രതിസന്ധിയോടുള്ള ഏറ്റവും പ്രായോഗികമായ പ്രതികരണമായും യു എസിന്റെ ഇപ്പോഴത്തെ നയത്തെ കാണുന്നവരുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ വളരെ പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അമേരിക്കയ്ക്ക് എത്രത്തോളം ഇടപെടാനാവുമെന്നറിഞ്ഞുകൊണ്ട് കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനമാണ് ആവശ്യമെന്നു പശ്ചിമേഷ്യയെ നിരീക്ഷിക്കുന്ന ഇടതുപക്ഷ ചായ്വുള്ള ബ്രയാന്‍ കാറ്റ്വല്‍സ് പറയുന്നു.

പശ്ചിമേഷ്യയിലെ പ്രധാന പ്രശ്‌നം അവിടെ നിലവില്‍ ഒരു രാജ്യത്തിനും അവരെക്കുറിച്ചു തന്നെയുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകളില്ല എന്നതാണ്. ഒരു 5 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യം എന്താകുമെന്നോ എങ്ങനെയാകണമെന്നോ ഉള്ള ധാരണ അവര്‍ക്കില്ല. ഈയൊരു സാഹചര്യത്തില്‍ ചില താല്‍ക്കാലിക തട്ടിക്കൂട്ടു നയങ്ങളാണ് ഒബാമ ഭരണകുടവും കൈക്കൊള്ളുന്നത് കാറ്റ്വല്‍സ് പറഞ്ഞു,

ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ അമേരിക്ക ഇടപെടാതിരുന്നത് അറബ് രാജ്യങ്ങളുടെ വീര്യം കെടുത്തുന്നതിനും, ഇറാനു പുതിയ ഊര്‍ജ്ജം നല്‍കുന്നതിനും കാരണമായെന്നാണ് മറ്റു പശ്ചിമേഷ്യന്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്.

'തടുക്കാനാരുമില്ലാഞ്ഞപ്പോള്‍ കിട്ടിയ സാധ്യത ഇറാന്‍ ശരിക്കും മുതലെടുത്തു'. പശ്ചിമേഷ്യന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന ബ്രൂക്കിന്‍സ് ഇന്‍സ്റ്റിറ്റിയൂഷനിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഒബാമയുടെ പശ്ചിമേഷ്യന്‍ ചാരനായും പ്രവര്‍ത്തിച്ചിട്ടുള്ള മാര്‍ട്ടിന്‍ ഇന്‍ഡൈക്ക് പറയുന്നു. 'സിറിയയില്‍ കാണിച്ച അബദ്ധങ്ങള്‍ ഇനിയുമാവര്‍ത്തിക്കരുത്. അതാണ് ഈ നരകത്തിലേക്കെല്ലാമുള്ള വാതില്‍ തുറന്നത്. അദ്ദേഹം അയച്ച ഈ മെയിലുകളിലും നിരാശ വ്യക്തമാകുന്നു.'

എന്നാല്‍ യു എസിലെ ഭരണാലയ വൃന്ദങ്ങള്‍ പങ്കു വയ്ക്കുന്നത് മറ്റൊരു കാഴ്ച്ചപ്പാടാണ് 'യു എസിന്റെ മധ്യസ്ഥയില്‍ ആണവായുധങ്ങള്‍ നേടുന്നതില്‍ നിന്നും ഇറാനെ തടഞ്ഞുകൊണ്ട് കരാറിലെത്താന്‍ സാധിച്ചാല്‍ മേഖലയില്‍ അതിലൂടെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സ്ഥിരതയും സമാധാവും കൈവരിക്കാന്‍ സാധിക്കും'. അവര്‍ പറയുന്നു.

ഈയൊരു ചിന്ത സമീപ ഭാവിയില്‍ അറബ് സുന്നി സഖ്യ കക്ഷികളില്‍ കൂടുതല്‍ ഉലച്ചില്‍ ഉണ്ടാക്കിയേക്കാം. പേര്‍ഷ്യയും യു എസും കേന്ദ്രസ്ഥാനത്തു വരുന്ന ലോകക്രമത്തിലേക്കുള്ള ആദ്യ ചുവടാകുമോ ഇതെന്നു സംശയിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.

പതുക്കെ പതുക്കെ ഉപരോധങ്ങളൊക്കെ നീങ്ങുകയും സാമ്പത്തിക പാക്കേജുകള്‍ ലഭ്യമായി തുടങ്ങുകയും ചെയ്യുമ്പോള്‍ ഇറാനു മേല്‍ ധാരാളം പണം പെട്ടെന്നു വന്നുചേരുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക. സിറിയയിലെ അസദിനേയും, ഹിസ്ബുല്ലയേയും പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പുകളെയുമൊക്കെ പിന്തുണച്ച് മേഖലയില്‍ വീണ്ടും അസ്വസ്ഥതയും പ്രകോപനവും സൃഷ്ടിക്കാനായിരിക്കും പിന്നെ ഇറാന്‍ ശ്രമിക്കുക. അനന്തര സാധ്യതകളെക്കുറിച്ചുള്ള അറബ് ലോകത്തിന്റെ പൊതു അനുമാനമാണിത്.

ഇറാന്‍ അത്തരം നീക്കങ്ങളിലേക്കു കടക്കുകയാണെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ച് സൌദി അറേബ്യ, ഈജിപ്റ്റ്, ഇസ്രായേല്‍, ടര്‍ക്കി തുടങ്ങിയ സഖ്യകക്ഷികളുടെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കേണ്ടത് അമേരിക്കയുടെ ബാധ്യത ആകും. 'തങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവരെ ഭയപ്പെടുത്തിയിരിക്കുന്നു', ഇന്‍ഡിക് എഴുതി. 'അവര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് നാം അവര്‍ക്കൊപ്പമുണ്ടെന്നു ഉറപ്പു നല്‍കുകയാണ് പ്രധാനം.'


Next Story

Related Stories