TopTop
Begin typing your search above and press return to search.

കലര്‍പ്പുകളില്ലാത്ത ചാർലി

കലര്‍പ്പുകളില്ലാത്ത ചാർലി

ഇറങ്ങും മുന്നേ വൈറലാവാറുണ്ട് ചില സിനിമകൾ. പ്രതീക്ഷകളുടെ വൻ ഭാരം പേറി തളർന്നാവും മുന്നണി, പിന്നണി പ്രവർത്തകർ അത്തരം സിനിമകൾ തീയറ്ററുകളിൽ എത്തിക്കുക. മാർട്ടിൻ പ്രക്കാട്ട്-ഉണ്ണി ആർ-ദുൽഖർ സൽമാൻ-പാർവതി ടീമിന്റെ ചാർലി അത്തരമൊരു സിനിമയാണ്. ചാർലിയെ കുറിച്ചുള്ള ചർച്ചകൾ കണ്ട് 'ഇത് ഒരു പരീക്ഷണ സിനിമയാണ്..ആരും കൂടുതൽ പ്രതീക്ഷിക്കരുത്' എന്ന് സംവിധായകന് തന്നെ പറയേണ്ടി വന്നു. പക്ഷെ ദുൽഖറിന്റെ അയഞ്ഞ കുർത്ത മുതൽ ഉണ്ണി ആറിന്റെ തിരക്കഥയുടെ അപാര സാധ്യതകൾ വരെ പലതിനെ പറ്റിയും ഉള്ള ചർച്ചകൾ തുടർന്ന് കൊണ്ടേ ഇരുന്നു. ആ ഭാരവും പേറി ഒരു ഉത്സവകാല സിനിമയായി ചാർലി റിലീസ് ചെയ്തു.

പാർവതിയുടെ ടെസ്സയിലൂടെ ആണ് ചാർലിയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. സ്വന്തമായി ഇഷ്ടങ്ങളും തീരുമാനങ്ങളും ഉള്ള ടെസ്സയെ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു. ആ വിവാഹത്തിൽ നിന്നും സമൂഹം നിർമിച്ച നൂറായിരം വിലക്കുകളിൽ നിന്നും രക്ഷപ്പെടാൻ കൊച്ചി നഗര പ്രാന്തത്തിലെ ഒരു പഴയ ലോഡ്ജ് മുറിയിൽ താമസം തുടങ്ങുന്നു. ആ മുറിയിൽ അവൾക്കു മുന്നേ താമസിച്ചിരുന്നത് വിചിത്ര സ്വഭാവിയായ ഒരാൾ ആയിരുന്നു. അയാൾ അവിടെ ഉപേക്ഷിച്ചു പോയ സാധനങ്ങളും വരച്ചു വച്ച ചിത്രങ്ങളും അവളിൽ കൌതുകം ഉണ്ടാക്കുന്നു. അയാളെ പിന്തുടരാൻ ചിത്രകാരി കൂടിയായ അവൾ തീരുമാനിക്കുന്നു. ദുൽഖർ സൽമാന്റെ ചാർലിയെ പിന്തുടുരുമ്പോൾ അവൾക്ക് നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളും അവൾ കണ്ടു മുട്ടുന്ന പല തുറയിൽ ഉള്ള ആൾക്കാരും അവരെല്ലാം ചേർന്ന് നിർമിക്കുന്ന അവധൂതനായ ചാർലിയും ഒക്കെയാണ് സിനിമ. ഈ കഥാപാത്രത്തിന്റെ വിവരണത്തിലൂടെ ടെസ്സക്കും പ്രേക്ഷകർക്കും മുന്നിൽ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു വലിയ ലോകം ഭംഗിയായി സൃഷ്ടിക്കപ്പെടുന്നുണ്ട്.

ടെസ്സ എന്ന പെണ്‍കുട്ടി തേടുന്ന ആൾ എന്ന ഐഡന്‍റിറ്റിയിൽ നിന്നും ടൈറ്റിൽ കഥാപാത്രത്തിലെക്കുള്ള നായകൻറെ വളർച്ചയാണ് സിനിമ എന്നും പറയാം. കള്ളനു കൂട്ട് പോകുന്നവന്നും ലൈംഗിക തൊഴിലാളിക്ക് കടല് കാണിച്ച കൊടുക്കുന്നവനും കണ്ടു മുട്ടുന്നവരെ ഒക്കെ വരക്കുന്നവനും ഒക്കെയായ ഇയാൾക്ക് മേൽവിലാസമോ സ്വന്തമായി ഒരിടമോ ഫോണ്‍ നമ്പറോ ഒന്നുമില്ല. അയാളുടെ വ്യക്തിത്വത്തിൽ വല്ലാതെയൊന്നും സിനിമ വിട്ടുവീഴ്ച ചെയ്യുന്നില്ല. ആത്മഹത്യ ചെയ്യുന്നവളെ രക്ഷിക്കുന്നവനും മകളെ കൂട്ടി കൊടുക്കുന്നവനെയും കൂട്ടാളികളെയും തല്ലി തോൽപ്പിക്കുന്നവനും ആകുന്നുണ്ടെങ്കിലും സിനിമാവസാനം വരെ അയാൾ കലർപ്പില്ലാത്തവനാണ്.ടെസ്സയും അങ്ങനെയൊക്കെയാണ്. പൂർണ്ണതയുള്ള കഥാപാത്രമാണ് അവർ. സമൂഹത്തെ മറികടന്നു ജീവിക്കാൻ ശ്രമിക്കുന്നവളുടെ എല്ലാ ബുദ്ധിമുട്ടുകളും അവൾക്കുണ്ട്. വളരെ പ്രയാസപ്പെട്ട് അതിനെയൊക്കെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട് അവൾ സിനിമയിൽ ഉടനീളം. പൂർണ്ണ വളർച്ച എത്തിയ മുതിർന്ന പെണ്‍കുട്ടിയാണ് സിനിമയിൽ ടെസ്സ. സ്വാതന്ത്രവും സ്വത്വവും തേടിയുള്ള അവളുടെ യാത്രയുടെ ഭാഗം തന്നെയാണ് ചാർലി. പക്ഷെ വിമോചകൻ, രക്ഷകൻ എന്നീ ക്ലീഷേകളിൽ നിന്നും കൂട്ട് വരുന്നവനായി സിനിമ അയാളെ വളർത്തുന്നുണ്ട്.

ഓരോ കഥാപാത്രത്തിന്റെയും ഡീറ്റയിലിംഗിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും. ടെസ്സയെ പോലെ തന്നെ സിനിമയിൽ പ്രാധാന്യം നല്കിയ കഥാപാത്രമാണ് കനിയും (അപർണ ഗോപിനാഥ്). പ്രണയ നഷ്ടം മൂലം ദുരന്തം അനുഭവിക്കുകയും ദുരന്തം നൽകുകയും ചെയ്ത പെണ്‍കുട്ടിയിൽ നിന്നും ജീവിത ലക്‌ഷ്യം തിരിച്ചറിഞ്ഞ സ്ത്രീയായി അവൾ മാറുന്നുണ്ട്. അപ്പോഴും കൌതുകങ്ങളും കുസൃതികളും വിടാതെ അവൾ സന്തോഷിക്കുന്നുമുണ്ട്. ചാർലി തന്നെ രക്ഷിച്ചു എന്നല്ല പരിഗണിച്ചു എന്നാണ് അവൾ പറയുന്നത്. മാത്രമല്ല ഒന്നോ രണ്ടോ രംഗത്തിൽ വന്നു പോകുന്ന കഥാപാത്രങ്ങൾക്ക് പോലും സ്വന്തമായി ഒരിടം സിനിമയിൽ ഉണ്ട്. കല്പനയുടെ മറിയയും ചെമ്പൻ വിനോദിന്റെ മത്തായിയും ഒക്കെ ഉദാഹരണങ്ങൾ ആണ്. നെടുമുടി വേണുവിന്റെ വൃദ്ധ പ്രണയിക്കും ഉണ്ട് സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും. ഇത് മുഖ്യധാരാ സിനിമയിൽ അപൂര്‍വ്വ കാഴ്ചയാണ്.

ഉണ്ണി ആറിന്റെ തിരക്കഥ തന്നെയാണ് ചാർലിയുടെ ഹൈലൈറ്റ്. മറിയയുടെ സംഭാഷണങ്ങളും ടെസ്സയുടെ ചലനങ്ങളും ചാർലിയുടെ ജീവിതവും എല്ലാം ഒരു ചെറുകഥ വായിക്കും പോലെ അനുഭവപ്പെട്ടു. മാർട്ടിൻ പ്രക്കാട്ടിന്റെ ആദ്യ രണ്ടു സിനിമകളിൽ നിന്നും തികച്ചും വ്യതസ്തമായ ദൃശ്യഭാഷയാണ് ചാർലിക്ക്. കൊച്ചി നഗരത്തെയും തെരുവുകളെയും തന്നെ വ്യതസ്തമായി അവതരിപ്പിച്ച പോലെ തോന്നി. തന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ആളെ പിന്തുടരുക, അയാൾ കുതറി മാറുക, പരസ്പരം വഴുതി അകലുക...ഇതൊക്കെ മായാമയൂരത്തിന്റെ വിദൂര ച്ഛായ ഉണ്ടാക്കി. മായാമയൂരത്തിന്റെ വൈകാരിക അതിഭാവുകത്വവുമായി പക്ഷെ സിനിമയുടെ മേക്കിങ്ങിലോ കഥാപാത്ര നിർമിതിയിലൊ യാതൊരു സാമ്യവും ഇല്ല. അമ്മയേക്കാൾ കൂടുതൽ ഇഴയടുപ്പം അമ്മയുടെ അമ്മയോട് ഉണ്ടാക്കുന്നതും അമ്മാമ്മയെ റാഹെലെ എന്ന് പേരെടുത്തു വിളിക്കുന്നതും പിന്നെ നായികയെക്കൾ ആദ്യം നായകന് അവളെ പ്രണയിച്ചിരിക്കണം എന്ന വാശിയും ചെറിയ തോതിൽ ക്ലീഷേകൾ ആയി.മുന്നേ കണ്ട പല ദുൽഖർ കഥാപാത്രങ്ങളും വ്യവസ്ഥാ ധിക്കാരികൾ ആയിരുന്നു. ബാംഗ്ലൂർ ഡേയ്സിലെയും നീലാകാശം പച്ച കടൽ ചുവന്ന ഭൂമിയിലെയും കഥാപാത്രങ്ങളുടെ നേരിയ ചില ശേഷിപ്പുകൾ ഉണ്ടെങ്കിലും ചാർലി ദുൽഖറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നൈതികമായ കഥാപാത്രമാണ്. സ്വന്തം റോളിനെ അങ്ങേയറ്റം വിശ്വസനീയമായി അയാൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ടെസ്സ പാർവതിയുടെ കയ്യിൽ ഭദ്രമാണ്. കുറച്ചു കാലങ്ങൾക്കിടയിൽ ആദ്യമായാണ്‌ ഒരു മുൻകഥാപാത്രത്തിന്റെ ശക്തിയിൽ നായികയുടെ 'ഇന്‍ട്രോ'യ്ക്ക് കയ്യടി കിട്ടുന്നത്. ജോമോൻ ടി ജോണും സമീറാ സനീഷും പതിവ് പോലെ തന്നെ സിനിമയെ പൂർണതയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

മാസ്സ് പടവും കൂട്ടത്തല്ലും പ്രതീക്ഷിച്ചു പോകുന്ന മമ്മൂട്ടിയുടെ മകന്റെ കടുത്ത ആരാധകരെ തൃപ്പ്തിപ്പെടുത്തുമോ എന്നറിയില്ലെങ്കിലും അടുത്ത തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു കാഴ്ചാനുഭവമാണ് ചാർലി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories