TopTop
Begin typing your search above and press return to search.

ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കത്തിലെ ഫലിതങ്ങള്‍ ലോകത്തോട് ആവശ്യപ്പെടുന്നത്

ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കത്തിലെ ഫലിതങ്ങള്‍ ലോകത്തോട് ആവശ്യപ്പെടുന്നത്

ഗ്രിഫ് വിറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കരയുന്ന പ്രവാചകന്റെ മുഖച്ചിത്രമുള്ള ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ഇസ്ലാമിക നേതാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നു മാത്രമല്ല, ഫ്രാന്‍സില്‍ പുതിയ കലാപങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം വിവാദങ്ങള്‍ ഉയര്‍ത്തിവിടാന്‍ സാധ്യതയുള്ള ധാരാളം ഉള്ളടക്കങ്ങള്‍ വാരികയില്‍ ഉണ്ടുതാനും. ബുധനാഴ്ച പുറത്തിറങ്ങിയ ഉടന്‍ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ പതിനാറു പേജുള്ള പുതിയ പതിപ്പില്‍, ഷാര്‍ളി എബ്ദോയെ പ്രശസ്തമോ കുപ്രസിദ്ധമോ ആക്കിയ തരത്തില്‍ ബഹുമാനരഹിതവും നിറം കെട്ടതുമായ ഫലിതങ്ങളുടെ കൂമ്പാരം തന്നെ കണ്ടെത്താന്‍ സാധിക്കും. ആക്ഷേപഹാസ്യത്തില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല: എല്ലാ വിശ്വാസത്തിലും പെട്ട മതനേതാക്കള്‍, രാഷ്ട്രീയക്കാര്‍, തീവ്രവാദികള്‍, ഷാര്‍ളിയെ പിന്തുണയ്ക്കുന്നവര്‍ തുടങ്ങി അവരുടെ പത്രത്തിന്റെ തന്നെ മരിച്ചുപോയ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ഏറിയും കുറഞ്ഞും കളിയാക്കലിന് വിധേയരായിട്ടുണ്ട്.ഉദാഹരണത്തിന്, സ്വര്‍ഗത്തില്‍ വച്ച് തലക്കെട്ട് ധരിച്ച രണ്ട് തീവ്രവാദികള്‍ തമ്മിലുള്ള സംസാരം ശ്രദ്ധിക്കൂ: 'എവിടെ കന്യകകള്‍,' എന്ന് ആദ്യത്തെ ആള്‍ ചോദിക്കുന്നു. 'അവര്‍ ഷാര്‍ളിയിലെ ജീവനക്കാരോടൊപ്പമാടാ മണ്ടാ,' എന്ന് മറ്റെയാള്‍ ഉത്തരം നല്‍കുന്നു.

തന്റെ മേശമേല്‍ തലകുമ്പിട്ടിരിക്കുന്ന, ക്ഷീണിതനും പിഢിതനുമായ കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രമാണ് മറ്റൊന്നില്‍ വിഷയമാക്കിയിരിക്കുന്നത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: 'ഷാര്‍ളി എബ്ദോയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുക എന്ന് പറഞ്ഞാല്‍ അത് 25 വര്‍ഷത്തെ അധ്വാനമാണ്'. അടുത്ത കോളത്തില്‍, തലപ്പാവ് വച്ച തീവ്രവാദി കാലെഷ്‌നിക്കോവ് ഉപയോഗിച്ച് ആളുകളെ വിരട്ടി മാറ്റുന്നു. അതിന്റെ അടിക്കുറിപ്പിങ്ങനെ: 'പക്ഷെ ഒരു തീവ്രവാദിക്ക് അത് വെറും 25 നിമിഷത്തെ ജോലിയാണ്'. ആ കാര്‍ട്ടൂണ്‍ അവസാനിക്കുന്നത് ഇങ്ങനെ: 'ഭീകരവാദം: അത് മടിയന്മാര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണ്.'


മറ്റ് കാര്‍ട്ടൂണുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മന്‍ ചാന്‍സിലര്‍ ആജ്ഞല മെര്‍ക്കല്‍, ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുല്‍ വാലസ്, പുരോഹിതന്മാര്‍, കന്യാസ്ത്രീകള്‍, യഹൂദ പുരോഹിതര്‍, ഇമാമുമാര്‍ എന്നിവര്‍ തുടങ്ങി ഒടുവില്‍ മരണം വരെ കഥാപാത്രമാകുന്നു. ഒരു യുവ വിളവെടുപ്പുകാരന്‍ ഷാര്‍ളി എബ്ദോ വായിച്ചതിന് ശേഷം പറയുന്ന വാചകത്തിലാണ് ലക്കം അവസാനിക്കുന്നത്. അത് ഇങ്ങനെ വായിക്കാം: 'ഞാന്‍ വരിക്കാരനാവുന്നു!'

എല്ലായിപ്പോഴും പോലെ ഷാര്‍ളിയുടെ ലക്ഷ്യം ആളുകളെ ക്ഷുഭിതരാക്കുകയും അതുവഴി സംവാദങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ ചിരിപ്പിക്കുകയും ചെയ്യുകയാണ് ഈ ലക്കവും ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ വിശ്വാസം എന്തായാലും ഷാര്‍ളി ഒരു അസ്വസ്ഥജനകമായ വായനാനുഭവുമായിരിക്കും നിങ്ങള്‍ക്ക് തരിക എന്ന യാഥാര്‍ത്ഥ്യം അത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചത്തെ ആക്രമണത്തെ അതിജിവിച്ച ജീവനക്കാര്‍ ചേര്‍ന്നാണ് പുതിയ ലക്കം ഇറക്കിയിരിക്കുന്നത്. വാരിക കൃത്യസമയത്ത് ഇറങ്ങും എന്ന് ഉറപ്പാക്കാന്‍ അവര്‍ രാപ്പകല്‍ പണിയെടുത്തു. ഒരു കുറ്റകൃത്യം നടന്ന സ്ഥലം എന്ന നിലയില്‍ അവരുടെ ഓഫീസ് സീലുവച്ചിരിക്കുന്നതിനാല്‍, ഒരു ഇടതുപക്ഷ പത്രമായ ലിബറേഷന്റെ സമ്മേളന മുറിയിലാണ് അവര്‍ ജോലി ചെയ്തത്. അവിടെയുള്ള ഓഫീസുകളിലെല്ലാം അനിതരസാധാരണമായ രീതില്‍ അംഗബലമുള്ള പോലീസുകാരും സ്വകാര്യ സുരക്ഷ ജീവനക്കാരും 24 മണിക്കൂറും കാവല്‍ നില്‍ക്കുകയായിരുന്നു. വാരികയിലെ ഉള്ളടക്കങ്ങള്‍ ഭൂരിപക്ഷവും പുതിയതാണെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ട എഴുത്തുകാരുടെയും കലാകാരന്മാരുടെയും ചില കൃതികള്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രത്തിന്റെ പ്രധാന മുഖക്കുറിപ്പ് മതേതര മൂല്യങ്ങളെ ഊര്‍ജ്ജസ്വലമായി ന്യായീകരിക്കുന്നുണ്ട്. നോത്രദാമിലെ പള്ളിയിലെ മണികള്‍ തങ്ങളുടെ ബഹുമാനാര്‍ത്ഥം മുഴങ്ങി എന്നറിഞ്ഞപ്പോള്‍ പത്രത്തിലെ ജീവനക്കാര്‍ ചിരിച്ചുപോയതായി അത് പറയുന്നു.

'ഞാന്‍ ഷാര്‍ളിയാണെന്ന് ഈ ആഴ്ച പ്രഖ്യാപിച്ച ദശലക്ഷക്കണക്കിന് അജ്ഞാതരായ ജനങ്ങളും എല്ലാ സ്ഥാപനങ്ങളും എല്ലാ ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും എല്ലാ മതസ്ഥാനികരും ഒരു കാര്യം കൂടി ഉറപ്പിച്ച് പറയണം, എന്തെന്നാല്‍ 'ഞങ്ങള്‍ മതേതരര്‍ കൂടിയാണെന്ന്,' മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു.

രാജ്യത്തെ മുഴുവന്‍ പത്ര കടകളിലും പ്രതികള്‍ വിറ്റഴിക്കപ്പെട്ടതിനെ തുടര്‍ന്ന്, തുടക്കത്തില്‍ മൂന്ന് മില്യണ്‍ പ്രതികള്‍ അടിച്ചത് അഞ്ച് മില്യണ്‍ പ്രതികളായി വര്‍ദ്ധിപ്പിക്കേണ്ടി വന്നു.


Next Story

Related Stories