TopTop
Begin typing your search above and press return to search.

ഭീകരര്‍ എന്തുകൊണ്ട് കാര്‍ട്ടൂണിസ്റ്റുകളെ കൊല്ലുന്നു?

ഭീകരര്‍ എന്തുകൊണ്ട് കാര്‍ട്ടൂണിസ്റ്റുകളെ കൊല്ലുന്നു?

ആദം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ബുധനാഴ്ച പാരീസില്‍, ഫ്രഞ്ച് ആക്ഷേപഹാസ്യ പത്രമായ ഷാര്‍ലി ഹെബ്‌ദോയുടടെ ഓഫീസിലേക്ക് തോക്കുധാരികള്‍ ഇടച്ചുകയറി വെടിവച്ചതിന്റെ ഫലമായി 12 പേരെങ്കിലും കൊല്ലപ്പെട്ടു. സംഭവം 'ഭീകരാക്രമണമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന്,' ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടെ പ്രതികരിച്ചു. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യ സൂചനകള്‍.

ഏത് രീതിയില്‍ ആലോചിച്ചാലും ആക്രമണം ഭയപ്പെടുത്തുന്നതാണെങ്കിലും, ലക്ഷ്യം കണക്കിലെടുക്കുമ്പോള്‍ സംഭവം സംഭ്രമജനകമാണെന്ന് കാണാം. ഫ്രാന്‍സ് എന്ന രാജ്യവുമായി പോരാടുന്നവരല്ല അക്രമികള്‍. അവര്‍ പട്ടാളക്കാരെ കൊല്ലുന്നില്ല. വളരെ യാദൃശ്ചികമായി മാത്രമാണ് പോലീസുകാര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. എന്തിന്, ഇസ്ലാം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തീവ്രവലത് സംഘത്തെ പോലും അവര്‍ ആക്രമിക്കുന്നില്ല.
ഇതിന് പകരം അവര്‍ പത്രത്തിന്റെ എഡിറ്റര്‍ സ്റ്റെഫാനെ ഷാര്‍ബോണിയെയും കാബു എന്നറിയപ്പെടുന്ന ഴാങ് കാബട്ടിനെയും പോലയുള്ള കാര്‍ട്ടൂണിസ്റ്റുകളെയും ആക്ഷേപഹാസ്യ രചയിതാക്കളെയും ആക്രമിക്കുന്നു. ജീവനോപാധി എന്ന നിലയില്‍ ചിത്രം വരയ്ക്കുന്നവരെ കൊല്ലാനാണ് ഭീകരവാദികള്‍ ആഗ്രഹിക്കുന്നത്.

വിചിത്രമാണെങ്കിലും ഇത് അസാധാരണമാണെന്ന് പറയാന്‍ സാധിക്കില്ല. നേരത്തെയും ഷാര്‍ലി ഹെബ്ദോയുടെ ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. 2012 ല്‍ ഓഫീസിന് നേരെ ബോംബെറിയുകയും അവരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ലെങ്കിലും കുറ്റവാളികള്‍ ഒരിക്കലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് അനുമാനിക്കപ്പെട്ടിരുന്നു.

2008 ല്‍ ഡച്ച് കാര്‍ട്ടൂണിസ്റ്റായ കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡിന് നേരെ വധശ്രമം നടന്നു. അല്ലെങ്കില്‍ സ്വീഡിഷ് കലാകാരനായ ലാര്‍ക്ക് വില്‍ക്‌സിന്റെ കാര്യം എടുക്കാം. സ്വീഡിഷ് പത്രമായ നെറിക്‌സ് അല്ലെഹാന്‍ഡയില്‍ അദ്ദേഹം വരച്ച ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വധഭീഷണികള്‍ നേരിടേണ്ടി വരികയും നിരവധി വധശ്രമങ്ങള്‍ അദ്ദേഹത്തിന് നേരെ നടക്കുകയും ചെയ്തു.

ഈ സംഭവങ്ങളിലെല്ലാം ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ വിവാദ ചിത്രീകരണങ്ങളെ തുടര്‍ന്നാണ് ഭീഷണികള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്. പ്രവാചകന്റെ ചിത്രം വരയ്ക്കുന്നത് മുസ്ലീങ്ങള്‍, പ്രത്യേകിച്ച് സുന്നി മുസ്ലീങ്ങള്‍ക്ക് ഹറാമാണ്. ഇത്തരത്തില്‍ പ്രവാചകന്റെ ചിത്രം വരയ്ക്കുന്നത് വിഗ്രാഹാരാധനയ്ക്ക് തുല്യമാണെന്ന് (മറ്റ് പല വിശ്വാസങ്ങളിലും നിലനില്‍ക്കുന്നത് പോലെ) അവര്‍ വിശ്വസിക്കുന്നു. പ്രവാചകനിന്ദ കുറ്റകൃത്യമായാണ് (സാബ് അല്‍-നാബി) അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇതിന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്ന് സംബന്ധിച്ച് മതപാഠങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്: 'ചരിത്രത്തിലും ചിന്തയിലും സംസ്‌കാരത്തിലും മുഹമ്മദിന്റെ സാന്നിധ്യം: പ്രവാചകനായ ദൈവത്തെ കുറിച്ചുള്ള ഒരു എന്‍സൈക്ലോപീഡിയ' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, ദൈവനിന്ദയ്ക്കുള്ള ശിക്ഷ നല്‍കേണ്ടത് ദൈവമാണെന്നും അല്ലാതെ മനുഷ്യരല്ലെന്നും ഖുറാന്‍ വചനങ്ങളെ വ്യാഖ്യാനിച്ചെടുക്കാം.

അമുസ്ലീങ്ങള്‍ നടത്തിയ മുഹമ്മദിന്റെ ചിത്രീകരണങ്ങള്‍ നൂറ്റാണ്ടുകളായി പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അത് ഡാന്റെയുടെ 'ഡിവൈന്‍ കോമഡി' ആയാലും (അതില്‍ പ്രവാചകനെ നരകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു) ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌റ്റേറ്റ് അപ്പല്ലേറ്റ് ഡിവിഷന്‍ കോര്‍ട്ട്ഹൗസില്‍ അമ്പത് വര്‍ഷം ഉണ്ടായിരുന്ന മുഹമ്മദിന്റെ പ്രതിമയായാലും ശരി (1955 ല്‍ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു. എന്നാല്‍ വാഷിംഗ്ടണിലെ യുഎസ് സുപ്രീം കോടതിയിലെ ചിത്രീകരണം ഇപ്പോഴും ബാക്കി നില്‍ക്കുന്നു). 1977 ല്‍ മുഹമ്മദിനെ കുറിച്ചുള്ള 'ദ മെസേജ്' എന്ന ചലച്ചിത്രത്തില്‍ മുഹമ്മദിനെ കാണിക്കാതെ ഈ പ്രശ്‌നം മറികടക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനായില്ല. ഒരു വാഷിംഗ്ടണ്‍ ഉപരോധത്തിലൂടെ ഇസ്ലാമിക് ഗ്രൂപ്പകള്‍ ആളുകളെ തടവിലാക്കിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. അതോടെ വാഷിംഗ്ടണിലെ പ്രീമിയര്‍ ഉപേക്ഷിക്കാനും പ്രദര്‍ശനം നിറുത്തിവയ്ക്കാനും സംവിധായകന്‍ നിര്‍ബന്ധിതനായി.എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുഹമ്മദിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന്് വരാറുണ്ട്. മിക്കപ്പോഴും കാര്‍ട്ടൂണിസ്റ്റുകളാണ് ആരോപണവുമായി രംഗത്തെത്താറുള്ളത്. പ്രവാചനകനെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് ചിത്രങ്ങള്‍ വരയ്ക്കാനെ ആളെ കിട്ടുന്നില്ലെന്ന് എഴുത്തുകാരനായ കെറെ ബ്ലൂയിറ്റജന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദിനെ വരയ്ക്കാന്‍ തയ്യാറാണോ എന്ന് ഡച്ച് പത്രമായ ജില്ലാന്‍സ്-പോസ്റ്റണ്‍ ചിത്രകാരന്മാരോട് ആരാഞ്ഞിരുന്നു. സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഹ്രസ്വചിത്രമായ 'സബ്മിഷന്‍' സംവിധാനം ചെയ്ത തിയോ വാന്‍ഗോഗ് 2004 ല്‍ ഭീകരവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധവും ഈ വെല്ലുവിളിക്ക് പിന്നില്‍ ഉണ്ടായിരുന്നു.

ഒടുവില്‍ മുഹമ്മദിന്റെ പന്ത്രണ്ട് കാര്‍ട്ടൂണുകള്‍ ജില്ലാന്‍സ്-പോസ്റ്റണ്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ ബോംബുകൊണ്ടുള്ള തലപ്പാവ് ധരിച്ച് നില്‍ക്കുന്ന മുഹമ്മദിനെ ചിത്രീകരിക്കുന്ന വെസ്റ്റര്‍ഗാര്‍ഡിന്റെ കാര്‍ട്ടൂണും ഉള്‍പ്പെട്ടിരുന്നു. കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തിയത് ഡച്ച് മുസ്ലീങ്ങളെ പ്രകോപിതരാക്കി. ഇസ്ലാമിനെ മനഃപൂര്‍വം താറടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു അവരുടെ ആരോപണം. വളരെ വേഗം ഇതൊരു അന്താരാഷ്ട്ര സംഭവമായി വളര്‍ന്നു. 57 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇസ്ലാമിക് കോണ്‍ഫറന്‍സ് കാര്‍ട്ടൂണുകളെ വിമര്‍ശിക്കുന്ന പ്രഖ്യാപനം നടത്തുകയും സൗദി അറേബ്യ തങ്ങളുടെ നെതര്‍ലന്‍സ് അമ്പാസിഡറെ പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ജില്ലാന്‍സ്-പോസ്റ്റണും നല്ല പിന്തുണ ലഭിച്ചു. പത്രം ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്ന് ഒരു സര്‍വെയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പോരാട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാനും അനന്തരഫലങ്ങള്‍ സ്വയം അനുഭവിക്കാനും തയ്യാറായി മുന്നോട്ട് വന്നു. വിവാദങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട മറ്റ് കാര്‍ട്ടൂണിസ്റ്റുകളും സമാനരീതിയിലുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ തയ്യാറായി: ഇസ്ലാമിനെ സംബന്ധിച്ച കാര്‍ട്ടൂണുകള്‍ വരച്ചതിന് ഗ്രിഗോറിയസ് നെക്‌സ്‌ചോട്ട് എന്ന തൂലികനാമമുള്ള ഡച്ച് കാര്‍ട്ടൂണിസ്റ്റ് ഓരേ സമയം അഭിനന്ദനത്തിനും വിമര്‍ശനത്തിനും പാത്രമായി ('ആളുകളെ അപമാനിച്ചതിന്' 2008ല്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു). 2007 ല്‍ സ്വീഡിഷ് കലാകാരനായ വില്‍ക്‌സ് റൗണ്ട് എബൗട്ട് ഡോഗ് എന്ന് പേരിട്ട തെരുവ് പ്രതിമയിലൂടെ മുഹമ്മദിനെ ചിത്രീകരിച്ചു. ഒഹരു പ്രാദേശിക കലാപ്രദര്‍ശനത്തില്‍ നിന്നും ഈ പ്രതിമ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് അത് പത്രങ്ങളില്‍ തുടര്‍യായി പ്രസിദ്ധീകരിക്കപ്പെടുകയും വളരെയധികം പ്രതിഷേധങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാവുകയും ചെയ്തു.
2010 ല്‍ മുഹമ്മദിനെ തുടര്‍ച്ചയായി കാണിച്ചിരുന്ന യുഎസ് കാര്‍ട്ടൂണ്‍ ഷോയായ 'സൗത്ത് പാര്‍ക്കിന്റെ' നിര്‍മ്മാതാക്കള്‍ക്ക് നേരെ നടന്ന ഭീഷണിയ്‌ക്കെതിരായ പ്രതികരണം എന്ന നിലയില്‍ 'എല്ലാവരും മുഹമ്മദിനെ വരയ്ക്കുന്ന' ദിവസമായി മേയ് 20 നെ കാര്‍ട്ടൂണിസ്റ്റ് മോളി നോറിസ് പ്രഖ്യാപിച്ചു. എന്നാല്‍ ആ ദിവസം മുഹമ്മദിനെ വരയ്ക്കാന്‍ നോറിസ് തയ്യാറായില്ല. 'മുഹമ്മദിനെ വരയ്ക്കാനുള്ള അവകാശത്തിനായി പോരാടുക. എന്നിട്ട് അങ്ങനെ ചെയ്യാതിരിക്കുക,' അക്കാലത്ത് അവര്‍ വിശദീകരിച്ചു. 2012 ല്‍ ആക്ഷേപഹാസ്യ പത്രമായ ഒനിയനില്‍ മോസസും യേശുക്രിസ്തുവും ഗണേശനും ബുദ്ധനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ചു. 'ഈ ബിംബങ്ങളുടെ പേരില്‍ ആരുംകൊല്ലപ്പെട്ടില്ല,' എന്ന് തലവാചകം വായിച്ചു.

എല്ലാ മതങ്ങളെയും ആക്ഷേപിച്ചതിന്റെ പേരില്‍ അത്ര മാന്യമല്ലാത്ത ചരിത്രമുള്ള വാരികയാണ് ഷാര്‍ലി ഹെബ്ദോ. പലപ്പോഴും വാരികയെ വിവാദങ്ങളുടെ നടുവിലാക്കാനും ഈ നടപടികള്‍ കാരണമായിട്ടുണ്ട്. 2007ല്‍ അവര്‍ ജില്ലാന്‍സ്-പോസ്റ്റണിന്റെ കാര്‍ട്ടൂണുകള്‍ക്കൊപ്പം സ്വന്തമായി ഒരു കാര്‍ട്ടൂണ്‍ കൂടി പ്രസിദ്ധീകരിച്ചു. 2011 ല്‍ മുഹമ്മദിനെ കുറിച്ചുള്ള നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുകയും ഷാരിയ ഹെബ്ദോ എന്ന് പുനഃര്‍നാമകരണം ചെയ്യുകയും ചെയ്തു. 'ഷരിയത്ത്' എന്ന വാക്കിനെ കളിയാക്കുന്ന വിധത്തിലായിരുന്നു പുനഃര്‍നാമകരണം. 2012 ല്‍ ഓഫീസിന് ബോംബിട്ടതിനെ തുടര്‍ന്ന് മുഹമ്മദിനെ കുറിച്ചുള്ള നിരവധി കാര്‍ട്ടൂണുകള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇസ്ലാമിക ലോകവുമായിട്ടും ഫ്രാന്‍സിലെ തന്നെ മുസ്ലീം ന്യൂനപക്ഷവുമായും പ്രക്ഷുബദ്ധ ബന്ധമുള്ള ഒരു രാജ്യ സംബന്ധിച്ചിടത്തോളം ഇത് തീര്‍ച്ചയായും പ്രകോപനം സൃഷ്ടിക്കുന്ന നടപടിയായിരുന്നു. ബുധനാഴ്ചത്തെ കൊലപാതകത്തെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ടൈംസില്‍ ലേഖനമെഴുതിയ ടോണി ബാര്‍ബര്‍ അഭിപ്രായപ്പെട്ടത് പത്രത്തിന് അല്‍പ്പം 'സാമാന്യബോധം' വേണമെന്നായിരുന്നു.എന്നാല്‍ കാര്‍ട്ടൂണിസ്റ്റുകളെ കൊല്ലാനുള്ള ഒരു ന്യൂനപക്ഷം ഇസ്ലാമിക തീവ്രവാദികളുടെ ശ്രമങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ല. കാര്‍ട്ടൂണുകള്‍ ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും (കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളെ ന്യായീകരിക്കാത്ത ബഹുഭൂരിപക്ഷവും ഉള്‍പ്പെടെ) അധിക്ഷേപകരമായി തോന്നാമെങ്കിലും മുസ്ലീം ലോകത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്ന നിരവധി അനീതികളും അക്രമങ്ങളും നടമാടുന്നുണ്ട്.

അപ്പോള്‍ എന്തുകൊണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍? രോഷം പ്രചരിപ്പിക്കാനുള്ള ഇന്റര്‍നെറ്റിന്റെ ശേഷി ഒരു പരിധിവരെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍: വലിയ പശ്ചാത്തലം ഒന്നുമില്ലതെ തന്നെ വാര്‍ത്തകള്‍ വേഗത്തിലും അന്താരാഷ്ട്രതലത്തിലും പ്രചരിക്കാന്‍ അത് കാരണമാകുന്നു. ഉദാഹരണത്തിന് അത്രയധികം ആളുകളൊന്നും കാണാത്തതും കാലിഫോര്‍ണിയയില്‍ നിര്‍മ്മിക്കപ്പെട്ടതുമായ ഒരു ചിലവ് കുറഞ്ഞ സിനിമയാണ് ('ദ ഇന്നസന്‍സ് ഓഫ് മുസ്ലീംസ്') 2012 ല്‍ യുടുബില്‍ പ്രത്യേക്ഷപ്പെട്ടതിനെ തുടര്‍ന്ന് മധ്യേഷ്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചത്.

അതിന് നേരെയുള്ള തുടര്‍ച്ചയായ ഭീഷണികള്‍ക്കും പോലീസ് സംരക്ഷണത്തിനും ശേഷവും ഷാര്‍ലി ഹെബ്ദോ ഒരു മൃദുവായ ലക്ഷ്യമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഷാര്‍ബോണിയുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.


Next Story

Related Stories