TopTop
Begin typing your search above and press return to search.

കമ്പോളം സ്ത്രീയെ വില്‍ക്കുന്ന വിധം- നോവല്‍ വായന

കമ്പോളം സ്ത്രീയെ വില്‍ക്കുന്ന വിധം- നോവല്‍ വായന

ഈ ആഴ്ചയിലെ പുസ്തകം

കാളീപുരത്തെ വേഷങ്ങള്‍ (നോവല്‍)

എസ്. സുധീശന്‍

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്

വില: 110 രൂപ

‘ഓരോ ജന്മങ്ങള്‍. ഓരോ വേഷങ്ങള്‍. ജീവിക്കാന്‍ വേണ്ടി കെട്ടുന്ന വേഷങ്ങള്‍. കഴുകന്റെ കണ്ണുകളുമായി ചുറ്റും നില്‍ക്കുന്നവര്‍. അവരുടെ ഇടയില്‍ ഡ്രമ്മിന്റെ താളം. കാലുകളെ നര്‍ത്തനമാടിക്കുന്ന ജീവശ്ശവങ്ങള്‍. സ്വന്തം പ്രജ്ഞാശക്തിയില്‍ ഊറ്റംകൊള്ളുന്ന മുനിമാര്‍ക്കെന്നപോലെ സ്വന്തം ശരീരത്തില്‍ അളവറ്റ മതിപ്പും ആത്മപ്രേമത്തിന്റെ ആലസ്യത്തോടെയും സ്വയം വീക്ഷിക്കുന്നവര്‍. അവസാനം അഹങ്കാരമെല്ലാം നഷ്ടപ്പെട്ട് കാറ്റുപോയ ബലൂണ്‍പോലെ നിത്യശൂന്യതയില്‍ ലയിക്കുന്നവര്‍. അവരുടെ കഥയാണ് എസ്. സുധീശന്‍ പറയുന്നത്.’

മന്ത്രി രമേശ് ചെന്നിത്തലയുടെ എഴുത്താണിത്. രമേശിന്റെ മുന്‍മൊഴിയോടെയാണ് ‘കാളീപുരത്തെ വേഷങ്ങള്‍’ എന്ന നോവലിന്റെ ആദ്യ പേജ് മറിക്കേണ്ടത്. തുടര്‍ന്ന് പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ പ്രസന്നരാജന്റെ അവതാരികയുമുണ്ട്. കുങ്കുമം അവാര്‍ഡ് ലഭിച്ച ഈ നോവലിന്റെ പുതിയ പതിപ്പാണ് പ്രിയദര്‍ശിനി പുറത്തിറക്കിയിരിക്കുന്നത്.

‘കാളീപുരത്തെ വേഷങ്ങള്‍’ ജീവിതത്തിന്റെ ഒരു പ്രത്യേക ദിശയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരുളും വെളിച്ചവും കണ്ണീരും വേദനയും അമര്‍ഷവും രോഷവും നിസ്സഹായതയും എല്ലാം കൂടി ഇടകലര്‍ന്ന ജീവിതാവസ്ഥയുടെ ആരോഹണാവരോഹണങ്ങളാണ് നോവലിസ്റ്റ് വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നത്. അക്കാര്യത്തില്‍ ഈ എഴുത്തുകാരന്‍ വിജയിച്ചിട്ടുമുണ്ട്.

പത്രപ്രവര്‍ത്തകന്‍ കൂടിയായ നോവലിസ്റ്റ് തന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടുമുട്ടിയ, കേട്ടറിഞ്ഞ, സാക്ഷ്യം വഹിച്ച ഒരു സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. സേതുലക്ഷ്മി എന്ന റീത്തയായി മാറിയ കാബറെ നര്‍ത്തകിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന നോവലിസ്റ്റ് കാബറെ നര്‍ത്തകിമാരുടെ കര്‍മ്മകാണ്ഡത്തിലേക്കാണ് വെളിച്ചം വീശുന്നത്. റീത്ത എന്ന കാബറെ നര്‍ത്തകിയുടെ ജീവിതത്തിന്റെ വേദനകള്‍ നിറഞ്ഞ അവസ്ഥ വളരെ തന്മയത്വമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

നാരകത്തറയിലെ സേതുലക്ഷ്മി റീത്തയായി മാറിയ കഥയാണ് ഇവിടെ ചുരുളഴിയുന്നത്. റീത്ത എന്ന കാബറെ നര്‍ത്തകിയിലൂടെ ചതിക്കുഴികളില്‍ വീണു പിടയുന്ന ചിറകടികളും ദുരന്തങ്ങളും നോവലിന്റെ പ്രധാന പ്രമേയമാണ്. കിടങ്ങുകളില്‍ കാല്‍തെറ്റി വീണുപോകുന്ന യൗവ്വനം. അവിടെ വികാരവും പ്രണയവുമുണ്ട്. കെണിയൊരുക്കി കാത്തിരിക്കുന്നവരുടെ കഴുകന്‍ കണ്ണുകളുണ്ട്. കെണിയില്‍ വീണുപോകുന്നവരെ ഒരിക്കലുംരക്ഷപ്പെടാനനുവദിക്കാതെ തിന്മയുടെ വഴികളിലേക്ക് നയിക്കുന്ന വിദൂഷകപ്പടയുണ്ട്. അവരുടെ വലയിലായിക്കഴിഞ്ഞാല്‍ പാവം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിന്റെ നന്മ നിറഞ്ഞ ഭൂഖണ്ഡത്തിലേക്ക് വരാന്‍ കഴിയില്ല. പിന്നവര്‍ക്ക് വിധിക്കപ്പെടുന്നത് മാംസക്കൊതിയുടെയും മദ്യാസക്തിയുടെയും ക്രൂരനഖരങ്ങളുടെ നരകമാണ്. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്, ഹോട്ടലുകളില്‍നിന്ന് ഹോട്ടലുകളിലേക്ക്, ഫ്‌ളോറുകളില്‍നിന്ന് ഫ്‌റോറുകളിലേക്ക്, വേഷങ്ങള്‍ മാറി, ഭാഷകള്‍ മാറിയുള്ള പ്രയാണമാണ് അവരുടെ വിധി. വിധിനിയോഗങ്ങളുടെ വഴിയില്‍ വീടോ കുടുംബമോ, കുടുംബ ബന്ധങ്ങളോ, പവിത്രമായ പ്രണയ ബന്ധങ്ങളോ ഒന്നും പ്രശ്‌നമാകുന്നില്ല. മറ്റുള്ളവരെ രസിപ്പിക്കുക. ആസ്വദിപ്പിക്കുക. ഒടുവില്‍ കടിച്ചീമ്പിക്കളയുന്ന ചണ്ടിയായി പതിക്കുക. ഇതാണ് നിയോഗം.

നോവലിലെ റാണിയും ശാലിനിയും ആമിനയുംകരോളിനുംകാവേരിയുമെല്ലാം റീത്ത എന്ന കേന്ദ്ര ബിന്ദുവിലെ ഭ്രമണപഥങ്ങള്‍. ദു:ഖിതരും അനാഥരും ശപിക്കപ്പെട്ടവരുമായ പാവം യുവതികളുടെ ഉള്ളിന്റെയുള്ളിലെ പരിദേവനങ്ങള്‍ ആര് കേള്‍ക്കാന്‍? ഹൃദയത്തില്‍ കനലെരിയുന്ന ദു:ഖങ്ങള്‍ കത്തിച്ചുവച്ച് വേദിയില്‍ കാമഭ്രാന്ത് പിടിച്ചവര്‍ക്കായി മാദകനൃത്തമാടുകയാണ് ഈ സ്ത്രീകള്‍. അവരുടെ തീവ്രമായ വേദനകളെ, മനസ്സുകളെ തുറന്നു കാണിച്ച് ജീവിതത്തിന്റെ ദുരന്തമുഖം അസലായി വരച്ചുകാട്ടുകയാണ് നോവലിസ്റ്റ്.

നാരകത്തറ സേതുലക്ഷ്മിക്ക് ജോലികൊടുത്ത അവറാന്‍ മുതലാളിയോട് അവള്‍ക്കെന്നും മതിപ്പായിരുന്നു. ആദ്യം സേതുലക്ഷ്മി നര്‍ത്തകിയായിരുന്നില്ല. അവറാന്‍ മുതലാളിയുടെ ഓഫീസിലെ സ്റ്റാഫായിരുന്നു. എന്നാല്‍ മുതലാളിയുടെ വികലാംഗനായ മകന്‍ സേതുലക്ഷ്മിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ ജോലികളഞ്ഞു. വിധിയുടെ വിളയാട്ടം എന്നു പറയട്ടെ. പിന്നീടവള്‍ ഹോട്ടലുകളിലെ ഫ്‌ളോറുകളില്‍ നൃത്തമാടുന്നവളായി മാറുകയായിരുന്നു. കൂട്ടുകാരോടൊപ്പം നഗരത്തിലെ ഇടുങ്ങിയ മുറിയില്‍ താമസിക്കുമ്പോള്‍ അവരെല്ലാം ദു:ഖിതരായിരുന്നു. ജീവിക്കാന്‍ വേണ്ടി വേഷം അണിയുകയും മാറുകയും, വേഷം തന്നെ പറിച്ചെറിയുകയും ചെയ്യുന്ന ബലിമൃഗങ്ങള്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

മണത്തും രുചിച്ചും

അവര്‍ രാക്ഷസന്‍മാരല്ല

ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി - ഒരു വായന

മാര്‍ക്വേസിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍

എഴുത്തിന്റെ പിടച്ചിലുകള്‍ - വി.എച്ച് നിഷാദുമായി അഭിമുഖം

സേതുലക്ഷ്മി റീത്തയിലേക്ക് പരിണമിക്കുമ്പോള്‍ വിലകൂടിയ വില്പനച്ചരക്കായിരുന്നു. അവളുടെ മേനിയഴകും നൃത്തച്ചുവടുകളും മാദകഭാവവും എല്ലാം പുരുഷക്കോമരങ്ങളുടെ ഹരമായി. ഹോട്ടലുടമകള്‍ അവളെ നന്നായി മാര്‍ക്കറ്റ് ചെയ്തു. അപ്പോഴും അവളുടെ ഉള്ള് ഒരിറ്റ് സ്‌നേഹത്തിനുവേണ്ടി ദാഹിച്ചു. ഒരു ഘട്ടത്തില്‍ പ്രേമം നടിച്ചെത്തിയ ബേബിച്ചായന്‍ അവളെ ചതിച്ചു. എല്ലായിടത്തും റീത്ത വഞ്ചിക്കപ്പെടുകയായിരുന്നു. ഗോപുവുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയാവുമ്പോള്‍ അതും അവള്‍ക്കൊരു വഞ്ചനയുടെ പാഠമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ദൈവദൂതനെപ്പോലെ അവളെ പിന്തുടര്‍ന്ന ഫെറി അങ്കിള്‍ റീത്തയുടെ ജീവിതത്തിന് സാന്ത്വനമായി. ആ സാന്ത്വനം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരും ഈ സമൂഹത്തിലുണ്ടെന്ന സത്യം നോവലിസ്റ്റ് ഫെറി അങ്കിളിലൂടെ വായനക്കാരിലേക്ക് പകര്‍ത്തുന്നു. തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക മാത്രമല്ല, ആ കുഞ്ഞിനെ അവളറിയാതെ സംരക്ഷിക്കാനും ഫെറി അങ്കിള്‍ തയ്യാറാവുന്നു. തന്റെ പൊന്നോമനക്കുഞ്ഞിനെ പറിച്ചുമാറ്റാന്‍ കഴിയില്ലെന്ന് റീത്ത കരുതിയെങ്കിലും ഒടുവിലവള്‍ക്ക് അത് സമ്മതിക്കേണ്ടിവന്നു. മാതൃത്വത്തിന്റെ വിങ്ങുന്ന മനസ്സുമായി ഉള്ളില്‍ നിലവിളിക്കുകയായിരുന്നു അവള്‍. പ്രസവിച്ച് കുഞ്ഞിനെ ഫെറി അങ്കിളിന് നല്‍കിയിട്ട് വീണ്ടുമവള്‍ തന്റെ തട്ടകത്തിലേക്ക് - നൃത്തക്കളരിയിലേക്ക് യാത്രയായി. ഫ്‌ളോറില്‍ നൃത്തം ചെയ്യുമ്പോള്‍ അവളുടെ മനസ്സ് തന്റെ പൊന്നോമനയിലായിരുന്നു. നൃത്തവേദിയില്‍ യാന്ത്രികമായി ചുവടുവയ്ക്കുമ്പോള്‍ റീത്തയുടെ മനസ്സ് നിറയെ കുഞ്ഞായിരുന്നു.

നോവലിസ്റ്റ് എഴുതുന്നു: ഞാനാക്കണ്ണുകളിലേക്ക് നോക്കി. ഫെറി അങ്കിളിന്റെ കൈയില്‍ തൂങ്ങിവന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍. ഗോപുവിന്റെ മുഖച്ഛായയുള്ള കണ്ണുകള്‍. എന്റെ കുഞ്ഞിന്റെ കണ്ണുകള്‍. പെട്ടെന്ന് കാതുകള്‍ ഊതിയടഞ്ഞു. കണ്ണുകളില്‍ ഇരുട്ടുപരന്നു. പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല. ഇരുട്ട്, കൂരിരുട്ട്, ഇരുട്ടില്‍ ഞാന്‍ പറ്റിച്ചേര്‍ന്നു കിടന്നു. വര്‍ണ്ണച്ചിറകുള്ള തുമ്പികളുടെ മൂളല്‍മാത്രം എനിക്കിപ്പോള്‍ കേള്‍ക്കാം.

പലപ്പോഴും സഭ്യതയുടെ അതിരുകള്‍ കടക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുള്ള ഒരു പ്രമേയമാണ് നോവലിന്റേത്. എന്നാല്‍ വളരെ കയ്യടക്കത്തോടെയുള്ള രചനാരീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ അവസ്ഥാന്തരങ്ങളെ അവതരിപ്പിക്കുന്നതിലും സുധീശന്‍ വിജയിച്ചിട്ടുണ്ട്. റീത്തയും ഫെറി അങ്കിളുമായുള്ള ബന്ധം അവതരിപ്പിക്കുന്ന ഭാഗമാണ് ഈ നോവലിലെ വികാരസാന്ദ്രമായ നിമിഷങ്ങള്‍. വായനക്കാരുടെ ഉള്ള് ഒന്നുലയുന്ന തരത്തിലാണ് നോവലിസ്റ്റ് ഈ ഭാഗം അവതരിപ്പിക്കുന്നത്. നോവലിസ്റ്റിന്റെ തട്ടും തടവുമില്ലാത്ത ഭാഷാശൈലി ഈ നോവലിനെ വായനക്കാര്‍ക്ക് പ്രിയപ്പെട്ട അനുഭവമാക്കും എന്ന കാര്യത്തില്‍ സംശയമില്ല.


Next Story

Related Stories